എസ്ടിപി വഴി എസ്ഐപി
പല കാരണങ്ങളാലും ഓഹരി വിപണിയിൽ ദൃശ്യമായിട്ടുള്ള വന്യമായ വ്യതിയാനങ്ങൾ നിരവധി നിക്ഷേപകരെ അസന്നിഗ്ധാവസ്ഥയിൽ എത്തിച്ചിരിക്കുകയാണ്. നിക്ഷേപം തുടരണമോ നിർത്തണമോ എന്ന ധർമസങ്കടത്തിലാണ് നല്ലൊരു പങ്ക് നിക്ഷേപകരും. പലരും വിപണിയിലെ തിരുത്തലിനുവേണ്ടി കാത്തിരിക്കുകയാണ്.

എന്നാൽ, വളരെ ദീർഘകാലത്തോടെ നിക്ഷേപം നടത്തുന്നവരും റിസ്ക് ശേഷിയുള്ളവരുമായവരെ സംബന്ധിച്ചിടത്തോളം വിപണിയിലെ വ്യതിയാനങ്ങളൊന്നും പ്രശ്നമല്ല. അതൊന്നും കണക്കിലെടുക്കാതെ അവർ നിക്ഷേപം നടത്തിക്കൊണ്ടിരിക്കും.
വ്യതിയാനത്തെ നേരിടാൻ സാധിക്കുന്നില്ലെങ്കിൽ കാത്തിരിക്കുകയെന്ന മാർഗമേ നിക്ഷേപകനു മുന്നിലുള്ളു. പക്ഷേ ഓർമിക്കുക, എപ്പോഴാണ് വിപണി തിരുത്തൽ പൂർത്തിയാക്കുന്നതെന്നോ എപ്പോഴാണ് ഉയരത്തിലേക്ക് പോകുന്നതെന്നോ ആർക്കും പറയുവാൻ സാധിക്കുകയില്ല എന്നത്.
നിഫ്റ്റിയുടെ 2018-ലെ നീക്കം പരിശോധിക്കാം. 2018 ജനുവരി ഒന്നിലെ നിഫ്റ്റി ക്ലോസിംഗ് 10436 പോയിന്‍റിലായിരുന്നു. ഡിസംബർ 31-ലെ ക്ലോസിംഗ് 10862 പോയിന്‍റും. വ്യത്യാസം വെറും 426 പോയിന്‍റ്. പക്ഷേ നേരിയ വ്യതിയാനത്തിനിടയിൽ നിഫ്റ്റി മാർച്ചിൽ 9998 പോയിന്‍റ് വരെ താഴുകയും ഓഗസ്റ്റിൽ 11738 പോയിന്‍റ് വരെ ഉയരുകയും ചെയ്തു. ഇതിന്‍റെ വ്യത്യാസം 1740 പോയിന്‍റാണ്. ഇതിൽ നിഫ്റ്റി എപ്പോൾ ഏതു പോയിന്‍റുവരെ താഴുമെന്നോ ഏതു പോയിന്‍റ് വരെ ഉയരുമെന്നോ ആർക്കും പറയുവാൻ സാധിക്കുകയില്ല. ജനുവരി- ഫെബ്രുവരി കാലയളവിൽ 1100 പോയിന്‍റോളം ഇടിഞ്ഞ നിഫ്റ്റി ഓഗസ്റ്റായപ്പോഴേയ്ക്കും 1700 പോയിന്‍റിന്‍റെ ഉയർച്ചയാണു നേടിയത്. അതിൽനിന്ന് ഡിസംബറായപ്പോഴേയ്ക്കും 870 പോയിന്‍റോളം നഷ്ടപ്പെടുത്തി. ചുരുക്കത്തിൽ വിപണിയിൽ ഇടിവുണ്ടാകും; അതേപോലെ ഉയർച്ചയുമുണ്ടാകും. ഇടയ്ക്കിടെ വൻ ഇടിവുണ്ടായിട്ടുണ്ടെങ്കിലും ഒരു വർഷക്കാലത്തുപോലും നേരിയ വ്യതിയാനമേ ഉണ്ടായിട്ടുള്ളുവെന്ന് ഓർമിക്കുക.

എസ്ഐപി നല്ല വഴി

വിപണിയിലെ ഇടിവിനെ നേരിടാൻ ഏറ്റവും യോജിച്ച വഴി സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ തന്നെയാണ്. പ്രതിമാസമോ പ്രതിവാരമോ മറ്റേതൊരു കാലയളവിലോ നിശ്ചിത തുക നിക്ഷേപിച്ചുകൊണ്ടിരിക്കുന്ന രീതിയാണിത്. ഇതുവഴി നിക്ഷേപത്തിന്‍റെ കോസ്റ്റ് ശരാശരി ചെയ്യപ്പെടുന്നു.

