സൗമ്യയാണു താരം
സൗമ്യയാണു താരം
Friday, March 16, 2018 4:11 PM IST
പത്തുവര്‍ഷംമുമ്പ് ഡല്‍ഹിയില്‍നിന്നു കൊച്ചിയിലേക്കു ജീവിതം പറിച്ചുനട്ടപ്പോള്‍ സൗമ്യ സ്വപ്‌നേപി നിരൂപിച്ചിരുന്നില്ല സ്വന്തമായി ഒരു പരസ്യ ഏജന്‍സി തുടങ്ങുമെന്ന്. പിന്നീട് ജീവിത വഴികളില്‍ സ്വന്തമായൊരു സ്ഥാപനം പടുത്തുയര്‍ത്തിയ സൗമ്യ ഇന്നു സമൂഹത്തില്‍ താരമാണ്. കഠിന പ്രയത്‌നത്തിലൂടെയും അശ്രാന്ത പരിശ്രമങ്ങളിലൂടെയും സൗമ്യ മുന്നേറിയപ്പോള്‍ ഇന്നു പ്രമുഖ പരസ്യ ഏജന്‍സിയുടെ പ്രൊപ്രൈറ്ററാണ് ഇവര്‍.

പറഞ്ഞുവരുന്നത് കൊച്ചിയില്‍ പ്രവര്‍ത്തിച്ചുവരുന്ന സില്‍വര്‍മൗണ്ട് കമ്യൂണിക്കേഷന്‍ ഏജന്‍സിയെന്ന പരസ്യ ഏജന്‍സിയുടെ പ്രൊപ്രൈറ്ററായ എളമക്കര കാഞ്ഞിരക്കൊമ്പില്‍ വീട്ടില്‍ സൗമ്യ വിന്‍സെന്റിനെ കുറിച്ചാണ്. നഴ്‌സിംഗ് പഠനം കഴിഞ്ഞു ഡല്‍ഹിയിലെ എസ്‌കോര്‍ട്ട്‌സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ജോലി ചെയ്തുവരികയായിരുന്നു ഇവര്‍. വിവിഐപികള്‍ ഉള്‍പ്പെടെ ചികിത്സ തേടുന്ന ആശുപത്രിയിലെ ഹാര്‍ട്ട് കമാന്‍ഡ് നമ്പര്‍ വണിന്റെ ഇന്‍ചാര്‍ജ് ആയിരുന്നു സൗമ്യ. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെയുള്ളവരാണ് ഈ വാര്‍ഡില്‍ കഴിഞ്ഞിരുന്നത്. 2003 മുതല്‍ ഇവിടെ പ്രവര്‍ത്തിച്ചു. വിവാഹശേഷം 2007 ലാണു ഡല്‍ഹിവിട്ട് സൗമ്യ കൊച്ചിയിലേക്കെത്തുന്നത്. ഭര്‍ത്താവ് മനോജിന്റെ സഹായത്തോടെ ആരംഭിച്ച ചെറിയ സംരംഭമാണ് ഇന്നു പടര്‍ന്നു പന്തലിച്ചിരിക്കുന്നത്.

തീരുമാനിച്ചതില്‍നിന്നു പിന്മാറിയില്ല

പഠിച്ചതു മറ്റൊരു വിഷയമാണെങ്കിലും പുതിയ സംരംഭത്തില്‍നിന്നു പേടിച്ചു പിന്നോട്ടുമാറാന്‍ സൗമ്യ തയ്യാറായില്ല. ഒരു പരസ്യ ഏജന്‍സി നടത്തിപ്പോരാന്‍ ആവശ്യമായ അടിസ്ഥാനകാര്യങ്ങള്‍ എന്തെല്ലാമെന്നു തിരിച്ചറിഞ്ഞ സൗമ്യ കുറഞ്ഞ സമയംകൊണ്ട് ഇതെല്ലാം വശത്താക്കി. മലയാളം ടൈപ്പിംഗ്, ഫോട്ടോഷോപ്പ് തുടങ്ങിയതെല്ലാം പഠിച്ചെടുത്തതില്‍പ്പെടുന്നു. ഏതൊരു സ്ഥാപനത്തിന്റെയും തുടക്കമെന്നപോലെ ചെറിയ പ്രശ്‌നങ്ങളൊക്കെഉണ്ടായെങ്കിലും ചുരുങ്ങിയ സമയംകൊണ്ടു വളരുകയായിരുന്നു. പരസ്യത്തിനു പുറമെ വര്‍ഷങ്ങള്‍ക്കകം പബ്ലിക് റിലേഷന്‍സിലേക്കും ശ്രദ്ധയൂന്നി. നിലവില്‍ സംസ്ഥാനത്തും പുറത്തുമുള്ള നിരവധി പ്രമുഖ കമ്പനികളുടെ പിആര്‍ ജോലികള്‍ നടത്തിവരുന്നതു സില്‍വര്‍ മൗണ്ട് കമ്യൂണിക്കേഷന്‍ ഏജന്‍സിയാണ്.



