കൗമാരക്കാരോട് സ്നേഹപൂർവം പെരുമാറാം
കൗമാരക്കാരോട് സ്നേഹപൂർവം പെരുമാറാം
Saturday, January 14, 2017 4:26 AM IST
മിക്ക മാതാപിതാക്കൾക്കും തങ്ങളുടെ മക്കളോട് അവരുടെ ബാല്യത്തിൽ നല്ല ബന്ധമാണ് ഉള്ളത്. എന്നാൽ അവരുടെ കൗമാരത്തെ ഉത്ക്കണ്ഠയോടും ഭയത്തോടും കൂടിയാണ് അതേ മാതാപിതാക്കൾ തന്നെ വീക്ഷിക്കുന്നത്! നല്ല ബന്ധം തുടർന്നു കൊണ്ടുപോകുവാൻ ആഗ്രഹമുണ്ടെങ്കിലും കൗമാരക്കാരോട് എങ്ങനെ പെരുമാറണം എന്ന സംശയങ്ങൾ പലപ്പോഴും അവരെ പുറകോട്ടു വലിക്കുന്നു. ഇതു സൃഷ്‌ടിക്കുന്ന പെരുമാറ്റ വ്യതിയാനങ്ങൾ –ചിലപ്പോൾ അമിത സ്നേഹം, ചിലപ്പോൾ അമിത കുറ്റപ്പെടുത്തൽ– കൗമാരക്കാരെ കൂടുതൽ അകറ്റുന്നു.

കൗമാരമെന്നത് മാതാപിതാക്കളെക്കാളും പ്രശ്നങ്ങൾ സൃഷ്‌ടിക്കുന്നത് ആ പ്രായത്തിലൂടെ കടന്നുപോകുന്ന കുട്ടികൾക്കാണെന്ന് നാം മനസിലാക്കണം. തീവ്രവേഗത്തിലുള്ള ശാരീരികവും മാനസികവുമായ വളർച്ചയുടെ കാലഘട്ടമാണ് കൗമാരം. ലോകവും ലോകവീക്ഷണവും അടിമുടി മാറിമറിയുന്ന ഒരു സമയമാണത്: പുതിയ ബന്ധങ്ങളുടെയും അനുഭവങ്ങളുടെയും വെളിപാടുകളുടെ–യും കാലമാണത്. ഈ മാറ്റങ്ങളുടെ സമയത്ത് അവർക്ക് ബലമായി നില്ക്കുന്നത് മുതിർന്നവരോട് പ്രത്യേകിച്ചും മാതാപിതാക്കളോടുള്ള ദൃഢബന്ധങ്ങളാണ്. ആ ബന്ധങ്ങളുടെ അടിസ്‌ഥാനമാണ് അവരെ മനസിലാക്കിക്കൊണ്ടുള്ള മുതിർന്നവരുടെ സ്നേഹപൂർവമായ പെരുമാറ്റം.

ചില പ്രാഥമിക തത്വങ്ങൾ സ്വന്തം പെരുമാറ്റം ശ്രദ്ധിക്കുക

മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ല എന്ന പഴമൊഴി എപ്പോഴും ഓർത്തിരിക്കേണ്ടതാണ്. കൗമാരക്കാർ ഏറ്റവുമധികം ശ്രദ്ധിക്കുകയും അനുകരിക്കുകയും ചെയ്യുന്നത് അവരുടെ മാതാപിതാക്കളെയാണ്. അവർ സ്നേഹപൂർവം പെരുമാറണമെങ്കിൽ നിങ്ങൾ എല്ലാവരോടും സ്നേഹപൂർവം പെരുമാറുക. അവർ നിങ്ങളെ ബഹുമാനിക്കണമെങ്കിൽ നിങ്ങൾ എല്ലാവരോടും ബഹുമാനം കാണിക്കുക.

