കുറുനരിവാലൻ ഓർക്കിഡ്
കുറുനരിവാലൻ ഓർക്കിഡ്
Friday, September 8, 2017 3:00 AM IST
കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അനായാസം വളരുന്ന ഓർക്കിഡ് പുഷ്പമാണ് കുറുനരിവാലൻ എന്ന വിളിപ്പേരിലൂടെ പ്രചാരം നേടിയ റിങ്കോസ്റ്റൈലിസ്. മുഴുവൻ പേര് റിങ്കോസ്റ്റൈലിസ് റെട്ടൂസ്. ഇതിന്‍റെ പൂക്കൾ നിറഞ്ഞ പൂങ്കുല കുറുനരിയുടെ വാലുപോലെ താഴേക്ക് നീണ്ട് ഞാന്നു കിടക്കും. അങ്ങനെയാണ് റിങ്കോസ്റ്റൈലിസിന് കുറുനരിവാലൻ ഓർക്കിഡ് എന്ന് പേരുകിട്ടിയത്. നമുക്കു സുപരിചിതമായ മരവാഴ അഥവാ വാൻഡ വിഭാഗത്തിൽ പ്പെട്ട ഓർക്കിഡ് ചെടിയാണ് കുറുനരിവാലൻ. കുറച്ചുകൂടെ വ്യക്തമായി പറഞ്ഞാൽ വീതി ഇലയൻ വാൻഡയോട് വളരെ സാമ്യമുള്ള ചെടി.

താഴേക്ക് ഞാന്നുകിടക്കുന്ന പൂങ്കുലയിൽ വെളുത്ത നിറത്തിൽ പിങ്ക് പുള്ളിയുള്ള നൂറിലേറെ പൂക്കൾ കാണും. അത്രത്തോളം പൂക്കൾ തിങ്ങിഞെരുങ്ങി പുഷ്പസമൃദ്ധമാണ് ഓരോ പൂങ്കുലയും. സമുദ്രനിരപ്പിൽ നിന്ന് 1200 മീറ്റർ വരെ ഉയരത്തിലുള്ള ഇലപൊഴിയും കാടുകളിൽ ഇതു സമൃദ്ധമായി വളരുന്നു. ഇന്ത്യക്കു പുറമേ ബംഗ്ലാദേശ്, ബർമ്മ, കന്പോഡിയ, ചൈന, ഇന്തോനേഷ്യ, ലാ വോസ്, മലേഷ്യ, നേപ്പാൾ, ഫിലിപ്പീൻസ്, സിംഗപ്പൂർ, ശ്രീലങ്ക, തായ്ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിലെല്ലാം കുറുനരിവാലൻ
ഓർക്കിഡ് സർവവ്യാപിയാണ്. ഇന്ത്യയിൽ ഇതേറ്റവുമധികം വളരുന്നത് കേരളത്തിനു പുറമേ വടക്കു-കിഴക്കൻ പ്രദേശങ്ങളിലും ഒഡീഷയിലും ആന്ധ്രപ്രദേശിലുമാണ്. പൂങ്കുലയുടെ വിസ്മയകരമായ ഭംഗി കണ്ട് ഈ ഓർക്കിഡ് അതിന്‍റെ ആവാസകേന്ദ്രങ്ങളിൽ നിന്നും തന്നെ വൻതോതിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുക പതിവാണ്. അങ്ങനെ ഫോക്സ്ടെയിൽ ഓർക്കിഡ് ഇന്ന് ഒരർഥത്തിൽ വംശനാശത്തിന്‍റെ വക്കിലെത്തിനിൽക്കുന്നു എന്നു പറയാം. അതുകൊണ്ടു തന്നെ ഇവയെ സംരക്ഷിച്ചു വളർത്തേണ്ടതും അത്യാവശ്യമാണ്. അരുണാചൽ പ്രദേശിന്‍റെയും ശ്രീലങ്കയിലെ ഉവ പ്രവിശ്യയുടെയും സംസ്ഥാന പുഷ്പം എന്ന പദവിയും കുറുനരിവാലൻ ഓർക്കിഡിനുണ്ട്. ഹിന്ദിയിൽ ദ്രൗപതി മാല എന്നാണിതിനു പേര്.

