മാങ്കോസ്റ്റിൻ ആദായകരം; ഇത് ഫിലിപ്പിന്റെ ഉറപ്പ്
Friday, September 22, 2023 1:33 PM IST
വിദേശ രാജ്യങ്ങളിൽ "പഴവർഗങ്ങളുടെ റാണി’ എന്നറിയപ്പെടുന്ന മാങ്കോസ്റ്റിന് നന്നായി വളരാൻ പറ്റിയ മണ്ണാണു കേരളത്തിലേതെന്നു പത്തനംതിട്ട ജില്ലയിലെ തോട്ടപ്പുഴശേരി ചിറയിറന്പ് താഴത്തുമലയിൽ ഫിലിപ്പ് കുര്യൻ തെളിയിച്ചിരിക്കുകയാണ്.
ഒന്പതു വർഷത്തെ പ്രവാസത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം പരന്പരാഗതമായി ലഭിച്ച കൃഷി ഭൂമിയിൽ പുതുമ കണ്ടെത്താനുള്ള ശ്രമത്തിലാണ്. മാങ്കോസ്റ്റിൻ ഉൾപ്പെടെയുള്ള വിദേശ പഴവർഗങ്ങൾ നട്ടു വളർത്തുന്ന ഫിലിപ്പിന്റെ സ്ഥലം പ്രളയകാലത്ത് വെള്ളം കയറി ഇറങ്ങുന്ന പന്പാ നദിക്കരയിലാണ്.
വിദേശരാജ്യങ്ങളിലെ മികച്ച പഴവർഗങ്ങളായി എണ്ണപ്പെടുന്ന മാങ്കോസ്റ്റിനും റംന്പുട്ടാനും ഒരേ വർഗത്തിൽപ്പെട്ടതാണ്. റംബുട്ടാൻ നാട്ടിൽ ഏറെ പരിചിതമായിക്കഴിഞ്ഞു. 300 വർഷത്തിലേറെയാണ് മാങ്കോസ്റ്റിന്റെ ആയുസ്. റംന്പുട്ടാന് അത്രയും ആയുസില്ലെങ്കിലും മാങ്കോസ്റ്റിനേക്കാൾ വേഗത്തിൽ ഫലം തരും.
പന്പാ നദിക്കരികിലുള്ള തോട്ടപ്പുഴശേരി നീർത്തടത്തിനു സമീപം വീടിനോടു ചേർന്നുള്ള നാലേക്കർ തോട്ടത്തിൽ 330ൽ അധികം മാങ്കോസ്റ്റിൻ മരങ്ങളുണ്ട്. ഫിലിപ്പ് കുര്യൻ മാങ്കോസ്റ്റിൻ കൃഷിയിലേക്കു തിരിയാനുള്ള കാരണം മൂന്നു തലമുറയ്ക്കു മുന്പുള്ള അപ്പച്ചനാണ്.
പീരുമേട്ടിലെ തേയില ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന അപ്പച്ചൻ, അക്കാലത്ത് അവിടെയെത്തിയ സിംഗപ്പൂർ, മലേഷ്യൻ സന്ദർശകരിൽ നിന്നാണ് റംന്പുട്ടാൻ, മാങ്കോസ്റ്റീൻ തുടങ്ങിയ ഫലങ്ങളെക്കുറിച്ചു മനസിലാക്കിയത്.
പുതിയ പഴവർഗച്ചെടികളെക്കുറിച്ചുള്ള വിവരം സുഹൃത്തുക്കുൾക്കും കൈമാറിയ അപ്പച്ചൻ, തന്റെ സ്ഥലത്തും മാങ്കോസ്റ്റിൻ കൃഷി ആരംഭിച്ചു. 90 വർഷം പഴക്കമുള്ള മാങ്കോസ്റ്റിൻ മരങ്ങൾ താഴത്തുമലയിലെ തോട്ടത്തിൽ നിറയെ കായ്കളുമായി നില്പുണ്ട്.
കൃഷി രീതി
മാങ്കോസ്റ്റിന്റെ ഏറ്റവും ചെറിയ അല്ലിയാണു വിത്തിനായി തെരഞ്ഞെടുക്കേണ്ടത്. ഓഗസ്റ്റ് നവംബർ മാസങ്ങളിൽ വളം ഇടണം. ഒരു മരത്തിന് മൂന്നു കിലോ എല്ലുപൊടിയും 20 കിലോ കോഴി വളമോ ചാണകപ്പൊടിയോ ഉപയോഗിക്കണം.