സ്നേഹപൂർവമെന്നതിന്റെ അർഥവ്യാപ്തി അറിയുക

കൗമാരക്കാർക്ക് ഇഷ്‌ടമുള്ളത് മാത്രം ചെയ്യുന്നതല്ല സ്നേഹം . നിങ്ങൾക്ക് ചെയ്യാൻ ആഗ്രഹമുള്ളതു മാത്രം ചെയ്യുന്നതുമല്ല സ്നേഹം. അവർക്ക് ആവശ്യമുള്ളതും നന്മ വരുത്തുന്നതുമായ കാര്യങ്ങൾ ചെയ്യുന്നതാണ് യഥാർഥ സ്നേഹപൂർവമായ പെരുമാറ്റം.

നിരന്തരമായ കുറ്റപ്പെടുത്തലുകൾ വേണ്ട

പല മാതാപിതാക്കളും മക്കളെക്കുറിച്ചു പ്രത്യേകിച്ചു കൗമാരപ്രായക്കാരെ കുറിച്ചു മോശം പ്രതീക്ഷകൾ പുലർത്തുകയും അവ മറ്റുള്ളവരുടെ മുന്നിൽ പറയുകയോ പ്രദർശിപ്പിക്കുകയോ ചെയ്യാറുമുണ്ട്. ഇത് അവരുടെ ആത്മവീര്യം കെടുത്തുകയും അവരുടെ പ്രവർത്തികളെ ബാധിക്കുകയും ചെയ്യും. അങ്ങനെ അവ സ്വയം പൂർത്തിയാക്കുന്ന പ്രവചനങ്ങളായി മാറുന്നു.

അമിത നിയന്ത്രണം വേണ്ട

അവരുടെ വസ്ത്രങ്ങളുടെ നിറം, പഠിക്കുന്ന രീതി തുടങ്ങി ചെറിയ വിശദാംശങ്ങൾ വരെ നിയന്ത്രിക്കാൻ ശ്രമിക്കരുത്. ഇത്ര മണിക്കൂർ പഠിക്കണം, ഹോം വർക്ക് തീർക്കണം തുടങ്ങിയ പൊതുവായ നിർദ്ദേശങ്ങളിൽ നിർത്തുക. ആ നിർദ്ദേശങ്ങൾ എങ്ങനെ പ്രാവർത്തികമാക്കണം എന്നത് കൗമാരക്കാരന് വിട്ടുകൊടുക്കുക.

വസ്ത്രങ്ങളാണ് മറ്റൊരു പ്രശ്നമേഖല. സഭ്യമായ വസ്ത്രധാരണത്തിന്റെ അതിർവരമ്പുകൾ അവർക്ക് മനസിലാക്കി കൊടുക്കുക. അതിനുള്ളിൽ നിന്നു കൊണ്ട് എന്തു ധരിക്കണം, എങ്ങനെ ധരിക്കണം എന്ന വസ്തുതകളിൽ ഇടപെടാതിരിക്കുക.

വലിയ പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കരുത്

വഴക്കുണ്ടായേക്കും എന്ന ഭീതി കൊണ്ടോ ശരിയായേക്കും എന്ന മിഥ്യാവിശ്വാസം കൊണ്ടോ വലിയ പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കരുത്. മദ്യപാനം, കഞ്ചാവിന്റെ ഉപയോഗം, ലൈസൻസ് ഇല്ലാതെയുള്ള ഡ്രൈവിംഗ് മുതലായവ വൻ വിപത്തുകളിലേക്ക് നയിക്കാം. അതിനാൽ അവയെ ശക്‌തമായി എത്രയും വേഗം തന്നെ നേരിടണം. മക്കൾ കേൾക്കുന്നില്ല എന്നു തോന്നിയാലും ശിക്ഷണ നടപടികൾ ( ശാരീരിക പീഡനമല്ല) വേണ്ടി വന്നാലും യാതൊരു കാരണവശാലും അവ തുടർന്നു കൊണ്ടുപോകുന്ന ഒരു സ്‌ഥിതിവിശേഷം ഉണ്ടാകാൻ സമ്മതിക്കരുത്.

