ക്രമരഹിതമായി സ്വീകരിക്കുന്ന ഡിപ്പോസിറ്റുകൾക്കു നിയന്ത്രണം
ക്രമരഹിതമായി സ്വീകരിക്കുന്ന ഡിപ്പോസിറ്റുകൾക്കു നിയന്ത്രണം
Tuesday, May 28, 2019 3:09 PM IST
ക്രമരഹിതമായി സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുവാൻ ’അണ്‍ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം ബിൽ 2019’ ലോകസഭ കഴിഞ്ഞ ഫെബ്രുവരിയിൽ പാസാക്കിയിരുന്നു. പാർലമെന്‍റ് കൂടുന്നില്ലാത്തതിനാൽ ഇത് രാജ്യസഭ പാസാക്കിയില്ല. അതിനാൽ ഓർഡിനൻസ് ഇറക്കി 2019 ഫെബ്രുവരി 21 മുതൽ ക്രമരഹിതമായി സ്വീകരിക്കുന്ന ഡെപ്പോസിറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.

ക്രമരഹിതമായി സ്വീകരിക്കുന്ന എല്ലാ ഡിപ്പോസിറ്റുകളും ഈ ഓർഡിനൻസ് പ്രകാരം നിരോധിച്ചിട്ടുണ്ട്. അംഗീകാരം ഇല്ലാത്ത പോണ്‍സി (തട്ടിപ്പ്)സ്കീമുകളിൽ നിക്ഷേപകരുടെ പണം നഷ്ടപ്പെടാതിരിക്കാനുള്ള മുൻകരുതലായിട്ടാണ് ഈ ഓർഡിനൻസ് ഇറക്കിയിരിക്കുന്നത്.

എന്താണ് അണ്‍റെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്കീം

ഗവണ്‍മെന്‍റിന്‍റെയോ ഗവണ്‍മെന്‍റ് ഏജൻസിയുടേയോ (റിസർവ് ബാങ്ക്, സെബി, ഇൻഷ്വറൻസ് റെഗുലേറ്റർ, പെൻഷൻ ഫണ്ട് റെഗുലേറ്റർ തുടങ്ങിയവ)നിയന്ത്രണത്തിലല്ലാതെ ഓരോ പ്രത്യേക സ്കീം പ്രകാരമോ അല്ലാതെയോ ഡിപ്പോസിറ്റുകൾ സ്വീകരിക്കുന്ന ബിസിനസിനെയാണ് അണ്‍ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം എന്നറിയപ്പെടുന്നത്. അതായത് ഗവണ്‍മെന്‍റിന്‍റെയോ ഗവണ്‍മെന്‍റ് ഏജൻസിയുടെയോ നിയന്ത്രണത്തിൽ അല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കു മാത്രമേ നിരോധനം ഉണ്ടാകുന്നുള്ളൂ.

ഡിപ്പോസിറ്റിന്‍റെ നിർവചനത്തിൽ ഉൾപ്പെടാത്തവ

1. കോഓപ്പറേറ്റീവ് ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കിംഗ് സ്ഥാപനങ്ങളിൽ നിന്നും സ്വീകരിക്കുന്ന പണം.
2. പബ്ലിക് ഫിനാൻഷൽ കോർപ്പറേഷനിൽ നിന്നും നോണ്‍ ബാങ്കിംഗ് ഫിനാൻഷൽ കന്പനികളിൽ നിന്നും സ്വീകരിക്കുന്ന തുകകൾ
3. ഗവണ്‍മെന്‍റിന്‍റെ പക്കൽ നിന്നും ലഭിക്കുന്ന പണവും തിരിച്ചടവ് ഗവണ്‍മെന്‍റ്് ഗാരന്‍റി നൽകുന്ന തുകകളും.
4. ഫോറിൻ ബാങ്കുകളിൽ നിന്നും ഇന്‍റർനാഷണൽ ബാങ്കുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വിദേശികളിൽ നിന്നും വിദേശ കന്പനികളിൽ നിന്നും നിയമാനുസൃതമായി സ്വീകരിക്കുന്ന തുകകൾ.
5. പങ്കു വ്യാപാരസ്ഥാപനങ്ങളിലും ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പുകളിലും പാർട്ണർമാർ നിക്ഷേപിക്കുന്ന മുതൽ മുടക്കുകൾ.
6. വ്യക്തികൾ, സ്നേഹിതർ, ബന്ധുക്കൾ തുടങ്ങിയവരിൽ നിന്നും സ്വീകരിക്കുന്ന തുകകൾ.
7. ബിസിനസിൽ നടക്കുന്ന ക്രെഡിറ്റ് ഇടപാടുകൾ.
8. സർഫേസി ആക്ടിന്‍റെ കീഴിൽ വരുന്ന അസറ്റ് റീകണ്‍സ്ട്രക്ഷൻ കന്പനികളിൽ സ്വീകരിക്കപ്പെടുന്ന തുകകൾ.
9. രാഷ്്ട്രീയപാർട്ടികൾക്കു ലഭിക്കുന്ന തുകകൾ.

