മണിയും ആയുർവേദവും ഔഷധച്ചെടികളും തമ്മിലുള്ള ബന്ധം
മണിയും ആയുർവേദവും ഔഷധച്ചെടികളും തമ്മിലുള്ള ബന്ധം
Tuesday, November 2, 2021 6:12 AM IST
ഞാൻ വി.ജി. മണി. എറണാകുളം വടക്കൻ പറവൂർ സ്വദേശിയാണ്. കർഷകനായ എനിക്ക് ഔഷധകൃഷിയെക്കുറിച്ചാണു പറയാനുള്ളത്. ആയുർ വേദവും ഔഷധച്ചെടികളും തമ്മിലുള്ള ബന്ധം ചെറുതല്ല.

കേരളത്തിന്‍റെ ഭൂപ്രകൃതിയും കാലാവസ്ഥയും ഔഷധകൃഷിക്ക് അനുയോജ്യമാണ്. ലോകത്തിലെ സസ്യസാന്ദ്രതയേറിയ പ്രദേശങ്ങളിൽ ഒന്നാണു കേരളം. അതുകൊണ്ടു തന്നെ, ആയുർവേദ ചികിത്സക്ക് കേരളം പണ്ടു മുതലേ പ്രസിദ്ധമാണ്.

കോവിഡ് കാലം വന്നതോടെ ബഹുഭൂരിപക്ഷം കേരളീയ ഭവനങ്ങളുടെ വീട്ടുമുറ്റത്തും ടെറസിലും പറന്പിലും ജൈവ പച്ചക്കറി കൃഷി വ്യാപകമായി. ആകാശവാണിയും ദൂരദർശനും കർഷകൻ പോലുള്ള കൃഷിമാസികകളും ജൈവകൃഷിക്കു വൻ പ്രചാരം നൽകി.

വിഷമില്ലാത്ത പച്ചക്കറിയുടെ രുചിയും ഗുണവും വീട്ടമ്മമാർക്ക് ബോദ്ധ്യപ്പെട്ടു. എത്രയോ യുവാക്കൾ പച്ചക്കറി കൃഷി ഒരു വരുമാനമാർഗമാക്കി. പച്ചക്കറികൃഷിപോലെ, നമുക്ക് ഒൗഷധസസ്യകൃഷിയും ചെയ്യാവുന്നതാണ്.

സ്വന്തം ഉപയോഗത്തിന് ഒരു ചെറിയ ഭാഗമേ വേണ്ടൂ. ബാക്കി നല്ല വിലയ്ക്ക് വിൽക്കാവുന്നതാണ്. ആയുർവേദ ഔഷധനിർമാണത്തിന് ഒഴിച്ചുകൂടാനാവാത്ത ചില ഒൗഷധച്ചെടികൾ നട്ടുവളർത്താൻ ഇനി നാം തയാറാകണം. രണ്ട് ഔഷധച്ചെടികളെപ്പറ്റി വിവരിക്കാം.

വിഷാണുക്കളെ തടയുന്ന ആര്യവേപ്പ്

വിഷാണുക്കളുടെ വ്യാപനം തടയാൻ ആര്യവേപ്പിന് അപാരശക്തിയുണ്ട്. നമ്മുടെ വീടുകളിൽ അരിയും ധാന്യങ്ങളും നശിപ്പിക്കുന്ന കീടങ്ങളെയും പ്രാണികളെയും അകറ്റാൻ ആര്യവേപ്പിന്‍റെ ഇല ഇവയിലിട്ടു വച്ചാൽ മതി.

ആര്യവേപ്പിന്‍റെ തൊലി, ഇല, വിത്ത് എന്നിവയിൽ നിന്നെടുക്കുന്ന തൈലം ആയുർവേദ ഒൗഷധനിർമാണത്തിന് അത്യാന്താപേക്ഷിതമാണ്. വേപ്പിൻ പിണ്ണാക്കിന്‍റെ പ്രാധാന്യം ജൈവകർഷകരോടു പറയേണ്ടതില്ലല്ലോ? ഏതു ചെടിയുടെയും അടിവളത്തിൽ പ്രധാനഘടകമാണു വേപ്പിൻ പിണ്ണാക്ക്.

