യന്ത്ര മനുഷ്യർക്കൊപ്പം
യന്ത്ര മനുഷ്യർക്കൊപ്പം
Saturday, June 8, 2019 3:25 PM IST
കേരള പോലീസിന്‍റെ വഴുതക്കാട് പൊലീസ് ആസ്ഥാനത്ത് സന്ദർശകരെ കാത്ത് ഇനി ഒരു റോബട്ടുണ്ടാകുമെന്നുള്ള വാർത്ത കുറച്ചു മാസങ്ങൾക്കു മുന്പാണ് മാധ്യമങ്ങളിലെല്ലാം നിറഞ്ഞത്. കെപി-ബോട്ട് എന്ന് പേരിൽ വിളിക്കപ്പെടുന്ന ഈ റോബട്ടിനു പിന്നിൽ ടി. ജയകൃഷ്ണൻ എന്ന ആലപ്പുഴ കളർകോട് സ്വദേശിയാണ്. അദ്ദേഹത്തിന്‍റെ അസിമോവ് റോബട്ടിക്സ (അഡ്വാൻസ്ഡ് സിസ്റ്റം വിത് ഇന്‍റലിജൻസ് മൊബിലിറ്റി ആൻഡ് വിഷൻ) എന്ന കന്പനിയാണ് അത് നിർമിച്ചത്. ആലപ്പുഴയാണ് സ്വദേശമെങ്കിലും വർഷങ്ങളായി എറണാകുളത്താണ് താമസം. ഇപ്പോ കാക്കനാട് ഇൻഫോപാർക്കിനടുത്ത് താമസിക്കുന്നു.
പോളിടെക്നിക്കിലൊക്കെ പോകുന്നതിനു മുന്പെ...

പഠനത്തിനു മുന്പേ ജയകൃഷ്ണൻ തന്‍റെ വൈദഗ്ധ്യത്തെ ഉപയോഗിച്ചു തുടങ്ങിയിരുന്നു. 1992 മുതലൊക്കെ വീട്ടിൽ ചെറിയ ചെറിയ സാധനങ്ങളൊക്കെ ഉണ്ടാക്കിയിരുന്നു. ഓട്ടോമേറ്റഡ് ഗിയർ, പച്ചക്കറി അരിയാൻ യന്ത്രം, തൈര് കടയാൻ യന്ത്രം അങ്ങനയൊക്കെ... പക്ഷേ, അതൊക്കെ അന്ന് റേബാട്ടുമായി ബന്ധപ്പെട്ടതാണെന്ന് അറിയില്ലായിരുന്നു. അന്ന് ഇന്‍റർനെറ്റോ ഗൂഗിളോ ഒന്നും ലഭ്യമായിരുന്നില്ലല്ലോ. ഇങ്ങനെയൊക്കെ ചെയ്യാം ഇതുവഴി ജോലി എളുപ്പമാകും എന്നു മനസിലാക്കി അങ്ങ് ചെയ്തു. അതിനുശേഷമാണ് കാർമൽ പോളിടെക്നിക് സ്ഥാപനത്തിൽ പോളിടെക്നിക് ഡിപ്ലോമയ്ക്കും മോഡൽ എഞ്ചിനീയറിംഗ് കോളജിൽ എഞ്ചിനീയറിംഗ് പഠനത്തിനായും പോയത് ജയകൃഷ്ണൻ പറഞ്ഞു.

1998 ആയപ്പോഴേക്കും കന്പ്യൂട്ടറൊക്കെ പ്രചാരത്തിലായി തുടങ്ങി. റോടബട്ടിനെക്കുറിച്ചും മറ്റും അറിയാൻ തുടങ്ങി. അങ്ങനെയാണ് ഗ്ലാസ് പാനൽ വൃത്തിയാക്കാനും മറ്റുമായി ഭിത്തിയിലൊക്കെ കയറുന്ന റോബട്ട് നിർമിച്ചു. എഞ്ചിനീയറിംഗ് പഠനത്തിന്‍റെ അവസാന വർഷം 2000 ൽ ഫൈനൽ ഇയർ പ്രോജക്ടായി ജയകൃഷ്ണൻ ചെയ്തതും റോബട്ടായിരുന്നു.

പഠനശേഷം...

എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയതിനുശേഷം തിരുവനന്തപുരത്ത് ഒരു കന്പനിയിൽ ജോലിക്കു കയറി. പിന്നെ തിരുവനന്തപുരം ടെക്നോപാർക്കിൽ ടാറ്റ എലക്സിയിൽ ജോലി ചെയ്തു.

