കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയും ബാധിക്കും. കര്‍ഷക ഉത്പാദക കമ്പനികള്‍ രൂപീകരിച്ച് കുത്തക കമ്പനികളുമായി മല്ലിട്ട് കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ഇന്ത്യയിലെവിടെയും വില്‍ക്കാമെന്നതാണ് നിയമത്തിന്റെ സാധ്യതയായി പറയുന്നത്. ഇതേക്കുറിച്ച് കേരളത്തിലെ ഒരു കര്‍ഷക ഉത്പാദക കമ്പിനിയായ വേണാട് പൗള്‍ട്രി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ ഡോ. കെ. ചന്ദ്രപ്രസാദ് തന്‍റെ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നു.

പുതിയ കര്‍ഷകബില്ലുകള്‍ നിലവില്‍ വന്നതോടെ പാന്‍കാര്‍ഡുള്ള ഏത് ഇന്ത്യന്‍പൗരനും സംസ്ഥാന സര്‍ക്കാരുകളുടെ ലൈസന്‍സില്ലാതെ കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം നടത്താം. അതിനു സര്‍ക്കാര്‍ നിയന്ത്രിത മാര്‍ക്കറ്റുകളുടെ ആവശ്യമില്ല. കോര്‍പറേറ്റുകള്‍ക്കും കുത്തകള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയും. ശക്തമായ കര്‍ഷകഉത്പാദക കമ്പനികള്‍ക്കു മാത്രമേ ഈ സാഹചര്യത്തില്‍ സംഘടിതശക്തിയിലൂടെ കുത്തകകളുടെയും കോര്‍പറേറ്റുകളുടെയും കടന്നുകയറ്റത്തെ ചെറുത്തു നിര്‍ത്താനാകൂ. സ്വതന്ത്രവിപണിയായതിനാല്‍ കുത്തകകളെയും കോര്‍പറേറ്റുകളെയും നേരിട്ടു വേണം എഫ്പിഒകള്‍ക്കു ചെറുകിട- നാമമാത്ര കര്‍ഷകരെ സംരക്ഷിക്കാന്‍. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ നമ്മുടെ രാജ്യത്ത് ഏഴായിരത്തിലധികം കര്‍ഷക ഉത്പാദകകമ്പനികള്‍ രൂപീകരിക്കപ്പെട്ടിരുന്നു. 2024-നകം പതിനായിരം പുതിയ കര്‍ഷക ഉത്പാദക കമ്പനികള്‍ കൂടി ആരംഭിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ നബാര്‍ഡാണ് കര്‍ഷക ഉത്പാദക കമ്പനികള്‍ രൂപീകരിക്കുന്നതിനു നേതൃത്വം നല്‍കുന്നത്.

കുത്തകസംഭരണത്തിനും കരാര്‍ കൃഷിക്കും സൗകര്യമൊരുക്കി, കാര്‍ഷിക ഉത്പന്നങ്ങള്‍ക്കു സ്വതന്ത്രവിപണിയും തുറന്നു കൊടുത്ത് സര്‍ ക്കാര്‍ പിന്‍വാങ്ങിയാല്‍ നമ്മുടെ രാജ്യത്തെ ചെറുകിട- നാമമാത്ര കര്‍ഷകര്‍ തീരാദുരിതത്തിലാകും. ഇവരെ സംഘടിപ്പിച്ച് ഉത്പാദനം, സംഭരണം, മൂല്യവര്‍ധനവ്, വിപണനം എന്നീ മേഖലകളില്‍ ഇടപെട്ട് കര്‍ഷകരെ സംരക്ഷിക്കാന്‍ എത്ര കര്‍ഷക കമ്പനികള്‍ക്കാവും എന്നതാണ് ചോദ്യചിഹ്നമായി നില്‍ക്കുന്നത്.