നല്ലൊരു ജൈവകീടനാശിനിയായതിനാൽ ചിതൽ പോലുള്ളവുയുടെ ശല്യം തീർക്കാൻ വേപ്പിൻ പിണ്ണാക്കിനു കഴിയും. വേപ്പിൻ സോപ്പും വേപ്പെണ്ണയും നമുക്ക് അപരിചിതമല്ല. വേപ്പെണ്ണ എമൽഷൻ എന്ന ജൈവകീടനാശിനിയും നാം ഉപയോഗിക്കാറുണ്ടല്ലോ. വേപ്പിൻ കുരു സത്ത് മറ്റൊരു കീടനാശിനിയാണ്.

കൃമിശല്യത്തിനു വേപ്പില നീരിൽ ഉപ്പു ചേർത്തു കഴിക്കാൻ ആയുർവേദ വൈദ്യന്മാർ നിർദ്ദേശിക്കാറുണ്ട്. ചിക്കൻപോക്സ് പിടിപെട്ടാൽ ആര്യവേപ്പിന്‍റെ ഇല കൊണ്ട് ശരീരം ഉരസുന്നതിനും വേപ്പില വിരിച്ച പായയിൽ കിടക്കുന്നതിനും വൈദ്യ വിധി ഉണ്ടാകാറുണ്ട്.

വേപ്പിന്‍റെ തൊലിയും നല്ലൊര് ഔഷധം തന്നെ. ചൊറി, ചിരങ്ങ് എന്നിവയ്ക്ക് വേപ്പിൻപട്ട കൊണ്ടുള്ള കഷായം ആയൂർവേദ ചികിത്സകർ നിർദ്ദേശിക്കാറുണ്ട്. ഇത്രയും ഔഷധഗുണമുള്ള ആര്യവേപ്പിന്‍റെ ഒരു തൈ, ഈ മഴക്കാലത്ത് നമ്മുടെ വീട്ടുവളപ്പിൽ നടാൻ ശ്രമിക്കാം. വിത്തു പാകി മുളപ്പിച്ച തൈയാണു നടീൽ വസ്തു. അരമീറ്റർ ചതുരാകൃതിയിലുള്ള ഒരു കുഴി ഉണ്ടാക്കി അടിവളമായി ചാണകപ്പൊടിയും എല്ലുപൊടിയും മണലും ചേർത്ത മിശ്രിതം കുഴിയിലിടണം.


നന്നായി നനച്ചശേഷം വേണം തൈ നടാൻ. വെയിൽ തട്ടാതിരിക്കാൻ ചെടിയുടെ ചുവട്ടിൽ പുതയിടണം. കാറ്റത്ത് ഒടിഞ്ഞു വീഴാതിരിക്കാൻ താങ്ങു നൽകാനും മറക്കേണ്ട.

വർഷത്തിലൊരിക്കലേ ആര്യവേപ്പിനു വളം ആവശ്യമുള്ളൂ. മഴയെ ആശ്രയിക്കുന്ന ചെടിയായതിനാൽ നനയ്ക്കേണ്ട ആവശ്യമില്ല. മഴക്കാലം തുടങ്ങിയാൽ പുതമാറ്റണം. വേനൽ ക്കാലം തുടങ്ങുന്പോൾ പുതയിടണം.

സുഗന്ധരുചിയുമായി കറിവേപ്പ്

കറികൾക്കു സുഗന്ധരുചി പകരുന്ന കറിവേപ്പിലയിൽ, ആന്‍റി ഓക്സിഡന്‍റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. നീർവാർച്ചയുള്ള സ്ഥലത്ത് ധാരാളം സൂര്യപ്രകാശം കിട്ടുമെങ്കിൽ കറിവേപ്പ് തഴച്ചു വളരും. വെള്ളം കെട്ടി നിൽക്കാൻ ഇടയുള്ള സ്ഥലം ഇതിനു പറ്റിയതല്ല.

