ഔഷധികളുടെ റാണിയെ പരിചയപ്പെടാം
ഔഷധികളുടെ റാണിയെ പരിചയപ്പെടാം
Tuesday, November 2, 2021 6:02 AM IST
ശതാവരി എന്ന വാക്കിനർത്ഥം ആറു ഭർത്താക്കന്മാരാണ് എന്നാണ്. ഉത്പാദനക്ഷമതയും ഊർജ്വസ്വലതയും വർധിപ്പിക്കാൻ കഴിവുള്ളതെന്ന അർത്ഥത്തിൽ ശതാവരിയെ ആറു ഭർത്താക്കന്മാർ അഥവാ ഭാര്യമാർ എന്നു മൊഴിമാറ്റം ചെയ്യാം. ആയുർവേദത്തിൽ ശതാവരിക്ക് "ഔഷധികളുടെ റാണി’ എന്ന് ഓമനപ്പേരുണ്ട്.

ചരകസംഹിതയിലും വാഗ്ഭടന്‍റെ അഷ്ടാംഗഹൃദയത്തിലും സ്ത്രീകൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്കു കണ്‍കണ്ട ഒൗഷധമായി ശതാവരിയെ അടയാളപ്പെടുത്തിയിരിക്കുന്നു. വാർധക്യത്തിന്‍റെ വരവു മന്ദീഭവിപ്പിക്കാനും ആയുസ് വർധനയ്ക്കും പ്രതിരോധശേഷി ലഭിക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ശതാവരിക്കുള്ള കഴിവ് എടുത്തുപറയേണ്ടതാണ്.

ശരീരത്തിനു കരുത്തും ഉൗർജ്വസ്വലതയും ലഭിക്കാനുള്ള ആയുർവേദ രസായനങ്ങളിൽ ശതാവരി പ്രമുഖ ചേരുവയാണ്. ശതാവരി എന്ന വാക്കിന് ആറു രോഗങ്ങളെ ഭേദപ്പെടുത്താൻ കഴിവുള്ളത് എന്നും അർത്ഥമുണ്ട്. അമൂല്യഒൗഷധഗുണങ്ങൾ ഉള്ളതിനാൽ ഇതിനെ ആയുർ വേദത്തിൽ ജീവനപഞ്ചമൂലത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സസ്യപരിചയം

നിത്യഹരിത സുന്ദരിയാണ് ശതാവരി. ന്ധഅപസ്പരാഗ്സ് റെസിമോസസ്’ എന്നു സസ്യനാമം. മുള്ളോടുകൂടിയ വള്ളിയായി പടർന്നു കയറുന്ന ശതാവരി ഒറ്റനോട്ടത്തിൽ ഒരു അലങ്കാരച്ചെടിയാണെന്നേ തോന്നൂ.

വളരെ പണ്ടുമുതൽക്കു തന്നെ ഇതു നമ്മുടെ പറന്പുകളിലും മരങ്ങളിലുമൊക്കെ പടർന്നുകയറി വളർന്നിരുന്നു. ഇലകൾ ചെറുമുള്ളുകൾ പോലെ രൂപാന്തരപ്പെട്ടു ചെറിയ വെളുത്തപൂക്കൾ വിടർത്തുന്ന പൂങ്കുലകളാകുന്നു. മുള്ളുകളാണു ചെടിക്കു പടർന്നു കയറാനുള്ള ഉപാധി. ഏതാണ്ട് 100-150 സെന്‍റീ മീറ്റർ വരെ ഉയരത്തിൽ വളരും. ഇതിന്‍റെ വേരുകൾ ഓരേ സമയം നാരുകൾ പോലെ നീണ്ടതും മാംസളവുമാണ്.

സാധാരണഗതിയിൽ ജനുവരി മുതൽ മാർച്ച് വരെയുള്ള കാലമാണ് പൂക്കാലം. ഏപ്രിൽ-മേയിൽ ആകുന്പോഴേക്കും ഇതു കായ്കളായി മാറും. കറുപ്പു കലർന്ന ചുവന്ന നിറമുള്ള ഉരുണ്ട കായകൾ. ശതാവരി വേരുകൾക്ക് ഒരു മീറ്ററോളം നീളമുണ്ടാകും. രണ്ടറ്റവും കൂർത്തിരിക്കും. ഒരു ചെടിയിൽ ഇത്തരത്തിൽ കുറഞ്ഞതു നൂറു വേരുകളെങ്കിലും കാണും. വിളഞ്ഞു പഴുത്ത കായ്കളിൽ നിന്നു വിത്തെടുത്തു പാകിയും ശതാവരി വളർത്താറുണ്ട്.

