പ്രിയയുടെ വിജയഗാഥ
വാനോളം എറിഞ്ഞാലേ മാവോളം കിട്ടൂ' എറണാകുളത്ത് വൈറ്റില, ചക്കരപ്പറമ്പില്‍ സ്ഥിതിചെയ്യുന്ന ദി ഫാബ് ഇന്‍സ്റ്റൈലിന്റെ സാരഥി പ്രിയ വര്‍മയോട് തന്റെ സംരംഭകയാത്രയെക്കുറിച്ച്, ഭാവിയെക്കുറിച്ചൊക്കെ ചോദിച്ചാല്‍ ആദ്യം കിട്ടുന്ന ഉത്തരമിതാണ്. ഒമ്പതു വര്‍ഷമായി തയ്യല്‍ ഡിസൈനിംഗ് മേഖലയില്‍ തൃപ്പൂണിത്തുറ സ്വദേശി പ്രിയ വര്‍മയുണ്ട്. മലയാളിയുടെ ഫാഷന്‍ സങ്കല്‍പ്പങ്ങളില്‍ പുതുവഴി തെളിച്ച് ആറു വര്‍ഷമായി ദി ഫാബ് ഇന്‍സ്റ്റൈല്‍ എന്ന ബൊട്ടീകും.

ബൊട്ടക്‌സ്

ദി ഫാബിനെ ഒരു ബൊട്ടക്‌സ് എന്നു വിശേഷിപ്പിക്കാനാണ് പ്രിയക്കിഷ്ടം.'ബൊക്‌സ് എന്ന നിലയിലാണ് ദി ഫാബിന്റെ പ്രവര്‍ത്തനം. ബൊട്ടീക്കാണ് ഒപ്പം ടെക്‌സ്റ്റൈലുമാണ്. വ്യത്യസ്തത ആഗ്രഹിക്കുന്ന ഓരോ ഉപയോക്താവിനും അവരുടെ ഇഷ്ടങ്ങളെ തൃപ്തിപ്പെടുത്താനാവശ്യമായതെല്ലാം ഇവിടെയുണ്ട്. കോട്ടണ്‍, ഷിഫോണ്‍, സില്‍ക്ക് എന്നിങ്ങനെ തുണിത്തരങ്ങളുടെ വിപുലമായ ഒരു ശ്രേണി, അതിനു പുറമേ കുര്‍ത്തികള്‍, ബ്രൈഡല്‍ വസ്ത്രങ്ങള്‍, ദുപ്പട്ടകള്‍ എന്നിവയെല്ലാം ദി ഫാബിലുണ്ട്. റീട്ടെയില്‍ കൗണ്ടര്‍, ബ്രൈഡല്‍ വസ്ത്രങ്ങള്‍, തയ്യല്‍ യൂണിറ്റ്, ഡിസൈനിംഗ് യൂണിറ്റ് എന്നിവയെല്ലാം ചേര്‍ന്നതാണ് പ്രിയയുടെ സംരംഭം.

വിദേശിയും സ്വദേശിയുമായ തുണിത്തരങ്ങള്‍

ഉപയോക്താക്കളുടെ ഇഷ്ടങ്ങളെ തൃപ്തിപ്പെടുത്താനാവശ്യമായതെല്ലാം ഇന്ത്യയില്‍ നിന്നു മാത്രമല്ല വിദേശത്തു നിന്നുകൂടിയാണ് പ്രിയ ശേഖരിക്കുന്നത്. 'ഇന്ത്യയില്‍ പലയിടത്തു നിന്നും വിയറ്റ്‌നാം, കൊറിയ, ചൈന, തായ്‌വാന്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം തുണിത്തരങ്ങളും ലേസുകള്‍ തുടങ്ങിയ ഉത്പന്നങ്ങളും ശേഖരിക്കാറുണ്ട്. സ്വന്തമായാണ് പര്‍ച്ചേസ് ചെയ്യുന്നത്. സ്ത്രീകള്‍ക്കു വേണ്ടി എപ്പോഴും സ്ത്രീ തന്നെ പര്‍ച്ചേസ് ചെയ്യുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് എനിക്ക്. ഭര്‍ത്താവും മകളും ഇടയ്‌ക്കൊക്കെ ഒപ്പം പോരാറുണ്ട്. ഇത്തരമൊരു ബിസിനസിന്റെ നട്ടെല്ലു തന്നെ പര്‍ച്ചേസിംഗാണ്' പ്രിയ പറയുന്നു. മാറിമാറിവരുന്ന ഡിസൈനുകള്‍, ഫാഷനുകള്‍, തുണിത്തരങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം അറിവു വേണം. ഗുണമേന്മ എന്നത് നിലനില്‍പ്പിനെ സ്വാധീനിക്കുന്ന വലിയൊരു ഘടകമാണ്. അതുകൊണ്ടു തന്നെ ഗുണമേന്മയില്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും ചെയ്യാറില്ല.