2018 എല്ലാ മാസത്തിന്‍റേയും ആദ്യ ദിവസത്തെ നിഫ്റ്റി ക്ലോസിംഗിൽ പ്രതിമാസം ഒരു ലക്ഷം രൂപ വീതം നിക്ഷേപം നടത്തിയെന്നു കരുതുക. നിക്ഷേപകന് ലഭിക്കുക 111. 4 യൂണിറ്റാണ്. 2018-ലെ ഏറ്റവും കുറഞ്ഞ പോയിന്‍റായി 9998 നിക്ഷേപം നടത്തിയിരുന്നുവെങ്കിൽ കിട്ടുക 120 യൂണിറ്റായിരുന്നു. ഏറ്റവും ഉയർന്ന നിഫ്റ്റി ക്ലോസിംഗായ 11738 പോയിന്‍റിലാണ് നിക്ഷേപമെങ്കിൽ ലഭിക്കുക 102.2 യൂണിറ്റായിരുന്നു. ഏറ്റവും ഉയർച്ചയും താഴ്ചയും ആർക്കും നിശ്ചയിക്കുവാൻ സാധിക്കാത്തതിനാൽ ക്രമമായി നിക്ഷേപം നടത്തിക്കൊണ്ടിരുന്നാൽ ഏറ്റവും മോശമായതിനേക്കാൾ മെച്ചപ്പെട്ട അവസ്ഥ ലഭിക്കും.


ചുരുക്കത്തിൽ വ്യതിയാനങ്ങൾക്കിടിയിൽ വലിയ തുക ഒരുമിച്ചു നിക്ഷേപിക്കുന്നതിനു പകരമായി ക്രമമമായി നിക്ഷേപിക്കാം. ഇതിനു സ്മാർട്ടായി ചില രീതികൾ ലഭ്യമാണ്.

സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാൻ

സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാൻ അഥവാ എസ്ടിപി വഴി വലിയൊരു തുക മ്യൂച്വൽ ഫണ്ടിലേക്ക് ക്രമമായി നിക്ഷേപിക്കുവാൻ സാധിക്കും. ഒരു മ്യൂച്വൽ ഫണ്ട് പദ്ധതിയിൽനിന്നു മറ്റൊരു ഫണ്ടിലേക്ക് ക്രമമായി നിക്ഷേപിക്കുവാൻ സഹായിക്കുന്നതാണ് എസിടിപി.
ഉദാഹരണത്തിനു വലിയൊരു തുക നിക്ഷേപത്തിനായി കൈവശമുണ്ടെന്നു കരുതുക. ആ തുക ഘട്ടം ഘട്ടമായി ഓഹരി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കണം. വിപണിയിൽ വലിയ കയറ്റിറക്കങ്ങൾ ഉള്ളതുകൊണ്ടാണ് ഈ തീരുമാനമെടുത്തത്. ഇതെങ്ങനെ ചെയ്യാം.

എഫ്ഡിയേക്കാളും മറ്റും ഉയർന്ന റിട്ടേണ്‍ ലഭിക്കുവാൻ സാധ്യതയുള്ള ലിക്വിഡ് ഫണ്ടിൽ ഇതു നിക്ഷേപിക്കാം. ലിക്വിഡ് ഫണ്ടിൽ റിസ്ക് കുറവാണ്. ഓഹരി വിപണിയിലെ വ്യതിയാനങ്ങളൊന്നും ലിക്വിഡ് ഫണ്ടിനെ ബാധിക്കില്ല. അതേസമയം റിട്ടേണും ( 6-7 ശതമാനം) ലഭിക്കും. ഈ ലിക്വിഡ് ഫണ്ടിൽനിന്ന് യൂണിറ്റുകൾ റിഡീം ചെയ്ത് ഓരോ മാസവും നിശ്ചിത തുക ഇക്വിറ്റി മ്യൂച്വൽ ഫണ്ട് യൂണിറ്റ് വാങ്ങാൻ ഉപയോഗിക്കാം. മറ്റ് വാക്കിൽ പറഞ്ഞാൽ സാധാരണ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽനിന്നു എസ്ഐപിയിലേക്കു തുക പോകുന്നതിനു പകരം ലിക്വിഡ് ഫണ്ട് യൂണിറ്റുകൾ റിഡീം ചെയ്ത് എസ്ഐപിയിലേക്കു പോകുന്നു.

മറ്റൊരു കാര്യം കൂടി ഓർമിക്കുക, വലിയ കരടി വിപണി പോലും ഒന്ന് - ഒന്നര വർഷത്തോളമേ നിലനിൽക്കുന്നുള്ളുവെന്നതാണ് അനുഭവം. അതനുസരിച്ച് എസ്ടിപിയും പ്ലാൻ ചെയ്യുക.