പലിശ ചക്രം മുകളിലേക്ക്
ഓഹരികൾ, ബോണ്ടുകൾ, പ്രോവിഡന്‍റ് ഫണ്ട് തുടങ്ങിയ നിക്ഷേപ ഉപകരണങ്ങളിലായിരുന്നു നിക്ഷേപകരുടെ ശ്രദ്ധ. പലിശ നിരക്ക് കുറവായതിനാൽ ബാങ്ക് നിക്ഷേപങ്ങൾ അത്ര ആകർഷകമായിരുന്നില്ല. എന്നാൽ സുരക്ഷിതത്വം എന്ന ഘടകത്തെ മുൻനിർത്തി നിക്ഷേപം തെരഞ്ഞെടുക്കുന്നവർക്ക് ബാങ്ക് നിക്ഷേപങ്ങൾ എന്നും പ്രിയപ്പെട്ടതാണ്.

എന്നാൽ പലിശയിലെ ഇടിവിന് ഏതാണ്ട് ശമനം വന്നിരിക്കുകയാണ്. ഇനി പലിശ വർധനവിന്‍റെ നാളുകളാണെന്നു കരുതുന്ന സാന്പത്തിക അനലിസ്റ്റുകളും ഏറെയാണ്. പ്രത്യേകിച്ചും ക്രൂഡോയിൽ വില ആഗോളതലത്തിൽ നാലുവർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയിരിക്കുന്ന സാഹചര്യത്തിൽ. പലിശ വരുമാനത്തെ ആശ്രയിച്ചു കഴിയുന്നവർക്ക് ഇതു തീർച്ചയായും ആശ്വാസം നൽകുന്ന വാർത്തയാണ്.

കൂടാതെ ബാങ്ക് നിക്ഷേപങ്ങളും സ്മാർട്ടായിരി ക്കുകയാണ്. ഓണ്‍ലൈൻ വഴി നിക്ഷേപ അക്കൗണ്ടുകൾ തുറക്കാനും ക്ലോസ് ചെയ്യാനും അവസരങ്ങളുണ്ട്.

പല ബാങ്കുകളും നിക്ഷേപങ്ങളുടെ പലിശ നിരക്ക് അടുത്തിയിടെ ഉയർത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഒരു കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് മൂന്നു വർഷത്തേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 6.7 ശതമാനം പലിശ നൽകുന്നുണ്ട്. ബാങ്ക് ഓഫ് ബറോഡ 6.6 ശതമാനവും ഐസിഐസിഐ ബാങ്കും എച്ച്ഡിഎഫ്സിയും 6.5 ശതമാനവുമാണ് പലിശ നൽകുന്നത്.

ബാങ്കിലെ നിക്ഷേപം സുരക്ഷിതമാണെന്നുള്ളതാണ് നിക്ഷേപകരെ ആകർഷിക്കുന്ന ഘടകം. പക്ഷേ, പലിശ നിരക്കു കുറയുന്പോൾ പലിശ വരുമാനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന പെൻഷൻകാരുടെയും മറ്റും കാര്യമാണ് കഷ്ടത്തിലാകുന്നത്.

2015 ജനുവരി മുതൽ 2017 ഓഗസ്റ്റ് വരെ റിസർവ് ബാങ്ക് റീപോ നിരക്കിൽ രണ്ടു ശതമാനം കുറവാണ് വരുത്തിയിരിക്കുന്നത്. പിന്നീട് ഒക്ടോബറിലും ഡിസംബറിലും ഏപ്രിലിലും റിസർവ് ബാങ്കിന്‍റെ പണനയ കമ്മിറ്റി റീപോ നിരക്കിൽ മാറ്റമൊന്നും വരുത്തിയില്ല. ഇപ്പോൾ ആറു ശതമാനത്തിലാണ് റീപോ നീങ്ങുന്നത്.