കേരളത്തിലെ സവിശേഷമായ ഉഷ്ണമേഖലാകാലാവസ്ഥയിൽ മരങ്ങളിലും ശിഖരങ്ങളിലും മറ്റും പറ്റിപ്പിടിച്ച് അനായാസം വളരാനും കുറുനരിവാലൻ ഓർക്കിഡിന് കഴിയും. നേരിട്ടുള്ള സൂര്യപ്രകാശത്തോട് വലിയ താത്പര്യമില്ല. എന്നാൽ ശിഖരങ്ങളിലൂടെ അരിച്ചെത്തുന്ന സൂര്യപ്രകാശം ഇതിന് ഏറെ ഇഷ്ടമാണുതാനും. അതുപോലെ തന്നെ ഓർക്കിഡ് ചട്ടികളിലും തടിക്കൂടകളിലും ഇത് വീടുകളിൽ വളർത്തുകയും ചെയ്യാം. വാൻഡ എന്ന ഓർക്കിഡ് ചെടി വളർത്തി പരിചയമുള്ളവർക്ക് ഫോക്സ്ടെയിൽ ഓർക്കിഡ് വളർത്താൻ എളുപ്പമാണ്. ചട്ടിയിലാണ് വളർത്തുന്നതെങ്കിൽ 20 സെന്‍റീമീറ്റർ വ്യാസമുള്ള ഓർക്കിഡ് ചട്ടി ഉപയോഗിക്കണം. ഇത്തരം ചട്ടികളിൽ താഴെയും വശങ്ങളിലും സുഷിരങ്ങൾ ഉണ്ടായിരിക്കണം. നീർവാർച്ചയും ചട്ടിയിൽ ധാരാളം വായുസഞ്ചാരം ഉണ്ടാകാനും ഇതാവശ്യമാണ്. ചട്ടികൾക്കു പകരം രണ്ടു സെന്‍റീമീറ്റർ ഇടവിട്ട് പട്ടികകൾ തറച്ച പെട്ടിയായാലും മതി. ഓർക്കിഡ് വളർത്താൻ തൂക്കുചട്ടിൾ കിട്ടാനില്ലെങ്കിൽ ഇത്തരം തടിപ്പെട്ടികളും ഉപയോഗിക്കാം. ചെടി നട്ട് വരാന്തയുടെ കണ്ണികളിലോ മരക്കൊന്പുകളിലോ തൂക്കിയിട്ട് ആകർഷകമായി ക്രമീകരിക്കുകയും ചെയ്യാം.


കരിക്കട്ട, ഇഷ്ടികക്കഷണങ്ങൾ, തൊണ്ട് തുടങ്ങിയവ ചട്ടി നിറയ്ക്കാൻ ഉപയോഗിക്കാം. തൊണ്ട് ചെറുതായി മുറിച്ച് വെള്ളത്തിലിട്ട് കറകളഞ്ഞതായാൽ കൂടുതൽ നന്ന്. ചട്ടിയുടെ താഴെ ഒരു നിര ഉടഞ്ഞ ഓടിൻകഷണമോ ചട്ടിക്കഷണമോ നിരത്തണം. തുടർന്ന് തൊണ്ടിൻ നുറുങ്ങുകൾ മലർത്തി നാലുവശവും നിർത്തി കരിക്കട്ടയും ഇഷ്ടികക്കഷണവും കൊണ്ട് നിറയ്ക്കുക. എന്നിട്ട് തൈ നടുവിൽ വച്ച് അതിന്‍റെ ഒരു വശത്ത് 60 സെന്‍റീമീറ്റർ നീളമുള്ള ഒരു പട്ടികക്കഷണം നിർത്തി ചട്ടിയുടെ മുക്കാൽ പങ്കും മേൽപറഞ്ഞ ചേരുവകൾ കൊണ്ട് നിറയ്ക്കുക.

