മഴക്കാല ഭക്ഷണം
മഴക്കാല ഭക്ഷണം
Monday, August 7, 2017 3:25 AM IST
എത്ര കണ്ടാലും എത്ര പറഞ്ഞാലും തീരാത്തതാണ് മഴയുടെ സൗന്ദര്യം; പക്ഷേ ആ സൗന്ദര്യം ആസ്വദിക്കുന്നത് ശ്രദ്ധയുള്ള ഭക്ഷണത്തോടൊപ്പം തന്നെ വേണം. മണ്‍സൂണ്‍ കാലത്തെ വൃത്തിരഹിതമായ ചുറ്റുപാട് പലതരത്തിലുള്ള കീടങ്ങളും ബാക്ടീരിയയും പെരുകുന്നതിനിടയാക്കുന്നു. ഉയർന്ന തോതിലുള്ള ഈർപ്പം ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുന്നു. ഈ സമയത്ത് തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുക. വറുത്തതും പൊരിച്ചതും ഫാസ്റ്റ് ഫുഡും കഴിവതും ഒഴിവാക്കുക. പഴവർഗങ്ങൾ ധാരാളമായി ഉപയോഗിക്കുക.

പ്രതിരോധശക്തി കൂട്ടാം

മണ്‍സൂണ്‍ കാലത്ത് പ്രതിരോധശക്തി കുറയും. ഇത് അസുഖങ്ങൾ ക്ഷണിച്ചുവരുത്തുന്നു. അതുകൊണ്ട് തന്നെ തുളസി, ജീരകം, ഉലുവ, പുതിന, മഞ്ഞൾ, ഇഞ്ചി എന്നിവ അനുദിന ആഹാരത്തിൽ ഉൾപ്പെടുത്തുക. ഇവയെല്ലാം തന്നെ ആൻറിഓക്സിഡൻറ് ആണ്. ഉപ്പിെൻറ അമിതോപയോഗം ശരീരത്തിൽ വെള്ളക്കെട്ടിന് കാരണമാകും. അതിനാൽ തന്നെ ഉപ്പിെൻറ ഉപയോഗം കഴിവതും കുറയ്ക്കുക. മത്തങ്ങ, ചുരക്ക, കാബേജ്, തക്കാളി, വെണ്ടക്ക തുടങ്ങിയ പച്ചക്കറികളാണ് മണ്‍സൂണ്‍ക്കാലത്തിന് കൂടുതൽ ഇണങ്ങുന്നത്. പച്ചക്കറികൾ ഉപയോഗിക്കുന്നതിന് മുൻപ് 20/30 മിനിറ്റ് വാളൻപുളി വെള്ളത്തിലോ, മഞ്ഞൾ വെള്ളത്തിലോ, ഉപ്പ് വെള്ളത്തിലോ ഇട്ടുവച്ചതിനുശേഷം നന്നായി കഴുകി ഉപയോഗിക്കുക. പാവയ്ക്കാ, ചുരയ്ക്ക തുടങ്ങിയ പച്ചക്കറികൾ കാത്സ്യം, മഗ്നീഷ്യം എന്നിവയാൽ സംപുഷ്ടമാണ്.

മാന്പഴം, മാതള നാരങ്ങ, ഏത്തപ്പഴം, ലിച്ചി, ചെറി, പ്ലം, പിയർ, ആപ്പിൾ എന്നീ പഴങ്ങൾ മണ്‍സൂണ്‍ കാലത്തിന് അനുയോജ്യമാണ്.

മീൻ ഉപയോഗിക്കുന്പോൾ നന്നായി കഴുകി വൃത്തിയാക്കി കറിയായിട്ട് ഉപയോഗിക്കുക. പരിപ്പ്,പറയുവർഗങ്ങൾ ഇവയും കൂടുതലായി ഉപയോഗിക്കാം. ഇവയെല്ലാം എളുപ്പം ദഹിക്കുന്നവയാണ്. അരികളിൽ ചുവന്ന അരിയാണ് കൂടുതൽ ഉത്തമം. മൈദ, റവ എന്നിവ വളരെ കുറച്ച് മാത്രം ഉപയോഗിക്കുക. പാലിനേക്കാൾ നല്ലത് കട്ടി തൈരാണ്.

സാധാരണ ചായ അല്ലെങ്കിൽ കാപ്പി എന്നതിനേക്കാൾ നല്ലത് ഗ്രീൻ ടീ, ജിഞ്ചർ ടീ, ലെമണ്‍ ടീ എന്നിവയാണ്. ഇത് പ്രതിരോധശേഷി കൂട്ടി ആരോഗ്യമുള്ളവരാകാൻ സഹായിക്കും. സാധാരണ ചായയും കാപ്പിയും നിർജ്ജലീകരണം നടന്ന് തൊലി ചുളിയുന്നതിന് കാരണമാകും.

