തരംഗമായി ഖാദി പർദ
തരംഗമായി  ഖാദി പർദ
Tuesday, January 30, 2018 3:23 PM IST
കുലീനതയുടെ പ്രതീകമായ പർദയിലും പുത്തൻ ട്രെൻഡ്. പർദയെന്നു കേൾക്കുന്പോഴേക്കും മനസിലെത്തുന്ന കറുപ്പുനിറം മാഞ്ഞുതുടങ്ങിയിരിക്കുന്നു. വർണങ്ങളുടെയും ഡിസൈനുകളുടെയും വൈവിധ്യം പർദവിപണിയിലും ദൃശ്യമാണ്. ഇക്കൂട്ടത്തിലെ പുത്തൻ കാഴ്ചയാവുകയാണ് ഖാദി പർദകൾ. ഒറ്റനോട്ടത്തിൽ പർദതന്നെയോ എന്ന സംശയം തോന്നിപ്പിക്കുന്ന ഇവയെ മൊഞ്ചത്തികൾ സ്വീകരിച്ചുകഴിഞ്ഞു. കറുപ്പിൽ നിന്നും മറ്റ് നിറങ്ങളിലേക്ക് പർദ ചുവടുമാറ്റം നടത്തിയെങ്കിലും തുണിത്തരത്തിൽ മാറ്റം സംഭവിച്ചിരുന്നില്ല. ശരീരത്തിന് ഉഷ്ണം പകരുന്ന നൈലോണ്‍, ലിനൻ, പോളിസ്റ്റർ തുണികളാണ് പർദയൊരുക്കാൻ ഉപയോഗിച്ചിരുന്നത്. ചൂടുകാലത്ത് ശരീരത്തിന് തണുപ്പും ശീതകാലത്ത് ചൂടും പ്രധാനം ചെയ്യുന്നു എന്ന പ്രത്യേകതയോടെ ഖാദിപർദകളെത്തിയപ്പോൾ ദിവസങ്ങൾക്കുള്ളിൽ അവ വിപണി കീഴടക്കി.

തുടക്കം പയ്യന്നൂരിൽ

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലാണ് ഖാദി പർദയുടെ ജ·മെന്നു പറയാം. പരീക്ഷണാടിസ്ഥാനത്തിലാണ് പുറത്തിറക്കിയതെങ്കിലും ഇവ ട്രെൻഡായി. അറേബ്യൻ സ്പർശവും കല്ലുകളുടെ അമിത തിളക്കവുമില്ലാത്ത കാഷ്വൽ പർദകളെ ആവശ്യക്കാർ അംഗീകരിക്കുകയായിരുന്നു. ഖാദിതുണിക്കിടയിലൂടെ ഒഴുക്കൻ മട്ടിലുള്ള സോഫ്റ്റ് കോണും കഴുത്തിന് താഴെയായി ഡിസൈനർ ബട്ടണുകളും പിടിപ്പിച്ചാണ് കഴിഞ്ഞ ഓണത്തിന് ആദ്യത്തെ ഖാദി പർദകൾ ഇറക്കിയത്. ഇതിന് ആവശ്യക്കാരേറെയായിരുന്നു. പയ്യന്നൂരിലെ വിജയത്തെത്തുടർന്ന് മലപ്പുറത്തും കോഴിക്കോട്ടും വിപണനം ആരംഭിച്ചു. കോഴിക്കോട് ഖാദിയിലാണ് പൂർണ്ണമായും ഖാദിതുണിത്തരം മാത്രം ഉപയോഗിച്ചുകൊണ്ടുള്ള പർദകളുടെ വിപണനം പരീക്ഷിച്ചത്. വിപണിയിലിറങ്ങി ഒരു മാസം തികയുന്നതിന് മുന്പുതന്നെ നൂറോളം പർദകളാണ് കോഴിക്കോട്ട് വിറ്റ്പോയത്.

ഡിസൈനുകൾ മൂന്ന് തരം

യുവതികളെ ആകർഷിക്കുന്നതിനായി ന്യൂജെൻ മിനിമൽ ഡിസൈനിലുള്ള ഖാദിപർദകളാണ് വിപണിയിലെത്തിച്ചത്. സെൽഫ് ഡിസൈൻഡ് കോട്ടണ്‍ കുർത്തകളിൽ കാണുന്ന ഡിസൈനുകളാണ് ഖാദിപർദകളിലും. കടും നിറങ്ങളിലുള്ളതും ലൈറ്റ് ഷേഡുകളോട് കൂടിയതും ലഭ്യമാണ്. ഇളം നിറത്തിലുള്ള പർദകൾ തേടിയാണ് ന്യൂജനറേഷൻ കൂടുതലായും എത്തുന്നത്. ചാരനിറത്തിലുള്ളവയ്ക്കും ഡിമാൻഡുണ്ട്. മധ്യവയസ്കരാണ് കടും നിറത്തിലുള്ള പർദകളുടെ ആരാധകർ. പ്രായമായവർക്ക് വേണ്ടത് കറുത്ത ഷേഡുകളിലുള്ളവയാണ്. നിലവിൽ നാലു തരം ഡിസൈനിലുള്ള ഖാദിപർദകളാണ് വിപണിയിലു ള്ളത്. ഖാദിതുണിക്ക് നടുവിലൂടെ സോഫ്റ്റ് കോണും ഡിസൈനർ ബട്ടണുകളും പിടിപ്പിച്ച ഡിസൈനർ പർദകൾ, ഖാദി കോട്ടണ്‍, മനില തുണികൾക്ക് നടുവിലൂടെ ബണുകൾ പിടിപ്പിച്ച കാഷ്വൽ പർദകൾ. 1900 രൂപയാണ് ഇവയുടെ വില. ഡിസൈനുകൾ ഇല്ലാത്ത പർദയ്ക്ക് 1800 രൂപയാണ് വില. ധരിച്ചാൽ അരയ്ക്ക് താഴേക്ക് മിഡി പോലെ തോന്നിപ്പിക്കുന്നവയാണ് ചെറുപ്പക്കാരികൾക്കിടയിൽ ഏറ്റവുമധികം പ്രചാരം നേടിയതും വിറ്റുപോയതു.