പുസ്തക ജ്‌ഞാനം അന്ധമായി അനുകരിക്കരുത്

കൗമാരക്കാരോട് എങ്ങനെ പെരുമാറണം എന്ന വിഷയത്തിൽ വളരെയധികം ജ്‌ഞാനം ഇന്നു പുസ്തകങ്ങളിൽ നിന്നും മറ്റും ലഭ്യമാണ്. ഈ ലേഖനം തന്നെ അതിന് ഒരു ഉത്തമ ഉദാഹരണമാണ്. ഈ ലേഖനങ്ങളെല്ലാം തന്നെ ചില പൊതു തത്വങ്ങൾ പ്രസ്താവിക്കുകയാണ് ചെയ്യുന്നത്.– നിങ്ങളുടെ മക്കൾ വ്യക്‌തികളാണ്, വ്യക്‌തിഗതമായ വ്യത്യാസങ്ങൾ ഉണ്ടാകും. അതിനാൽ ആ തത്വങ്ങൾ അതേപടി ഉപയോഗിക്കുവാൻ ശ്രമിക്കരുത്.

പ്രതീക്ഷകൾ ന്യായമായിരിക്കുക

കൗമാരക്കാരെക്കുറിച്ചു മാത്രമല്ല ജീവിതത്തിലെ നമ്മുടെ ഓരോ സ്നേഹ ബന്ധത്തിലും ശ്രദ്ധിക്കേണ്ട ഒരു തത്വമാണിത്. നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ഉപകരണങ്ങളല്ല നമ്മുടെ മക്കൾ. നമ്മൾക്കു കഴിയാതിരുന്ന കാര്യങ്ങൾ അവർ ചെയ്യണം എന്നു വാശി പിടിക്കയുമരുത്. മിതമായ അഭിലാഷങ്ങളും പ്രതീക്ഷകളും സ്നേഹപൂർവമായ പെരുമാറ്റമാണ്. പക്ഷേ യാതൊരു പ്രതീക്ഷകളും വയ്ക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ അപരാധം.

സ്നേഹം

സ്നേഹം ഉണ്ടായാൽ മാത്രം പോരാ അവ പ്രവർത്തികളിലും വാക്കുകളിലും പ്രതിഫലിക്കുകയും വേണം. കൗമാരക്കാരുമായി ഒരു തന്മയീഭാവം ഉണ്ടാക്കിയെടുക്കുവാൻ ശ്രദ്ധിക്കുക. നിങ്ങളുടെ കൗമാരപ്രായം ഓർക്കുക. അന്നത്തെ വിഷമങ്ങളെ പത്തു കൊണ്ട് ഗുണിക്കുക. അതാണ് നിങ്ങളുടെ മക്കൾ അനുഭവിക്കുന്ന വിഷമങ്ങൾ. നിങ്ങൾക്ക് പട്ടിണിയായിരുന്നു പ്രശ്നം, നിങ്ങളുടെ മക്കൾക്ക് പട്ടിണിയില്ല എന്നതുകൊണ്ട് അവർക്ക് യാതൊരു പ്രശ്നവുമില്ലെന്ന് ഒരിക്കലും ചിന്തിക്കരുത്. ജീവിതത്തിന്റെ ഈ പ്രധാന ഘട്ടത്തിൽ അവർ അവരെ മനസിലാക്കുന്നവരെ തേടുകയാണ്. അവരെ ഏറ്റവും ഗ്രഹിക്കേണ്ടതും അതനുസരിച്ച് പ്രവർത്തിക്കാൻ ശ്രമിക്കേണ്ടതും നിങ്ങളാണ്.

