സാംസംഗ് ഗ്യാലക്‌സി എ12 ഇന്ത്യയില്‍ അടുത്തയാഴ്ച ലോഞ്ചു ചെയ്യുമെന്ന് സൂചന
സാംസംഗ് ഗ്യാലക്‌സി എ12 ഇന്ത്യയില്‍ അടുത്തയാഴ്ച ലോഞ്ചു ചെയ്യുമെന്ന് സൂചന
Tuesday, February 9, 2021 5:51 PM IST
സാംസംഗ് ഗ്യാലക്‌സി എ12 ഇന്ത്യയില്‍ അടുത്തയാഴ്ച ലോഞ്ചു ചെയ്യുമെന്ന് സൂചന. ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് സര്‍ട്ടിഫിക്കേഷന്‍ കഴിഞ്ഞ മാസം ഫോണിന് ലഭിച്ചിരുന്നു.

ഇതോടെയാണ് ഈ ഫോണ്‍ ഇന്ത്യയില്‍ ഉടനെ എത്തുമെന്ന അഭ്യൂഹം ശക്തമായത്. അതേ സമയം യൂറോപ്യന്‍ മാര്‍ക്കറ്റില്‍ നവംബര്‍ 2020ല്‍ അവതരിപ്പിച്ച ഫോണ്‍ ഇന്ത്യയില്‍ എന്ന് അവതരിപ്പിക്കുമെന്ന് കമ്പനി ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നില്ല.

മൂന്ന് റാം വേരിയന്റുകളിലാണ് ഗ്യാലക്‌സി എ12 എത്തുകയെന്നാണ് റിപ്പോര്‍ട്ട്. 3 ജിബി-32 ജിബി വേരിയന്റിനു പുറമെ 6ജിബി -128 ജിബി വേരിയന്റും 4ജിബി 64 ജിബി സ്റ്റോറേജ് വേരിയന്റുകളാണ് കമ്പനി യൂറോപ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇവയ്ക്ക് യഥാക്രമം 179 യൂറോ (15,800 രൂപ), 199 യൂറോ (17500 രൂപ), 189 യൂറോ (16700 രൂപ) എന്നിങ്ങനെയാണ് വില. ഈ വിലയോട് അടുത്തു തന്നെയാകും ഇന്ത്യന്‍ വിപണിയിലെ വിലയെന്നാണ് കരുതപ്പെടുന്നത്.

ബ്ലാക്ക്, ബ്ലൂ, റെഡ്, വൈറ്റ് എന്നിങ്ങനെ നാലു കളറുകളില്‍ ഫോണ്‍ ലഭ്യമാകും. 6.5 ഇഞ്ച് എച്ച്ഡി+ ടിഎഫ്ടി ഡിസ്‌പ്ലേയോടെയെത്തുന്ന ഫോണിനു കരുത്തേകുന്നത് ഒക്ടാകോര്‍ മീഡിയടെക് ഹീലിയോ പി35 ചിപ്പും പ്രൊസസറുമാണ്. പരമാവധി സ്റ്റോറേജ് 1ടിബി.


48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ സെന്‍സറിനൊപ്പം നല്‍കിയിരിക്കുന്നത്. അപേര്‍ച്ചര്‍ എഫ്/2.0. ഇതിനു പുറമെ മൂന്നു സെന്‍സറുകള്‍ കൂടെ പിന്‍ക്യാമറയിലുണ്ട്.

എഫ്/2.2 ലെന്‍സിന്റെ അള്‍ട്രാ വൈഡ് ആംഗിള്‍ 5 എംപി സെന്‍സര്‍, എഫ്/2.4 അപേര്‍ച്ചര്‍ ഉള്ള 2 എംപിയുടെ മാക്രോ ഷൂട്ടര്‍ ലെന്‍സും 2 എംപിയുടെ തന്നെ ഡെപ്ത്ത് സെന്‍സറും അടക്കം നാലു കാമറയാണ് ഫോണിനുള്ളത്. എഫ്/2.2 അപേര്‍ച്ചര്‍ ഉള്ള എട്ട് എംപിയുടെ ക്യാമറയാണ് സെല്‍ഫി ഫോട്ടോകള്‍ക്കായി നല്‍കിയിരിക്കുന്നത്.

5000 മില്ലി ആമ്പിയര്‍ ബാറ്ററിയാണുള്ളത്. ഫാസ്റ്റ് ചാര്‍ജിംഗ് ഫീച്ചറും കമ്പനി നല്‍കിയിരിക്കുന്നു. എല്‍ടിഇ, ബ്ലൂടൂത്ത്, ജിപിഎസ് അടക്കമുള്ള കണക്ടിവിറ്റി ഫീച്ചറുകളോടെയെത്തുന്ന ഫോണിന് 205 ഗ്രാമാണ് ഭാരം. 164-75.8-8.9എംഎം ആണ് അഴകളവുകള്‍.