ഭർത്താവിന്‍റെ മനംകീഴടക്കി നല്ല ഭാര്യയാകാം
ഒരു പരീക്ഷയ്‌ക്കോ ജോലിക്കായുള്ള അഭിമുഖത്തിനോ വേണ്ടി നാം എത്രയധികം ഒരുങ്ങുന്നു. ഇതുപോലെതന്നെ ഒരുങ്ങേണ്ട ഒന്നാണ് വിവാഹവും. നിങ്ങളുടെ ഭാവിവരനെ സ്വീകരിക്കാനായി ആദ്യം നിങ്ങളെത്തന്നെ ഒരുക്കണം. ഇതില്‍ മാനസികവും ശാരീരികവുമായ തയാറെടുപ്പ് ആവശ്യമാണ്. ആദ്യമായി മാറ്റത്തിനുവേണ്ടി തയാറാകണം.

പലപ്പോഴും 'ശരിയായ വരനെ' കണ്ടെത്തുവാനുള്ള തിടുക്കത്തിനിടയില്‍ നാം ശരിയായ വ്യക്തിയാവുന്നതില്‍ ശ്രദ്ധിക്കാറില്ല. എന്നാല്‍ വിവാഹപ്രായമെത്തുന്നതിനു മുമ്പുതന്നെ ഈ തയാറെടുപ്പ് തുടങ്ങേണ്ടതാണ്. നിങ്ങളുടെ മനസും ശരീരവും നിങ്ങള്‍ക്കായി വരുന്ന ഭര്‍ത്താവിനു മാത്രമാണെന്നു തീരുമാനിക്കുക. ശരിയായി ആശയവിനിമയം ചെയ്യുവാനാണ് ആദ്യം പഠിക്കേണ്ടത്.

നിങ്ങളുടെ അരക്ഷിതാവസ്ഥയെ കീഴടക്കുക

നിങ്ങള്‍, നിങ്ങളെപ്പറ്റി നല്ല കാര്യങ്ങള്‍ മാത്രം പറയുക. നിങ്ങള്‍ ആരേക്കാളും താഴെയല്ലെന്നോര്‍ക്കണം. നിഷേധാകമായ ചിന്തകള്‍ ഉപേക്ഷിക്കുക. നിങ്ങളുടെ ബുദ്ധി, ശരീരം, സൗന്ദര്യം ഇവയെപ്പറ്റി നല്ലതുമാത്രം പറഞ്ഞുനോക്കൂ. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കുന്നതായി കാണാം. സ്വയം അഭിമാനിക്കുക. സ്വന്തം കഴിവുകളില്‍ ഉറച്ചു വിശ്വസിക്കണം. അതോടൊപ്പംതന്നെ സ്വയംപര്യാപ്തത കൈവരിക്കുക.

സ്വാര്‍ഥത ഉപേക്ഷിക്കണം

വിവാഹജീവിതത്തില്‍ പങ്കാളിത്തമേയുള്ളു. 'എന്‍േറതുമാത്രം' എന്ന മനോഭാവത്തിനു പ്രസക്തിയില്ല. വിട്ടുവീഴ്ചകള്‍ ചെയ്യുന്നതിനായി നിങ്ങളുടെ മനസിനെ ഒരുക്കുക. തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവര്‍ക്കു നല്കുന്ന ഒരു മനോഭാവമാണ് തികച്ചും അഭികാമ്യം. മറ്റുള്ളവരെ സ്‌നേഹിക്കുവാന്‍ തയാറാകണം. അമിതപ്രതീക്ഷകള്‍ പാടില്ല.

