കാറിനുൾഭാഗം വേഗത്തിൽ തണുപ്പിക്കാൻ
കാറിനുൾഭാഗം  വേഗത്തിൽ  തണുപ്പിക്കാൻ
Monday, April 8, 2019 3:15 PM IST
വേനൽ കടുക്കുകയാണ്. അന്തരീക്ഷത്തിലെ ചൂടും ഉയരുകയാണ്. അപ്പോൾ പിന്നെ വെയിലത്തു പാർക്കു ചെയ്ത് കാറിനുള്ളിലെ ചൂടിനെപ്പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ.

വെയിലത്ത് കിടക്കുന്ന കാറിന്‍റെ ഉൾഭാഗം വറചട്ടി കണക്കെ ചൂടുപിടിച്ചിട്ടുണ്ടാവും. സ്റ്റിയറിംഗ് വീലിലും ഡാഷ്ബോർഡിലുമൊക്കെ തൊട്ടാൽ പെള്ളുന്ന ചൂട്. ഒപ്പം ചൂടായ പ്ലാസ്റ്റിക്കിന്‍റെ വൃത്തികെട്ട ഗന്ധവും. എസിയുടെ തണുപ്പ് കാറിൽ നിറയുന്പോഴേക്കും യാത്രക്കാർ ആകെ വലഞ്ഞിട്ടുണ്ടാകും. എന്നാൽ ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണാനാവും. അവ എന്തൊക്കെയെന്നു നോക്കാം.

* വണ്ടിയിൽ നിന്ന് ഇറങ്ങി അൽപ്പം നടക്കേണ്ടിവന്നാലും തണലുള്ള സ്ഥലം നോക്കി തന്നെ വാഹനം പാർക്ക് ചെയ്യുക. അല്ലാത്തപക്ഷം സൂര്യപ്രകാശം വാഹനത്തിനു പിന്നിൽ പതിയ്ക്കും വിധം പാർക്ക് ചെയ്യുക. സ്റ്റിയറഇംഗ് വീലും മുൻ സീറ്റുകളുമൊക്കെ ചൂടാകുന്നതു ഇങ്ങനെ തടയാം.
* മുന്നിലെയും പിന്നിലെയും വിൻഡ് സ്ക്രീനിൽ സണ്‍ ഷേഡ് ( തിളക്കമുള്ളവ കൂടുതൽ നല്ലത് ) വയ്ക്കുന്നത് നന്ന്. ഇത് സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ വാഹനത്തിന് ഉൾഭാഗം അധികം ചൂടുപിടിക്കില്ല. കുറഞ്ഞപക്ഷം പത്രക്കടലാസ് ഡാഷ് ബോർഡിൽ വിരിച്ചിടുക. ഇതു ഡാഷ് ബോർഡിന്‍റെ പുതുമ കാത്തുസൂക്ഷിക്കാനും ഉപകരിക്കും.
* കട്ടിയുള്ള തുണികൊണ്ട് സീറ്റ് അടക്കമുള്ള ഭാഗം മൂടി ഇടുന്നതും നല്ലതാണ്. ബ്ലാങ്കറ്റ് ചൂട് ആഗിരണം ചെയ്ത് സീറ്റിനും ഡാഷ്ബോർഡിനുമൊക്കെ തണുപ്പേകും. തിരികെ വരുന്പോൾ തുണി മടക്കി ഡിക്കിയിൽ തള്ളുക.
* വണ്ടിയ്ക്കുള്ളിലെ ചൂടുകുറയ്ക്കാൻ ഗ്ലാസ് താഴ്ത്തിയിട്ട് പാർക്ക് ചെയ്യുക സുരക്ഷിതമല്ല. എന്നാൽ ഗ്ലാസ് അൽപ്പമൊന്നു താഴ്ത്തി ഇട്ടാൽ വായു സഞ്ചാരം കൂട്ടി ഉൾഭാഗം തണുപ്പിക്കാനാവും. വിൻഡോ വിടവിലൂടെ കൈ കടത്താനാവില്ലെന്നു ഉറപ്പാക്കുക. കള്ളന്മാർക്ക് വെറുതെ അവസരം കൊടുക്കേണ്ടല്ലോ?
* ഏറെ നേരം വെയിലത്തുകിടന്ന വാഹനം എടുക്കുന്പോൾ വിൻഡോ ഗ്ലാസുകൾ താഴ്ത്തി ഫാൻ പരമാവധി വേഗത്തിൽ പ്രവർത്തിപ്പിച്ചുകൊണ്ട് രണ്ടുമിനിറ്റോളം ഓടിയ്ക്കുക. ചൂടുവായുവിനെ എളുപ്പത്തിൽ പുറന്തള്ളാൻ അതുപകരിക്കും. പിന്നീട് ഗ്ലാസുകൾ ഉയർത്തി വച്ച് എസി പ്രവർത്തിപ്പിക്കുക. ക്യാബിനുൾഭാഗം വേഗത്തിൽ തണുപ്പുള്ളതാകും.