കുടുംബമാണു കരുത്ത്


ഭര്‍ത്താവും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബമാണു സൗമ്യയുടെ കരുത്ത്. കുസൃതിക്കുരുന്നുകളായ മക്കള്‍ ജിഹാനെയും ജോഹനെയും രാവിലെ സ്‌കൂളില്‍ വിട്ടയച്ചശേഷം ഒന്‍പതോടെ ഓഫീസിലെത്തുന്ന സൗമ്യ മടങ്ങുന്നതു വൈകിട്ട് ആറരയ്ക്കാണ്. ഓഫീസ് ഒരു കൊച്ചു വീടാക്കി മാറ്റിയെന്നു പറഞ്ഞാലും അതിശയോക്തിയില്ല. വൈകിട്ട് സ്‌കൂള്‍വിട്ടു കുട്ടികള്‍ വരുന്നതു നേരേ ഓഫീസിലേക്കാണ്. അഞ്ചോളം ജീവനക്കാരടങ്ങുന്ന ഓഫീസില്‍ കുട്ടികളും ചേരുന്നതോടെ ഓഫീസ് അന്തരീക്ഷംതന്നെ മാറുന്നു. ഏറെ സന്തോഷത്തോടെയാണു ദിവസവും ജോലികളില്‍ ഏര്‍പ്പെട്ടുവരുന്നതെന്നു ജീവനക്കാരും പറയുന്നു.

സേവനത്തില്‍ വിട്ടുവീഴ്ചയില്ല

മറ്റ് ഏജന്‍സികളില്‍നിന്നു വ്യത്യസ്തമായി സേവന നിലവാരത്തില്‍ തങ്ങളുടേതായ വഴികളിലൂടെയാണു സൗമ്യയും സില്‍വര്‍ മൗണ്ട് കമ്യൂണിക്കേഷന്‍സും സഞ്ചരിക്കുന്നത്. ഒരു സ്ത്രീയുടെ നേതൃത്വത്തില്‍ ചുരുങ്ങിയ കാലയളവിലാണ് ഈ നേട്ടങ്ങളെന്നതു വിസ്മരിക്കാനാകില്ല. വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളുമായി ഏകദേശം മുന്നൂറോളം അക്കൗണ്ടുകളാണു സില്‍വര്‍ മൗണ്ട് കമ്യൂണിക്കേഷന്‍ ഏജന്‍സിക്കുള്ളത്. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, കുറ്റൂക്കാരന്‍ പോപ്പുലര്‍ ഗ്രൂപ്പ്, ജോയ് ആലുക്കാസ്, സാംസംഗ്, ഒപ്പൊ മൊബൈല്‍ ഫോണ്‍, കെജിഎംഒഎ, എ.പി വര്‍ക്കി മിഷന്‍ ആശുപത്രി, ഐഎംഎ കൊച്ചി, ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ എന്നിങ്ങനെ നീളുന്നു പട്ടികയിലുള്ളവര്‍.

ബന്ധങ്ങളാണ് വലുത്

ഈ മേഖലയിലേക്കു കടന്നുവരുന്നവര്‍ക്കു പകര്‍ന്നു നല്‍കാനുള്ള ടിപ്‌സ് ചോദിച്ചാല്‍ സൗമ്യ ആദ്യം പറയുക നല്ല ബന്ധങ്ങളെക്കുറിച്ചാകും. അത്രയ്ക്കുമുണ്ട് ഭര്‍ത്താവ് മനോജിനും സൗമ്യക്കും ചുറ്റിലുമുള്ള സുഹൃദ് ബന്ധങ്ങള്‍. മാധ്യമങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ തലങ്ങളിലുള്ളവരുമായി വ്യക്തിബന്ധം പുലര്‍ത്താന്‍ ഇവര്‍ക്കു സാധിക്കുന്നു. ഇതിനു പരിധി നിര്‍ണയിക്കാത്തതിനാല്‍ ദിനവും പുതിയതായി ഒരാളെയെങ്കിലും സുഹൃദ്ബന്ധങ്ങളിലേക്ക് അടുപ്പിക്കാന്‍ സൗമ്യ ശ്രമിക്കാറുമുണ്ട്.

ആധുനിക സാധ്യതകള്‍ ഉള്‍ക്കൊണ്ടുതന്നെ എല്ലാവിധ സേവനങ്ങളും ഏജന്‍സി നല്‍കിവരുന്നു. സമയത്തിനുള്ളില്‍ കൃത്യതയോടെ ജോലികള്‍ ചെയ്തുതീര്‍ക്കുന്നതിനാല്‍ കൂടുതല്‍ വിശ്വാസവും പിടിച്ചുപറ്റാന്‍ സാധിക്കുന്നുണ്ട്. എല്ലാവരോടും പുലര്‍ത്തുന്ന മറയില്ലാത്ത ബന്ധങ്ങളാണ് ഇതിനെല്ലാം അടിസ്ഥാനം.

റോബിന്‍ ജോര്‍ജ്