ഫാസ്ടാഗ് ഇനി നിര്‍ബന്ധം, ഇല്ലെങ്കില്‍ ഇരട്ടി ടോള്‍; നിയമങ്ങള്‍ ഇങ്ങനെ
ഫാസ്ടാഗ് ഇനി നിര്‍ബന്ധം, ഇല്ലെങ്കില്‍ ഇരട്ടി ടോള്‍; നിയമങ്ങള്‍ ഇങ്ങനെ
Monday, February 15, 2021 5:17 PM IST
ഏറെ തവണ മാറ്റിവെച്ച ഫാസ്ടാഗ് ഫെബ്രുവരി 15 മുതല്‍ നിര്‍ബന്ധമാക്കി കേന്ദ്ര പൊതുഗതാഗത മന്ത്രാലയം ഉത്തരവിറക്കി. ഇതോടെ ഫാസ്ടാഗ് ഇല്ലാത്തവര്‍ക്ക് ദേശീയ പാതകളിലെ ടോള്‍ ഗേറ്റുകളില്‍ ഇരട്ടിയോളം തുക ടോള്‍ നല്‍കേണ്ടി വരും.

ഫെബ്രുവരി 15-16 അര്‍ധരാത്രിയോടെയാണ് നിയമം നിലവില്‍ വരുക. ഫാസ്ടാഗ് എടുക്കുന്നതിനുള്ള സമയം ഇനിയും നീട്ടി നല്‍കാനാവില്ലെന്നും എല്ലാ കാര്‍ ഉടമകളും ഫാസ്ടാഗ് എടുക്കണമെന്നും മന്ത്രാലയം അറിയിച്ചു.

ദേശീയ പാതകളിലെ ടോള്‍ പിരിക്കുന്നതിന് 2014ല്‍ ദേശീയ പാത വകുപ്പ് (എന്‍എച്ച്എഐ) ആരംഭിച്ച ഓണ്‍ലൈന്‍ പെയ്‌മെന്റ് സിസ്റ്റമാണ് ഫാസ്ടാഗ്. എന്നാല്‍ ഇത് ഓപ്ഷണല്‍ മാത്രമായിരുന്നു ഇതുവരെ.

ടോള്‍പ്ലാസകളില്‍ ടാഗ് ഉപയോക്താക്കള്‍ക്കായി പ്രത്യേക ലെയിനും ക്രമീകരിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതു പോലെ അത്ര മികച്ചതായിരുന്നില്ല ഈ നീക്കം.

എന്താണ് ഫാസ്ടാഗ്?

ടോള്‍ ഗേറ്റുകളില്‍ എളുപ്പത്തില്‍ ടോള്‍ അടയ്ക്കാനുള്ള ഓണ്‍ലൈന്‍ പെയ്‌മെന്റ് സിസ്റ്റമാണ് ഫാസ്ടാഗ്. വാഹനത്തില്‍ പതിക്കുന്ന റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സ്റ്റിക്കര്‍ ആയ ഫാസ്ടാഗ് ടോള്‍ഗേറ്റിലെ തിരക്കു കുറയ്ക്കാനും കാത്തുനില്‍പ് സമയം രക്ഷിക്കാനും സഹായകമാണ്.

ബാങ്കില്‍ നിന്നോ പെയ്ടിഎം പോലുള്ള പെയ്‌മെന്റ് സര്‍വീസുകളില്‍ നിന്നോ ഫാസ്ടാഗ് സ്വന്തമാക്കാം.

പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ?

ബാങ്കില്‍ നിന്നോ പേയ്‌മെന്റ് സ്ഥാപനത്തില്‍ നിന്നോ ലഭിക്കുന്ന ഫാസ്ടാഗ് വാഹനത്തിന്റെ വിന്‍ഡ്‌സ്‌ക്രീനില്‍ ഒട്ടിക്കണം. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷനിലൂടെ ടോള്‍ ബൂത്തിലെ സെന്‍സറിന് ഈ ടാഗ് വായിക്കാനാകും.

ടോള്‍ പ്ലാസയില്‍ നിശ്ചയിച്ചിരിക്കുന്ന തുക ഇവിടെ കളക്ട് ചെയ്യും. മൊബൈല്‍, ഡിറ്റിഎച്ച് സേവനങ്ങള്‍ റീചാര്‍ജു ചെയ്യുന്നതു പോലെ തന്നെ ഫാസ്ടാഗും റീചാര്‍ജു ചെയ്യേണ്ടതുണ്ട്. കൂടുതല്‍ ടോള്‍ ഗേറ്റുകളിലൂടെ യാത്ര ചെയ്യുന്നവര്‍ അതിന് അനുസൃതമായി റീചാര്‍ജു ചെയ്യണം.

അപേക്ഷിക്കുന്നതെങ്ങനെ?