ദുരഭിമാനവും അഹങ്കാരവും ഉപേക്ഷിക്കുക

നിങ്ങളുടെ തെറ്റുകള്‍ക്കു ക്ഷമപറയുന്ന സ്വഭാവം സ്വീകരിക്കുക. നിങ്ങളുടെ ഭര്‍ത്താവായിരിക്കും കുടുംബജീവിതത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. ഈ അമരക്കാരനെ അനുസരിക്കുവാനായി നിങ്ങളെത്തന്നെ മാനസികമായി ഒരുക്കണം. (നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കും വിലയുണ്ട്. എങ്കിലും രണ്ടുപേരുംകൂടി ചര്‍ച്ച ചെയ്തു കാര്യങ്ങള്‍ തീരുമാനിക്കുന്നതാണ് നല്ലത്). ഓരോ വാക്കുതര്‍ക്കങ്ങളിലും ജയിക്കുകയെന്നതല്ല, ആത്മ ബന്ധം നഷ്ടപ്പെടാതെ, മറ്റേയാളെ മുറിപ്പെടുത്താതെ കാര്യങ്ങള്‍ ബുദ്ധിപൂര്‍വം അവതരിപ്പിക്കുവാനാണ് ശ്രമിക്കേണ്ടത്. ഇതിനുള്ള പരിശീലനം വിവാഹത്തിനു മുമ്പുതന്നെ തുടങ്ങാം. ഭര്‍ത്താവിനെ ബഹുമാനിക്കാനും സ്‌നേഹിക്കാനും ഭര്‍തൃവീട്ടുകാരെ ഉള്‍ക്കൊള്ളുവാനുമുള്ള മനസൊരുക്കാനും നേരത്തേതന്നെ തുടങ്ങണം. ചര്‍ച്ചകളും തര്‍ക്കങ്ങളും വഴക്കായി മാറാതെ പരിഹരിക്കുവാനുള്ള പരിശീലനം നേടണം.

അല്പം ചികിത്സയാകാം

വിവാഹത്തിനുമുമ്പ് അപകര്‍ഷതാബോധത്താല്‍ വലഞ്ഞിരുന്നവര്‍ അല്പം കൗണ്‍സലിംഗും തെറാപ്പിയുമൊക്കെ എടുക്കുന്നതില്‍ തെറ്റില്ല. നിങ്ങള്‍ക്കു വേണ്ട രീതിയില്‍ എല്ലായ്‌പ്പോഴും ഭര്‍ത്താവ് സ്‌നേഹിക്കുമെന്നു കരുതരുത്. അദ്ദേഹത്തെ വ്യവസ്ഥകളില്ലാതെ സ്‌നേഹിക്കുവാന്‍ തയാറാകണം. പ്രീമാരിറ്റല്‍ ക്ലാസുകളില്‍ പോകുന്നതില്‍ തെറ്റില്ല. വിഷാദരോഗമോ അമിതമായ ഉത്കണ്ഠയോ ഉള്ളവര്‍ മനോരോഗവിദഗ്ധനെ കണ്ട് ചികിത്സിക്കാനും മടിക്കേണ്ടതില്ല. വിവാഹത്തിനുമുമ്പ് എന്തെങ്കിലും ശാരീരികമോ മാനസികമോ ആയ രോഗമുണ്ടായിരുന്നാല്‍ ഇതു ഭാവിവരനോടു പറഞ്ഞിട്ടു മാത്രമേ വിവാഹത്തിനു മുതിരാവൂ. കുടുംബാസൂത്രണത്തെപ്പറ്റിയും അറിവുകള്‍ നേടുകയും വരനുമായി ചര്‍ച്ച ചെയ്യുകയും ചെയ്യണം.

ചില ഹോംവര്‍ക്കുകള്‍ അനിവാര്യം

വിവാഹത്തിനുമുമ്പ് നിങ്ങളുടെ ശാരീരികമായ രോഗങ്ങള്‍ ചികിത്സിച്ചു മാറ്റണം. അമിതവണ്ണമുണ്ടെങ്കില്‍ അതു കുറയ്ക്കാനായി വ്യായാമം ചെയ്യണം (സൗന്ദര്യം നിങ്ങളുടെ വണ്ണത്തിലല്ല എന്നോര്‍ക്കുക). ഭര്‍ത്താവിന് ഇഷ്ടമുള്ള ഭക്ഷണം പാകം ചെയ്യാന്‍ പഠിക്കുക. (ഭാര്യക്കിഷ്ടമുള്ളത് ഉണ്ടാക്കാന്‍ പുരുഷന്മാരും പഠിക്കുന്നതില്‍ തെറ്റില്ല). ജീവിതത്തിനുതന്നെ ഒരു ചിട്ടയുണ്ടാക്കണം. രാവിലെ നേരത്തേ എഴുന്നേല്‍ക്കാനും ശുചിത്വം പാലിക്കാനും പഠിക്കണം.