ലില്ലിച്ചെടികളുടെ കുടുംബമായ ലിലിയേസിയിലെ അംഗമാണ് ശതാവരി. ചുവട്ടിലെ മാംസളമായ കിഴങ്ങുകളുള്ള ചെടിയായതിനാലാണ് നേരത്തെ ഇത് ലിലിയേസിയിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ഇത് അസ്പരാഗേസി കുടുംബത്തിലാണ് ഉൾപ്പെടുത്തുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1300 മീറ്റർ വരെ ഉരമുള്ള സ്ഥലങ്ങളിൽ ശതാവരി വളരുന്നുണ്ട്.

കൃഷിയറിവുകൾ

ജൈവവളം ചേർത്ത് കിളച്ചൊരുക്കിയ മണ്ണിൽ രണ്ടടി അകലത്തിൽ ഒരടി വ്യാസമുള്ള കൂനകളിൽ മഴയ്ക്കു തൊട്ടുമുന്പായി വേരുപിടിപ്പിച്ച തൈകൾ നട്ട് ശതാവരി വളർത്താം. ഒരു സെന്‍റു സ്ഥലത്ത് കൃഷിക്കൊരുക്കുന്പോൾ 200 കിലോ ചാണകപ്പൊടി കുറച്ചു മണലുമായി ചേർത്തിളക്കി അടിവളമായി ചേർക്കാം. അത്യാവശ്യം നനച്ചു കൊടുത്താൽ 15-20 ദിവസം കൊണ്ട് വള്ളികൾ തല നീട്ടി പടരാൻ തുടങ്ങും. അപ്പോൾ കന്പുകൾ നാട്ടി പടരാൻ സൗകര്യമൊരുക്കണം. തടത്തിൽ വൈക്കോ ലോ പച്ചിലകളോ കൊണ്ടു പുതയിടുന്നതു നല്ലതാണ്.

സ്ഥലപരിമിതിയുള്ളവർക്ക് ഗ്രോ ബാഗിൽ ശതാവരി വളർത്താം 14 ഃ 10 സെന്‍റീമീറ്റർ വലിപ്പമുള്ള പോളിബാഗിൽ മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ തുല്യ അനുപാതത്തിൽ കലർത്തിയ മിശ്രിതം നിറയ്ക്കണം. ഇതിൽ തൈകൾ നടാം. തുടക്കത്തിൽ തണൽ കൊടുക്കണം. തൈകൾക്ക് കരുത്തായാൽ തുറസായ സ്ഥലത്തേക്കു മാറ്റാം.

മേയ്-ജൂണ്‍ മാസങ്ങളാണ് തൈനടാൻ അനുയോജ്യം. ചെടി വളരുന്നതനുസരിച്ച് രണ്ടു പ്രാവശ്യമെങ്കിലും കളനീക്കലും ജൈവവളം ചേർക്കലും നടത്തണം. വേനൽക്ക് നനസൗകര്യമുണ്ടെങ്കിൽ നന്ന്. രണ്ടാം വർഷാവസാനത്തോടെ ചെടികൾ മുറിച്ചു നീക്കി കൂനകൾ കിളച്ച് കിഴങ്ങുകൾ ശേഖരിക്കാം.

ശതാവരിയുടെ കിഴങ്ങു മാത്രമല്ല, ഇലകളും ഒൗഷധഗുണമുള്ളതാണ്. ആദ്യവർഷാവസാനത്തോടെ വള്ളികൾ ഉണങ്ങിപ്പോയാലും കിഴങ്ങുകൾ നശിക്കാതെ മണ്ണിനടിയിൽ കിടക്കും. മഴ കിട്ടുന്നതോടെ വള്ളികൾ പൂർവാധികം ശക്തിയിൽ വളരുകയും ചെയ്യും.

സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ് കിഴങ്ങുകൾ എടുക്കുന്നത്. പറിക്കുന്നതിനു രണ്ടു ദിവസം മുന്പ് തടം നന്നായി നനച്ചാൽ വിളവെടുപ്പ് എളുപ്പമാകും. ഒരേക്കറിൽ നിന്ന് 6000 കിലോ വരെ പച്ചശതാവരിക്കിഴങ്ങു കിട്ടും. ഇത് പച്ചക്കും ഉണക്കിയും വിൽക്കാം. രണ്ടായാലും കൃഷിച്ചെലവു കഴിഞ്ഞ് ആദായം കിട്ടും.


വേരുണക്കിയതിനാകുന്പോൾ കൂടുതൽ വില പ്രതീക്ഷിക്കുകയും ചെയ്യാം. ഇതു തന്നെ ഉണക്കി പൊടിയാക്കിയതിന് സാമാന്യം ഭേദപ്പെട്ട വിലയുണ്ട്. പ്രത്യേകിച്ച് ജൈവരീതിയിൽ വളർത്തിയെടുത്ത കിഴങ്ങുകൾ പൊടിച്ചെടുക്കുന്ന ജൈവശതാവരിപ്പൊടിക്ക് കിലോയ്ക്ക് 1500 രൂപയിലേറെ വിലയുണ്ട്. വ്യത്യസ്ഥകന്പനികൾ തയാറാക്കി വിപണിയിൽ എത്തിക്കുന്ന ശതാവരിപ്പൊടിക്ക് ഗണ്യമായ ഏറ്റക്കുറച്ചിലുണ്ടാകും.

ഒരു കാർഷികോത്പന്നത്തിന്‍റെ സംസ്കരണം അതിന്‍റെ വിപണി മൂല്യത്തിലുണ്ടാക്കുന്ന ഗണ്യമായ വർധനയ്ക്ക് ഉത്തമ ഉദാഹരണമാണ് ശതാവേരിക്കിഴങ്ങും പൊടിയും തമ്മിൽ വിപണിവിലയിലുണ്ടാകുന്ന അന്തരം.

വീര്യത്തിനു നിദാനം ഇവ

ഇതര ഒൗഷധികളേക്കാൾ ശതാവരിക്ക് മികച്ച ഔഷധമേ· നൽകുന്നത് അതിലുൾക്കൊള്ളുന്ന സസ്യജന്യരാസപദാർത്ഥങ്ങളാണ്.

ഒരർഥത്തിൽ നൂറു രോഗങ്ങൾ ഭേദപ്പെടുത്താൻ ശതാവരിക്കു കഴിവു നൽകുന്നതും അതിൽ സമൃദ്ധമായടങ്ങിയിരിക്കുന്ന ഈ രാസഘടകങ്ങൾ തന്നെ. സ്റ്റീറോയിഡ് സാപ്പൊണിയൻ (ശതാവരിൻ) ഓളിഗോസാക്കറൈഡുകൾ, മ്യൂലിലേ, ഐസോഫ്ലോവോണുകൾ, അൽക്കലോയിഡുകൾ, റൂട്ടിൻ, ക്വാർസെറ്റിൻ, സ്റ്റീറോൽ തുടങ്ങി പ്ലേവനോയിഡുകൾ എന്നിവയുമുണ്ട്. കൂടാതെ മാംഗനീസ്, കോപ്പർ, സിങ്ക്, കോബാൾട്ട്, പൊട്ടാസ്യം, സെലേനിയം, കാത്സ്യം, മഗ്നീഷ്യം, ജീവകം എ, അസ്കോർബിക് ആസിഡ് എന്നിവയും ഗാമാ-ലിനൊലിനിക് ആസിഡ് പോലുള്ള ആവശ്യകൊഴുപ്പമ്ലങ്ങളും അടങ്ങിയിരിക്കുന്നു.

ആരോഗ്യസംരക്ഷക മേന്മകൾ ഏറെ

ശതാവരിയുടെ വേരാണ് ഒൗഷധയോഗ്യമായ ഭാഗം. സ്വതന്ത്രറാഡിക്കളുകൾ വരുത്തുന്ന കോശനശീകരണം ചെറുക്കാൻ പ്രാപ്തമായ നിരോക്സീകാരകമാണ് ശതാവരി. ഇതിലുള്ള സാപ്പൊണിനുകളാണിതിനു സഹായിക്കുന്നത്.

ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി ഉയർത്താനുള്ള സിദ്ധിയും ശതാവരിക്കുണ്ട്. ഏതു ചുമസംഹാരിയേക്കാളും ഫലവത്തായി ചുമയിൽ നിന്ന് ആശ്വാസം നൽകാൻ ശതാവരിക്കു കഴിയും. അതിസാരവും അതുമൂലം ശരീരത്തിൽ സംഭവിക്കുന്ന വലിയ ജലനഷ്ടവും പരിഹരിക്കാനുള്ള ഒരു നാടൻ പ്രതിവിധിയാണ് ശതാവരി.

ആയൂർവേദവിധിപ്രകാരം ഇത് ഉത്തമമായ മൂത്രളവുമാണ്. ആമാശയം, ചെറുകുടൽ, അന്നനാളം എന്നിവിടങ്ങളിലുണ്ടാകുന്ന വേദനാജനകമായ അൾസറിനു പരിഹാരമാണിത്. ശതാവരിയുടെ വേരിൽ നിന്നെടുക്കുന്ന സത്തിന് വൃക്കകളിൽ രൂപം കൊള്ളുന്ന കല്ലുകളെ ഒഴിവാക്കാനും ഇവ രൂപപ്പെടുന്നതു തടയാനും കഴിവുണ്ട്.

ശരീരത്തിലെ പഞ്ചസാരയുടെ നില ക്രമീകരിക്കാൻ ശതാവരി സഹായിക്കും.
ഒരുപക്ഷെ സ്ത്രീകളുടെ പ്രത്യുത്പാദന പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറ്റവുമധികം ഉപയോഗിക്കുന്ന പരന്പരാഗത ഒൗഷധിയും ശതാവരിയാണെന്നു പറയാം.

സ്ത്രീശരീരത്തിലെ ഹോർമോണ്‍ സന്തുലന തകരാറുകൾ പരിഹരിക്കാനും അണ്ഡാശത്തിൽ ചെറുമുഴകൾ ഉണ്ടാകുന്നതു തടയാനും ഇതിനു കഴിവുണ്ട്. ആർത്തവസംബന്ധമായ ക്രമക്കേടുകളും പരിഹരിക്കാനാകും.

ആകാംക്ഷ, വിഷാദം തുടങ്ങിയ രോഗാവസ്ഥകൾക്ക് ശതാവരി പരിഹാരമാകുമെന്ന് ആധുനിക വൈദ്യശാസ്ത്രപഠനങ്ങൾ തെളിയിക്കുന്നു.

ശതാവരി അച്ചാർ

ശതാവരിക്കിഴങ്ങ് ഉപയോഗിച്ച് സ്വാദിഷ്ടമായ അച്ചാർ അനായാസം തയാറാക്കാം. കിഴങ്ങുകൾ കഴുകി വൃത്തിയാക്കി തൊലികളഞ്ഞ് അരിഞ്ഞെടുക്കുക. എണ്ണയിൽ ഉലുവ, കറിവേപ്പില, വെളുത്തുള്ളി, പച്ചമുളക് എന്നിവ നന്നായി ചൂടാക്കി അതിലേക്ക് അരിഞ്ഞ ശതാവരിക്കഷണങ്ങൾ ചേർക്കുക. തുടർന്ന് മഞ്ഞൾപ്പൊടിയും അല്പം ഉപ്പും ചേർക്കണം. വെന്തുകഴിയുന്പോൾ ആവശ്യത്തിനു മുളകുപൊടിയും കായവും വിനാഗിരിയും ചേർത്ത് ഒരുക്കാം.

ശതാവരിക്കിഴങ്ങ് അരമണിക്കൂർ നേരം ആവിയിൽ പുഴുങ്ങി തൊലികളഞ്ഞ് അരിഞ്ഞ് വെയിലത്തുണക്കിയും അച്ചാറുണ്ടാക്കാം. ഇങ്ങനെ ചെയ്യുന്പോൾ കിഴങ്ങിന്‍റെ മധ്യഭാഗത്ത് നീളത്തിൽ കാണുന്ന നാര് ഇളക്കിയെടുത്തു കളയാൻ സാധിക്കും. ഓന്നോ രണ്ടോ ദിവസം നല്ല വെയിലത്തുണക്കിയാൽ മതിയാകും.

ഫോണ്‍: 9446306909.

സുരേഷ് മുതുകുളം
റിട്ട. പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ , ഫാം ഇൻഫർമേഷൻ ബ്യൂറോ