റോബട്ടിക്സ് പണ്ടു മുതലേ ഇഷ്ടമായിരുന്നതുകൊണ്ട് പഠനം കഴിഞ്ഞ് ഇറങ്ങിയതിനുശേഷം റോബട്ടിക്സ് മേഖലയിൽ ജോലി അന്വേഷിച്ചു. പക്ഷേ കിട്ടിയില്ല. അങ്ങനെ അന്വേഷണങ്ങൾക്കിടയിലാണ് ഒരു യുഎസ് കന്പനിയുമായി പരിചയപ്പെടുന്നത്. അവിടെ ടെക്നിക്കൽ മേഖലയിൽ ജോലിക്ക് സാധ്യതകളൊന്നുമില്ല. പകരം മാർക്കറ്റിംഗ് ജോലിയുണ്ടെന്നറിഞ്ഞു. അങ്ങനെ ടാറ്റ എലക്സിയിലെ ജോലി ഉപേക്ഷിച്ചു. യുഎസ് കന്പനിയുടെ ഉത്പന്നം ഇന്ത്യയിൽ വിപണനം ചെയ്യുക എന്നതായിരുന്നു ഉത്തരവാദിത്തം. അവിടെ ടെക്നിക്കൽ ജോലികളൊന്നും ഇല്ലെങ്കിലും ഉത്പന്നം വിറ്റുകിട്ടുന്ന പണം ഇതിൽ തന്നെ നിക്ഷേപിച്ച് ഡെവലപ്മെന്‍റ്സ് നടത്താമെന്ന് കന്പനി സമ്മതിച്ചു. അങ്ങനെ 10 ലൈസൻസുകൾ വിറ്റു. ലഭിച്ച പത്തു ലക്ഷം രൂപയോളം ഇതിൽ തന്നെ നിക്ഷേപിച്ച് റോബട്ട് ആം ചെയ്തു. യുഎസിലെ കന്പനിയിലേക്ക് കയറ്റി അയച്ചു. അവർ അവരുടെ ഉപഭോക്താക്കൾക്ക് അത് വിതരണം ചെയ്തു. ഇതിന് ചെറിയൊരു കമ്മീഷനെ ഉണ്ടായിരുന്നുള്ളു. 2008 ആയപ്പോഴേക്കും മാന്ദ്യം വന്നു. അവിടെ ധാരാളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. 300 റോബട്ടുകളോളം ഇതിനകം യുഎസിലേക്ക് നൽകിയിരുന്നു. അവിടെ തൊഴിൽ നഷ്ടം വരാൻ തുടങ്ങിയതോടെ സ്പെയർ പാർട്സുകൾ അങ്ങോട്ട് അയച്ചു കൊടുക്കാനും അവിടെ അസംബിൾ ചെയ്യാമെന്നും പറഞ്ഞു. അത്തരമൊരു സംവിധാനത്തോട് താൽപ്പര്യമില്ലാത്തതുകൊണ്ട് മറ്റു സാധ്യതകൾ തിരയുകയും സോഫ്റ്റ് വേർ, റോബട്ടിക് പ്രോജക്ടുകൾ ചെയ്യുന്ന ഒരു ടീം രൂപീകരിക്കുകയും ചെയ്തു. 2012 ആയപ്പോഴേക്കും യു.എസ്. കന്പനിയുമായുള്ള ബന്ധം ഉപേക്ഷിച്ചു. അങ്ങനെയാണ് 2012 ൽ അസിമോവിന് രൂപം കൊടുക്കുന്നത.് തന്‍റെ സംരംഭക യാത്രയെക്കുറിച്ച് ജയകൃഷ്ണൻ പറയുന്നു.


സർവീസ് റോബട്ടുകളോടാണ് ഇഷ്ടം

സർവീസ് റോബോട്ടുകളുടെ ആരംഭത്തോടെ ആ മേഖലയിലേക്കു തിരിഞ്ഞു. നാളുകളായി ഓരോ ആവശ്യങ്ങൾക്കും ഒറ്റപ്പെട്ട റോബോട്ടുകൾ നിർമിക്കുകയാണ് ചെയ്യുന്നത്. ഇത് മാറി എല്ലാം ചെയ്യുന്ന ഒറ്റ റോബട്ടിലേക്ക് എത്തിച്ചേരാമെന്നാണ് ജയകൃഷ്ണന്‍റെ പ്രതീക്ഷ.
ഹെൽത്ത് കെയർ ആൻഡ് മെഡിക്കൽ മേഖലയാണ് പ്രധാന ലക്ഷ്യം. പ്രത്യേകിച്ച് പ്രായമായവരെയും അംഗവൈകല്യമുള്ളവരെയും സഹായിക്കാൻ പറ്റിയത.് ജയകൃഷ്ണൻ തന്‍റെ പ്രതീക്ഷ പങ്കുവെച്ചു.

അസിമോവിന് രൂപം കൊടുത്ത് 2012 ൽ ടൈക്കോണ്‍ കോണ്‍ഫറൻസിൽ തന്‍റെ ആദ്യ റോബട്ടിനെ അവതരിപ്പിച്ചു. ആ റോബട്ടിനെയാണ് 2016 ൽ ഏറെ മാറ്റങ്ങൾ വരുത്തി എച്ച്ഡിഎഫ്സി ബാങ്കിനു വേണ്ടി ഐറ എന്ന പേരിൽ നിർമിച്ചു നൽകിയത്. അതിന്‍റെ ഒന്നാമത്തെ വേർഷനായിരുന്നു നൽകിയത്. രണ്ടാമത്തെ വേർഷൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയകൃഷ്ണൻ പറഞ്ഞു.
2019 ജനുവരിയിൽ കേരള പോലീസിന് കെ.പി ബോട്ട് ഒരെണ്ണം കൈമാറിയിരുന്നു. 10 പേരാണ് ജയകൃഷ്ണന്‍റെ ടീമിലുള്ളത്. മനുഷ്യരുടേതിനു സമാനമായ ചർമ്മമുള്ള റോബോട്ടിന്‍റെ പണിപ്പുരയിലാണ് ജയകൃഷ്ണനിപ്പോൾ.

ഭാര്യ ദീപ വോക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ ടീച്ചറാണ്. ദക്ഷിണ, ഉത്തര എന്നിങ്ങനെ രണ്ട് പെണ്‍കുട്ടികളാണിവർക്ക്. റിട്ടയേഡ് അധ്യാപകരായ ത്രിവിക്രമൻനായരും ശ്രീകുമാരിയുമാണ് മാതാപിതാക്കൾ. 2013 ൽ പരിചയപ്പെട്ട ഡോ. റിതേഷ് മാലികാണ് അസിമോവിന്‍റെ ഉപദേശകനും മെന്‍ററും സീഡ് നിക്ഷേപകനും.