എപ്പോഴും വെള്ളം ലഭിക്കുന്ന മണ്ണാണ് മാങ്കോസ്റ്റിനു വേണ്ടത്. നല്ല സൂര്യപ്രകാശം ലഭിക്കണം. സാധാരണ നിലയിൽ നാല് വർഷം കഴിയുന്പോൾ കായ്ച്ചു തുടങ്ങും. എട്ടു വർഷം കഴിഞ്ഞാൽ പൂർണമായി ഫലം ലഭിക്കും.
"നിപ്പ’ രോഗമുണ്ടായ വേളയിൽ റംബുട്ടാന്റെ വിപണനം വല്ലാതെ കുറഞ്ഞിരുന്നു. വവ്വാലുകൾ റംബുട്ടാൻ തിന്നുന്നതിലൂടെ രോഗം പകരും എന്ന പ്രചാരണമായിരുന്നു കാരണം.
ഇതേത്തുടർന്ന് മാങ്കോസ്റ്റിൻ കൃഷി വ്യാപകമായി. പത്തനംതിട്ട ജില്ലയിൽ കോന്നി, കോഴഞ്ചേരി, ഇരവിപേരൂർ, കോന്നി പ്രദേശങ്ങളിലാണ് മാങ്കോസ്റ്റിൻ കൃഷി കൂടുതലുള്ളത്.
വിപണി
തൃശൂരാണു സംസ്ഥാനത്തെ ഏറ്റവും വലിയ മാങ്കോസ്റ്റിൻ വിപണി. തൊട്ടടുത്ത് എറണാകുളവും കോഴിക്കോടും. 80 മുതൽ 100 രൂപ വരെയാണു കിലോ വില. ഒരു മരത്തിൽ നിന്ന് ഒരു സീസണിൽ കുറഞ്ഞത് 100 കിലോയെങ്കിലും കിട്ടും.
പുനലൂരിൽ നിന്നുള്ള വ്യാപാരികളാണ് ഫിലിപ്പ് കുര്യന്റെ തോട്ടത്തിലെ മാങ്കോസ്റ്റിൻ പഴങ്ങൾ വാങ്ങുന്നത്. മരങ്ങൾ പാട്ടത്തിനെടുത്തു വിളവെടുക്കുന്നതാണു രീതി. തോട്ടിയിൽ ബക്കറ്റ് കെട്ടിയാണു കായ പറിച്ചെടുക്കുന്നത്.
താഴെ വീണാൽ ഗുണം നഷ്ടപ്പെടും. മാങ്കോസ്റ്റിനോപ്പം പീനട്ട് ബട്ടർ, ലോങ്ങൻ, ദുരിയാൻ തുടങ്ങിയവയും ഇവിടെ കൃഷി ചെയ്യുന്നു. യൂറോപ്പിൽ കണ്ടുവരുന്ന ടർക്കിയും നാടൻ കോഴി, താറാവ് എന്നിവയെ വളർത്തുന്ന ഫാമുമുണ്ട്.
നാട്ടിലെ കർഷകർക്ക് വിദേശ രാജ്യങ്ങളിലെ ഫാമുകൾ സന്ദർശിക്കാൻ അവസരം ഒരുക്കുന്ന കാർഷിക ടൂർ പദ്ധതിക്ക് ഫിലിപ്പ് കുര്യൻ രൂപം നൽകി വരികയാണ്. ഇതിന് കൃഷി വകുപ്പിന്റെ പൂർണ പിന്തുണയും ലഭിച്ചിട്ടുണ്ട്.
തിരുവല്ല-കുന്പഴ സംസ്ഥാന പാതയിൽ മാരാമണ് ജംഗ്ഷനു സമീപം വിഷരഹിത നാടൻ പച്ചക്കറികളും പഴവർഗങ്ങളും വില്ക്കുന്ന ഇക്കോ ഷോപ്പും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.
വിദേശ പഴവർഗങ്ങൾ പരിചയപ്പെടുത്തുന്നതിനായി സെമിനാറുകളും ക്ലാസുകളും ക്രമീകരിക്കാനുള്ള ശ്രമവും ഫിലിപ്പിന്റെ നേതൃത്വത്തിൽ നടക്കുന്നു. തോട്ടപ്പുഴശേരി പഞ്ചായത്തിൽ വിദേശ പഴവർഗങ്ങൾ കൃഷി ചെയ്യുന്നവരുടെ കൂട്ടായ്മയ്ക്കും രൂപം നൽകിയിട്ടുണ്ട്.
ഭാര്യ ആൻസി, മാതാവ് സാറാമ്മ, സ്കൂൾ വിദ്യാർഥികളായ കുര്യൻ ഫിലിപ്പ്, മാത്യു ഫിലിപ്പ് എന്നിവരും ഫിലിപ്പ് കുര്യനു കട്ട സപ്പോർട്ടുമായി ഒപ്പമുണ്ട്.
ഫോണ്: 8921870652
ടി.എസ്. സതീഷ് കുമാർ