കൗമാരക്കാരോടു സുഹൃത്തുക്കളെപ്പോലെ പെരുമാറാതിരിക്കുന്നതാണ് നല്ലത്. സുഹൃത്തിന്റെ സ്നേഹം നല്കാൻ അവർക്ക് വളരെയധികം കൂട്ടുകാരുണ്ട്. പക്ഷേ മാതാപിതാക്കളുടെ സ്നേഹം നല്കാൻ അവർക്ക് നിങ്ങൾ മാത്രമേയുള്ളൂ. സമത്വാധിഷ്ഠിതമായ സൗഹൃദം മാതാപിതാക്കളുടെ അധികാരത്തെ ദുർബലപ്പെടുത്തുന്നു. ഭാവിയിൽ പ്രവൃത്തനാതിർത്തികൾ അല്ലെങ്കിൽ നിലവാരങ്ങൾ നിർബന്ധപൂർവം നടപ്പിലാക്കേണ്ട ഒരു അവസരമുണ്ടാകുമ്പോൾ ബന്ധങ്ങൾക്ക് അനാവശ്യമായ തകർച്ചകൾ സംഭവിച്ചേക്കാം. മാത്രമല്ല മിക്ക പഠനങ്ങളും കാണിക്കുന്നത് കൗമാരക്കാർ മുതിർന്നവരുടെ എല്ലാ ആശയ വിനിമയങ്ങളുടെയും ഭാരം പേറാൻ കഴിവില്ലാത്തവരാണെന്നാണ്. ഉദാഹരണത്തിനു മാതാപിതാക്കളുടെ ഇടയിലുള്ള വഴക്കുകളും തെറ്റിദ്ധാരണകളും കൗമാരക്കാരോടു തുറന്നു സംസാരിക്കാവുന്ന വിഷയങ്ങൾ അല്ല. അതോടൊപ്പം മാതാപിതാക്കളും കൗമാരക്കാരുമായുള്ള അതിരു കടന്ന ‘സൗഹൃദം’അവരുടെ പ്രായക്കാരുമായി ചിലവഴിക്കുള്ള സമയം കുറയ്ക്കുന്നു. ഈ തരം സൗഹൃദം സ്‌ഥാപിക്കുന്ന മാതാപിതാക്കൾ അനാവശ്യ കുറ്റബോധങ്ങൾ കൗമാരക്കാരിൽ ഉണ്ടാക്കുന്നു.


