നാളികേര കർഷകർ ആശങ്കയിൽ; ത്രിതല സംവിധാനം ഉൗർജിതമാക്കുക
നാളികേര കർഷകർ ആശങ്കയിൽ; ത്രിതല സംവിധാനം ഉൗർജിതമാക്കുക
Thursday, July 27, 2017 5:06 AM IST
ഒരു നാളികേരത്തിന് മുപ്പതു രൂപ കൊടുത്തു വാങ്ങുന്ന ഉപഭോക്താവ് അറിയാൻ ഒരു രഹസ്യം പറയാം. ചേർത്തല സ്വദേശിയായ ഡോ. ഹരിദാസിന് എണ്ണൂറിനടുത്ത് നാളികേരം ഓരോ വിളവെടുപ്പിനുമുണ്ടാകും. സങ്കരയിനമാകയാൽ സാമാന്യം വലിപ്പവും തൂക്കവുമുള്ള നാളികേരമാണ്. മുന്പൊക്കെ തേങ്ങയിടാൻ പ്രയാസമായിരുന്നെങ്കിൽ ഇന്നതു മാറി. പരിശീലനം നേടിയ ചങ്ങാതിമാർ വന്നു തേങ്ങയിടും. കൂലി ഇരട്ടിയാണെന്നു മാത്രം. പക്ഷേ നാളികേരം വിൽക്കാനാണു പ്രയാസം. പതിവായി വാങ്ങിയിരുന്ന കച്ചവടക്കാരെല്ലാം പിൻവാങ്ങി. എവിടെയെങ്കിലും നാളികേരം കൊണ്ടുപോയി വില്പന നടത്താൻ ഡോക്ടർക്കു സമയമില്ല. പറഞ്ഞും കേട്ടും തേങ്ങാ വാങ്ങാനെത്തുന്നവർ നല്ലതൊക്കെ തെരഞ്ഞെടുത്ത് പത്തു രൂപ വച്ച് വില നൽകും. ഉത്പാദകന് പത്തു രൂപ. ഉപഭോക്താവ് വാങ്ങുന്നത് മുപ്പത് രൂപയ്ക്ക്. എന്തൊരന്തരം !

എന്തൊരസംബന്ധം !!

ഏതൊരു കാർഷിക വിളയും വിൽക്കാൻ സാധിക്കാതെയോ ന്യായവില ലഭിക്കാതേയോ വന്നാൽ തകർച്ച നേരിടും. നാളികേരത്തിന്‍റെ കാര്യത്തിൽ ഇതു തന്നെയാണ് സംഭവിച്ചത്. അന്പതുവർഷം മുന്പ് ഒരു നാളികേരത്തിന് രണ്ടുരൂപയുണ്ടായിരുന്നു. ഇന്ന് പത്തുരൂപ കൊടുത്താൽ കാൽ കിലോഗ്രാം അരി ലഭിക്കില്ല. അക്കാലത്ത് നാളികേരം തെങ്ങിൽ കിടക്കുന്പോൾത്തന്നെ കച്ചവടക്കാരൻ പണം തരും. തേങ്ങയിട്ട് പൊതിച്ചു കഴിയുന്പോൾ അയാൾ വന്നു ബാക്കി പണം തന്നു കൊണ്ടുപോകും. വഴി നീളെയിരുന്ന് ഒറ്റത്തേങ്ങാ വാങ്ങിയിരുന്ന ചെറിയ കച്ചവടക്കാർ പോലും പാവപ്പെട്ട കർഷക കുടുംബങ്ങൾക്ക് ആശ്വാസമായിരുന്നു. നാളികേര വിപണിയിലെ ശക്തിദൗർബല്യങ്ങൾ ഗൗരവമായി കാണണം. എന്നാൽ അതിനുള്ള ഉത്തരവാദിത്വം കേരകർഷകനു മാത്രമുള്ളതല്ല. കർഷക സെമിനാറുകളിൽ കൃഷി വിദഗ്ധ·ാർ കേര കർഷകരോടു പറയാറുള്ള ഉപദേശമുണ്ട്. നിങ്ങൾക്കിപ്പോൾ ഒരു നാളികേരം വിറ്റാൽ എട്ടു രൂപയാണു ലഭിക്കുന്നതെങ്കിൽ അത് മൂല്യവർധിത ഉത്പന്നമാക്കി വിറ്റാൽ പതിനാറ്, മുപ്പത്തിരണ്ട്, അറുപത്തിനാല് എന്നിങ്ങനെ ഉയർന്ന വരുമാനം നേടാം. കൊപ്രയാക്കിയും വെളിച്ചെണ്ണയാക്കിയും മാത്രമല്ല വെർജിൻ ഓയിൽ, തേങ്ങാപ്പാൽ, തേങ്ങാപ്പൊടി, ഹെയർ ഓയിൽ, സോപ്പ് തുടങ്ങിയ നിരവധി ഉത്പന്നങ്ങളുടെ ദൃശ്യങ്ങളും പ്രദർശിപ്പിക്കുകയും ചെയ്യും. ആ കർഷകരാരും അത്തരം മൂല്യവർധിത ഉത്പന്നമുണ്ടാക്കാൻ മുന്നോട്ടുവന്നില്ല. പത്തു നാളികേരം കൂടുതലായി ഉത്പാദിപ്പിക്കുന്നതുപോലെയല്ല നാളികേരത്തിൽ നിന്നും മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കുന്നത്. നെൽകൃഷി ചെയ്യുന്ന കർഷകൻ അരിയും അവിലും അരിപ്പൊടിയും ആക്കി വില്പന നടത്തുക, വാഴകൃഷി നടത്തുന്ന കർഷകൻ പഴവും ചിപ്സും വില്പന നടത്തുക, കരിന്പു കർഷകൻ ശർക്കരയും പഞ്ചസാരയും നിർമിച്ചു വില്പന നടത്തുക തുടങ്ങിയ അധികവരുമാനമാർഗങ്ങളെക്കുറിച്ചു പ്രസംഗിക്കാൻ എളുപ്പമാണ്. പ്രവർത്തിക്കാൻ പ്രയാസവും !

