ഹൈബ്രിഡ്, ഇലക്ട്രിക് കാറുകള്‍ക്കായി ഇ-ഫ്ളൂയിഡ്
ഹൈബ്രിഡ്, ഇലക്ട്രിക് കാറുകള്‍ക്കായി ഇ-ഫ്ളൂയിഡ്
Friday, October 22, 2021 7:33 PM IST
കൊച്ചി: ഹിന്ദുജ ഗ്രൂപ്പിന്‍റെ ഭാഗമായ ഗള്‍ഫ് ഓയില്‍ ഇന്‍റര്‍നാഷണല്‍ ലിമിറ്റഡ് (ഗള്‍ഫ്), ഹൈബ്രിഡ്, ഇലക്ട്രിക് (ഇവി) പാസഞ്ചര്‍ കാറുകള്‍ക്കുള്ള ഇ-ഫ്ളൂയിഡ് നിര ഇന്ത്യയിൽ അവതരിപ്പിച്ചു.

യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ചൈന എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിപണികളില്‍ ഈ വര്‍ഷം ആദ്യം ഈ ഉത്പന്നങ്ങൾ പുറത്തിറക്കിയിരുന്നു.

ബാറ്ററി ആയുസ് വര്‍ധിപ്പിക്കാനും ഇന്ധനക്ഷമത മെച്ചപ്പെടുത്താനും കാര്‍ബണ്‍ ഡൈഓക്സൈഡ് പ്രസരണം കുറയ്ക്കാനും സഹായിക്കുന്നതിന് ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഇ-ഫ്ളൂയിഡുകള്‍ പ്രത്യേകം രൂപപ്പെടുത്തിയിട്ടുണ്ട്.

വാഹനത്തിന്‍റെ പ്രകടനവും സുരക്ഷയും വര്‍ധിപ്പിക്കുന്ന തരത്തിലാണ് ഇ-ഫ്ളൂയിഡുകളുടെ നിര്‍മാണം. ഗള്‍ഫ് ഇലെക് (ഇല്‍ഇഇസി) ബ്രേക്ക് ഫ്ളൂയിഡ് ബ്രേക്ക് സിസ്റ്റം വര്‍ധിപ്പിക്കാനും തേയ്മാനത്തില്‍ നിന്ന് സംരക്ഷിക്കാനുമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെങ്കില്‍, അസാധാരണമായ അവസ്ഥകളില്‍ ഇവിയുടെ ബാറ്ററികള്‍ തണുപ്പിക്കുന്നതാണ് ഇലെക് കൂളന്‍റ്.

ഇലക്ട്രിക് കാറുകളുടെ പിന്‍ ആക്സിലുകളിലും ട്രാന്‍സാക്സിലുകളിലും വെറ്റ്/ഡ്രൈ, സിംഗിള്‍, മള്‍ട്ടി-സ്പീഡ് ട്രാന്‍സ്മിഷനുകള്‍ ഉള്‍പ്പെടെയുള്ള വിപുലമായ ആപ്ലിക്കേഷനുകള്‍ക്കായാണ് ഗള്‍ഫ് ഇലെക് ഡ്രൈവ്ലൈന്‍ ഫ്ളൂയിഡ് സവിശേഷമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.


ഇതിലെ പ്രത്യേക ഫോര്‍മുല മികച്ച വൈദ്യുത ഗുണങ്ങള്‍ ഉറപ്പാക്കുന്നതോടൊപ്പം, ആക്സില്‍ ഫ്ളൂയിഡ് വൈദ്യുത ഘടകങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നിടത്ത് ആപ്ലിക്കേഷനുകള്‍ക്ക് ഏറ്റവും അനുയോജ്യവുമാണ്.

ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്നതും മാറിക്കൊണ്ടിരിക്കുന്നതുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ലോകോത്തര ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നതിന്, ഗള്‍ഫ് ഓയില്‍ എല്ലായ്പ്പോഴും മികച്ച സാങ്കേതികവിദ്യയിലും നവീകരണങ്ങളിലും മുന്‍പന്തിയിലാണെന്ന് ഗള്‍ഫ് ഓയില്‍ ലൂബ്രിക്കന്‍റ്സ് ഇന്ത്യ ലിമിറ്റഡ് എംഡിയും സിഇഒയുമായ രവി ചൗള പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (ബിഇവി) പ്രത്യേക ലൂബ്രിക്കന്‍റ് തരം ദ്രാവകങ്ങള്‍ ആവശ്യമാണെന്നും അതാണ് തങ്ങള്‍ വികസിപ്പിച്ചെടുത്തതെന്നും ഗള്‍ഫ് ഓയില്‍ ഇന്‍റര്‍നാഷണല്‍ റിസര്‍ച്ച് ആന്‍ഡ് ടെക്നോളജി വൈസ് പ്രസിഡന്‍റ് ഡേവിഡ് ഹാള്‍ അഭിപ്രായപ്പെട്ടു. ഒഇഎമ്മുകളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും പ്രധാന വിപണിയായ ഇന്ത്യയില്‍ ഈ ഉല്‍പന്ന സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.