കൂണ്‍ എങ്ങനെ രുചികരമായ വിഭവമാക്കാം
കൂണ്‍  എങ്ങനെ  രുചികരമായ വിഭവമാക്കാം
Friday, November 5, 2021 12:58 PM IST
വളരെയധികം പോഷകഗുണങ്ങളും അതോടൊപ്പം ഒൗഷധഗുണവുമുള്ള ഒരു അമൂല്യ സസ്യാഹാരമാണ് കൂണ്‍ (mushroom). കോളസ്ട്രോൾ കുറയ്ക്കാനും കാൻസറിനെ പ്രതിരോധിക്കാനും പ്രത്യേക കഴിവുണ്ട്.

വിളർച്ചക്കും പ്രമേഹത്തിനും ഉദരരോഗങ്ങൾക്കും കൂണ്‍ കഴിക്കുന്നത് ഉത്തമമാണ്. ജൈവരീതിയിൽ വിളയുന്ന മാലിന്യ വിമുക്തമായ ഒരു ഭക്ഷ്യവിഭവമാണു കൂണ്‍. കൂണിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, നാരുകൾ, ധാതുക്കൾ, വിറ്റാമിനുകൾ, ഇരുന്പ് തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്നു.

നാരുകൾ ധാരാളമുള്ളതിനാൽ ഉദരാശയ കാൻസറിനെ പ്രതിരോധിക്കാനും കൂണ്‍ ഉത്തമമാണ്. കൂണ്‍ നമ്മുടെ ആഹാരത്തിന്‍റെ ഭാഗമാക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.

കൂണ്‍ വാങ്ങിയാൽ എങ്ങനെ അത് വിവിധ വിഭവങ്ങളാക്കാമെന്നു പലർക്കുമറിയില്ല. ഇത് കൂണ്‍ വിപണിയിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതിനാൽ കൂണുപയോഗിച്ച് തയാറാക്കാവുന്ന വിഭവങ്ങൾ നമുക്കൊന്നു പരിചയപ്പെടാം.

കൂണ്‍ വറുത്തരച്ചത്

1)കൂണ്‍ ചെറുതായി അരിഞ്ഞത് - 200 ഗ്രാം
2)സവാള കനം കുറച്ചരിഞ്ഞത് - രണ്ടെണ്ണം
3)തേങ്ങ ചിരണ്ടിയത് - ഒരു മുറി
4)മല്ലിപ്പൊടി - രണ്ടു സ്പൂണ്‍
5)മുളകുപൊടി - ഒന്നര സ്പൂണ്‍
6)മഞ്ഞൾപ്പൊടി - കാൽ സ്പൂണ്‍
7)പെരുംജീരകം -അര സ്പൂണ്‍
8)കുരുമുളക് - അര സ്പൂണ്‍
9) ജാതിപത്രി - ചെറിയ കഷണം
10) ഗ്രാന്പൂ - മൂന്നെണ്ണം
11)തക്കോലം - രണ്ടല്ലി
12) ഇഞ്ചി - ചെറിയ കഷണം
13)വെളുത്തുള്ളി - അഞ്ച് അല്ലി
15)തക്കാളി - ഒന്ന്
16)ഉപ്പ് - ആവശ്യത്തിന്
ഏഴു മുതൽ 11 വരെയുള്ള ചേരുവകകൾക്കു പകരം ഒരു സ്പൂണ്‍ ഗരംമസാലപ്പൊടി ആയാലും മതി.

പാചകം ചെയ്യുന്ന രീതി

തേങ്ങ ചിരണ്ടിയതിൽ ഏഴു മുതൽ 11 വരെയുള്ള ചേരുവകകൾ ചേർത്തു നന്നായി വറുക്കുക. അതിലേക്ക് 4, 5, 6 ചേരുവകൾ ചേർത്തിളക്കി മൂപ്പിക്കുക. വറുക്കു ന്പോൾ അൽപ്പം വെളിച്ചെണ്ണ ചേർക്കുക. അതിനുശേഷം നന്നായി അരച്ചെടുക്കുക.

