കാൽ നൂറ്റാണ്ടിന്‍റെ പാരന്പര്യത്തിൽ കോട്ടക് സെലക്ട് ഫോക്കസ് ഗ്രോത്ത് ഫണ്ട്
കാൽ നൂറ്റാണ്ടിന്‍റെ പാരന്പര്യത്തിൽ കോട്ടക് സെലക്ട് ഫോക്കസ് ഗ്രോത്ത് ഫണ്ട്
Saturday, July 14, 2018 4:39 PM IST
ലാർജ് കാപ് ഓഹരികളിൽ മുഖ്യമായും നിക്ഷേപം നടത്തി ദീർഘകാലത്തിൽ സന്പത്തു സൃഷ്ടിക്കുവാൻ സഹായിക്കുന്ന ഫണ്ടാണ് കോട്ടക് മഹീന്ദ്ര മ്യൂച്വൽ ഫണ്ടിന്‍റെ കോട്ടക് സെലക്ട് ഫോക്കസ് ഫണ്ട്. ലാർജ് കാപ് ഡൈവേഴ്സിഫൈഡ് ഫണ്ട് എന്നതിനെ വിളിക്കാം. അൽപം താമസിച്ചാണ് കടന്നുവന്നതെങ്കിലും കഴിഞ്ഞ ഒന്പതു വർഷക്കാലത്തെ ഫണ്ടിന്‍റെ പ്രകടനം നിക്ഷേപകരെ നിരാശപ്പെടുത്തിയിട്ടില്ല.

ഫണ്ടിന്‍റെ പ്രകടനം

കോട്ടക് മ്യൂച്വൽ ഫണ്ടിൽ മികച്ച പ്രകടനം കാഴ്ചവച്ചു പോരുന്ന ഫണ്ടുകളിലൊ ന്നാണ് കോട്ടക് സെലക്ട് ഫോക്കസ്. ഫണ്ട് ആരംഭിച്ചത് 2009 സെപ്റ്റംബർ ഒന്പതിനാണ്. അന്നുമുതൽ ഫണ്ട് നൽകിയിട്ടുള്ള വാർഷിക റിട്ടേണ്‍ 14.81 ശതമാനമാണ്. വളരെ ആകർഷകമായ റിട്ടേണ്‍. മൂന്നുവർഷക്കാലത്ത് 14.20 ശതമാനവും 5 വർഷക്കാലത്ത് 20.62 ശതമാനവും വാർഷിക റിട്ടേണ്‍ നൽകിയിട്ടുണ്ട്. ഒരു വർഷക്കാലത്തെ റിട്ടേണ്‍ 9.35 ശതമാനമാണ്.

എസ്ഐപി അടിസ്ഥാനത്തിലും ഫണ്ട് മോശമല്ലാത്ത റിട്ടേണ്‍ നൽകിയിട്ടുണ്ട് പദ്ധതി തുടങ്ങിയ സമയത്ത് എസ്ഐപി ആരംഭിച്ചവർക്ക് അതു തുടർന്നുകൊണ്ടിരുന്നാൽ ലഭിക്കുന്ന വാർഷിക റിട്ടേണ്‍ 17.16 ശതമാനമാണ്. അഞ്ചുവർഷക്കാലത്തെ എസ്ഐപി റിട്ടേണ്‍ 18.49 ശതമാനവും മൂന്നുവർഷക്കാലത്തെ റിട്ടേണ്‍ 16.47 ശതമാനവുമാണ്. ഒരു വർഷം മുന്പ് തുടങ്ങിയ എസ്ഐപിക്കു ലഭിച്ച റിട്ടേണ്‍ 6.91 ശതമാനം മാത്രമാണ്. ഓഹരി നിക്ഷേപം ദീർഘകാലത്തേ യ്ക്കുള്ളതായതിനാൽ ഹ്രസ്വകാലത്തെ റിട്ടേണ്‍ കുറവിനെക്കുറിച്ച് അത്ര ആശങ്കപ്പെടേണ്ടതില്ല.

