പ്രാവുകള്‍ക്ക് കരുതല്‍; രോഗങ്ങളില്‍ നിന്ന്
പ്രാവുകള്‍ക്ക് കരുതല്‍; രോഗങ്ങളില്‍ നിന്ന്
Thursday, July 12, 2018 4:42 PM IST
ഓമനയായും അലങ്കാരത്തിനും പല ഇനങ്ങളില്‍പ്പെട്ട ഫാന്‍സി പ്രാവുകളെ വളര്‍ത്തുന്നവരുടെ സംഖ്യ ഏറുകയാണ്. എന്നാല്‍ ഈ പ്രാവുകളുടെ മുഖ്യശത്രു ആരോഗ്യപ്രശ്‌നങ്ങളാണ്. അതിനാല്‍ തന്നെ രോഗങ്ങളെക്കുറിച്ചറിയാനും പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കാനും കൃത്യമായ ചികിത്സ നല്‍കാനും പ്രാവു വളര്‍ത്തുന്നവര്‍ ശ്രദ്ധിക്കണം. ഫാന്‍സി പ്രാവുകളെ എന്നും കുറച്ചുനേരമെങ്കിലും നിരീക്ഷിക്കുന്നതു നന്നായിരിക്കും. പ്രഭാതത്തില്‍ ഭക്ഷണം കൊടുക്കുമ്പോള്‍ പറന്നിറങ്ങി വന്നു തിന്നാത്തവയെ പ്രത്യേകം ശ്രദ്ധിക്കണം. ഏതൊരു രോഗത്തിന്റെയും പ്രഥമ ലക്ഷണമാണ് തൂങ്ങിയിരിക്കല്‍. എന്നാല്‍ തൂങ്ങിയിരിക്കാതെയുള്ള രോഗങ്ങളും ഉണ്ട്.

സാല്‍മണെല്ലോസിസ്

പ്രാവുകളില്‍ ഏറ്റവും കൂടുതല്‍ മരണം വരുത്തിവയ്ക്കുന്ന ഒരു ബാക്ടീരിയല്‍ അസുഖമാ ണിത്. ഭക്ഷണപദാര്‍ഥങ്ങളില്‍ കൂടിയും വായു മലിനീകരണം വഴിയും പിടപ്രാവുകളില്‍ നിന്ന് മുട്ടയിലേക്കും അവിടെ നിന്ന് മുട്ടവിരിഞ്ഞുണ്ടാകുന്ന കുഞ്ഞങ്ങളിലേക്കും ഇതിന്റെ അണുക്കള്‍ പ്രവഹിക്കാം. അസുഖലക്ഷണങ്ങളില്‍ നിന്ന് മുക്തി നേടിയാ ലും ചില പ്രാവുകള്‍ ഇതിന്റെ അണുവാഹകര്‍ ആയി നില്‍ക്കും. അത് മറ്റു പ്രാവുകളിലേക്ക് അസു ഖം പകര്‍ത്തുകയും ചെയ്യും. തീവ്രത കൂടിയ രീതിയിലുള്ള അസുഖം സാധാരണയായി കു ഞ്ഞുങ്ങളെയും കുറഞ്ഞ രീതിയിലുള്ള അസുഖം വലിയ പ്രാവുകളെയും ബാധിക്കും. കുഞ്ഞുങ്ങളില്‍ വളരെ ശക്തമായ പച്ചകലര്‍ന്ന വയറിളക്കം ഉണ്ടാകും. വലിയ പ്രാവുകളില്‍ ഇത് സാധാരണയായി സന്ധികളെയും ചിറകുകളെയും ബാധിക്കുന്നതുകൊണ്ട് നടക്കാനോ പറക്കാനോ ബുദ്ധിമുട്ട് കാണിക്കാം.

