2017-18ലെ റിട്ടേണ്‍ ഫയൽ ചെയ്യാത്തവർക്ക് നോട്ടീസ്
2017-18ലെ റിട്ടേണ്‍ ഫയൽ  ചെയ്യാത്തവർക്ക് നോട്ടീസ്
Wednesday, March 20, 2019 3:26 PM IST
നിശ്ചിത ഇടപാടുകളിൽ കൂടുതൽ നടത്തിയവരെ, നോണ്‍ ഫയലേഴ്സ് മോണിട്ടറിംഗ് സിസ്റ്റത്തിൽനിന്നും കണ്ടുപിടിച്ച് അവർക്ക് ആദായനികുതി ഓഫീസിൽനിന്നു റിട്ടേണ്‍ ഫയൽ ചെയ്യുന്നതിനോ അല്ലെങ്കിൽ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നല്കുന്നതിനോ ഉള്ള നോട്ടീസുകൾ അയക്കാറുണ്ട്. അതനുസരിച്ച് നോട്ടീസ് ലഭിച്ചിട്ടും റിട്ടേണുകൾ ഫയൽ ചെയ്യാത്തവർക്കും ഉത്തരങ്ങൾ സമർപ്പിക്കാത്തവർക്കും എതിരേ ആദായനികുതി നിയമം അനുസരിച്ച് നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

നിർദിഷ്ട ഇടപാടുകളിൽ നിശ്ചയിക്കപ്പെട്ടതിലും കൂടുതൽ തുകയ്ക്കുള്ള ഇടപാടുകൾ നടത്തിയവർക്കെതിരേയാണ് ഇപ്പോൾ നോട്ടീസുകൾ അയച്ചു തുടങ്ങുന്നത്.

നോണ്‍ ഫയലേഴ്സ് മോണിട്ടറിംഗ് സിസ്റ്റം

ആദായനികുതി ഡിപ്പാർട്ട്മെന്‍റ് ഏർപ്പെടുത്തിയ ഒരു സിസ്റ്റമാണ് നോണ്‍ ഫയലേഴ്സ് മോണിട്ടറിംഗ് സിസ്റ്റം. അതനുസരിച്ച് ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാതിരിക്കുകയും ചില പ്രത്യേക ഇടപാടുകൾക്ക് നിർദിഷ്ട തുകകളേക്കാൾ കൂടുതലായ തുക ചെലവഴിക്കുകയും ചെയ്തവർക്കാണ് നോട്ടീസ് അയയ്ക്കുന്നത്.

അങ്ങനെയുള്ളവർക്ക് നികുതി ഒഴിവു തുകയായ 2,50,000 രൂപയിൽ കൂടുതൽ വരുമാനമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആദായ നികുതി ഉദ്യോഗസ്ഥർ കണക്കുകൂട്ടുന്നു.
ആനു വൽ ഇൻഫർമേഷൻ റിട്ടേണ്‍ സെൻട്രലൈസ്ഡ് ഇൻഫർമേഷൻ ബ്രാഞ്ച്, ടിഡിഎസ്/ടിസിഎസ് സ്റ്റേറ്റ്മെന്‍റുകൾ എന്നിവയാണ് ഇങ്ങനെയുള്ളവരുടെ ലിസ്റ്റ് തയാറാക്കുവാൻ ആദായനികുതി ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നത്.

ചില ഇടപാടുകളും ചുരുങ്ങിയ തുകയും

താഴെപറയുന്ന ഇടപാടുകളും അവയ്ക്കു നിശ്ചയിക്കപ്പെട്ടിട്ടുള്ള ചുരുങ്ങിയ തുകയും ചുവടെ:
1. കഴിഞ്ഞ സാന്പത്തികവർഷത്തിൽ 10 ലക്ഷം രൂപയോ അതിൽ കൂടുതലോ തുക കാഷായി നല്കി ബാങ്കിൽനിന്നു ഡ്രാഫ്റ്റുകളോ പേ ഓർഡറുകളോ ബാങ്കേഴ്സ് ചെക്കുകളോ വാങ്ങിയിട്ടുണ്ടെങ്കിൽ.
2. 2017-18 സാന്പത്തികവർഷത്തിൽ 10 ലക്ഷം രൂപയ്ക്കോ അതിൽ കൂടുതലോ തുകയ്ക്ക് കാഷ് നല്കി റിസർവ് ബാങ്ക് ഇറക്കിയിട്ടുള്ള പ്രീപെയ്ഡ് ഇൻസ്ട്രമെന്‍റ്സ് വാങ്ങിയിട്ടുണ്ടെങ്കിൽ.
3. ഒരു വർഷത്തിൽ 50 ലക്ഷം രൂപയോ അതിൽ കൂടുതലോ തുക കറന്‍റ് അക്കൗണ്ടുകളിൽ കാഷായി ഡെപ്പോസിറ്റ് ചെയ്യുകയോ പിൻവലിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ.