* പൊടിയില്ലാത്ത, ശുദ്ധവായു കിട്ടുന്ന സാഹചര്യങ്ങളിൽ മാത്രം എസിയുടെ വെന്‍റിലേഷൻ ( പുറത്തുനിന്ന് വായു സ്വീകരിക്കുന്ന ) മോഡ് ഇടുക. റീ സർക്കുലേറ്റിങ് മോഡിൽ വാഹനത്തിനുള്ളിലുള്ള വായുവാണ് എസി തണുപ്പിക്കുക. അതിനാൽ ക്യാബിൻ വേഗത്തിൽ തണുപ്പിക്കാൻ ഈ മോഡാണ് ഉത്തമം.
* ഫ്രഷ് എയർ ഫ്ലാപ്പ് തുറന്നിരിക്കുന്പോൾ പുറത്തു നിന്നുള്ള വായുവാണു ഉള്ളിലേക്കു തണുപ്പു കയറ്റുന്നത്. ഈ വായു ചൂടുപിടിച്ചതാകയാൽ എസിക്ക് ഇതു തണുപ്പിക്കാൻ കൂടുതൽ സമയമെടുക്കും. മാത്രവുമല്ല, സിറ്റി ഡ്രൈവിംഗിൽ പൊടിയും പുകയും നിറഞ്ഞ വായു ഉള്ളിൽ കടക്കാതെ സൂക്ഷിക്കാനും റീസർക്കുലേഷൻ മോഡ് ഉപകരിക്കും.
* എസിയുടെ തണുപ്പ് കുറയുന്നത് റഫ്രിജറന്‍റ് ഗ്യാസിന്‍റെ കുറവുമൂലവുമാകാം. പ്രതിവർഷം 15 ശതമാനം വരെ ഗ്യാസ് കുറയും. എല്ലാ വർഷവും എസി സർവീസ് ചെയ്യാൻ ശ്രദ്ധിക്കുക.
* റേഡിയേറ്ററിനു മുന്നിലായി ഉറപ്പിച്ചിരിക്കുന്ന കണ്ടൻസറിൽ ( ഇതും കാഴ്ചയ്ക്ക് റേഡിയറ്റർ പോലെയിരിക്കും) പ്രാണികൾ , ഇലകൾ എന്നിവ പറ്റിയിരിക്കാൻ ഇടനൽകരുത്. അല്ലെങ്കിൽ ഉയർന്ന മർദ്ദത്തിലുള്ള റഫ്രിജറന്‍റിനെ തണുപ്പിക്കുന്ന കണ്ടൻസറിന്‍റെ ജോലി തടസ്സപ്പെടും. ഫലത്തിൽ എസിയുടെ തണുപ്പു കുറയും.

തണുപ്പു കുറയുക , എസി വെന്‍റിൽ നിന്നു ദുർഗന്ധം വമിക്കുക , അമിത ശബ്ദമുണ്ടാകുക , ഫ്ലോറിൽ നനവുണ്ടാകുക , എസി ഇടുന്പോൾ എൻജിൻ ഓവർ ഹീറ്റാകുക എന്നിവയിലേതെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഉടൻ എസി മെക്കാനിക്കിനെക്കൊണ്ട് എസി പരിശോധിപ്പിക്കുക.

ഐപ്പ് കുര്യൻ