കർഷകനു സാധിക്കാത്തത് കർഷക കൂട്ടായ്മകൾക്കു സാധിക്കുമെന്നു ബോധ്യപ്പെടുത്താൻ ശ്രമിച്ചത് കൃഷി ശാസ്ത്രജ്ഞന്‍റെ പദവിയിൽ അല്ലെങ്കിലും സാമൂഹ്യന·യുടെ പ്രതീകമായി മാറിയ ടി. കെ. ജോസ് എന്ന ഐഎഎസുകാരൻ നാളികേര വികസന ബോർഡിന്‍റെ സാരഥിയായി വന്നപ്പോഴാണ്. നാളികേര ഉത്പാദക സംഘങ്ങളും ഉത്പാദക ഫെഡറേഷനുകളും ഉത്പാദക കന്പനികളും രൂപംകൊണ്ടതും കാര്യക്ഷമതയോടെ പ്രവർത്തനമാരംഭിച്ചതും അദ്ദേഹത്തിന്‍റെ ദൂരക്കാഴ്ചയുടെ ഫലമാണ്. നാളികേരം സംഭരിച്ച് വിവിധ മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കി നാളികേരത്തിന് ന്യായവിലയും കന്പനിക്ക് വരുമാനവും ഒപ്പം തൊഴിൽസാധ്യതകളും ആയിരുന്നു ലക്ഷ്യം. നീരയും അവയുടെ മൂല്യവർധിത ഉത്പന്നങ്ങളുമെല്ലാം വരുമാനമാർഗമായി കണ്ടു. ആദ്യഘട്ടത്തിൽ നാളികേര ബോർഡിന്‍റെ പ്രോത്സാഹനങ്ങളും സാന്പത്തിക സഹായങ്ങളും ലഭിച്ചു. കർഷകർക്കുവേണ്ടിയാണെങ്കിലും നാളികേര കന്പനികളെല്ലാം സ്വകാര്യകന്പനികൾ എന്നനിലയിലാണ് രജിസ്റ്റർ ചെയ്തത്. സ്ഥലം, കെട്ടിടം, യന്ത്രങ്ങൾ, മറ്റ് ഉപകരണങ്ങൾ, തൊഴിലാളികൾക്കു വേതനം, സാമാന്യം നല്ല ശന്പളത്തിൽ ഉദ്യോഗസ്ഥർ, വാഹനങ്ങൾ, വൈദ്യുതി തുടങ്ങിയ ചെലവുകൾക്ക് ബാങ്കിൽ നിന്നെടുത്ത വായ്പകൾ മതിയായില്ല. വായ്പ എടുത്ത പിറ്റേ മാസം മുതൽ ഉയർന്ന നിരക്കിലുള്ള പലിശ ബാങ്കിൽ അടയ്ക്കേണ്ടിയും വന്നു. കന്പനികളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ആഭ്യന്തര വിപണിയെ മാത്രം ആശ്രയിക്കേണ്ടി വന്നു. വൻ തുക മുടക്കി പരസ്യങ്ങളും അമിതമായ കമ്മീഷൻ വ്യവസ്ഥകളും താങ്ങാൻ നാളികേര കന്പനികൾക്കായില്ല.


