കല്ലുകള്‍ കഥപറയുന്ന മഹാബലിപുരം
കല്ലുകള്‍ കഥപറയുന്ന മഹാബലിപുരം
Saturday, February 1, 2020 3:32 PM IST
കല്ലുകള്‍ കഥപറയുന്ന നാടാണ് തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലുള്ള മഹാബലിപുരം. കരിങ്കല്ലില്‍ കൊത്തിയെടുത്ത ശില്പങ്ങളും ഗുഹകളും ക്ഷേത്രങ്ങളുമാണ് മഹാബലിപുരത്തെങ്ങും. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംനേടിയ സ്മാരകങ്ങളാണ് ഇവയെല്ലാം. പല്ലവ രാജഭരണകാലത്ത് പണി തീര്‍ത്തവയാണ് ഈ നിര്‍മിതികളെല്ലാം. നാല്‍പതോളം ശിലാസ്മാരകങ്ങളും ക്ഷേത്രങ്ങളുമാണ് ഇവിടെയുള്ളത്.

മനോഹരമായ കടല്‍ത്തീരവും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. മഹാബലിപുരത്തേക്കുള്ള വഴിയില്‍ ഉടനീളം ധാരാളം കല്‍പ്രതിമകളുടെ നിര്‍മാണ ശാലകള്‍ കാണാം. പല്ലവ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരുടെ പിന്‍ഗാമികളാണ് ഇവരെല്ലാവരും. മഹാബലിപുരമെന്നാണ് പേരെങ്കിലും നമ്മുടെ മഹാബലിയുമായി ഈ പ്രദേശത്തിന് യാതൊരു ബന്ധവുമില്ല. മാമല്ലപുരം എന്നറിയപ്പടുന്നതും ഈ പ്രദേശം തന്നെയാണ്.

തീരക്ഷേത്രം

മഹാബലിപുരത്ത് ബംഗാള്‍ ഉള്‍ക്കടലിലാണ് ഈ ക്ഷേത്രം. പല്ലവ രാജാക്കന്‍മാരാണ് ക്ഷേത്രം പണികഴിപ്പിച്ചത്. ഇവിടെയുണ്ടായിരുന്ന ഏഴ് ക്ഷേത്രങ്ങളില്‍ ഇന്ന് അവശേഷിക്കുന്ന ഒരേയൊരു ക്ഷേത്രം കൂടിയാണിത്. മറ്റുള്ളവയെല്ലാം തന്നെ കാലക്രമേണ കടലെടുത്തു. തെക്കേ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള നിര്‍മിതികളില്‍ ഒന്നാണിത്.

പഞ്ചരഥങ്ങള്‍

ധര്‍മരാജ രഥം, അര്‍ജ്ജുനരഥം, ഭീമ രഥം, നകുലസഹദേവ രഥം, ദ്രൗപദി രഥം എന്നീ പേരുകളില്‍ കല്ലില്‍ കൊത്തിയെടുത്ത രഥങ്ങളാണ് പഞ്ചരഥങ്ങള്‍. ഒറ്റ കല്ലിലാണ് ഈ അഞ്ചു രഥങ്ങളും കൊത്തിയെടുത്തിട്ടുള്ളത്. മഹാഭാരതത്തിലെ പാണ്ഡവന്മാരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഈ രഥങ്ങള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.

വെണ്ണക്കല്ല്

എപ്പോള്‍ വേണമെങ്കിലും ഉരുണ്ടു നീങ്ങുന്ന രീതിയില്‍ നില്‍ക്കുന്ന കൂറ്റന്‍ പാറക്കല്ലാണ് വെണ്ണക്കല്ല് എന്നറിയപ്പെടുന്നത്. കൃഷ്ണനുമായി ബന്ധപ്പെടുത്തിയാണ് ഈ പാറക്കല്ലിനു വെണ്ണക്കല്ല് എന്നു പേരുവന്നത്. 96 അടി നീളവും 43 അടി ഉയരവുമുണ്ട് ഈ ഭീമന്‍ ശിലയ്ക്ക്. ദൈവങ്ങള്‍ക്കൊപ്പം മനുഷ്യരുടെയും പക്ഷികളുടെയും മൃഗങ്ങളുടെയും ചിത്രങ്ങള്‍ ഈ കല്ലില്‍ കൊത്തിവച്ചിട്ടുണ്ട്.

ലൈറ്റ് ഹൗസ്

1884 ലാണ് മഹാബലിപുരത്ത് ലൈറ്റ് ഹൗസ് സ്ഥാപിക്കുന്നത്. പല്ലവ രാജാവായ മഹേന്ദ്രപല്ലവയുടെ കാലത്താണ് നിര്‍മാണം. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ലൈറ്റ് ലൈറ്റ് ഹൗസ് കൂടിയാണ് ഇത്. പിന്നീട് 1904ല്‍ ഇത് പുതുക്കിപ്പണിതു. ലൈറ്റ് ഹൗസിന്റെ മുകളില്‍ കയറിയാല്‍ മഹാബലിപുരത്തെ ശില്പകലകളുടെ വിശാലമായ ദൃശ്യം കാണാന്‍ സാധിക്കും.