ഇതിനിടെ പണപ്പെരുപ്പനിരക്ക് ഉയർന്നു തുടങ്ങി. പലിശ നിരക്ക് കുറയാതിരിക്കുന്നതിനു കാരണവും അതുതന്നെ. പണപ്പെരുപ്പ ഭീഷണി നിലനിൽക്കുന്നതിനാൽ നിരക്ക് മാറ്റമില്ലാതെ നിലനിർത്തുകയാണെന്നു പറഞ്ഞുകൊണ്ടുതന്നെ 2018-19ൽ ആദ്യ പകുതിയിൽ പണപ്പെരുപ്പ പ്രതീക്ഷ 4.7-5.1 ശതമാനമായിരിക്കുമെന്നു പറഞ്ഞിരിക്കുകയാണ് റിസർവ് ബാങ്ക്. നേരത്തെയുണ്ടായിരുന്ന വിലയിരുത്തൽ 5.1-5.6 ശതമാനമായിരുന്നു.


ഖാരിഫ് വിളകൾക്ക് താങ്ങുവില ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്‍റെ തീരുമാനം, കേന്ദ്ര, സംസ്ഥാനങ്ങളുടെ ധനകമ്മിയിലെ വർധന, ക്രൂഡോയിൽ വിലയിലുണ്ടായിരിക്കുന്ന വലിയ തോതിലുള്ള വ്യത്യാസങ്ങൾ തുടങ്ങിയവയെല്ലാം പണപ്പെരുപ്പം വർധിക്കാൻ കാരണമായിട്ടുണ്ട്. ഈ സഹാചര്യത്തിൽ നയ പലിശനിരക്കുകളിൽ മാറ്റം വരുത്തുവാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് റിസർവ് ബാങ്ക് ഗവർണർ ഡോ ഉർജിത് പട്ടേൽ ഏപ്രിലിലെ പണനയ കമ്മിറ്റിയിൽ പറഞ്ഞത്. റിസർവ് ബാങ്കിന്‍റെ 2018-19 വർഷത്തെ വളർച്ചാ അനുമാനം 7.4 ശതമാനത്തിലേക്ക് ഉയർത്തിയിട്ടുണ്ട്.

ക്രൂഡ് ഓയിൽ വില നിത്യേന കയറുന്നതിനനുസരിച്ച് രാജ്യത്ത് ഇന്ധനവില കൂട്ടുന്നുണ്ട്. ഇതും ചില കാർഷികോത്പന്നങ്ങളുടെ ഉത്പാദനം കുറഞ്ഞതും ചില്ലറ വിലക്കയറ്റം ഇനിയും കൂടാൻ ഇടയാക്കും. ക്രൂഡോയിൽ ആവശ്യത്തിന്‍റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്നത് രാജ്യത്തിന്‍റെ കറന്‍റ് അക്കൗണ്ട് കമ്മി വർധിപ്പിക്കുകയാണ്. ഇത് രൂപയുടെ മൂല്യശോഷണത്തിനും ഇറക്കുമതിച്ചെലവു വർധിക്കുന്നതിനും ഇടയാക്കുന്നു. ഇത് ആഭ്യന്തര പണപ്പെരുപ്പം കൂട്ടുന്നു. ഫലം ധനകമ്മി വർധിപ്പിക്കുന്നു. ചുരുക്കത്തിൽ അനുകൂലമായിരുന്ന മാക്രോ ഇക്കണോമിക് ഘടകങ്ങൾ പ്രതികൂലമാകുകയാണ്.

ജൂണ്‍ നാലു മുതൽ ആറുവരെയാണ് റിസർവ് ബാങ്കിന്‍റെ അടുത്ത പണനയകമ്മിറ്റി. റീപോ നിരക്ക് വർധിപ്പിക്കാൻ റിസർവ് ബാങ്ക് നിർബന്ധിതരായാൽ ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഇനിയും ഉയരും. പലിശചക്രം മുകളിലേക്ക് ഉയരുകയാണ്.