പഴുത്തു പാകമാകുന്ന കായ്കൾ താഴെ വീണു മുളച്ചും വേരുപൊട്ടി മുളച്ചുമാണ് ഇതിന്‍റെ തൈകൾ ഉണ്ടാകുന്നത്. ഒരു വർഷം പ്രായമായ തൈകളാണു നടാൻ നല്ലത്. ഒന്നര അടി നീളം, വീതി, താഴ്ച എന്ന കണക്കിൽ കുഴിയെടുത്ത് 10 കിലോഗ്രാം ജൈവവളവും മേൽമണ്ണും നിറച്ച് കുഴിയുടെ മധ്യത്തിൽ തൈകൾ നടേണ്ടതാണ്. കാറ്റത്തു മറിഞ്ഞു വീഴാ തെ തൈകൾക്കു താങ്ങു നൽകണം. ജൂണ്‍-ജൂലൈ മാസങ്ങളാണ് നടാൻ ഏറ്റവും നല്ല സമയം.

ഒരു മീറ്ററെങ്കിലും ഉയരം വന്നാലേ ഇല പറിക്കാവൂ. ഈ സമയത്ത് പ്രധാന മുകുളം മുറിച്ചു മാറ്റിയാൽ ശാഖോപശാഖകളായി വളരുകയും ചെയ്യും. ഏതൊരു വീട്ടുമുറ്റത്തും ഒന്നോ രണ്ടോ കറിവേപ്പ് ഉണ്ടാകണം. രാസവളങ്ങളും രാസകീടനാശിനിയും ചേർത്ത തമിഴ്നാട്, കർണ്ണാടക പ്രദേശങ്ങളിൽ നിന്നു വരുന്ന മണമില്ലാത്ത കറിവേപ്പിലയെ ഇങ്ങനെ മാറ്റിനിർത്താം. മാത്രമല്ല, ചെടിയിൽ നിന്നു നേരിട്ടു പറിച്ചെടുത്ത കറിവേപ്പില ചേർത്ത കറിയുടെ സുഗന്ധം എത്രയോ ആസ്വാദ്യകരമാണ്.

ആഹാരത്തിനു രുചി പകരുക മാത്രമല്ല, പോഷകസമൃദ്ധം കൂടിയാണു കറിവേപ്പില. ഇതൊരു ഒൗഷധച്ചെടി കൂടിയാണ്. മോരിൽ കറിവേപ്പില അരച്ചു സേവിച്ചാൽ വിരശല്യം മാറുമെന്ന് ആയുർവേദം പറയുന്നു. ഇലയും വേരും നല്ല വേദനസംഹാരികളാണ്. ചർദ്ദിക്ക് ഒറ്റമൂലിയായി കറിവേപ്പ് ഉപയോഗിക്കാം. കാന്താരിയും ഇഞ്ചിയും കറിവേപ്പിലയും ചേർത്ത സംഭാരം വേനൽക്കാലത്തു കുടിക്കാവുന്ന മികച്ച പാനീയമാണ്.

ഓരോ വർഷവും ജൈവവളം നൽകിയാൽ ചെടി നന്നായി വളരും. അതിനാൽ ഏതൊരു വീട്ടിലും ഒരു കറിവേപ്പെ ങ്കിലും ഉണ്ടാകട്ടെയെന്നു പ്രതീക്ഷിക്കുന്നു.

ഇല കുരുടിപ്പ്, മണ്ഡരിയുടെ ശല്യം എന്നിവക്കെതിരേ സോപ്പുലായിനി തളിക്കാം. കഴിയുന്നതും ജൈവകീടനാശിനി മാത്രം ഉപയോഗിക്കുക. സ്ഥലസൗകര്യമുള്ളവർക്ക് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ് താൽ മികച്ച വരുമാനവും ഉണ്ടാക്കാനാവും.

ഫോണ്‍: മണി- 94473 97841

വി.ജി. മണി
കർഷകൻ, നോർത്ത് പറവൂർ