മടി വേരോടെ പിഴുതെടുത്തെറിയുക. ആഡംബരഭ്രമം ഉപേക്ഷിക്കണം. വിവാഹത്തിനുമുമ്പ് സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി നല്ല ചികിത്സകള്‍ ചെയ്യുന്നതില്‍ തെറ്റില്ല. എന്നാല്‍ നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടണം. ശരിയായി സംഭാഷണം നടത്താന്‍ പരിശീലിക്കണം. ഡ്രൈവിംഗ് പഠിക്കാം, പാചകക്ലാസില്‍ പോകാം, ബാങ്ക് വഴിയുള്ള ഇടപാടുകള്‍ പഠിക്കാം, വീട് അടുക്കും ചിട്ടയുമുള്ളതായി സൂക്ഷിക്കാന്‍ പഠിക്കാം.

ശാരീരികബന്ധത്തെപ്പറ്റി ശരിയായ അറിവുതരുന്ന പുസ്തകങ്ങള്‍ വായിക്കാം. പ്രാര്‍ഥിച്ചു മനസൊരുക്കം പ്രാപിക്കാം. കുടുംബ ബജറ്റുണ്ടാക്കാന്‍ പഠിക്കണം. നിങ്ങളുടെ പല്ലുകള്‍ വൃത്തിയാക്കാനായി ഒരു ദന്തരോഗ വിദഗ്ധനെ സമീപിക്കാം. പല്ലിന്റെ മഞ്ഞനിറം മാറാനും ശരീരത്തിന്റെ വിയര്‍പ്പുനാറ്റം മാറാനുമുള്ള പൊടിക്കൈകള്‍ പരിശീലിക്കാം. നല്ല കുടുംബജീവിതം നയിക്കുന്ന സ്ത്രീകളോട് ഇടയ്ക്ക് സംസാരിക്കുന്നതും നല്ലതാണ്. അവരെ നിരീക്ഷിക്കുന്നതു വഴി പല കാര്യങ്ങളും പഠിക്കാം. ഭാവി വരന്റെ ഹോബികളും ഇഷ്ടങ്ങളും നേരത്തേ തിരക്കണം. ഇതില്‍ ചിലതു നിങ്ങളുടെ വിനോദമാക്കുക.

പ്രഥമ സ്ഥാനം പങ്കാളിക്കു നല്‍കാം

നിങ്ങളുടെ ജീവിതത്തിലെ പ്രഥമസ്ഥാനം പങ്കാളിക്കു നല്കാന്‍ തയാറാകണം. എല്ലാ കാര്യങ്ങളും ഭാവിവരനുമായി തുറന്നു സംസാരിക്കണം. വിവാഹമെന്നാല്‍ പവിത്രമായ ഒരു ഉടമ്പടിയാണ്. വിവാഹജീവിതത്തില്‍ ചില വിട്ടുവീഴ്ചകള്‍ വേണ്ടിവരും. സ്വാര്‍ഥത വെടിഞ്ഞ് സ്‌നേഹിക്കുവാന്‍ തയാറാകണം. എന്തിനും പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന സ്വഭാവം മാറ്റണം. നിങ്ങള്‍ രണ്ടുപേരും ജീവിക്കുന്നിടത്തോളം, ഭര്‍ത്താവിനോട് വിശ്വസ്തത പാലിക്കുമെന്ന് സ്വയം തീരുമാനിക്കുക. ഭര്‍ത്താവില്‍നിന്നും ഒന്നും മറച്ചുവയ്ക്കരുത്. ചില പാചകക്കുറിപ്പുകള്‍ ശേഖരിച്ചു വയ്ക്കണം.ഇതൊക്കെ പരീക്ഷിച്ചു നോക്കിയാല്‍ വിവാഹശേഷം ഭര്‍ത്താവിന്റെ ഹൃദയത്തിലേക്കുള്ള എളുപ്പവഴിയായി. നിങ്ങളുടെ ഭാവിവരന്‍ വളര്‍ന്ന സാഹചര്യങ്ങളെക്കുറിച്ച് അല്പം പഠിക്കുവാന്‍ ശ്രമിക്കണം. എങ്കില്‍ ആ വ്യക്തിയെ കൂടുതല്‍ മനസിലാക്കാന്‍ സാധിക്കും. പെെട്ടന്നു പിണങ്ങുന്ന സ്വഭാവം ഉപേക്ഷിക്കുക. മറ്റുള്ളവരുമായി ഭര്‍ത്താവിനെ താരതമ്യപ്പെടുത്തരുത്.