ചിലപ്പോള്‍ മുട്ടയ്ക്കുള്ളില്‍ വച്ചോ, ജനിച്ച് ഉടന്‍ തന്നെയോ കുഞ്ഞുങ്ങള്‍ക്ക് മരണം സംഭവിക്കാം. പാരാമിക്‌സോ വൈറസും രോഗാണുക്കളും ഇതേ രീതിയിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുന്നതു കൊണ്ട് സംശയം ഉള്ള സാചര്യങ്ങളില്‍ ഒരു വിദഗ്ധ ലാ ബോറട്ടറിയില്‍ വിസര്‍ജ്യ വസ്തുക്കള്‍ പരിശോധന നടത്തണം. ക്ലോറാംഫിനിക്കോള്‍, ആംപിസിലിന്‍ തുടങ്ങിയ മരുന്നുകള്‍ 10 മുതല്‍ 14 ദിവസം വരെ ഉള്ളിലേക്ക് നല്‍കുന്നത് രോഗശമനത്തിനു നല്ലതാണ്. എല്ലാ പ്രാവുകളെയും ഒരുമിച്ച് ചികിത്സിക്കുന്നതാണ് നല്ലത്. ഇടയ്ക്ക് പരിശോധന നടത്തി രോഗവാഹകരെ കണ്ടുപിടിച്ച് നശിപ്പിക്കുന്ന തോടൊപ്പം തന്നെ മറ്റുള്ളവയ്ക്ക് രോഗപ്രതിരോധ മരുന്നുകള്‍ നല്‍കുന്നതും രോഗം നിയന്ത്രിക്കാന്‍ ഗുണപ്രദമാണ്.

മലേറിയ

ഹിമോപ്രോട്ടിയസ് എന്ന വിഭാഗത്തില്‍പ്പെടുന്ന ഒറ്റകോശജീവിയാണ് ഈ അസുഖം ഉണ്ടാക്കുന്നത്. ഭക്ഷണം കഴിക്കാതെ തൂങ്ങിപ്പിടിച്ചിരിക്കുക, കഴുത്ത് പിരിയ്ക്കുക തുടങ്ങിയവയാണ് ഇതിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. പ്രാവിന്റെ രക്തപരിശോധനയിലൂടെ ഈ രോഗാണുവിനെ തിരിച്ചറിയാന്‍ സാധിക്കും. ക്ലോറോക്വിന്‍ അടങ്ങിയ ഔഷധം വെള്ളത്തില്‍ കലക്കി മൂന്നു മുതല്‍ അഞ്ചു ദിവസംവരെ കൊടുക്കുകയാണെങ്കില്‍ ഈ രോഗത്തെ നിയന്ത്രിക്കാം.

പരാദരോഗങ്ങള്‍

ഉരുണ്ട വിരകളും, നാട വിരകളും പ്രാവുകളില്‍ കാണാറുണ്ടെങ്കിലും നാടവിരബാധ താരതമ്യേന വളരെ കുറവാണ്. അസുഖത്തിന്റെ ആരംഭത്തില്‍ ഭക്ഷണത്തോടുള്ള ആര്‍ത്തി കാണിക്കും. പിന്നീട് അതു കുറഞ്ഞ് തീരെ ഭക്ഷണമെടുക്കില്ല. വയറിളക്കം, തൂക്കം കുറയുക, തൂവലുകളുടെ ഭംഗി നഷ്ടപ്പെടുക എന്നീ ലക്ഷണങ്ങളും കാണിക്കാം. വിസര്‍ജ്യ വസ്തുക്കള്‍ സൂക്ഷ്മദര്‍ശിനിയില്‍ കൂടി പരിശോധിച്ചാല്‍ ഏത് വിരമൂലമാണ് അസുഖമെന്ന് കണ്ടുപിടിക്കാനാകും. എല്ലാ പ്രാവുകള്‍ക്കും ഒരുമിച്ച് വിരമരുന്ന് നല്‍കുന്നതായിരിക്കും എപ്പോഴും നല്ലത്.