4. കറന്‍റ് അക്കൗണ്ട് അല്ലാതെയുള്ള ഏതെങ്കിലും അക്കൗണ്ടുകളിൽ ആകെ 10 ലക്ഷം രൂപയോ അതിൽ കൂടുതലോ തുക ഒരു വർഷം കാഷായി ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ.
5. പത്തു ലക്ഷം രൂപയോ അതിൽ കൂടുതലോ തുക ഒരു വർഷം ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ.
6. ഒരു ലക്ഷം രൂപയോ അതിന് മുകളിലുള്ള തുകയോ കാഷായി ക്രെഡിറ്റ് കാർഡ് ബില്ലിന്‍റെ സെറ്റിൽമെന്‍റിലേക്ക് അടച്ചിട്ടുണ്ടെങ്കിലും ഒരു വർഷത്തിൽ ആകെ പ്രസ്തുത ക്രെഡിറ്റ് കാർഡുകളുടെ സെറ്റിൽമെന്‍റിലേക്ക് 10 ലക്ഷം രൂപയിൽ കൂടുതൽ ഏതു വിധേനയും അടച്ചിട്ടുണ്ടെങ്കിലും.
7. പത്തു ലക്ഷം രൂപയ്ക്കോ അതിൽ കൂടുതലോ ഉള്ള തുകയ്ക്കു ബോണ്ടുകളോ ഡിബഞ്ചറുകളോ കരസ്ഥമാക്കിയിട്ടുണ്ടെങ്കിൽ.
8. പത്തു ലക്ഷം രൂപയ്ക്കോ അതിന് മുകളിലോ ഉള്ള തുകയ്ക്ക് കന്പനികളുടെ ഓഹരികൾ വാങ്ങിയിട്ടുണ്ടെങ്കിൽ.
9. ഒരു വർഷത്തിൽ 10 ലക്ഷം രൂപയ്ക്കോ അതിൽ കൂടുതലോ ഉള്ള തുകയ്ക്ക് ഒന്നോ അതിൽ കൂടുതലോ സ്കീമുകളിലായി മ്യൂച്വൽ ഫണ്ടുകളുടെ യൂണിറ്റുകൾ വാങ്ങിയിട്ടുണ്ടെങ്കിൽ.
10. ഒരു വർഷത്തിൽ 10 ലക്ഷമോ അതിൽ കൂടുതലോ ഉള്ള തുകയ്ക്ക് കറൻസികാർഡോ ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ വഴി ഫോറിൻ കറൻസി വാങ്ങിയിട്ടുണ്ടെങ്കിൽ.
11. 30 ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള തുകയ്ക്കു പ്രോപ്പർട്ടികൾ വാങ്ങുകയോ വില്ക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ.
12. രണ്ടു ലക്ഷമോ അതിൽ കൂടുതലോ ഉള്ള തുകയ്ക്ക് കാഷ് നല്കി ചരക്ക് വാങ്ങുകയോ സേവനം സ്വീകരിക്കുകയോ ചെയ്താൽ.
13) 2016 നവംബർ ഒന്പതിനും 2016 ഡിസംബർ 30നും ഇടയ്ക്ക് ഒന്നോ അതിൽ കൂടുതലോ കറന്‍റ് അക്കൗണ്ടുകളിലായി 12.5 ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള തുക കാഷായി ഡിപ്പോസിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ.
14) 2016 നവംബർ ഒന്പതിനും 2016 ഡിസംബർ 30നും ഇടയ്ക്ക് കറന്‍റ് അക്കൗണ്ട് അല്ലാതെയുള്ള ഏതെങ്കിലും ഒന്നോ അതിൽ കൂടുതലോ ബാങ്ക് അക്കൗണ്ടുകളിലായി 2.50 ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള തുക കാഷായി ഡിപ്പോസിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ.
മുകളിൽ പറഞ്ഞിട്ടുള്ള ഇടപാടുകളിൽ ഏതെങ്കിലും ഒന്ന് നടത്തിയിട്ടുള്ളവർക്കാണ് പ്രസ്തുത നോട്ടീസ് ലഭിക്കുക.

ബേബി ജോസഫ്,
ചാർട്ടേഡ് അക്കൗണ്ടൻറ്