മഹിഷാസുര മര്‍ദിനി ഗുഹ

ഒറ്റപ്പാറ തുരന്ന് കൊത്തിയെടുത്തതാണ് മഹിഷാസുര മര്‍ദിനി ഗുഹ. ഗുഹയ്ക്കുള്ളില്‍ ഒരു ക്ഷേത്രവും മുകളിലായി ചെറിയൊരു ക്ഷേത്രരൂപവും നിര്‍മിച്ചിരിക്കുന്നു. ഗുഹയ്ക്കുള്ളിലെ ഭിത്തികളില്‍ അനന്തശയനം, മഹിഷാസുരവധം, ബുദ്ധന്‍ തുടങ്ങിയ ചിത്രങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്.


മാരിറ്റൈം ഹെറിറ്റേജ് മ്യൂസിയം

ഈജിപ്ഷ്യന്‍ പാപ്പിറസ് ബോട്ടുകള്‍, ആധുനിക കപ്പലുകളുടെയും മുങ്ങിക്കപ്പലുകളുടെയും ചെറിയ രൂപങ്ങള്‍, പുരാതന കാലത്തെ കടല്‍വഴികളെ കാണിച്ചിരുന്ന ഭൂപടങ്ങള്‍, കടല്‍ യാത്രയില്‍ ആശയ വിനിമയത്തിന് ഉപയോഗിച്ചിരുന്ന മാര്‍ഗ ങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഇടമാണ് മാരിറ്റൈം ഹെറിറ്റേജ് മ്യൂസിയം.

സീഷെല്‍ മ്യൂസിയം

ഏഷ്യയിലെ ഏറ്റവും വലിയ സീഷെല്‍ മ്യൂസിയമാണ് മഹാബലിപുരത്തുള്ളത്. വിവിധ തരത്തിലുള്ള ഷെല്ലുകള്‍, തോടുകള്‍, ഫോസിലുകള്‍, പവിഴപ്പുറ്റുകള്‍ തുടങ്ങിയവ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.



സന്ദര്‍ശനത്തിന് യോജിച്ച സമയം

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവാണ് മഹാബലിപുരം സന്ദര്‍ശിക്കുന്നതിന് പറ്റിയ സമയം. മഹാബലിപുരത്ത് ഡാന്‍സ് ഫെസ്റ്റിവല്‍ നടക്കുന്നത് ജനുവരിയിലാണ്. നല്ല ചൂടുള്ള പ്രദേശമായതിനാല്‍ രാവിലെയോ ഉച്ചകഴിഞ്ഞോ ശിലാ ശില്പങ്ങള്‍ കാണാന്‍ എത്തുന്നതാണ് ഉചിതം.

സമീപത്തെ ആകര്‍ഷണങ്ങള്‍

* കടപ്പാക്കം ആലംപാറയ് ഫോര്‍ട്ട്
* ദക്ഷിണചിത്രാ മ്യൂസിയം
* തഞ്ചാവൂരിലെ മറാത്താ പാലസ്
* ചോള ക്ഷേത്രങ്ങള്‍
* കാഞ്ചീപുരം
* വേടന്തങ്കല്‍
* യേലഗിരി
* തിരുവണ്ണാമല
* തിരുവേങ്കാട്

മഹാബലിപുരത്തെ ആകര്‍ഷണങ്ങള്‍

* തീരക്ഷേത്രം
* കടുവാ ഗുഹ
* അര്‍ജുനന്‍ തപസ് ചെയ്ത മണ്ഡപം
* ഗംഗാ അവരോഹണം
* ഗണേശ രഥം
* പഞ്ചരഥങ്ങള്‍
* വരാഹ ഗുഹ
* രായര്‍ ഗോപുരം
* വെണ്ണക്കല്ല്
* മഹിഷാസുര മര്‍ദിനി ഗുഹ
* ലൈറ്റ് ഹൗസ്
* മാരിടൈം ഹെറിറ്റേജ് മ്യൂസിയം
* സീഷെല്‍ മ്യൂസിയം
* മുതല സങ്കേതം

എങ്ങനെ എത്താം

ചെന്നൈയില്‍ നിന്ന് 57 കിലോമീറ്റര്‍ അകലെയാണ് മഹാബലിപുരം. ചെന്നൈ സെന്‍ട്രലില്‍ നിന്ന് നിരവധി സ്വകാര്യ ബസുകളും സര്‍ക്കാര്‍ ബസുകളും മഹാബലിപുരത്തേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

എറണാകുളത്തുനിന്ന് ദേശീയപാത 544ലൂടെ ചാലക്കുടി- പുതുക്കാട്- വടക്കാഞ്ചേരി- പാലക്കാട്- കോയമ്പത്തൂര്‍- സേലം വഴി മഹാബലിപുരത്തേക്ക് 648 കിലോമീറ്റര്‍ ദൂരം.

തിരുവനന്തപുരത്തുനിന്നും തിരുനല്‍വേലി- മധുര- തിരുച്ചിറപ്പിള്ളി- ദിണ്ഡിവനം വഴി മഹാബലിപുരത്തേക്ക് 729 കിലോമീറ്റര്‍ ദൂരം.

അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍: ചെങ്കല്‍പ്പേട്ട് -29 കിലോമീറ്റര്‍ ദൂരം
അടുത്തുള്ള വിമാനത്താവളം: ചെന്നൈ- 54 കിലോമീറ്റര്‍ ദൂരം

മനീഷ് മാത്യു