വര നടനം
വര നടനം
Saturday, June 16, 2018 5:30 PM IST
കാഴ്ചക്കാര്‍ക്ക് അത് പുതിയൊരു അനുഭവമായിരുന്നു. അങ്ങനെയൊരു കലാരൂപം ഇതുവരെ ആരും കണ്ടിരുന്നുമില്ല. ഒന്നുകില്‍ ചിത്രംവര, അല്ലെങ്കില്‍ നൃത്തം. ഇവയിലേതെങ്കിലും ഒന്നു മാത്രമായിരുന്നു ആ വേദിയില്‍ അവര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ടാണ് ലീജ ദിനൂപ് അരങ്ങില്‍ നിറഞ്ഞാടിയത്. നൃത്തം ചെയ്തുകൊണ്ട് ചിത്രം വരയ്ക്കുക. വരനടനം എന്നാണ് ലീജ തന്റെ പുതിയ കലാരൂപത്തിന് നല്‍കിയ പേര്. അരങ്ങില്‍ ഭരതനാട്യ ചുവടുകള്‍ താളം പിഴയ്ക്കാതെ തുടരുമ്പോള്‍ തന്നെ അരികില്‍ ഉറപ്പിച്ച കാന്‍വാസില്‍ ലീജ ഒരു ചിത്രവും വരയ്ക്കും. ഇങ്ങനെ നിറങ്ങളുടേയും നൃത്തത്തിന്റെയും സാധ്യതകള്‍ സമന്വയിപ്പിച്ച് കാഴ്ചയുടെ പുതിയ ലോകം തീര്‍ക്കുകയാണ് കണ്ണൂര്‍ പയ്യന്നൂരിലെ ലീജ ദിനൂപ്.

നടനചാരുത നിറച്ച്

കേരളത്തില്‍ അങ്ങോളമിങ്ങോളം 37 വേദികളില്‍ ലീജ തന്റെ വരനടനം അവതരിപ്പിച്ചു. കീര്‍ത്തനങ്ങള്‍, കവിതകള്‍, ഉപകരണസംഗീതം എന്നിവയുടെ പശ്ചാത്തലത്തിലാണ് ലീജ അരങ്ങിലാടുന്നത്. ഓരോ വേദിക്കും അനുയോജ്യമായ ചുവടുകളാണ് ഒരുക്കുക. ക്ഷേത്രങ്ങളില്‍ ഭക്തിസാന്ദ്രമായ കീര്‍ത്തനങ്ങളും പ്രതിഷേധ വേദികളില്‍ കവിതകളും ലീജയുടെ നടനചാരുതയില്‍ ഒഴുകും. അവയോടൊപ്പം കാന്‍വാസില്‍ ആ സാഹചര്യത്തെ മുന്‍നിര്‍ത്തിയുള്ള ചിത്രങ്ങളും ഉണരും. വാര്‍ കളറോ അക്രലിക്കോ ആണ് ചിത്രരചനയുടെ മാധ്യമം. അടുത്തകാലത്തായി പോര്‍ടെയ്റ്റുകളും നൃത്തത്തോടൊപ്പം ലീജ വരയ്ക്കാറുണ്ട്.

വരനടനത്തിന്റെ പിറവി

പയ്യന്നൂര്‍ കണ്ടോത്ത് കോത്തായിമുക്കിലെ മാരുതി ഓട്ടോ വര്‍ക്‌സ് ഉടമ ടി.വി. ലക്ഷ്മണന്റെയും കെ.വി. ബിന്ദുവിന്റെയും മകളാണ് ലീജ. പയ്യന്നൂര്‍ കണ്ടോത്തെ ദിനൂപാണ് ഭര്‍ത്താവ്. കുട്ടിക്കാലം മുതല്‍ക്കെ ചിത്രരചനയിലും നൃത്തത്തിലും ലീജ കഴിവ് തെളിയിച്ചിരുന്നു. ഇവരണ്ടും അന്ന് മുതലേ ശാസ്ത്രീയമായി അഭ്യസിക്കുകയും ചെയ്തു. എന്‍.വി. കൃഷ്ണന്‍ മാസ്റ്റര്‍, സീത ശശിധരന്‍, ഹനുമന്ദറാവു, കലാമലം ലത എടവലത്ത്, കലാക്ഷേത്ര വിദ്യാലക്ഷ്മി തുടങ്ങിയവരാണ് നൃത്തത്തില്‍ ലീജയുടെ ഗുരുക്കന്‍മാര്‍. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് എംഎ ഭരതനാട്യം രണ്ടാം റാങ്കോടെ പാസായ ലീജ തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജില്‍ നിന്നും കേരള യൂണിവേഴ്‌സിറ്റി ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് ഡിസ്റ്റിംഗ്ഷനോടെ പാസായി. അതുവരെ നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിരുന്ന ലീജ ഏറെ ഗൗരവത്തോടെയാണ് പുതിയൊരു കലാരൂപത്തെ കുറിച്ച് ആലോചിച്ചത്. ആ അന്വേഷണമാണ് വരനടനം എന്ന പുതിയ ആശയത്തില്‍ എത്തിച്ചത്. ആദ്യം പ്രകൃതിയായിരുന്നു നൃത്തത്തിലേയും വരയിലേയും വിഷയം. പിന്നീടാണ് ഭക്തിയും കവിതകളും കടന്നുവന്നത്.


സംസ്ഥാന സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ ചിത്രരചനയില്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവത്തില്‍ രണ്ടു തവണ ചിത്രപ്രതിഭയും ഒരു തവണ കലാതിലകവുമായിരുന്നു ലീജ. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഓയിസ്‌ക ഇന്റര്‍നാഷണല്‍ അവാര്‍ഡും ലീജയെ തേടിയെത്തി. കൂടാതെ നൃത്തകലാരംഗത്തും ചിത്രകലാരംഗത്തും നിരവധി പുരസ്‌കാരങ്ങള്‍ ലീജയെ തേടിയെത്തിയിരുന്നു.

പയ്യന്നൂര്‍ കണ്ടോത്ത് നൃത്തചിത്രകലാ വിദ്യാലയവും ഇവര്‍ നടത്തുന്നുണ്ട്. കുട്ടിക്കാലത്ത് അച്ഛനും അമ്മയും നല്‍കിയ പ്രോത്സാഹനമാണ് ലീജയെ ചിത്രകലയിലും നൃത്തത്തിലും അടിയുറച്ച് നിര്‍ത്തിയത്. ഇന്ന് ഭര്‍ത്താവ് ദിനൂപ് നല്‍കുന്ന പിന്തുണയാണ് വരനടനം എന്ന കല നിരവധി വേദികളില്‍ അവതരിപ്പിക്കാന്‍ തനിക്ക് പ്രേരണയായതെന്ന് ലീജ പറയുന്നു.

ഷിജു ചെറുതാഴം