കുഞ്ഞുന്നാളിലെ ഇഷ്ടങ്ങള്‍

കുഞ്ഞുന്നാളിലെ ഇഷ്ടങ്ങളില്‍ പ്രിയയ്ക്ക് എടുത്തു പറയാനുള്ളത് ഡിസൈനിംഗിനോടുള്ള ഇഷ്ടം തന്നെയാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ ഞാന്‍ തന്നെയാണ് എന്റെ വസ്ത്രങ്ങള്‍ തയിക്കുന്ന ചേച്ചിക്ക് ഡിസൈനൊക്കെ പറഞ്ഞു കൊടുത്തിരുന്നത്. ഇതു കണ്ടിട്ട് അടുത്തുള്ള വീട്ടിലെ കുട്ടികളൊക്കെ ആ ഡിസൈന്‍ ചോദിച്ച് എത്തുമായിരുന്നു. വലുതായപ്പോഴും ആ ഇഷ്ടം കൂടെത്തന്നെകൂടി. ഡിസൈനിംഗ് പഠിക്കണം. അതൊരു പ്രഫഷനാക്കണം എന്നതൊക്കെയായിരുന്നു ആഗ്രഹം. പക്ഷേ, യാഥാസ്ഥിതിക കുടുംബമായിരുന്നതിനാല്‍ അതിനൊന്നും വലിയ പ്രോത്സാഹനം ലഭിച്ചില്ല.

അതുകൊണ്ടു ബി.കോം ബിരുദം നേടിയതിനുശേഷം റിലയന്‍സില്‍ ജോലിക്കു ചേര്‍ന്നു. ഡെപ്യൂേട്ടഷനില്‍ ഏഴു വര്‍ഷം ഖത്തറിലായിരുന്നു ജോലി. അപ്പോഴൊക്കെയും അവസരം കിട്ടിയാല്‍ ഒരു സംരംഭം അതും ഡിസൈനിംഗ് മേഖലയിലാണെങ്കില്‍ പറയുകയേ വേണ്ട എന്ന ചിന്തയായിരുന്നു. ഭര്‍ത്താവ് രഞ്ജിത് വര്‍മ്മയും കൂട്ടുകാരും സഹപ്രവര്‍ത്തകരുമൊക്കെ നല്ല പിന്തുണയും നല്‍കിയിരുന്നു.

ഇഷ്ടങ്ങള്‍ക്കൊപ്പം

ആദ്യം ഖത്തറില്‍ തന്നെ ഇത്തരമൊരു സംരംഭം ആരംഭിക്കാനായിരുന്നു താല്‍പര്യം. പിന്നീടാണ് കൊച്ചിയിലേക്ക് വന്നത്. എറണാകുളത്ത് കോണ്‍വെന്റ് ജംഗ്ഷനില്‍ ഫാസിനി എന്ന പേരില്‍ ഒരു തയ്യല്‍ യൂണിറ്റ് വില്‍ക്കാനുണ്ടെന്നറിഞ്ഞു. അങ്ങനെ 1000 ചതുരശ്രയടിയുള്ള ആ യൂണിറ്റ് വാങ്ങി. ഡിസൈനിംഗും സ്റ്റിച്ചിംഗും ആരംഭിച്ചു. പിന്നെ പനമ്പിള്ളി നഗറിലേക്കും അവിടെ നിന്നും വൈറ്റില ചക്കരപ്പറമ്പിലേക്കും എത്തി. അഞ്ചു വര്‍ഷം മുമ്പേ കോട്ടയത്ത് സിഎംഎസ് കോളജിനടുത്ത് ഒരു ഷോറൂം കൂടി തുടങ്ങിയിരുന്നു. പ്രിയ തന്റെ സംരംഭക യാത്രയെക്കുറിച്ച് പറയുന്നു. 3500 ചതുരശ്രയടിയിലാണ് വൈറ്റിലയിലെ ബൊട്ടീക് തയാറാക്കിയിരിക്കുന്നത.്