ഭര്‍ത്താവിന് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുത്ത് അതു ധരിക്കാന്‍ തയാറാവുക. മറ്റുള്ളവരെ സഹായിക്കുന്ന ഒരാളായിത്തീരണം. മറ്റുള്ളവരെ കുറ്റപ്പെടുത്താതിരിക്കുക. ഇങ്ങനെ നല്ലൊരു വ്യക്തിത്വം കാഴ്ചവയ്ക്കണം. നിങ്ങളുടെ ശരീരവും മനസും പണവുമെല്ലാം ഭര്‍ത്താവിന്‍േറതുകൂടിയാണെന്നോര്‍ക്കുക. എപ്പോഴും വൃത്തിയുള്ള വസ്ത്രം ധരിക്കാന്‍ തയാറാകണം. നിങ്ങളുടെ ചുറ്റുമുള്ളവരോടു ക്ഷമിക്കുവാനും പല കാര്യങ്ങളും സഹിക്കുവാനും പരിശീലിക്കുക.

ഓര്‍ക്കുക നിങ്ങളുടെ ക്ഷമയെ പരിശോധിക്കുന്ന വലിയൊരുപരീക്ഷയായിരിക്കും വൈവാഹിക ജീവിതം. അവിടെ ജയിക്കണമെങ്കില്‍ ക്ഷമയുള്ള മനസും തളരാത്ത ഇച്ഛാശക്തിയും ദൈവാനുഗ്രഹവും വേണം. ശരിയായ ഒരുക്കമുണ്ടെങ്കില്‍ നിങ്ങള്‍ക്കും നല്ല ഭാര്യയായിത്തീരുകയും എളുപ്പത്തില്‍ ഭര്‍ത്താവിന്റെ ഹൃദയത്തില്‍ കയറിപ്പറ്റുകയും ചെയ്യാം. സംശയമില്ല. കഴിയുമെങ്കില്‍ ആറുമാസമെങ്കിലും ഭാവിവരനുമായി ഫോണില്‍ സംസാരിച്ചതിനുശേഷം വിവാഹം കഴിക്കുക. മാനസികമായ ഒരുക്കത്തിനു കൂടുതല്‍ പ്രാധാന്യം കൊടുക്കണം. നല്ല ഭാര്യയാവുകയെന്നാല്‍ അടിമയാവുകയെന്നല്ല, മറിച്ച് പുരുഷനുവേണ്ട രീതിയിലുള്ള സുഹൃത്തും പങ്കാളിയുമായിത്തീരുകയാണ്. ശരിയായ തയാറെടുപ്പുകള്‍ നിങ്ങളെ നല്ലൊരു സുഹൃത്തും വഴികാട്ടിയുമാക്കിത്തീര്‍ക്കും തീര്‍ച്ച.

ഡോ.നതാലിയ എലിസബത്ത് ചാക്കോ
കണ്‍സള്‍ട്ടന്റ്‌സൈക്യാട്രിസ്റ്റ്, എച്ച്.ജി.എം ഹോസ്പിറ്റല്‍
മുട്ടുചിറ, കോട്ടയം