കിളലരശേീൗ െഇമമേൃൃവ

സാധാരണ പ്രാവുകളില്‍ കണ്ടുവരുന്ന ശ്വാസകോശ സംബന്ധമായ ഒരു അസുഖമാണ് കിളലരശേീൗ െഇമമേൃൃവ. വിവിധയിനം വൈറസുകളും, ബാക്ടീരിയകളും മൂലവും ശ്വാസകോശ രോഗങ്ങളുണ്ടാകാം. ചില അണുക്കള്‍ സ്വതവേ ശരീരത്തില്‍, പ്രത്യേകിച്ച്, ശ്വാസകോശത്തില്‍ കാണപ്പെടുന്നു. (ഉദാ: പാസ്ചുറെല്ലാ ബാക്ടീരിയകള്‍) മറ്റു ചിലത് വൃത്തിഹീനമായ അന്തരീക്ഷത്തില്‍ നിന്നും ശരീരത്തില്‍ കടന്ന് രോഗം ഉണ്ടാകാം. ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി യെ ബാധിക്കുന്ന വൈറസുകള്‍, മൈക്കോപ്ലാസ്മ വിഭാഗത്തില്‍ പ്പെട്ട അണുക്കള്‍എന്നിവ പിടിപെടുമ്പോള്‍ സാധാരണ ശരീരത്തില്‍ കാണുന്ന പാസ്ചുറെല്ലാ, കോക്കൈ, കോളി ബാക്ടീരിയ തുടങ്ങിയവയുടെ അനുപാതം കൂടുകയും അവ ശ്വാസനാളിയില്‍ പറ്റിപ്പിടിച്ച് പെരുകി അസുഖം ഉണ്ടാക്കുകയും ചെയ്യുന്നു. ഇ തോടൊപ്പം തന്നെ വേണ്ടത്ര വായു സഞ്ചാരമില്ലാത്ത കൂടുകളില്‍ പാര്‍പ്പിക്കല്‍, അന്തരീക്ഷ ത്തിലെ പൊടിപടലങ്ങള്‍ തുടങ്ങിയവയും പ്രതിരോധശക്തിയെ പ്രതികൂലമായി ബാധിക്കുന്നു.

ശക്തമായ തുമ്മല്‍, മൂക്കില്‍ നിന്ന് ആദ്യം വെള്ളം പോലെയും പിന്നീട് അസുഖം കൂടുംതോറും, മഞ്ഞ കലര്‍ന്ന ബ്രൗണ്‍ നിറത്തോടുകൂടിയും സ്രവങ്ങള്‍ ഒലിക്കുക, ഭക്ഷണത്തോടുള്ള വിരക്തി, പനി, പറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് രോഗാരംഭ ദശയിലെ ലക്ഷണങ്ങള്‍. വായ് തുറന്ന് നോക്കിയാല്‍ വായില്‍ കഫം പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം. വളരെ മോശമായ സാഹചര്യത്തില്‍ അസുഖം ശ്വാസകോശത്തേയും ബാധിക്കും. രോഗമുള്ളവയെ മാറ്റി പാര്‍പ്പിക്കുകയും ചികിത്സിക്കുകയും വേണം. റ്റൈലോസിന്‍, ക്ലോര്‍ ടെട്രാസൈക്ലിന്‍ തുടങ്ങിയ മരുന്നുകള്‍ ഇതിന് പ്രതിവിധിയായി ഉപയോഗിക്കാം. കുടിക്കുവാനുള്ള വെള്ളത്തില്‍ മരുന്ന് കലക്കി കൊടുക്കാവുന്നതാണ്.