പ്രശ്നപരിഹാരത്തിന് കണ്‍സോർഷ്യം

നാളികേര കന്പനികൾ ഉത്പാദിപ്പിച്ച വെളിച്ചെണ്ണ, വെർജിൻ ഓയിൽ, നാളികേര ചിപ്സ്, നീര, നീരജാഗരി തുടങ്ങിയ ഇരുപതോളം ഉല്പന്നങ്ങൾ ഒരേ ബ്രാൻഡിലും ഒരേ പാക്കിംഗിലും വിപണിയിലിറക്കി വില്പന വർധിപ്പിക്കുന്നതിനാണ് നാളികേര കന്പനികളുടെ കണ്‍സോർഷ്യത്തിനു രൂപം കൊടുത്തത്. നാളികേര ബോർഡ് ചെയർമാന്‍റെ അനുഗ്രഹാശിസുകളോടെയാണ് കണ്‍സോർഷ്യം രൂപം കൊണ്ടത്. പക്ഷേ കണ്‍സോർഷ്യത്തിന് ഒന്നും ചെയ്യാൻ സാധിച്ചില്ല. വളരെ പെട്ടെന്നായിരുന്നു കേന്ദ്ര സർക്കാർ ബോർഡ് ചെയർമാൻ പദവിയിൽ നിന്നും ജോസിനെ മാറ്റിയത്. അതോടെ കണ്‍സോർഷ്യത്തിന്‍റെയും കന്പനികളുടെയും ഉത്സാഹവും നഷ്ടപ്പെട്ടു. അദ്ദേഹം പകർന്നുകൊടുത്ത ധൈര്യമായിരുന്നല്ലോ ഉത്പാദക കന്പനികളുടെ ഉൗർജം.

നാളികേര വികസന ബോർഡിന് പൂർണ ചുമതലയുള്ള ചെയർമാൻ പിന്നീടുണ്ടായിട്ടില്ല. നാളികേര കൃഷിയുടെ രക്ഷയ്ക്ക് അവസാനത്തെ മാർഗമാണ് നാളികേര കർഷക കൂട്ടായ്മയും കന്പനികളുമെന്നു വിശ്വസിച്ച് രണ്ടരലക്ഷത്തോളം കേര കർഷകരാണ് സംഘടിച്ചത്. അവർ പത്ത് തെങ്ങ് എങ്കിലും സ്വന്തമായുള്ളവരാണ്. സംഘടിച്ച് നാളികേരം ഉത്പാദിപ്പിക്കാനും മൂല്യവർധിത ഉത്പന്നങ്ങളിലൂടെ നാളികേരത്തിനു നല്ല വില നേടാനും നിർദ്ദേശിക്കുന്ന മാർഗ രേഖയാണ് നാളികേര വികസന ബോർഡ് നൽകിയിട്ടുള്ളത്. ആ മാർഗരേഖ അനുസരിച്ച് രൂപം കൊടുക്കുകയും സംസ്ഥാന സർക്കാർ രജിസ്ട്രേഷനും നാളികേര ബോർഡ് രജിസ്ട്രേഷനും നേടി വ്യവസ്ഥാപിതമാർഗങ്ങളിലൂടെ പ്രവർത്തിക്കുകയും ചെയ്യുന്ന സംഘങ്ങളും അവയുടെ ഫെഡറേഷനുകളും കന്പനികളും കണ്‍സോർഷ്യവും ഒന്നും ഇനി വേണ്ടെന്നാണോ നാളികേര ബോർഡ് പറയുന്നത്. അതോ പൂർണ ചുമതലയുള്ള പുതിയ ചെയർമാൻ വരട്ടെ എല്ലാം ശരിയാക്കിത്തരാമെന്നാണോ? എന്തായാലും കേരളത്തിലെ കേരകർഷകർ ആശങ്കയിലാണ്.

നാളികേര വികസന ബോർഡിനു കീഴിൽ സ്ഥാപിതമായ സൊസൈറ്റി, ഫെഡറേഷൻ, കന്പനി സംവിധാനങ്ങൾ ഉൗർജിതമാക്കുകയാണ് കേരളത്തിലെ നാളികേരോത്പാദനം വർധിപ്പിക്കാനുള്ള എളുപ്പവഴി. രണ്ടര ലക്ഷത്തിലധികം കർഷകർ ഈ സംവിധാനത്തിൽ സംഘടിതരാണ്. കേരകർഷകർക്ക് പുത്തനുണർവു നൽകിയ നീരയുടെ സാധ്യതകൾ ഇനിയും അസ്തമിച്ചിട്ടില്ലെന്ന ബോധ്യം കർഷകരിൽ വീണ്ടുമുണ്ടാക്കിയാലേ ത്രിതല സംവിധാനം ഉയർത്തെഴുന്നേൽക്കൂ. ഈ സംവിധാനം പ്രവർത്തന സജ്ജമാക്കാൻ വേണ്ട സാന്പത്തിക കൈത്താങ്ങ് സർക്കാരുകൾ നൽകുകയും വേണം. സ്വയം പര്യാപ്തമാകുന്നതുവരെ ഈ രീതിയിലുള്ള ശ്രദ്ധയുണ്ടായാലേ കേരളത്തിനെ തീറ്റിപ്പോറ്റാൻ കേരത്തിനു കഴിയൂ.

ടി. എസ്. വിശ്വൻ
(കരപ്പുറം നാളികേര ഉത്പാദക കന്പനി ഡയറക്ടറും ഇന്ത്യയിലെ മികച്ച നാളികേര വികസന പ്രവർത്തകനുള്ള ദേശീയ അവാ ർഡു ജേതാവും മുൻ കൃഷി ഓഫീസറുമാണ് ലേഖകൻ. ഫോണ്‍: ടി. എസ്. വിശ്വൻ - 9496884318)