കര്‍ഷക ഉത്പാദക കമ്പനികളുടെ ശോച്യാവസ്ഥ

കര്‍ഷകരില്‍ നിന്ന് ഓഹരിയായി ലഭിക്കുന്ന നാമമാത്രതുകകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ കര്‍ഷക ഉത്പാദക കമ്പനികള്‍ക്കാവില്ല. വലിയതോതില്‍ മൂലധനം ആവശ്യമുള്ള പ്രവര്‍ത്തനങ്ങളാണ് കര്‍ഷക ഉത്പാദക കമ്പനികള്‍ക്ക് ഏറ്റെടുക്കേണ്ടിവരുന്നത്.

ഉത്പാദനോപാധികള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിവയുടെ സംഭരണം, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍, ശീതീകരിച്ചതും അല്ലാത്തതുമായ ഗോഡൗണുകള്‍, വാഹന സൗകര്യങ്ങള്‍, വിപണന ശൃംഖല, ഓഫീസ് സൗകര്യങ്ങള്‍, ജീവനക്കാര്‍ എന്നിവയെല്ലാമുണ്ടെങ്കിലേ ഒരു കര്‍ഷക ഉത്പാദക കമ്പനിക്ക് കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ കാര്യക്ഷമമായി ഇടപെടാനും അവര്‍ക്കു മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും കഴിയൂ. കൂടുതല്‍ മൂലധനം സ്വരൂപിക്കുന്ന കര്‍ഷക ഉത്പാദക കമ്പനികള്‍ക്കുമാത്രമേ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയൂ. അല്ലെങ്കില്‍ സര്‍ക്കാരില്‍ നിന്ന് ആവശ്യമായ മൂലധനം ഗ്രാന്റായോ, പലിശരഹിത വായ്പയായോ കര്‍ഷക ഉത്പാദക കമ്പനികള്‍ക്കു ലഭ്യമാക്കണം.

നിലവില്‍ വളരെ തുശ്ചമായ തുകയാണ് പ്രവര്‍ത്തനമൂലധനമായി സര്‍ക്കാര്‍ നല്‍കുന്നത്. കൂടുതല്‍ ഓഹരിമൂലധനവും വാര്‍ഷിക വിറ്റുവരവുമുള്ള കര്‍ഷക ഉത്പാദക കമ്പനികള്‍ക്ക് അവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതാണെങ്കില്‍ പോ ലും എസ്എഫ്എസിയില്‍ നിന്നുള്ള അധിക ഗ്രാന്റുകളോ ബാങ്കുലോണുകള്‍ക്കുള്ള ഗാരന്റിയോ ലഭിക്കുന്നില്ല. ഇക്യുറ്റി ഗ്രാന്റുകള്‍ക്കും ക്രെഡിറ്റ് ഗാരന്റിക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന അശാസ്ത്രീയ മാനദണ്ഡങ്ങളാണു കാരണം. വന്‍കിടക്കാരോ, കോര്‍പറേറ്റുകളോ കര്‍ഷക ഉത്പാദക കമ്പനികളെ തട്ടിക്കൊണ്ടുപോകുമെന്ന മുന്‍വിധിയോടെയാണ് സഹായങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ എസ്എഫ്എസി തയാറാക്കിയിരിക്കുന്നത് എന്നു തോന്നിപ്പോകും.

കര്‍ഷക ഉത്പാദക കമ്പനി:ചില അനുഭവങ്ങള്‍, പരിഹാരങ്ങള്‍

നാമമാത്ര തുകയാണ് കര്‍ഷക ഉത്പാദക കമ്പനികള്‍ക്ക് പ്രവര്‍ത്തന മൂലധനമായി സര്‍ക്കാര്‍ നല്‍കുന്നത്. ഇതിനു മാറ്റമുണ്ടാകണം. ഓരോ കര്‍ഷക ഉത്പാദക കമ്പനിയുടെയും പ്രവര്‍ത്തനവും പദ്ധതികളും വാര്‍ഷിക വിറ്റുവരവുമായി വിലയിരുത്തി പ്രവര്‍ത്തന മൂലധനം ഗ്രാന്റായോ, പലിശരഹിത വായ്പയായോ ബാങ്കുലോണായോ ലഭ്യമാക്കണം.