കോക്‌സീഡിയോസിസ്

ഐമേറിയ ജനുസില്‍പ്പെട്ട ഏകകോശ ജീവികളാണ് ഈ അസുഖം പ്രാവുകളില്‍ ഉണ്ടാക്കുന്നത്. തീറ്റയില്‍ക്കൂടി ഇതിന്റെ അണുക്കള്‍ പ്രാവുകളുടെ കുടലില്‍ എത്തുകയും ഏകദേശം നാലു മുതല്‍ ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ അത് കുടലിന്റെ ശ്ലേഷ്മസ്തരത്തെ നശിപ്പിക്കുകയും പ്രാവുകള്‍ അസുഖ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യുന്നു. സാധാരണയായി രണ്ട് രീതിയിലുള്ള അസുഖമാണ് കണ്ടു വരുന്നത്. 1) ഒരു രോഗലക്ഷണവും കാണിക്കാത്ത അവസ്ഥ. 2) പ്രകടമായ രോഗലക്ഷണങ്ങള്‍ കാണിക്കുന്ന അവസ്ഥ. പച്ച കലര്‍ന്ന ചിലപ്പോള്‍ ചുവപ്പ് രാശിയോടുകൂടിയ ദുര്‍ഗന്ധം വമിക്കുന്ന വയറിളക്കമാണ് ഇതിന്റെ പ്രധാന ലക്ഷണം. തൂങ്ങി നില്‍ക്കുക, ചിറകുകള്‍ കൂട്ടിപ്പിടിച്ചിരിക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ ലക്ഷണങ്ങളും ചില പ്രാവുകള്‍ കാണിക്കും. വിസര്‍ജ്യ വസ്തുക്കള്‍ സൂക്ഷ്മദര്‍ശിനിയില്‍ കൂടി പരിശോധിച്ചാല്‍ ഇവയുടെ അണുക്കളെ കണ്ടുപിടിക്കാന്‍ കഴിയും സള്‍ഫാ, സള്‍ഫാട്രൈമിതോപ്രിം തുടങ്ങിയ ഔഷധങ്ങള്‍ വെള്ളത്തില്‍ ചേര്‍ത്തു കൊടുക്കുന്നത് നല്ലതാണ്.

കാങ്കര്‍ (വായ്പുണ്ണ്)

ട്രൈക്കോമോണസ് ഗാലിനേ എന്ന ഇനത്തില്‍പ്പെടുന്ന ഒരു ഏകകോശ ജീവിയാണ് ഈ അസുഖം ഉണ്ടാക്കുന്നത്. പീജിയന്‍ മില്‍ക്കില്‍ കൂടിയാണ് ഈ രോഗം കുഞ്ഞുങ്ങളിലേക്ക് ബാധിക്കുന്നത്. ശാരീരിക ക്ഷീണം, പറക്കാനുള്ള ബുദ്ധിമുട്ട്, ചെറിയ തോതിലുള്ള വയറിളക്കം, തൊണ്ടയില്‍ ചുവപ്പു നിറം തുടങ്ങിയ ലക്ഷണങ്ങളാണ് പ്രാരംഭദശയില്‍ കാണുന്നത്. അസുഖം കൂടുംതോറും മഞ്ഞ കലര്‍ന്ന ബട്ടര്‍ (ചീസ്) ആകൃതിയിലുള്ള ഒരു തടിപ്പ് വായുടെ ഉള്‍ഭാഗത്ത് പ്രത്യക്ഷപ്പെടുന്നു. ഇതെടുത്ത് സൂക്ഷ്മദര്‍ശിനിയില്‍ കൂടി നോക്കിയാല്‍ ട്രൈക്കോമോണസ് എന്ന ഒറ്റകോശ ജീവിയെ കാണാന്‍ പറ്റും. മെട്രാനിഡാസോള്‍ അടങ്ങിയ മരുന്നുകള്‍ കൊടുക്കുന്നതും ലേപനം ചെയ്യുന്നതും വളരെ ഫലപ്രദമായി കണ്ടെത്തിയിട്ടുണ്ട്. മുട്ട വിരിയുന്നതിന് അഞ്ചു ദിവസം മുമ്പ് തള്ളപ്രാവുകള്‍ക്ക് ഇതിനെതിരായുള്ള ചികിത്സ നല്‍കുന്നത് കുഞ്ഞുങ്ങളെ ഈ രോഗത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ സാധിക്കും.


