കൗമാരക്കാര്‍ക്ക് കടിഞ്ഞാണിട്ട് ഇന്‍സ്റ്റഗ്രാം; ടീന്‍ അക്കൗണ്ട് അവതരിപ്പിച്ചു
Saturday, September 21, 2024 12:46 PM IST
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന കൗമാരക്കാര്‍ പല അപകടങ്ങളിലും ചെന്നുചാടുന്ന വാര്‍ത്തകള്‍ ദിനപ്രതി വരുന്നുണ്ട്. മാതാപിതാക്കള്‍ക്ക് പോലും കൗമാരക്കാരുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നുള്ളതാണ് സത്യം.
ഇപ്പോഴിത കൗമാരക്കാരായ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി പുതിയ സുരക്ഷാ ഫീച്ചര്‍ പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാം. "ടീന്‍ അക്കൗണ്ട്' എന്ന പുതിയ ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്.
ഇതോടെ പ്രായപൂര്‍ത്തിയാവാത്ത ഉപയോക്താക്കളുടെ അക്കൗണ്ട് പ്രൈവറ്റ് അക്കൗണ്ട് ആയി മാറുകയും ഇന്‍സ്റ്റഗ്രാമില്‍ കാണുന്ന ഉള്ളടക്കങ്ങള്‍ പ്രായത്തിനുസരിച്ച് നിയന്ത്രിക്കപ്പെടുകയും ചെയ്യും.
13 മുതല്‍ 17 വയസുവരെയുള്ള കൗമാരക്കാരായ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ സുരക്ഷാ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ചാറ്റ് ചെയ്യുന്നത് ആരുമായാണ്? അവര്‍ എന്ത് കണ്ടന്റ് ആണ് ഉപയോഗിക്കുന്നത്?
തുടങ്ങിയ മാതാപിതാക്കളുടെ ആശങ്കകള്‍ക്ക് പരിഹാരം ടീന്‍ അക്കൗണ്ടിലൂടെ കാണാനാവുമെന്നാണ് മെറ്റ പറയുന്നത്.
ടീന്‍ അക്കൗണ്ട് എങ്ങനെ?
1) 13 മുതല്‍ 17 വയസ് വരെയുള്ളവരുടെ അക്കൗണ്ടുകള്‍ ഡിഫോള്‍ട്ടായി പ്രൈവറ്റ് അക്കൗണ്ടുകളായി മാറും.
2) അക്കൗണ്ട് ഉടമ ഫോളോ ചെയ്യുന്നവരില്നിന്നുള്ള മെസേജുകള്‍ മാത്രമേ ടീന്‍ അക്കൗണ്ടുകളില്‍ ലഭിക്കൂ. അപരിചിതരായ ആളുകള്‍ക്ക് ടീന്‍ അക്കൗണ്ടുകളിലേക്ക് അനുവാദമില്ലാതെ സന്ദേശം അയക്കാനോ അവരെ ടാഗ് ചെയ്യാനോ മെന്‍ഷന്‍ ചെയ്യാനോ സാധിക്കില്ല.
3) ടീന്‍ അക്കൗണ്ടുകള്‍ക്ക് ചേരാത്തതോ ദോഷകരമായതോ ആയ കണ്ടന്റുകള്‍ വിലക്കപ്പെടും.
4) ഇന്‍സ്റ്റഗ്രാം ആപ്പുകള്‍ ഉപയോഗിക്കുന്നതിന് സമയ പരിധി നിശ്ചയിക്കാനുള്ള അറിയിപ്പുകള് ലഭിക്കും. ഒരു മണിക്കൂര്‍ ഉപയോഗത്തിന് ശേഷം ഇന്‍സ്റ്റാഗ്രാം ഉപയോഗം നിര്‍ത്തിവയ്ക്കാനുള്ള അറിയിപ്പുകള് നല്‍കും.
5) രാത്രിയില്‍ സ്ലീപ്പ് മോഡിലേക്ക് മാറുന്ന അക്കൗണ്ടേ് നോട്ടിഫിക്കേഷനുകള്‍ തടയും. രാത്രി പത്തിനും രാവിലെ ഏഴിനും ഇടയില്‍വരുന്ന സന്ദേശങ്ങള്‍ക്ക് ഓട്ടോമാറ്റിക്കായി മറുപടി നല്‍കും.
6) സൂപ്പര്വിഷന് ഫീച്ചറിലൂടെ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ ആര്‍ക്കൊക്കെ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്ന് രക്ഷകര്‍ത്താക്കള്‍ക്ക് മനസിലാക്കാം. എന്നാല്‍ സന്ദേശങ്ങളുടെ ഉള്ളടക്കം വായിക്കാന്‍ കഴിയില്ല.
പ്രായം തിരുത്തിയാല്‍...
ഇനി പ്രായപൂര്‍ത്തിയായ ഒരാളുടെ ജന്മദിനം ഉപയോഗിച്ച് പുതിയൊരു അക്കൗണ്ട് നിര്‍മിക്കാമെന്ന് വിചാരിച്ചാലും സംഗതി നടക്കില്ല. ജന്മദിനം വെരിഫൈ ചെയ്യുന്നതിന് വിവിധ തരത്തിലുള്ള സുരക്ഷാ ഫീച്ചറുകളാണ് മെറ്റ ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രായപൂര്‍ത്തിയായ ആളുടെ ജന്മദിനം ഉപയോഗിച്ച് നിര്‍മിച്ച കൗമാരക്കാരുടെ അക്കൗണ്ടുകള്‍ കണ്ടെത്തുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുമെന്നും മെറ്റ അറിയിച്ചിട്ടുണ്ട്. യുഎസിലാണ് ഈ അപ്ഡേറ്റ് ആദ്യം നടപ്പിലാക്കുക.
ശേഷം അടുത്ത 60 ദിവസങ്ങള്‍ക്കുള്ളില്‍ യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ഈ അപ്ഡേറ്റ് അവതരിപ്പിച്ചേക്കും. പിന്നാലെ കൂടുതല്‍ രാജ്യങ്ങളിലേക്ക് അപ്ഡേറ്റ് എത്തും.