എണ്ണചൂടാക്കി കടുകിട്ടു പൊട്ടുന്പോൾ ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചതിട്ടു ചെറുതായി മൂപ്പിക്കുക. തുടർ ന്ന് വേപ്പില, പച്ചമുളക്, സവാള, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്കു കൂണ്‍ ചേർത്തിളക്കി അടച്ചുമൂടി വേവിക്കുക. തുടർന്ന് തക്കാളി അരിഞ്ഞതു ചേർത്ത് അല്പസമയം അടച്ചുവയ്ക്കുക. പിന്നീട് അരച്ചുവച്ചിരിക്കുന്ന അരപ്പ് ചെറു ചൂടുവെള്ളത്തിൽ കലക്കിഒഴിച്ച് ചെറുതീയിൽ വറ്റിച്ചെടുക്കുക.


കൂണ്‍ റോസ്റ്റ്

എണ്ണചൂടാക്കി കടുകിട്ടു പൊട്ടുന്പോൾ ഇഞ്ചി, വെളു ത്തുള്ളി എന്നിവ ചതച്ചതിട്ടു ചെറുതായി മൂപ്പിക്കുക. തുടർന്ന് വേപ്പില, പച്ചമുളക്, സവാള, ഉപ്പ് എന്നിവ ചേർ ത്ത് നന്നായി വഴറ്റുക. അതിലേക്കു മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, അല്പം ഗരം മസാലപ്പൊടി എന്നിവ ചേർത്തു മൂപ്പിക്കുക. ഇതിലേക്ക് കൂണ്‍ ചേർത്തിളക്കി അടച്ചുവച്ചു വേവിക്കുക. തുടർന്ന് തക്കാളി അരിഞ്ഞതു ചേർത്തു ചെറുതീയിൽ വേവിച്ച് ഇറക്കുക.

കൂണ്‍ അച്ചാർ

കൂണ്‍ ചെറുതായി അരിഞ്ഞ് ഉപ്പും മഞ്ഞൾപ്പൊടിയും തിരുമ്മി വറുത്തു കോരുക. പിന്നീട് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി മൂപ്പിച്ച് അതിൽ മുളകുപൊടിയും കുറച്ചു ഗരംമസാലപൊടിയും കായപ്പൊടിയും ചേർക്കുക. തുടർന്നു വറുത്തു വച്ചിരി ക്കുന്ന കൂണ്‍ ചേർത്തു തണുത്തതിനു ശേഷം വിനാഗിരി ചേർത്ത് ഉപയോഗിക്കാം.

കൂണ്‍ ബജി ‌

1 കൂണ്‍ -150 ഗ്രാം
2 കടലമാവ് -200 ഗ്രാം
3 മഞ്ഞൾ പൊടി -കാൽ സ്പൂണ്‍
4 മുളകുപൊടി - കാൽ സ്പൂണ്‍
5 കുരുമുളകു പൊടി -അരസ്പൂണ്‍
6 വെളിച്ചെണ്ണ -പാകത്തിന്
7 ഉപ്പ് -പാകത്തിന്
8 കായം-കാൽ സ്പൂണ്‍
9 കറിവേപ്പില

കടലമാവ്, മഞ്ഞൾപൊടി, കുരുമുളകുപൊടി, മുളകു പൊടി, കായപ്പൊടി എന്നിവ ഇഡലിമാവിന്‍റെ പാകത്തിൽ കലക്കുക. ഇതിൽ കൂണ്‍ ഇടത്തരം കഷണങ്ങളാക്കിയത് മുക്കി വറുത്ത ശേഷം കറിവേപ്പില ചേർത്തു മൂപ്പിച്ചു കോരുക.

ഷൈല സാബു
കൂണ്‍ കർഷക, ചേർത്തല