അമ്പതുലക്ഷം രൂപ ഓഹരിമൂലധനവും നാലുകോടി രൂപ വിറ്റുവരുവമുള്ള, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കര്‍ഷക ഉത്പാദക കമ്പനിക്ക് നിസാരകാരണങ്ങള്‍ പറഞ്ഞ് കേരളത്തിലെ അഞ്ചു പൊതുമേഖലാ ബാ ങ്കുകള്‍ ലോണ്‍ നിഷേധിച്ചു. ലോണി നു ഗാരന്റി നല്‍കാന്‍ ഉത്പാദക കമ്പനിക്കു കഴിയാത്തതിന്റെ പേരിലാണ് ലോണ്‍ നിഷേധിച്ചിരിക്കുന്നത്. കര്‍ഷകഉത്പാദക കമ്പനികളുടെ പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ ക്കും ആവശ്യമായ ലോണ്‍ കുറഞ്ഞ പലിശനിരക്കില്‍ സര്‍ക്കാര്‍ ഗാരന്റിയോടുകൂടി ബാങ്കുകളില്‍ നിന്നു ലഭ്യമാക്കണം.

ഉത്പാദന മേഖലയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ പോലും അവരുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉത്പാദക കമ്പനികളെ വിളിപ്പാടകലെ നിര്‍ത്തിയിരിക്കുകയാണ്. വന്‍ കോര്‍പറേറ്റുകളായിട്ടാണ് കര്‍ഷ ക ഉത്പാദക കമ്പനികളെയും പ്ര സ്തുത വകുപ്പുകള്‍ കാണുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കര്‍ഷക ഉത്പാദക കമ്പനികളെ സഹായിക്കുന്ന നയങ്ങളും പരിപാടികളും കുറവാണ്. കൃഷി, മൃഗസംരക്ഷണ- ഡയറി, ഫിഷറീസ് മേഖലകളിലെ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനു കര്‍ഷക ഉത്പാദക കമ്പനികള്‍ക്കു കഴിയും. അതിനാവശ്യമായ തീരുമാനങ്ങളും ഉത്തരവുകളും സര്‍ക്കാരിന്റെ ഭാഗ ത്തു നിന്നുണ്ടാകണം.