ആശയ വിനിമയം

ഏതൊരു ബന്ധത്തെയും വളർത്താനുള്ള ഒരു അവശ്യ ഘടകമാണ് ശരിയായ ആശയവിനിമയം. സ്നേഹപൂർവമായ പെരുമാറ്റത്തിൽ നമ്മുടെ ആശയങ്ങൾ, അവ നമ്മുടെ വാത്സല്യത്തെക്കുറിച്ചായാലും മോഹങ്ങളെക്കുറിച്ചായാലും മോഹഭംഗങ്ങളെക്കുറിച്ചായാലും വളരെ വ്യക്‌തമായും സത്യസന്ധമായും കൗമാര പ്രായക്കാരെ അറിയിച്ചിരിക്കണം. അവരോടു സംസാരിക്കുമ്പോൾ കുട്ടികളോട് സംസാരിക്കുന്നതു പോലെയാകരുത്. എന്നാൽ അവർ മുതിർന്നവരെ പോലെ മനസിലാക്കും എന്നു ചിന്തിക്കരുത്.–അവർ തിരിച്ചു വീട്ടിൽ വരുമ്പോൾ നിങ്ങൾ ചെയ്യുന്നത് എന്താണെങ്കിലും അതു അല്പസമയത്തേക്കെങ്കിലും നിർത്തിവച്ച് നിങ്ങളുടെ മുഴുവൻ ശ്രദ്ധയും അവർക്കു നല്കുക. സംസാരിക്കുമ്പോൾ അവരുടെ കണ്ണുകളിൽ നോക്കുക (ഭയപ്പെടുത്തുന്ന രീതിയിലുള്ള തുറിച്ചുനോട്ടമാകരുത്). അവരിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു നിർത്തുവാൻ പരിശീലിക്കുക. അവർ പറയുന്നത് ഏകാഗ്രതയോടു കൂടി ശ്രവിക്കുക. ഇടയ്ക്കു കയറി പറയാതിരിക്കുക. മുഴുവൻ കേട്ടതിനു ശേഷം പ്രതികരിക്കുക. മിക്കവാറും സമയങ്ങളിൽ അവർക്കു വേണ്ടത് ശ്രദ്ധയോടെ അവരെ കേൾക്കുന്ന ഒരു ശ്രോതാവിനെയാണ്. മിക്കപ്പോഴും അവരുടെ പ്രശ്നങ്ങൾ അവർ തന്നെ കൈകാര്യം ചെയ്തുകൊള്ളും. അവരെ ശ്രവിച്ചു അവരോടു തന്മയത്വം കാണിക്കുന്ന ഒരാളെയാണ് അവർക്കു ആവശ്യം. ഒരേ ഉപദേശങ്ങൾ തന്നെ വിരസമായ രീതിയിൽ ആവർത്തിക്കാതിരിക്കുക. അങ്ങനെ ചെയ്യുമ്പോഴാണ് അവർ നിങ്ങളോട് പ്രശ്നങ്ങളും ആശയങ്ങളും സംവേദിക്കാതിരിക്കുന്നത്, അവരെ മനസിലാക്കുന്നു എന്ന തെറ്റിദ്ധാരണയിൽ സുഹൃത്തുക്കളോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നത്.

ബഹുമാനിക്കുക ബഹുമാനം പഠിപ്പിക്കുക

കൗമാര പ്രായക്കാരെ ബഹുമാനം പഠിപ്പിക്കാനുള്ള ആദ്യത്തെ നടപടി അവരെ ബഹുമാനിക്കുക എന്നതാണ്. മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്നു പഠിക്കുന്ന പ്രായമാണ് കൗമാരം. അവരെ ബഹുമാനിക്കുമ്പോൾ, തന്നെ കുറിച്ച് നല്ലതുതോന്നുമ്പോൾ അവർ മറ്റുള്ളവരെയും ബഹുമാനത്തോടും സ്നേഹത്തോടും കൂടി കാണുവാൻ ശ്രമിക്കും. തന്നെത്താൻ ആദരിക്കാത്ത ഒരു കൗമാരക്കാരനു സ്വന്തം വിലയോ മറ്റുള്ളവരുടെ നിലയോ മനസിലാക്കുവാൻ കഴിവില്ലാതെ പോകന്നു. ഇവരാണ് ഭാവിയിൽ മദ്യപാനികളും ദുർമാർഗികളും സാമൂഹ്യ വിരുദ്ധരുമായി തീരുന്നത്. മാതാപിതാക്കളുടെ ഓരോ പെരുമാറ്റവും കൗമാരക്കാരിൽ ആത്മവിശ്വാസവും ആത്മധൈര്യവും വളർത്തുന്നവ ആയിരിക്കണം. കൗമാരക്കാരെ ബഹുമാനം പഠിപ്പിക്കുമ്പോൾ അവരുടെ മുകളിൽ നമുക്കുള്ള അധികാരം സംരക്ഷിക്കുകയാണ് ചെയ്യുന്നത്. അതിനർഥം നമ്മുടെ വിശ്വാസങ്ങളിലും മൂല്യങ്ങളിലും അടിയുറച്ച്, അവയെ മാറ്റുവാൻ ശ്രമിക്കുന്ന പുത്തൻ സമൂഹചിന്തകളിൽ മാറാതെ സ്‌ഥിരമായി നിന്നുകൊണ്ട് ഒരു മാതൃകയാകണം എന്നാണ്. അതിനൊപ്പം തന്നെ കാലഘട്ടത്തിനനുസരിച്ചു വേണ്ട മാറ്റങ്ങൾ ഉൾക്കൊണ്ട് അവരോടുള്ള പെരുമാറ്റത്തിൽ ആവശ്യമായ പരിവർത്തനങ്ങൾ ചെയ്യുമ്പോൾ ബന്ധങ്ങൾ ദൃഢമാകുകയും പരസ്പര ബഹുമാനം വർധിക്കുകയും ചെയ്യും. അനാവശ്യമായ കലഹങ്ങൾ സ്നേഹപൂർണമല്ലാത്ത പരസ്പര ആദരവില്ലാത്ത ഒരു ബന്ധത്തിന്റെ ലക്ഷണമാണ്.