കറുപ്പ് വിടാൻ വയ്യ

പർദയിലെ പുതിയ ട്രെൻഡ് അംഗീകരിച്ചെങ്കിലും കറുപ്പ് പർദയെ പൂർണമായി കൈവിടാൻ ഉപഭോക്താക്കൾക്കു മനസില്ല. ഉഷ്ണത്തിൽ നിന്ന് രക്ഷനേടാൻ ഖാദി പർദയെത്തേടി പ്രായമായവർ ഏറെപേർ എത്തുന്നുണ്ടെങ്കിലും കറുത്തനിറത്തിലുള്ള ഖാദിതുണി കൊണ്ട് നിർമിച്ച പർദയാണ് ഇവർക്കാവശ്യം. വസ്ത്രധാരണത്തിൽ ഖാദിതുണിത്തരങ്ങൾ നൽകുന്ന സുഖ വും പ്രൗഢിയും ആഗ്രഹിക്കുന്പോഴും വർഷങ്ങളായി പിന്തുടരുന്ന ശീലത്തിൽ നിന്നും മാറാൻ കഴിയുന്നില്ല എന്നതാണ് ഇവർ പറയുന്ന കാരണം. ഇവർക്കായി കറുത്ത നൂലിഴകൾ അധികമായി വരുന്ന മനില ഖാദിതുണി ഉപയോഗിച്ച് പർദകൾ ഡിസൈൻ ചെയ്യും. ഇവയിൽ കൂടുതലായും വരുന്നത് കറുത്ത ഷേഡുള്ള പർദകളാണെങ്കിലും അവ പൂർണ്ണമായും കറുപ്പായിരിക്കില്ല. ഖാദി തുണിയിനങ്ങളിലെ മറ്റ് നിറങ്ങളും ഇതിനൊപ്പം ചേർക്കും.

സ്റ്റോണ്‍ പതിപ്പിച്ച ഖാദിപർദകൾ

ഖാദിപർദകൾക്ക് ചടുല പ്രചാരം ലഭിച്ചതോടെ ഇവയിൽ ആകർഷകവും വ്യത്യസ്തവുമായ ഡിസൈനുകൾ പരീക്ഷിക്കാനൊരുങ്ങുകയാണ് ഖാദിബോർഡ്. ഖാദി തുണിയിൽ സ്റ്റോണ്‍ (തിളങ്ങുന്ന ചെറിയ കല്ലുകൾ) പതിപ്പിച്ച പർദകളാണ് അടുത്തതായി പുറത്തിറങ്ങുക. ഖാദിബോർഡിെൻറ കീഴിൽ ഗ്രാമവ്യവസായങ്ങൾ ആരംഭിക്കുന്നതിനായി ലോണ്‍ എടുത്തിട്ടുള്ള തയ്യൽ യൂണിറ്റുകൾക്കാണ് പർദ ഡിസൈൻ ചെയ്യുന്നതിനും തയ്ക്കുന്നതിനുമുള്ള ക്വട്ടേഷൻ നൽകിയിരിക്കുന്നത്. ഖാദി കോണ്‍, മനില ഖാദി എന്നീ തുണിത്തരങ്ങൾ ഇവർക്ക് എത്തിച്ചുകൊടുക്കും. ഡിസൈൻ, കളർ കോന്പിനേഷൻ, ബട്ടണുകൾ എന്നിവയെല്ലാം ഇവരുടെ ഇഷ്ടത്തിന് അനുസരിച്ചാണ് തീരുമാനിക്കുക. ചുരിദാറുകളിലും മറ്റ് കാഷ്വൽ വസ്ത്രങ്ങളിലും കാണുന്ന ന്യൂ ജെൻ മിനിമൽ ഡിസൈനുകൾ പർദകളിലേക്ക് കൊണ്ട് വരാനാണ് ശ്രമിക്കുന്നതെന്ന് ഇവരിൽ ചിലർ പറയുന്നു. അതോടൊപ്പം ടിവി ചാനലുകളിലെ അവതാരകരും മറ്റും ധരിക്കുന്ന വസ്ത്രങ്ങളിലെ ആകർഷകങ്ങളായ ഡിസൈനുകളും ശ്രദ്ധിക്കാറുണ്ട്. ഖാദി പർദകളിലെ അടുത്തഘട്ട പരീക്ഷണമാണ് സ്റ്റോണ്‍ പതിപ്പിച്ച ഖാദിപർദകൾ. കൈയുടെ അഗ്രഭാഗത്തും ബോഡിയിലെ ഡിസൈനർ വർക്കുകളിലുമാണ് സ്റ്റോണ്‍ പിടിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. തുടക്കത്തിൽ കറുപ്പ് നിറത്തിലുള്ള കല്ലുകൾ മാത്രമാണ് ഉപയോഗിക്കുന്നത്. ഇവ വിജയം കണ്ടാൽ മറ്റു നിറങ്ങളും പരീക്ഷിക്കും.

തയ്യാറാക്കിയത്: ഷിമാരാജ്
ചിത്രങ്ങൾ രമേഷ് കോട്ടൂളി.

വിവരങ്ങൾക്കു കടപ്പാട്: ഖാദി ഷോറൂം, ചെറൂട്ടി റോഡ്,
കോഴിക്കോട്