കോളിബാസില്ലോസിസ്

കോളിഫോം ഗ്രൂപ്പില്‍പ്പെടുന്ന ബാക്ടീരിയയാണ് ഈ അസുഖം പ്രാവുകളില്‍ ഉണ്ടാക്കുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നും, വായുവില്‍ കൂടിയും ഭക്ഷണ പദാര്‍ഥങ്ങളില്‍ക്കൂടിയും ഈ അണുക്കള്‍ ദഹനേന്ദ്രിയത്തില്‍ എത്തും. അവിടെ വളര്‍ന്ന് പെരുകി വളരെ ശക്തമായ വയറിളക്കം ഉണ്ടാക്കുന്നു. ചിലപ്പോള്‍ ഈ അണുക്കള്‍ രക്തത്തില്‍ പ്രവേശിച്ച് ആന്തരാവയങ്ങളിലെ ത്തി മറ്റസുഖങ്ങളും ഉണ്ടാക്കുന്നു. ചിറകുകള്‍ അലങ്കോലപ്പെട്ടിരിക്കുക, വാല് താഴ്ത്തി പിടിക്കുക, ഭക്ഷണത്തോടുള്ള വിര ക്തി, ശരീരം ക്ഷീണിച്ചു വരിക. തുടങ്ങിയവയാണ് മറ്റു ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടാ ല്‍ ഉടന്‍ തന്നെ ക്ലോറോംഫിനിക്കോള്‍, ആംപിസിലിന്‍ അല്ലെങ്കില്‍ ഫുറാസോളിഡോണ്‍ തുടങ്ങിയ ഔഷധങ്ങള്‍ നല്‍കിയാല്‍ രോഗം നിയന്ത്രിക്കാന്‍ പറ്റും.

പാസ്ച്ചുറല്ലോസിസ്

എവിയന്‍ കോളറ എന്ന പേരിലും ഈ അസുഖം അറിയപ്പെടുന്നുണ്ട്. പ്രാവുകളുടെ ശ്വസനേന്ദ്രിയത്തില്‍ പ്രത്യേകിച്ചും മുക്കിലും തൊണ്ടക്കുഴിയിലും കാണുന്ന പാസ്ചുറല്ല മള്‍ട്ടോസിഡ, സെപ്റ്റിക്ക എന്നീ അണുക്കള്‍, ഏതെങ്കിലും കാരണവശാല്‍ പ്രാവുകളുടെ രോഗപ്രതിരോധശക്തി കുറയ്ക്കുമ്പോള്‍, ഏവിയന്‍ കോളറ എന്ന അസുഖം ഉണ്ടാക്കുന്നു. രോഗലക്ഷങ്ങള്‍ ഒന്നും പ്രകടമാക്കാതെ പെട്ടെന്നുള്ള മരണമാണ് മുഖ്യലക്ഷണം. സംശയമുള്ള സാഹചര്യത്തില്‍ രക്തമെടുത്ത് പരിശോധിച്ച് അമോക്‌സിസിലിന്‍, സള്‍ഫാ, ടെട്രാസൈക്കിളിന്‍ തുടങ്ങിയ മരുന്നുകള്‍ നല്‍കുന്നത് നല്ലതാണ്.

ഓര്‍ണിത്തോസിസ് (സിറ്റക്കോസിസ്)

പ്രാവുകളെപ്പോലെതന്നെ മറ്റ് പക്ഷികളെയും, മനുഷ്യനെ പോലും ബാധിക്കുന്ന ഒരു രോഗമാണിത്. ഇതിനെ ജന്തുജന്യരോഗത്തിന്റെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. ക്ലമിഡോഫില ജനുസില്‍പ്പെട്ട ഈ അണുക്കള്‍ വായു, ഭക്ഷണം, വെള്ളം, വിസര്‍ജ്യ വസ്തുക്കള്‍ എന്നിവയില്‍ക്കൂടി ശരീരത്തില്‍ പ്രവേശിക്കുന്നു.