ചെറുകിട,നാമമാത്ര കര്‍ഷകര്‍ നേരിടാന്‍ പോകുന്ന വെല്ലുവിളി

നമ്മുടെ രാജ്യത്തെ 86 ശതമാനം കര്‍ഷകരും അഞ്ചേക്കറില്‍ താഴെ ഭൂമിയുള്ളവരാണ്. ഇതില്‍ 67 ശതമാനവും രണ്ടര ഏക്കറില്‍ താഴെ കൃഷി ഭൂമിയുള്ളവരും. അടിസ്ഥാന അവശ്യങ്ങള്‍ക്കുള്ള പണം കണ്ടെത്തുന്നതിനായി ഓരോ വിളവെടുപ്പുകളെയും ആശ്രയിക്കുന്ന ഇവര്‍ക്ക് പുതിയ കര്‍ഷക നിയമങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമാവില്ല. സാധാരണ കര്‍ഷകനെ സംബന്ധിച്ചിടത്തോളം അകലെയുള്ള അപരിചിത മാര്‍ക്കറ്റുകള്‍ അപ്രാപ്യമാണ്. തുടക്കത്തില്‍ സ്വകാര്യ കച്ചവടക്കാരും കമ്പനികളും ഉയര്‍ന്ന വിലനല്‍കി കര്‍ഷകരില്‍ നിന്ന് ഉത്പന്നങ്ങള്‍ സംഭരിക്കും. വിപണനം എപിഎംസി എന്ന നിലവിലെ കര്‍ഷക വിപണിക്കു പുറത്തായതിനാല്‍ നികുതികളും കമ്മീഷനുകളും നല്‍കേണ്ടിവരില്ല. നികുതി തുകയുടെ ഒരുഭാഗംകുടി ചേര്‍ത്ത് ഉത്പന്നത്തിന്റെ വിലയായി കര്‍ഷകനു ലഭിക്കുന്നതിനാല്‍ കുറഞ്ഞകാലം കൊണ്ട് എപിഎംസി വിപണികള്‍ക്കു പുറത്തുള്ള സ്വതന്ത്രമാര്‍ക്കറ്റുകള്‍ ശക്തമാകും. എപിഎംസി വിപണികള്‍ ക്രമേണ അപ്രത്യക്ഷമാകും. സ്വതന്ത്രവിപണി തുടക്കത്തില്‍ കര്‍ഷകര്‍ക്ക് ആകര്‍ഷകമായി തോന്നാമെങ്കിലും കുറഞ്ഞ കാലംകൊണ്ട് കുത്തകകളും കോര്‍പറേറ്റുകളും വിപണി പൂര്‍ണമായി കൈയടക്കും. സംഘടിത വിലപേശല്‍ നഷ്ടപ്പെട്ട കര്‍ഷകരെ താങ്ങുവിലനല്‍കിയോ, സംഭരണമേര്‍പ്പെടുത്തിയോ സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ക്കു കഴിയാതെ വരും. കാര്‍ഷിക വിപണികളില്‍ സര്‍ക്കാരിന്റെ നിയന്ത്രണം ഇല്ലാതാകുന്ന ഈ അവസ്ഥ ആവശ്യവസ്തു നിയമഭേദഗതിയുമായി കൂട്ടിവായിക്കേണ്ടതുണ്ട്. നിയമത്തിന്റെ പിന്‍ബലത്തില്‍ വളരെ ഉയര്‍ന്ന അളവില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങുന്നതിനും സംഭരിക്കുന്നതിനും കുത്തകകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും കഴിയും. കൂടുതല്‍ സംഭരണശേഷിയുള്ള കോര്‍പറേറ്റുകള്‍ വിപണിയും വിതരണവും കൈയടക്കുന്ന സ്ഥിതി സംജാതമാകും. ഇവര്‍ പറയുന്ന വിലയ്ക്ക് ഉത്പന്നം നല്‍കേണ്ട സ്ഥിതിയും ഉണ്ടാകാം.

കരാര്‍ കൃഷി എന്ന ചതിക്കുഴി

കരാര്‍ കൃഷിയിലൂടെ ഉണ്ടായ നഷ്ടങ്ങളുടെ കഥപറയുന്ന ധാരാളം കര്‍ഷകര്‍ നമ്മുടെ രാജ്യത്തുണ്ട്. ഉയര്‍ന്ന വില വാഗ്ദാനം ചെയ്ത് കുറച്ചു കര്‍ഷകരെ കരാര്‍ കൃഷിയിലേക്കുകൊണ്ടുവരുന്നു. കരാര്‍ കൃഷിയിലേര്‍പ്പെട്ട കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്കു കൂടുതല്‍ വില ലഭിക്കുന്നതുകണ്ട് കൂടുതല്‍ കര്‍ഷകര്‍ ഈ രംഗത്തേക്കു വരുന്നു. ഉത്പാദനം വര്‍ധിക്കുമ്പോള്‍ കരാറില്‍ എഴുതിച്ചേര്‍ത്തിരിക്കുന്ന 'ഗുണനിലവാരം ഇല്ല' എന്ന നിബന്ധന ഉപയോഗിച്ച് വിലകുറയ്ക്കുകയോ ഉത്പന്നം വാങ്ങാതിരിക്കുകയോ ചെയ്യാം. ഉത്പന്നത്തിന്റെ ഗുണമേന്മ നിലനിലനിര്‍ത്തുന്നതിനുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കാത്ത ചെറുകിട നാമമാത്ര കര്‍ഷകരെയാണ് കരാര്‍കൃഷിയിലെ ഗുണമേന്മാ മാനദണ്ഡം സാരമായി ബാധിക്കുന്നത്. കൃഷിഭൂമി വന്‍തോതില്‍ കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലാകുന്നതിനും കരാര്‍ കൃഷി ഇടയാക്കും. കൃഷിഭൂമിയും സേവനവും വിട്ടു നല്‍കുന്ന രീതിയും കരാറിന്റെ ഭാഗമാക്കാം.

ഫോണ്‍: ഡോ. ചന്ദ്രപ്രസാദ്- 8111 88 4440.