പുഴുങ്ങിയ അല്ലെങ്കിൽ ആവികയറ്റിയ ഭക്ഷണം ഏറ്റവും ഉത്തമം. വെള്ളം ധാരാളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങൾ അകറ്റാൻ സഹായിക്കും. അലർജിയുള്ളവർ കൂടുതൽ എരിവും മസാലയുമുള്ള ഭക്ഷണം ഒഴിവാക്കണം. കാരണം ഇങ്ങനെയുള്ള ഭക്ഷണം ശരീര ഉൗഷ്മാവ് കൂട്ടും, ഇത് രക്തചക്രമണം കൂട്ടുകയും ചെയ്യും.


||

മരുന്നു കഞ്ഞി കഴിക്കാം

കർക്കടക കഞ്ഞി കേരളത്തിൽ പരന്പരാഗതമായി ഉപയോഗിച്ച് വരുന്ന വിഭവമാണ്. ഇത് മരുന്നുകഞ്ഞി എന്നും അറിയപ്പെടുന്നു. ധാരാളം ഒൗഷധങ്ങളും സുഗന്ധവ്യജ്ഞനങ്ങളും, അരി, സൂചിഗോതന്പ് എന്നിവയുടെ ശരിയായ അളവിലുള്ള മിശ്രണം വഴിയുമാണ് ഇതുണ്ടാക്കുന്നത്. ഓജസ് വീണ്ടെടുക്കാൻ ഇതു സഹായിക്കുന്നു. മഴക്കാല രോഗങ്ങൾ തടയുന്നു.

എല്ലാ പ്രായത്തിലുള്ളവരും കർക്കടമാസത്തിൽ ഇത് ഉപയോഗിക്കാം. വലിയവർക്കെന്നത് പോലെ തന്നെ എല്ലാവരിലും ഇത് രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു.

കർക്കടക കഞ്ഞി

ചേരുവകൾ
ആശാളി -ഒരു ടീസ്പൂണ്‍
ഉലുവ -ഒരു ടീസ്പൂണ്‍
ഏലയ്ക്കാ -ഒരു ടീസ്പൂണ്‍
ജീരകം -ഒരു ടീസ്പൂണ്‍
മല്ലി -ഒരു ടീസ്പൂണ്‍
പെരുംജീരകം -ഒരു ടീസ്പൂണ്‍
ചുക്ക് -ഒരു ടീസ്പൂണ്‍
കരിംജീരകം -ഒരു ടീസ്പൂണ്‍
ഗ്രാംന്പു -ഒരു ടീസ്പൂണ്‍
വറുത്ത മഞ്ഞൾ -ഒരു ടീസ്പൂണ്‍
ഉഴിഞ്ഞിൽ -ഒരു ടീസ്പൂണ്‍
കുറുന്തോട്ടി -ഒരു ടീസ്പൂണ്‍
തഴുതാമ -ഒരു ടീസ്പൂണ്‍
കരിക്കുറിഞ്ഞി -ഒരു ടീസ്പൂണ്‍
പുതിന പൗഡർ -ഒരു ടീസ്പൂണ്‍
അയമോദകം -ഒരു ടീസ്പൂണ്‍
നവര അരി -അര കപ്പ്
സൂചിഗോതന്പ് -രണ്ട് ടേബിൾ സ്പൂണ്‍
ചെന്നുപാനു -രണ്ട് ടേബിൾ സ്പൂണ്‍
തേങ്ങാപ്പാൽ -അര കപ്പ്
ഉള്ളി -രണ്ടെണ്ണം (അരിഞ്ഞത് )
വെള്ളിച്ചെണ്ണ -ഒരു ടേബിൾസ്പൂണ്‍
വെള്ളവും ഉപ്പും -പാകത്തിന്
ശർക്കര / കരിപ്പെി (പാനി) -രണ്ട് ടേബിൾ സ്പൂണ്‍.

തയാറാക്കുന്നവിധം
അരിയും മറ്റെല്ലാചേരുവകളും ചേർത്ത് വെള്ളമൊഴിച്ച് വേവിക്കുക. വെന്തശേഷം ശർക്കരപാനി ചേർക്കുക. തേങ്ങാപ്പാലും ചേർത്തിളക്കി വാങ്ങി വയ്ക്കുക. ഉള്ളി കാച്ചിയൊഴിച്ച് ഉപയോഗിക്കാം.

അനിത ജോണ്‍സണ്‍
ചീഫ് ഡയറ്റീഷൻ,
ലിസി ഹോസ്പിറ്റൽ, എറണാകുളം