തീവ്രത കൂടിയ രീതിയിലുള്ള അസുഖം കുഞ്ഞുങ്ങളിലും, കുറഞ്ഞവ സാധാരണയായി പ്രായപൂര്‍ത്തിയായ പ്രാവുകളിലുമാണ് കണ്ടു വരുന്നത്. കുഞ്ഞുങ്ങളില്‍ ഇത് ശ്വാസം വിടുമ്പോള്‍ പതിവില്ലാത്ത തരത്തിലുള്ള ശബ്ദം ഉണ്ടാക്കുക, കണ്ണുകള്‍ രണ്ടും ചുവന്ന് തുടുത്തിരിക്കുക, കഫത്തോടുകൂടിയുള്ള വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍, വലിയ പ്രാവുകളില്‍ ഇത് പറയത്തക്ക ലക്ഷ ണമൊന്നും കാണിക്കുന്നില്ല. എന്നാലും അസുഖത്തില്‍ നിന്ന് രക്ഷപ്പെട്ടു കഴിഞ്ഞാല്‍ ഇവര്‍ അണുവാഹകരായി പ്രവര്‍ത്തിക്കുന്നതുകൊണ്ട് മറ്റ് കുഞ്ഞു പ്രാവുകള്‍ക്കും, എന്തിന് മനുഷ്യര്‍ക്കു പോലും ആപത്കരമാ ണ്. ക്ലോര്‍ടെട്രാസൈക്ലിന്‍, ഡോ ക്‌സിസൈക്കിളിന്‍ അടങ്ങിയ മരുന്നുകള്‍ രണ്ടു മുതല്‍ മൂന്നാഴ്ചവരെ നല്‍കുന്നത് രോഗപ്രതിവിധി ആണ്.

യങ്ങ് ബേഡ് സിക്ക്‌നെസ്

വൈറസ്, ബാക്ടീരിയ, പ്രോ ട്ടോസോവ തുടങ്ങിയവയുടെ ഒരു സമ്മിശ്രം ആണ് ഈ അസുഖം ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ചികിത്സയും വളരെ ബുദ്ധിമുട്ടുള്ളതാണ്. തള്ളപ്പക്ഷിയില്‍ നിന്നും കുഞ്ഞുങ്ങളെ മാറ്റിപ്പാര്‍പ്പിക്കുക, പുതിയ പ്രാവുകളെ കൊണ്ടുവരുക, രോഗപ്രതിരോധ കുത്തിവയ്പുകള്‍, ഉഷ്ണം, ചെറിയ പ്രായത്തിലുള്ള പരിശീലനം ഒക്കെ ഈ അസുഖം ഉണ്ടാക്കുവാനുള്ള ഹേതുക്കള്‍ ആണ്. ഈ അസുഖവും രണ്ടു തരത്തിലുണ്ട്. 1) രോഗലക്ഷണം ഒന്നും കാണിക്കാതെ പെട്ടെന്നു ചാവുക, 2) ചിറക് ഉയര്‍ത്തിപ്പിടിച്ച് കൂനിക്കൂടി ഇരിക്കുക, ഭക്ഷണത്തോടുള്ള വിരക്തി, തീറ്റസഞ്ചി വീര്‍ത്തു വരിക, തൂക്കക്കുറവ്, പച്ച കലര്‍ന്ന മഞ്ഞ നിറത്തിലു ള്ള വയറിളക്കം, ഛര്‍ദ്ദി എന്നീ രോഗലക്ഷണങ്ങള്‍ കാണിച്ച് ഏകദേശം മൂന്ന് മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ ചത്തുപോകുന്നു. പ്രത്യേക മരുന്നുകളോ പ്രതിരോധ മരുന്നുകളോ ഇല്ലെങ്കിലും വിവിധതരം ആന്റിബയോട്ടിക്കുകളുടെ പ്രയോഗം ഉപകാരപ്രദമായി കാണാറുണ്ട്.

