കലയുടെ സിന്ദൂരം നിറച്ച്
കലയുടെ സിന്ദൂരം നിറച്ച്
Thursday, September 27, 2018 3:28 PM IST
2017- ലെ സ്‌കൂള്‍ ശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന പ്രവൃത്തിപരിചയമേളയില്‍ ജില്ല ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. തൊട്ടുപിന്നിലെ രണ്ടുവര്‍ഷങ്ങളില്‍ റണ്ണര്‍ അപ്പ്. സബ്ജില്ലാ ചാമ്പ്യന്‍ഷിപ്പ്, സബ്ജില്ലാതല സ്‌കൂള്‍കലോത്സവങ്ങളില്‍ എക്കാലവും മികച്ച നേട്ടങ്ങള്‍... എത്രയെത്ര കഥ വേണമെങ്കിലും ആലപ്പുഴ രാമങ്കരി ഗവ. എല്‍പി സ്‌കൂളിലെ കുരുന്നുകള്‍ക്ക് സ്വന്തം.

ജില്ലാതല മത്സരങ്ങളില്‍ ഒരു സ്‌കൂളിന് പ്രദര്‍ശന മത്സരമുള്‍പ്പെടെ പതിനൊന്ന് ഇനങ്ങളില്‍ വരെ മത്സരിക്കാമെന്നിരിക്കെ ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലായി നാല്‍പ്പതില്‍ താഴെ കുട്ടികള്‍ മാത്രമാണ് ഇവിടെയുള്ളത്. ഒരു ക്ലാസിലെ കണക്കെടുത്താല്‍ വിരലിലെണ്ണാന്‍ പോലുമില്ലാത്തത്ര കുട്ടികളുള്ള ഒരു സ്‌കൂള്‍ ജില്ലാ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുക. കേള്‍ക്കുമ്പോള്‍ അതിശയം തോന്നുമെങ്കിലും ആ വിജയത്തിനു പിന്നില്‍ എം.സിന്ധു എന്ന അധ്യാപികയുടെ നിരന്തര പരിശ്രമമുണ്ട്.

ചുക്കാന്‍ പിടിച്ച് സിന്ധു ടീച്ചര്‍

സ്‌കൂള്‍ പഠനകാലത്ത് തന്നെ കലാരംഗത്ത് നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ സിന്ധു പിന്നീട് അധ്യാപികയായി മാറിയപ്പോഴും തന്റെ കലാസപര്യയില്‍ മാറ്റമൊന്നും വരുത്തിയില്ല. തന്റെ കഴിവുകള്‍ കുട്ടികളെ പഠിപ്പിക്കുന്നതിലും പരിശീലിപ്പിക്കുന്നതിലും നിതാന്ത ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നു. പ്രീ പ്രൈമറിയിലെ കുരുന്നുകള്‍ മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ സര്‍ഗവാസനകള്‍ തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നതിലാണ് ടീച്ചറിന്റെ ഏറ്റവും വലിയ വിജയം.

ചിത്രരചന, പെന്‍സില്‍ ഡ്രോയിംഗ്, മ്യൂറല്‍ പെയിന്റിംഗ്, കവിതാ രചന, നൃത്തം, ആഭരണ നിര്‍മ്മാണം, പാവനിര്‍ാണം, വോളിബോള്‍ നെറ്റ് മേക്കിംഗ്, മെറ്റല്‍ എന്‍ഗ്രേവിംഗ്, പാഴ്‌വസ്തുക്കള്‍ കൊണ്ട് ഫ്‌ളവര്‍വെയ്‌സ് ഉള്‍പ്പെടെയുള്ള നൂറു കണക്കിന് കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം. അങ്ങനെ ആരെയും അതിശയിപ്പിക്കുന്ന ഒരുപിടി കഴിവുകളാണ് സിന്ധു ടീച്ചറിനു സ്വന്തമായിട്ടുള്ളത്. ഇവയെല്ലാം ടീച്ചര്‍ കണ്ടും കേട്ടും സ്വായത്തമാക്കിയതാണ്.

നല്ലൊരു കവയത്രി കൂടിയാണ് സിന്ധു ടീച്ചര്‍. ഒട്ടുമിക്ക കവിതകളും സ്ത്രീയുടെ ദു:ഖങ്ങള്‍ പ്രമേയമാക്കിയവ. കവിതകളേറെയും ഗദ്യരൂപത്തിലാണ്. പെണ്ണ്, മുറിച്ചുമാറ്റപ്പെട്ട മുലകള്‍ എന്നീ കവിതകളാണ് പ്രസിദ്ധീകരിച്ചതില്‍ പ്രധാനപ്പെട്ടവ. നല്ലൊരു ജോബ് ട്രെയിനര്‍ കൂടിയാണ് ഇവര്‍.

കലോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യം

സ്‌കൂള്‍ കലോത്സവങ്ങളില്‍ കുട്ടികളെ കൊണ്ടു പോകുന്നതും ടീച്ചര്‍തന്നെയാണ്. മത്സരം തുടങ്ങിയാല്‍ പിന്നെ വേദികളില്‍ നിന്നും വേദികളിലേക്ക് കുട്ടികളേയും കൊണ്ട് ഓപ്രദക്ഷിണമാണ്. കവയത്രി കൂടിയായ ടീച്ചറിന് കവിതാ പാരായണത്തിന് തന്റെ കുട്ടികളില്‍ നല്ലൊരു ആലാപന ശൈലി വളര്‍ത്തിയെടുക്കാനും കഴിഞ്ഞു. അതിന്റെ ഫലമായി സബ്ജില്ലാതല കവിതാലാപനത്തില്‍ കുരീപ്പുഴ ശ്രീകുമാറിന്റെ അമ്മ മലയാളം എന്ന കവിത ചൊല്ലി വര്‍ഷ എസ് നായര്‍ ഒന്നാംസ്ഥാനവും മുരുകന്‍ കാട്ടാക്കടയുടെ സൂര്യകാന്തിനോവ് ചൊല്ലിയ അര്‍ച്ചിത അനില്‍കുമാര്‍ രണ്ടാം സ്ഥാനവും നേടി. തീര്‍ന്നില്ല, ടീച്ചറുടെ വിദ്യാര്‍ഥികളുടെ കഴിവുകള്‍. സബ്ജില്ലാതല പ്രവൃത്തി പരിചയമേളയില്‍ സിന്ധു ടീച്ചര്‍ പരിശീലിപ്പിച്ച കുട്ടികള്‍ വിജയികളായി.


നിരഞ്ജന ദിപുകുമാര്‍ (സ്റ്റഫ്ഡ് ടോയിസ്), അര്‍ച്ചിത അനില്‍കുമാര്‍ (പാവകളിക്കുള്ള പാവനിര്‍ാണം),ആദര്‍ശ് ബാബു (മുളയുത്പന്നങ്ങളുടെ നിര്‍മാണം), അമൃത അനീഷ് (പേപ്പര്‍ ക്രാഫ്റ്റ്), അക്ഷയ് ബാബു (മെറ്റല്‍ എന്‍ഗ്രേവിംഗ്), നീരജ് ദീപുകുമാര്‍ (വോളിബോള്‍ നെറ്റ് മേക്കിംഗ്), വിവേക് പി വിനോദ് (മരപ്പണി), അക്ഷയ്കുമാര്‍ (കയര്‍മാറ്റ്), മന്യ (പനയോലകൊണ്ടുള്ള ഉല്‍പന്നങ്ങള്‍), ആദിത്യന്‍ (ചിരട്ടകൊണ്ടുള്ള ഉത്പന്നങ്ങള്‍)എന്നിവയുടെ നിര്‍മാണത്തില്‍ ഫസ്റ്റ് എ ഗ്രേഡ് നേടി. ജില്ലാതലത്തിലും അര്‍ച്ചിത അനില്‍കുമാറും ആദര്‍ശ്ബാബുവും വിജയകളായി.

കുട്ടികളുടെ പതിവ് പഠനത്തിന് യാതൊരു കോവും തട്ടാതെ രാവിലെയും വൈകുന്നേരവും പിന്നീടു കിട്ടുന്ന ഒഴിവ് സമയങ്ങളിലുമാണ് പരിശീലനം നല്‍കുക. ഇങ്ങനെ നിരന്തരം നല്‍കുന്ന പരിശീലനത്തിലൂടെയാണ് ഓരോ കുട്ടിയും മത്സരങ്ങളുടെ പടവുകള്‍ കയറുന്നത്.

പഠനത്തിലും മുന്നില്‍

പഠനത്തോടൊപ്പം കുട്ടികളുടെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുന്നതിലൂടെ ജില്ലയിലെ തന്നെ മികച്ച അധ്യാപികമാരില്‍ ഒരാളായി സിന്ധു ടീച്ചര്‍ മാറി. കലാരംഗത്തെ മികവിനൊപ്പം പഠനത്തിന്റെ കാര്യത്തിലും ജില്ലയിലെ ഏറ്റവും മികച്ച കേന്ദ്രങ്ങളിലൊന്നായി ഈ സ്‌കൂളിനെ മാറ്റിയെടുത്തതും ടീച്ചറുടെ ശ്രമഫലമായാണ്.

തുടര്‍ച്ചയായി എല്‍എസ്എസ് സ്‌കോളര്‍ഷിപ്പും അക്ഷരമുറ്റം ക്വിസ് ശാസ്ത്രമേളയോടനുബന്ധിച്ചു നടക്കുന്ന സബ്ജില്ലാ തല ക്വിസ് മത്സരങ്ങളിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഈ സ്‌കൂളിനാണ്.

കഴിഞ്ഞ പത്തു വര്‍ഷമായി രാമങ്കരി ഗവ.എല്‍ പി സ്‌കൂളിന്റെ നിറഞ്ഞ അഭിമാനമാണ് സിന്ധു ടീച്ചര്‍. നല്ലൊരു സംഘാടകയായ ടീച്ചര്‍ കെഎസ്ടിഎ വെളിയനാട് സബ്ജില്ലാ പ്രസിഡന്റു കൂടിയാണ്. കാസര്‍ഗോഡ് കാഞ്ഞങ്ങാട് പരേതരായ കുഞ്ഞൂഞ്ഞ് കുട്ടി- അമ്മണിക്കുട്ടി ദമ്പതികളുടെ മകളാണ്. ഇപ്പോള്‍ ആലപ്പുഴ എന്‍ജിഒ ക്വാര്‍േട്ടഴ്‌സില്‍ താമസം. ടെക്സ്റ്റയില്‍ ഡിസൈനിംഗ് വിദ്യാര്‍ഥിയായ അര്‍ജുന്‍ ഏക മകനാണ്.

സി.കെ കൃഷ്ണകുമാര്‍ രാമങ്കരി