പുതിയ പരീക്ഷണവുമായി നത്തിംഗ്
Thursday, July 11, 2024 2:34 PM IST
സ്മാര്‍ട്ഫോണുകളുടെ പതിവ് രൂപകല്പനയില്നിന്ന് വ്യത്യസ്തമായ രീതിയുമായി നത്തിംഗ്. നത്തിംഗ് സിഎംഎഫ് ഫോണ്‍ 1 ആണ് വിപണി പിടിക്കാന്‍ പുതിയ തന്ത്രവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ബാക്ക് കേസാണ് ഫോണിനെ വ്യത്യസ്തമാക്കുന്നത്. വളരെ എളുപ്പം ഊരിയെടുക്കാനും ഘടിപ്പിക്കാനും കഴിയുന്ന ബാക്ക് പാനലാണിതിന്. ഇക്കാരണം കൊണ്ടുതന്നെ ഫോണ്‍ റിപ്പയറിംഗ് വളരെ എളുപ്പമാവുന്നു.
പലനിറത്തിലുള്ള ബാക്ക് കേസുകള്‍ ഉപഭോക്താവിന്റെ ഇഷ്ടാനുസരണം മാറ്റി ഉപയോഗിക്കുകയും ചെയ്യാം. 1499 രൂപയാണ് ബാക്ക് കേസിന്റെ വില. 6.67 ഇഞ്ച് സൂപ്പര്‍ അമോലെഡ് എല്‍ടിപിഎസ് ഡിസ്പ്ലേയാണിതിന്.
2000 നിറ്റ്സ് പരമാവധി ബ്രൈറ്റ്നെസ് ലഭിക്കും. 120 ഹെഡ്സ് റിഫ്രഷ് റേറ്റുണ്ട്. അണ്ടര്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്കാനറാണിതില്. 8 കോര്‍ 2 ജിഗാഹെഡ്സ് മീഡിയ ടെക്ക് ഡൈമെന്‍സിറ്റി 7300 5ജി പ്രൊസസറില്‍ എട്ട് ജിബിറാം ഉണ്ട്.
ഇന്റേണല്‍ സ്റ്റോറേജ് ഉപയോഗിച്ച് ഇത് 16 ജിബി വരെ ആയി ഉയര്‍ത്താനാവും. 6 ജിബി+128 ജിബി, 8ജിബി+128 ജിബി ഓപ്ഷനുകള്‍ ലഭ്യമാണ്. 2 ടിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാം.
50 എംപി പ്രൈമറി കാമറയും ഒരു പോര്‍ട്രെയ്റ്റ് കാമറയും അടങ്ങുന്നതാണ് മെയിന്‍ കാമറ യൂണിറ്റ്. 16 എംപി ആണ് സെല്‍ഫി കാമറ. ലൈവ് എച്ച്ഡിആര്‍, 120എഫ്പിഎസ് സ്ലോമോഷന്‍, നൈറ്റ് മോഡ്, ആക്ഷന്‍ മോഡ്, ഇഐഎസ് ഇമേജ് സ്റ്റെബിലൈസേഷന്‍, ടൈം ലാപ്സ് തുടങ്ങിയ സൗകര്യങ്ങളും കാമറയില്‍ ലഭ്യമാണ്.
ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിംഗ് ഒഎസ് 2.6 ല്‍ ആണ് ഫോണിന്റെ പ്രവര്‍ത്തനം. 5000 എംഎഎച്ച് ബാറ്ററിയില്‍ 33 വാട്ട് അതിവേഗ ചാര്‍ജിംഗ് സൗകര്യമുണ്ട്. സിം ഇജ്ക്ടറിനൊപ്പം ഒരു സ്ക്രൂ ഡ്രൈവറും അടങ്ങുന്ന ഒരു ടൂള്‍ ഫോണിനൊപ്പമുണ്ട്.
ബാക്ക് പാനല്‍ ഘടിപ്പിക്കുന്ന സ്ക്രൂകള്‍ അഴിക്കുന്നതിന് വേണ്ടിയാണിത്. ഫോണിന് താഴെയുള്ള വീലും ഈ ബാക്ക് പാനല്‍ മുറുക്കുന്നതിന് വേണ്ടിയാണ്. പ്ലാസ്റ്റിക് നിര്‍മിതമാണ് ബാക്ക് പാനലും അനുബന്ധ ഭാഗങ്ങളും. ഫോണിനൊപ്പം ടൈപ്പ് സി കേബിളുണ്ട്.
അഡാപ്റ്റര്‍ ഇല്ല. ഫോണ്‍ വാങ്ങുന്നവര്‍ക്ക് 799 രൂപ അധികം നല്കി ചാര്‍ജര്‍ വാങ്ങാം. ഫോണിനൊപ്പം കറുപ്പ്, നീല, ഓറഞ്ച്, ഇളം പച്ച നിറത്തിലുള്ള ബാക്ക് കവറുകള്‍ ലഭ്യമാണ്. ഐപി 52 വാട്ടര്‍ റെസിസ്റ്റന്‍സ് പക്ഷെ അത്രപോരെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കാര്‍ഡ് കേയ്സും സ്റ്റാന്റും ഒരു ടാഗും കമ്പനി വില്‍ക്കുന്നുണ്ട്. 6 ജിബി റാം+128 ജിബി അടിസ്ഥാന വേരിയന്റിന് 15,999 രൂപയും 8 ജിബി റാം+128 ജിബി മോഡലിന് 17,999 രൂപയുമാണ് വില.