പാരമിക്‌സോ വൈറസ് രോഗം

കോഴി വസന്തപോലുള്ള ഒരു അസുഖമാണിത്. ഭക്ഷണ പദാര്‍ഥത്തില്‍ കൂടിയും വായുവില്‍ കൂടിയും രോഗാണു ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ 3-21 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നു. ചിലപ്പോള്‍ രോഗാണുക്കള്‍ കണ്ണ്, മൂക്ക്, വായ തുടങ്ങിയവയിലും ശ്ലേഷ്മ സ്തരത്തില്‍ കൂടെയും ശരീരത്തില്‍ പ്രവേശിക്കാം. ഏകദേശം 30 ശതമാനത്തോളം പ്രാവുകള്‍ ചികിത്സ ഒന്നും നല്‍കാതെ തന്നെ രക്ഷപ്പെടാറുണ്ട്. ധാരാളം വെള്ളം കുടിക്കുക, ഭക്ഷണം കഴിക്കാതിരിക്കുക, ശാരീരിക ക്ഷീ ണം, കാലുകള്‍ക്ക് തളര്‍ച്ച, കഴു ത്ത് പിരിക്കുക, ശരീരം ചലിപ്പിച്ചു കൊണ്ടിരിക്കുക, പുറകോട്ട് നടക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ച് 3-4 ദിവസങ്ങള്‍ ക്കുള്ളില്‍ ചത്തുപോകുന്നു. രക്ത പരിശോധനയിലൂടെ ഈ രോഗം സ്ഥിരീകരിക്കാം. പ്രത്യേക ചികിത്സയൊന്നും ഇല്ലെങ്കിലും ആന്റിബയോട്ടിക്കുകളും, വൈറ്റമിന്‍ അടങ്ങിയ ഗുളികകളും രോഗപ്രതിരോധശക്തി കൂടുവാന്‍ നല്ലതാണ്. രോഗപ്രതിരോധ കുത്തിവയ്പുകള്‍ എടുക്കുന്നത് രോഗം വരാതിരിക്കാന്‍ നല്ലതാണ്.

വസൂരി

പ്രാവുകളില്‍ പ്രത്യേകിച്ചും കുഞ്ഞുങ്ങളില്‍, ചൂട് കാലത്തിന്റെ ആരംഭത്തോടെ കണ്ടുവരാറുള്ള ഒരു രോഗമാണിത്. രോഗമുള്ള പ്രാവുകളുമായുള്ള സമ്പര്‍ക്കം മൂലമാണ് ഈ രോഗം പകരുന്നത്. മനുഷ്യനെയോ മറ്റ് സസ്തനികളെയോ ഇത് ബാധിക്കാറില്ല. രണ്ട് രീതിയില്‍ ഈ അസുഖം പ്രത്യക്ഷപ്പെടാം. 1) തൊലിപ്പുറത്തെ ബാധിക്കുന്നത്- പ്രത്യേകിച്ച് കണ്ണ്, ചുണ്ട്, വായു ടെ ഇരുവശങ്ങളിലും പഴുപ്പ് നിറഞ്ഞ വ്രണം ഉണ്ടാകുന്നു. ചിലപ്പോള്‍ അത് പൊട്ടിയൊലിച്ച് ഉണങ്ങിപ്പിടിച്ചിരിക്കും. 2) തീറ്റ സഞ്ചിയുടെയും അന്നനാളത്തിന്റെയും ശ്ലേഷ്മ സ്തരത്തോട് പറ്റിപ്പിടിച്ച് ചില വ്രണങ്ങള്‍ ഉണ്ടാകുകയും ഇത് അവയുടെ ഭക്ഷണം കഴിക്കലിനേയും, ശ്വാസോച്ഛ്വാസത്തേയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ലക്ഷണങ്ങള്‍ തുടങ്ങിക്കഴിഞ്ഞാല്‍ രോഗം ചിലപ്പോള്‍ 3-4 ആഴ്ച മുതല്‍ മാസങ്ങളോളം നിലനില്‍ക്കാം.

വ്രണങ്ങള്‍ കഴുകി തുടച്ച് വൃത്തിയാക്കി ആന്റിബയോട്ടിക്കുകളോ, പോവിഡോണ്‍ അയഡിന്‍ അടങ്ങിയ ലേപനങ്ങളോ പുരട്ടുക. ക്ലോര്‍ ടെട്രാസൈക്കിളിന്‍, വൈറ്റമിന്‍ തുടങ്ങിയവ വെള്ളത്തില്‍ ചേര്‍ത്ത് കൊടുക്കുന്നത് വ്രണങ്ങള്‍ ഉണങ്ങാന്‍ നല്ലതാണ്. പ്രതിരോധ കുത്തിവയ്പുകള്‍ എടുത്ത് ഈ അസുഖം വരാതെ നോക്കുന്നതാണ്, വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത്. രോഗം ഏത് തന്നെയായാലും ഒരു വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശവും മരുന്നുകളും തുടക്കത്തിലേ അനിവാര്യമാണ്.

ഡോ. സാബിന്‍ ജോര്‍ജ്
ഫോണ്‍:- 94462 03839