അച്ചടക്ക പരിശീലനം

കൗമാരക്കാരോടുള്ള സ്നേഹത്തിന്റെ ഒരു പ്രതിഫലനമാണ് അവരുടെ അച്ചടക്ക പരിശീലനം. അച്ചടക്ക പരിശീലനം എന്നു പറയുന്നത് കൗമാരക്കാരുടെ പ്രവൃത്തികൾക്ക് അതിർത്തികൾ നിശ്ചയിക്കുകയും അവ ദൃഢമായും നിരന്തരമായും സ്നേഹത്തോടു കൂടി നടപ്പിലാക്കുകയും ചെയ്യുന്ന നടപടിയെയാണ്. നിയമങ്ങളെക്കുറിച്ചും ശരിയായ പ്രവൃത്തികളെക്കുറിച്ചും അറിയാത്ത കൗമാരക്കാരാണ് എളുപ്പത്തിൽ വൻ പ്രശ്നങ്ങളിൽ ചെന്നു ചാടുന്നത്. അച്ചടക്കം അധികാരിയെയും അധികാരങ്ങളെയും തിരിച്ചറിയുവാൻ സഹായിക്കുന്നു. കൗമാര പ്രായത്തിൽ അതിർത്തി ലംഘനങ്ങൾ സാധാരണയാണ്. ചെറിയ ലംഘനങ്ങളെ ഗൗരവത്തോടു കൂടി കാണാതിരിക്കുക. എപ്പോഴും കലഹിക്കാതിരിക്കുക. ശിക്ഷിക്കുമ്പോഴും അപമാനിക്കാതിരിക്കുക. ശാരീരികമായ ശിക്ഷകൾ യാതൊരു കാരണവശാലും നടത്തരുത്. എല്ലായ്പോഴും കൗമാരക്കാരെ ഉച്ചത്തിൽ ശാസിക്കുകയോ അവരുടെ മേൽ ആക്രോശിക്കുകയോ ചെയ്യാതിരിക്കുക. അത് അവരുടെ വികാരങ്ങളെ അനാവശ്യമായി മുറിപ്പെടുത്തുകയും സുരക്ഷാ ബോധത്തെ നശിപ്പിക്കുകയും ചെയ്യുമെന്നു മാത്രമല്ല കൗമാര പ്രക്ഷോഭത്തിനു കാരണമാകുകയും ചെയ്യും.

പ്രവർത്തന അതിർവരമ്പുകൾ നിശ്ചയിക്കുമ്പോൾ കൗമാരക്കാരന്റെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുക്കണം. പ്രധാന നിയമങ്ങൾക്കുള്ളിൽ അവർക്കു വിവേചനാധികാരം നല്കണം. അത് അവർക്ക് ഒരു നിയന്ത്രണാനുഭവം നല്കും. ഇരുട്ടാകുന്നതിനു മുമ്പ് വീട്ടിൽ എത്തിയിരിക്കണം എന്ന് അനുശാസിക്കുമ്പോൾ അഞ്ചരയ്ക്ക് വരണമോ അതോ ആറരയ്ക്ക് വേണമോ എന്നത് അവർക്ക് വിട്ടു കൊടുക്കുക. ഹോംവർക്ക് തീർത്തിരിക്കണം എന്ന നിയമം വെക്കുമ്പോൾ അത് കളിക്കുന്നതിനു മുമ്പ് വേണമോ അതിനുശേഷം വേണമോ എന്നത് കൗമാരക്കാരൻ തീരുമാനിക്കട്ടെ.അച്ചടക്ക ലംഘനത്തിന്റെ പ്രത്യഘാതങ്ങൾ നേരത്തെ തന്നെ അറിയിച്ചിരിക്കുന്നതാണ് എപ്പോഴും നല്ലത്.