സ്വന്തമായി പരസ്യങ്ങള്‍ ചെയ്യുന്ന ദി ഫാബിന്റെ പരസ്യത്തിനുവേണ്ടി ആളുകള്‍ കാത്തിരിക്കാറുണ്ടെന്നും പ്രിയ പറയുന്നു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴിയൊക്കെ ധാരാളം പ്രതികരണങ്ങള്‍ കിട്ടാറുണ്ട്. മലയാളികള്‍ക്കൊപ്പംതന്നെ ഉത്തരേന്ത്യക്കാര്‍, ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ തുടങ്ങിയവരും ഉപയോക്താക്കളായുണ്ട്.


ഡിസൈനിംഗ് പഠിച്ചില്ലെങ്കിലെന്താ ഡിസൈനറായില്ലേ

'ഡിസൈനിംഗ് പഠിക്കാത്തതുകൊണ്ട് പ്രശ്‌നങ്ങളൊന്നുമില്ല. കുറെക്കൂടി തുറന്നു ചിന്തിക്കാനും സംശയങ്ങള്‍ തീര്‍ക്കാനും സാധിക്കുന്നുണ്ട്. ഓരോ ദിവസവും തുണിത്തരങ്ങള്‍ മാറിക്കൊണ്ടിരിക്കും. അതിനെക്കുറിച്ച് ഡിസൈനര്‍മാര്‍ക്ക് പറഞ്ഞുകൊടുക്കണം. നെയ്ത്തുകാരോട് തുണിത്തരങ്ങള്‍ മിക്‌സ് ചെയ്യുന്നതിനെക്കുറിച്ചും കളര്‍ ബ്ലെന്‍ഡിംഗ് നടത്തുന്നതിനെക്കുറിച്ചുമൊക്കെ പറഞ്ഞു കൊടുക്കണം' പ്രിയ പറയുന്നു. ഇന്നത്തെ ഓരോ വസ്ത്രവും ഓരോരുത്തരുടെയും വ്യക്തിത്വം വ്യക്തമാക്കുന്നതാണ്. ഡിസൈനര്‍മാരുടെ ഒപ്പം എപ്പോഴും നില്‍ക്കാറുണ്ട്. വസ്ത്രങ്ങള്‍ എപ്പോഴും മനോഹരമായിരിക്കണം. അത് ധരിക്കുന്നവര്‍ക്ക് കംഫട്ടര്‍ബിളുമായിരിക്കണം. ഉപഭോക്താക്കള്‍ക്ക് പലപ്പോഴും ഡിസൈന്‍ മനസില്‍ കാണാന്‍ പറ്റിയെന്നും വരില്ല. അതുകൊണ്ട് അപ്പോള്‍ തന്നെ ഡിസൈനര്‍മാര്‍ വരച്ചു കാണിച്ചു കൊടുക്കും.

നൂറ്റി അമ്പതോളം പേര്‍ സ്റ്റാഫായിട്ടുണ്ട്. ഡിസൈനര്‍മാരായി് 15 പേരും. വളരെ അത്യാവശ്യപ്പെട്ട് എത്തുന്നവര്‍ക്കായി എമര്‍ജന്‍സി സ്റ്റിച്ചിംഗും ചെയ്തു കൊടുക്കാറുണ്ട്. ഉപഭോക്താക്കളുടെ പ്രതികരണമാണ് ഏറ്റവും പ്രധാനപ്പെട്ടത്. അവര്‍ തൃപ്തരായെങ്കില്‍ മാത്രമേ ബിസിനസ് വിജയിക്കു.