10. സെൽഫ് ഹെൽപ്പ് ഗ്രൂപ്പുകൾ ഗവണ്‍മെന്‍റ് അംഗീകാരത്തോടുകൂടി നിയമപരമായി സ്വീകരിക്കുന്ന തുകകൾ.

ബിസിനസിന്‍റെ ഭാഗമായി സ്വീകരിക്കപ്പെടുന്ന ഡിപ്പോസിറ്റുകളും അഡ്വാൻസുകളും വസ്തുവകകൾ വാങ്ങുന്നതിന് നല്കപ്പെടുന്ന അഡ്വാൻസുകളും പ്രസ്തുത സ്കീമിൽ ഡിപ്പോസിറ്റായി കണക്കാക്കപ്പെടുകയില്ല. എന്നാൽ നിശ്ചയിക്കപ്പെട്ട തീയതിക്ക് ഇടപാടുകൾ നടക്കാതെ വന്നാൽ പ്രസ്തുത പണം 15 ദിവസങ്ങൾക്കകം തിരിച്ചു നൽകിയില്ലെങ്കിൽ അവയെ ഡിപ്പോസിറ്റുകളായി പരിഗണിക്കും.

ബിസിനസിൽ സെക്യൂരിറ്റി ഡിപ്പോസിറ്റായി സ്വീകരിക്കുന്ന പണവും ഈ നിയമത്തിൽ വരികയില്ല. അംഗീകാരം ഇല്ലാതെ നടത്തുന്ന ചിട്ടി ബിസിനസുകൾ ഈ നിയമത്തിന് കീഴിൽ വരും. ക്രമരഹിതമായി സ്വീകരിക്കുന്ന പ്രസ്തുത ഡിപ്പോസിറ്റുകൾക്ക് വേണ്ടി പരസ്യം ചെയ്യുന്നതും കാൻവാസ് ചെയ്യുന്നതും വിജ്ഞാപന പ്രകാരം നിരോധനം ഉള്ളതാണ്. നിയമപ്രകാരം സ്വീകരിച്ച നിക്ഷേപങ്ങൾ ആണെങ്കിലും അവയുടെ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ കുറ്റകരമാണ്.

ശിക്ഷാനടപടികൾ

ഈ വിജ്ഞാപനത്തിന് എതിരായി ക്രമരഹിതമായ രീതിയിൽ നിക്ഷേപങ്ങൾ വാങ്ങിക്കുന്നവർ രണ്ടു വർഷത്തിൽ കുറയാതെയും ഏഴു വർഷം വരെയും ഉള്ള തടവുശിക്ഷയും മൂന്നു ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപവരെയുള്ള പിഴയ്ക്കും അർഹനാകും.

നിക്ഷേപങ്ങൾ സ്വീകരിച്ചശേഷം തിരിച്ചടവിന് വീഴ്ച വരുത്തിയാൽ മൂന്നു വർഷം മുതൽ 10 വർഷം വരെ ലഭിക്കുന്ന തടവുശിക്ഷയ്ക്കും അഞ്ചു ലക്ഷം രൂപയിൽ കുറയാതെയുള്ള പിഴയ്ക്കും അർഹനാകും.

ഉയർന്ന വാഗ്ദാനങ്ങൾ നല്കി പണം സ്വീകരിച്ചതിന് ശേഷം വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് ഏഴു വർഷം വരെയുള്ള തടവും അഞ്ചു ലക്ഷം രൂപ മുതൽ 25 കോടി രൂപവരെയുള്ള പിഴയ്ക്കും അർഹനാകും.

ചെറുകിട ബിസിനസുകൾക്ക് ബാധകമല്ല

ബന്ധുക്കളുടെയും സ്നേഹിതരുടെയും പക്കൽ നിന്നും വിവാഹ ആവശ്യത്തിനോ ആശുപത്രി ആവശ്യങ്ങൾക്കു വേണ്ടിയോ ബിസിനസ് ആവശ്യങ്ങൾക്കോ വ്യക്തിപരമായ ആവശ്യങ്ങൾക്കോ വാങ്ങിക്കുന്ന തുകകൾ ഈ വിജ്ഞാപനത്തിന്‍റെ പരിധിയിൽ വരില്ല.

ചെറുകിട ബിസിനസുകൾ, പങ്കുവ്യാപാരസ്ഥാപനങ്ങൾ, മുതലായവ ബന്ധുക്കളല്ലാത്തവരുടെ പക്കൽ നിന്നും ബിസിനസ് ആവശ്യങ്ങൾക്കായി സ്വീകരിക്കുന്ന പണവും ഈ വിജ്ഞാപനത്തിൽ ഉൾപ്പെടില്ല. പ്രത്യേകമായും ’നിക്ഷേപങ്ങൾ സ്വീകരിക്കുന്ന ബിസിനസുകൾ’ക്കാണ് ഈ വിജ്ഞാപനം ബാധകമാകുന്നത്.
SSS