ഇലകളിലൂടെയും തണ്ടുകളിലൂടെയും വായുവിൽ വളരുന്ന വേരുകളിലൂടെയുമാണ് കുറുനരിവാലൻ പോഷകങ്ങൾ വലിച്ചെടുത്ത് വളരുന്നത്. ജൈവവളങ്ങളും രാസവളങ്ങളും ചെടിയുടെ വളർച്ചയ്ക്ക് സഹായകമാണ്. എന്നാൽ വളരെ നേർപ്പിച്ചു മാത്രമേ നൽകാവൂ എന്നുമാത്രം. ഒരു ഭാഗം ഗോമൂത്രം 17 ഭാഗം വെള്ളത്തിൽ കലർത്തി ചെടികളിൽ തളിക്കാം. പച്ചച്ചാണകവും വേപ്പിൻപിണ്ണാക്കും വെള്ളത്തിൽ കുതിർത്ത് അതിന്‍റെ തെളിയൂറ്റി തളിക്കുകയും ചെയ്യാം. പച്ചച്ചാണകം കിഴികെട്ടി വെള്ളത്തിൽ വച്ച് അതിന്‍റെ സത്തെടുത്ത് അഞ്ചിരട്ടി വെള്ളത്തിൽ നേർ പ്പിച്ചും ചിലർ തളിക്കാറുണ്ട്. രാസവളമിശ്രിതമായ 17:17:17 ഒരു ടേബിൾസ്പൂണ്‍ രണ്ടു ലിറ്റർ വെള്ളത്തിൽ കലർത്തി തെളിയെടുത്ത് രണ്ടാഴ്ചയിലൊരിക്കൽ തളിച്ചുകൊടുക്കുന്നതും നല്ലതാണ്. നനയ്ക്കുന്പോഴായാലും വളപ്രയോഗത്തിനായാലും ചെറിയ ഇടവേളകൾ നൽകുന്നത് ചെടിയുടെ ആരോഗ്യകരമായ വളർ ച്ചയ്ക്ക് ഉത്തമമാണ്. മേയ്-ജൂണ്‍ ആണ് ഇതിന്‍റെ പൂക്കാലം.

ഒരൊറ്റച്ചെടിയിൽത്തന്നെ നൂറോളം പൂക്കൾ ചേർന്ന മൂന്നു പൂങ്കുലകൾ വീതം ഉണ്ടാകാറുണ്ട്. പരന്പരാഗതമായും വളരെയധികം പ്രാധാന്യമുള്ളതാണ് കുറുനരിവാലൻ ഓർക്കിഡ്. ആസാമിൽ വനിതകൾ വിശേഷാവസരങ്ങളിൽ ഈ പൂങ്കുല മുടിയിൽ ചൂടുക പതിവാണ്. യുവാക്കൾ ഈ ഓർക്കിഡ് പുഷ്പത്തെ സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും പ്രതീകമായി കാണുന്നു. ഒൗഷധമൂല്യമുള്ള ഓർ ക്കിഡ് കൂടെയാണിത്. ചെടിയിൽ നിന്നു തയാറാക്കുന്ന കുഴന്പ് മുറിവുകളുണങ്ങാൻ ഉപയോഗിക്കുന്നു. വേരുൾപ്പെടെയുള്ള സസ്യഭാഗങ്ങൾ ആസത്മ, ക്ഷയരോഗം, ചുഴലി, വാതം, ത്വക്ക്രോഗങ്ങൾ, അതിസാരം തുടങ്ങിയ രോഗാവസ്ഥകളുടെ ചികിത്സയിൽ ഉപയോഗിക്കുന്നു.

സീമ സുരേഷ്