മിനി ദി ഫാബുകള്‍

വലിയ ആഗ്രഹങ്ങളും ഇച്ഛാശക്തിയുമൊക്കെയുള്ള കൂട്ടത്തിലാണ്. വാനോളം എറിഞ്ഞാലേ മാവോളം കിട്ടൂ എന്നതാണ് എന്റെ പോളിസി. ലോകത്തിലെ തന്നെ അറിയപ്പെടുന്ന ബ്രാന്‍ഡാകണം. അതുകൊണ്ടാണ് പേരുപോലും ഇങ്ങനെ ഇത്. ദി ഫാബിലെ ജീവനക്കാരില്‍ ഒരാളാണ് ഞാനും. ജോലിക്കാര്‍ക്കു കൂടി അവരുടെ സ്വന്തമാണിതെന്ന തോന്നലുണ്ടാകണം. മിനി ദി ഫാബുകള്‍ എല്ലാ ജില്ലകളിലും തുടങ്ങുക എന്നുള്ളതാണ് ലക്ഷ്യം. വരുമാനത്തേക്കാള്‍ ലക്ഷ്യമിടുന്നത് ഒരു ഡിസൈനറായി അറിയപ്പെടാനാണ്.

തുണിത്തരങ്ങള്‍ സ്വന്തമായി തന്നെ വികസിപ്പിച്ചെടുക്കാറുണ്ട്. മറ്റെങ്ങും കിട്ടാത്തത് ഇവിടെ കിട്ടും. ഉപയോക്താക്കളെ ഓരോ തുണിയെക്കുറിച്ചും അതിന്റെ ഉപയോഗത്തെക്കുറിച്ചും പറഞ്ഞു മനസിലാക്കിക്കാറുണ്ട്. ഓരോ ഉപയോക്താവിന്റെയും ഇഷ്ടങ്ങള്‍, സ്‌കിന്‍ ടോണ്‍ എന്നിവയെല്ലാം വ്യത്യസ്തമായിരിക്കും. ബൊട്ടീക് ഉടമകള്‍ വരെയുണ്ട് ഉപയോക്താക്കളായി. ഏറ്റവും നല്ല കളക്ഷന്‍, എക്‌സ്‌ക്ലൂസീവ് ഡിസൈന്‍, തുണിത്തരങ്ങള്‍ എന്നിവയെല്ലാമാണ് ഉപയോഗിക്കുന്നത്. ബ്രൈഡല്‍ വെയറുകളുടെയും എക്‌സ്‌ക്ലൂസീവ് ഷോറൂമുണ്ട്.

കാഞ്ചീവരവും ടിഷ്യുവും ബ്ലെന്‍ഡ് ചെയ്ത് പുതിയ ഫാബ്രിക് വികസിപ്പിച്ചെടുത്തിട്ടുണ്ട്. നെയ്ത്തുകാരുള്ളതുകൊണ്ട് ഫാബ്രിക് ഡെവലപ് ചെയ്‌തെടുക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. ഫ്രാന്‍സ്, കൊറിയ എന്നിവടങ്ങളില്‍ നിന്നും എക്‌സ്‌ക്ലൂസീവ് ലേസുകള്‍ വാങ്ങിക്കാറുണ്ട്. ഓരോ തീം അനുസരിച്ച് ഡിസൈന്‍ ചെയ്യാറുണ്ട്. ആന്റിക് കളര്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ആന്റിക്കിനും സില്‍വറിനുമാണ് ഇപ്പോള്‍ ഏറെ മൂവുള്ളത്. വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നവയ്ക്കാണ് ആവശ്യക്കാര്‍ ഏറെയും.

പ്രതിസന്ധികള്‍ ഇല്ലാതെ ബിസിനസ് ഇല്ലല്ലോ

നോട്ടു നിരോധനം, ജിഎസ്ടി, പ്രളയം ഇതൊക്കെ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ നിര്‍മാണത്തെയും വില്‍പനയേയും ബാധിക്കും. പ്രതിസന്ധികള്‍ എപ്പോഴുമുണ്ടാകും. അതില്ലെങ്കില്‍ പിന്നെ ബിസിനസ് ഇല്ലല്ലോ. ഏതു കളര്‍ വേണമെങ്കിലും, ഏതു ഡിസൈന്‍ വേണമെങ്കിലും ചെയ്തു നല്‍കും. എല്ലാ ഉപയോക്താക്കളും ബ്രാന്‍ഡ് അംബാസിഡര്‍മാരാണ്. അവരാണ് എന്റെ വളര്‍ച്ചയ്ക്കു പിന്നില്‍ പ്രിയ നിറഞ്ഞ സംതൃപ്തിയോടെ പറയുന്നു.

നൊമിനിറ്റ ജോസ്