നിക്ഷേപ സ്ട്രാറ്റജി

പത്തോ പന്ത്രണ്ടോ മേഖലകളിൽനിന്നുള്ള മികച്ച ഓഹരികളാണ് കോട്ടക് സെലക്ട് ഫോക്കസ് നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നത്. അതേസമയം ആവശ്യത്തിനു വൈവിധ്യവത്കരണവും നടത്തുന്നു. ഫണ്ടിപ്പോൾ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ളത് ധനകാര്യസേവന മേഖലയിലാണ്. മൊത്തം ആസ്തിയുടെ മൂന്നിലൊന്നോളം ഈ മേഖലയാണ് നിക്ഷേപം നടത്തിയിട്ടുള്ളത്.


എനർജി, ഓട്ടോ, കണ്‍സ്ട്രക്ഷൻ തുടങ്ങിയ മേഖലകളും നിക്ഷേപത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്. ഓരോ മേഖലയിലേയും പ്രമുഖ കന്പനികൾ ഫണ്ടിന്‍റെ നിക്ഷേപ ശേഖരത്തിലുണ്ട്. വളർച്ചയും റിസ്കും ബാലൻസ് ചെയ്താണ് ഫണ്ട് മാനേജർ നിക്ഷേപം തെരഞ്ഞെടു ത്തിട്ടുള്ളത്. ഓഹരി വിപണിയിൽ നീണ്ടകാലം കരടി സ്വാധീനം നീണ്ടുനിൽക്കുന്ന സമയത്ത് ഈ ഫണ്ട് യാഥാസ്ഥിതിക നിക്ഷേപകർക്ക് ഏറ്റവും യോജിച്ചതാണ്. ഇത്തരം സന്ദർഭങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം ഫണ്ട് കാഴ്ചവച്ചുപോരുന്നു.

നഷ്ട സാധ്യത

ഓഹരി വിപണിയുടെ ഇടിവു കാലങ്ങളെ പ്രതിരോധിക്കാൻ യോജിച്ചതാണ് ലാർജ് കാപ് നിക്ഷേപമെങ്കിലും ബുൾ കാലയളവിൽ മിഡ്, സ്മോൾ കാപ് ഫണ്ടുകളെ അപേക്ഷിച്ച് വളർച്ച കുറവായിരിക്കും. ഏറ്റവുമൊടുവിലുള്ള ഒരു വർഷത്തെ പ്രകടനം കാറ്റഗറി ശരാശരിയേക്കാളും ബഞ്ച്മാർക്ക് സൂചികയേക്കാളും 3 പോയിന്‍റോളം താഴെയാണ്. പക്ഷേ ദീർഘകാലത്തിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചുപോരുന്നു. 2008-ലെ പോലെ വിപണിയിലെ വലിയൊരു ഇടിവിനെ ഫണ്ട് ഇതുവരെയും നേരിട്ടിട്ടില്ല.

എന്തുകൊണ്ടു നിക്ഷേപം

നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്ന മേഖലയിലെ ഏറ്റവും മികച്ച ഓഹരികളിലാണ് ഫണ്ട് നിക്ഷേപം നടത്തുന്നത്. അതേസമയം 20 ശതമാനത്തിനു ചുറ്റളവിൽ മിഡ്കാപ് ഓഹരികളിലും നിക്ഷേപക്കുന്നുണ്ട്. ബുൾ സമയത്ത് റിട്ടേണ്‍ മെച്ചപ്പെടുത്താൻ ഇതു ഫണ്ടിനെ സഹായിക്കുന്നു. കണ്‍സർവേറ്റീവ് നിക്ഷേപകർക്കു സ്ഥിരതയുള്ള റിട്ടേണ്‍ നേടുവാൻ സഹായിക്കുന്ന ഫണ്ടാണിത്. കഴിഞ്ഞ ഏതാനും വർഷംകൊണ്ട് ഫണ്ടിന്‍റെ ആസ്തി വലുപ്പം ഗണ്യമായ വർധിച്ചുവെങ്കിലും മോശമല്ലാത്ത റിട്ടേണ്‍ നിലനിർത്താൻ ഫണ്ടു മാനേജർക്കു സാധിച്ചിട്ടുണ്ട്.