എസ്ബിഐ, ആക്‌സിസ്, എച്ച്ഡിഎഫ്‌സി അടക്കമുള്ള രാജ്യത്തെ എല്ലാ മുന്‍നിര ബാങ്കുകളും ഫാസ്ടാഗ് നല്‍കുന്നുണ്ട്. ഓരോ ബാങ്കിന്റെയും ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫാസ്ടാഗിന് അപേകിഷിക്കാനുള്ള ഓപ്ഷന്‍ നല്‍കിയിക്കുന്നു.

ബാങ്കിന്റെ ഔദ്യോഗിക സൈറ്റില്‍ കാണുന്ന ഗെറ്റ് ഫാസ്ടാഗ് ബട്ടണില്‍ ക്ലിക് ചെയ്യുമ്പോള്‍ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്ക് ഒരു ഒടിപി വരും. തുടര്‍ന്നുവരുന്ന പേജില്‍ നിങ്ങളുടെ പേര്, വിലാസം, ഇമെയില്‍, വണ്ടിയുടെ രജിസ്‌ട്രേഷന്‍ നമ്പറും ഏതുതരം വാഹനമെന്നതുമടക്കമുള്ള വിശദാംശങ്ങളും നല്‍കുക.


ആവശ്യമായ രേഖകളുടെ സ്‌കാന്‍ഡ് കോപ്പിയും അപ്‌ലോഡ് ചെയ്യുക. തുടര്‍ന്ന് പേയ്‌മെന്റ് നടത്തുക. ഇതിനായി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളോ ഇന്റര്‍നെറ്റ് ബാങ്കിംഗോ ഉപയോഗിക്കാം.

പേറ്റിഎം സേവനവും പെയ്‌മെന്റിനായി ഉപയോഗിക്കാം. പണം അടച്ചുകഴിയുമ്പോള്‍ ഫാസ്ടാഗ് കോപ്പി നിങ്ങള്‍ക്കു ലഭിക്കും.

കാലാവധി

അഞ്ചു വര്‍ഷമാണ് ഫാസ്ടാഗിന്റെ കാലാവധി. അഞ്ചു വര്‍ഷത്തിനു ശേഷം പുതിയ ഫാസ്ടാഗ് വാഹനത്തില്‍ പതിപ്പിക്കണം.

ഫാസ്ടാഗ് എടുക്കാന്‍ വേണ്ട ഡോക്യുമെന്റ്‌സ് എന്തൊക്കെ?

ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് എന്നതു പോലെ തന്നെ ചില ഡോക്യുമെന്റുകള്‍ ഫാസ്ടാഗ് രജിസ്റ്റര്‍ ചെയ്യുന്നതിനും ആവശ്യമാണ്. വെഹിക്കിള്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റ് (ആര്‍സി ബുക്ക്), വാഹന ഉടമയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വീടിന്റെ മേല്‍വിലാസം തെളിയിക്കുന്ന കെവൈസി ഡോക്യുമെന്റ്‌സ് എന്നിവയാണ് ആവശ്യമായിട്ടുള്ള രേഖകള്‍.

കെവൈസി വേരിഫിക്കേഷന്‍ നേരത്തെ നടത്തിയിട്ടുള്ളവര്‍ക്ക് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഡീറ്റെയില്‍സ് മാത്രം മതിയാകും.

റീചാര്‍ജ് ചെയ്യുന്നതെങ്ങനെ?

ക്രെഡിറ്റ് -ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചും ഇന്റര്‍നെറ്റ് ബാങ്കിംഗിലൂടെയും റീചാര്‍ജ് ചെയ്യാം. കുറഞ്ഞ തുക 100 രൂപയും പരമാവധി തുക ഒരു ലക്ഷവുമാണ്.

എസ്ബിഐ, എച്ച്ഡിഎഫ്‌സി, ആക്‌സിസ്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയും റീചാര്‍ജ് ചെയ്യാനുള്ള സൗകര്യം നല്‍കുന്നു. പെയ്റ്റിഎം പോലുള്ള പേയ്‌മെന്റ് സര്‍വീസുകള്‍ ഉപയോഗിച്ചും ഫാസ്ടാഗ് റീചാര്‍ജ് ചെയ്യാനാകും.

പണം എടുത്തോ എന്ന് എങ്ങനെ അറിയാം?

ഓരോ തവണ ടോള്‍ ബൂത്ത് കടക്കുമ്പോഴും ടോള്‍ തുകയും വിശദാംശങ്ങളും എസ്എംഎസ് ആയി ഉപയോക്താവിന് ലഭിക്കും. എത്ര തുകയാണ് ഈടാക്കിയതെന്നും ബാലന്‍സ് എത്രയുണ്ടെന്നും ടോള്‍ പ്ലാസകളില്‍ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രോണിക്‌സ് ഡിസ്‌പ്ലേയിലും കാണിക്കുന്നുണ്ട്.

ഫാസ്ടാഗ് ആപ്പിലും വിശദാംശങ്ങള്‍ ലഭ്യമാണ്. ആപ്പിന്റെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് വേര്‍ഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാണ്.