ശിക്ഷയിലും ശ്രദ്ധിക്കണം

ലംഘനങ്ങളുടെ ഗൗരവം അനുസരിച്ചു വേണം ശിക്ഷ. ലംഘനങ്ങൾ കുറയ്ക്കാൻ സഹായിരുന്നവയായിരിക്കണം അതിനുള്ള ശിക്ഷകൾ. ഉദാഹരത്തിനു കളിക്കു ശേഷം താമസിച്ചു വീട്ടിൽ വന്ന കൗമാരക്കാരന് ഒരാഴ്ച വൈകുന്നേരങ്ങളിൽ പുറത്തു പോകാനുള്ള അവകാശം നല്കാതിരിക്കുന്നതാകും ഫലവത്തായ ശിക്ഷ. ലംഘനങ്ങൾ നടന്നാൽ മുൻ പറഞ്ഞ ശിക്ഷ നടപ്പിലാക്കണം. ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്ന രീതിയിലായിരിക്കരുത് ശിക്ഷ. പരസ്യമായി ശിക്ഷിക്കരുത്. സുഹൃത്തുകളുടെ മുമ്പിൽ വച്ചു ശാസിക്കുകയോ ശിക്ഷിക്കുകയോ ചെയ്യരുത്. ശിക്ഷിക്കുമ്പോഴും കൗമാരക്കാരനോടുള്ള തന്റെ സ്നേഹം പ്രദർശിപ്പിക്കുവാൻ മറക്കരുത്. പ്രതിയെയല്ല കുറ്റത്തെയാണ് വെറുക്കുന്നത് എന്നു കൗമാരക്കാരനു ബോധ്യമായിരിക്കണം.

പ്രശ്നങ്ങളില്ലാത്ത, പ്രശ്നങ്ങൾ ഉണ്ടാക്കാത്ത കൗമാരക്കാരില്ല. സ്നേഹപൂർവമായ പെരുമാറ്റങ്ങൾ വഴി മാതാപിതാക്കൾ മക്കളുടെ ഉത്തമ താല്പര്യങ്ങളാണ് സംരക്ഷിക്കുന്നത്. തെറ്റായ ആവശ്യങ്ങൾക്ക് ‘ഇല്ല’ എന്നു പറഞ്ഞു കൊണ്ട് സ്നേഹപൂർവം കൗമാരപ്രവൃത്തികൾക്കു സീമകൾ നിശ്ചയിക്കുന്ന പിതാവ് കൗമാരക്കാരായ മക്കളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.– ആ പെരുമാറ്റങ്ങൾ ഇന്ന്, ഇപ്പോൾ എന്ന തുച്ഛ ചിന്ത മാറ്റി ഭാവിയിൽ അധിഷ്ഠിതമായ കൃത്യമായ ലക്ഷ്യബോധം വളർത്തുന്നു. സ്നേഹപൂർവമായ പെരുമാറ്റങ്ങളാണ് കൗമാരക്കാരുമായുള്ള വിശ്വാസാധിഷ്ഠിതമായ പരസ്പര ബഹുമാനമുള്ള ദൃഢമായ ബന്ധങ്ങളുടെ ആണിക്കല്ല്.

ഡോ. ടി ആർ ജോൺ
കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, ആസ്റ്റർ മെഡിസിറ്റി, എറണാകുളം