തിരുത്തലിൽ വാങ്ങാനൊരു സ്മോൾ കാപ് ഫണ്ട്
തിരുത്തലിൽ വാങ്ങാനൊരു  സ്മോൾ കാപ് ഫണ്ട്
Monday, October 14, 2019 3:24 PM IST
2018 ജനുവരിക്കുശേഷം പല സ്മോൾ കാപ് ഓഹരികളും 50-70 ശതമാനത്തോളം ഇടവു കാണിച്ചിട്ടുണ്ട്. പല സ്മോൾ കാപ് ഓഹരികളുടേയും വാല്വേഷൻ ഇപ്പോൾ വളരെ ആകർഷകമായ നിലയിലാണ്. ഇപ്പോഴത്തെ വിൽപ്പനതരംഗത്തിൽ തകർന്നുപോയ നല്ല സ്മോൾ കാപ് ഓഹരികളിലേക്കു മുഖം തിരിക്കുവാനാണ് നിക്ഷേപ വിദഗ്ധർ നിക്ഷേപകർക്കു നൽകുന്ന ഉപദേശം. ഇത്തരം ഓഹരികളിൽ നിക്ഷേപം നടത്തുന്ന ഫണ്ടുകളിൽ നിക്ഷേപകർക്ക് ഇപ്പോൾ ഒരു കൈ നോക്കാം. ഒരുമിച്ചോ എസ്ഐപിആയോ നിക്ഷേപം നടത്താം. ഇത്തരത്തിൽ സ്മോൾ കാപ് ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നത് റിസ്ക് വിതരണം ചെയ്യാൻ നിക്ഷേപകരെ സഹായിക്കും.

അത്തരത്തിൽ നിക്ഷേപം നടത്താൻ പരിഗണിക്കാവുന്ന ഫണ്ടാണ് ആക്സിസി അസറ്റ് മാനേജ്മെന്‍റ് കന്പനിയുടെ ആക്സിസ് സ്മോൾ കാപ് ഫണ്ട്.

മെച്ചപ്പെട്ട പ്രകടനം

2013 നവംബറിലാണ് ആക്സിസ് സ്മോൾ കാപ് ഫണ്ട് പ്രവർത്തനം തുടങ്ങിയത്. അന്നു മുതൽ ഫണ്ട് നൽകിയ റിട്ടേണ്‍ ആരുടേയും കണ്ണഞ്ചിപ്പിക്കുന്നതാണ്. ഫണ്ട് ആറുവർഷക്കാലത്തു നൽകിയ വാർഷിക റിട്ടേണ്‍ 20.32 ശതമാനമാണ്. അതായത് 2013-ൽ നടത്തിയ ഒരു ലക്ഷം രൂപയുടെ നിക്ഷേപം ഇപ്പോൾ 3,03,408 രൂപയായി വളർന്നിരിക്കുന്നു. അതായത് നിക്ഷേപത്തിന്‍റെ മൂന്നിരട്ടി. എസ്ഐപിയായി ഈ ഫണ്ടിൽ പദ്ധതി തുടങ്ങിയതു മുതൽ പ്രതിമാസം 1000 രൂപ വീതമുള്ള നിക്ഷേപം 12.59 ശതമാനം വാർഷിക റിട്ടേണ്‍ നൽകിയിട്ടുണ്ട്.. അതായത് ഈ കാലയളവിലെ 70000 രൂപയുടെ നിക്ഷേപം 1,00,628 രൂപയായി വളർന്നിട്ടുണ്ട്.

മാത്രവുമല്ല, ബഞ്ചുമാർക്കും കാറ്റഗറി ശരാശരിയുമെല്ലാം കഴിഞ്ഞ ഒരു വർഷം യഥാക്രമം 23 ശതമാനവും 13 ശതമാനവും നെഗറ്റീവ് റിട്ടേണ്‍ നൽകിയപ്പോൾ ഫണ്ട് ആറു ശതമാനം പോസീറ്റീവ് റിട്ടേണ്‍ നൽകി. ഇപ്പോഴത്തെ ബാങ്ക് എഫ്ഡി നിരക്കിനേക്കാൾ കൂടുതൽ.

നിക്ഷേപ സ്ട്രാറ്റജി

ഫണ്ടിന്‍റെ ഓഹരിയിലെ ഇപ്പോഴത്തെ നിക്ഷേപം 84.72 ശതമാനമാണ്. ഡെറ്റിലെ നിക്ഷേപം 23.25 ശതമാനവുമാണ്. സ്മോൾ കാപ് ഓഹരിയിലെ ഇടിവു മുന്നിൽ കണ്ടുകൊണ്ട് ഡെറ്റ് നിക്ഷേപം 2018 മുതൽ പതിയെ ഉയർത്തിക്കൊണ്ടുവരികയായിരുന്നു.

ലാർജ് കാപ് ഓഹരികളിൽ ഒട്ടും നിക്ഷേപം നടത്താതെ മിഡ്, സ്മോൾ കാപ്പ് ഓഹരികളിൽ മാത്രമാണ് ഫണ്ട് നിക്ഷേപം നടത്തിയിട്ടുള്ളത്. ഏതാണ്ട് 57 ശതമാനത്തോളം സ്മോൾ കാപ് ഓഹരികളിലാണ്. ശേഷിച്ചത് മിഡ്കാപ്പുകളിലും. ഉപഭോഗമേഖലയിൽ ഉൗന്നിയുള്ള ഓഹരികൾക്കു ഉയർന്ന വെയിറ്റേജ് ഫണ്ട് നൽകിയിട്ടുണ്ട്. കണ്‍സ്ട്രക്ഷൻ, കെമിക്കൽ, ധനകാര്യമേഖല തുടങ്ങിയവയ്ക്കാണ് മുൻതൂക്കം.


ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ള മേഖല ധനകാര്യസേവനമാണ്. ഏതാണ്ട് 19 ശതമാനം. കണ്‍സ്ട്രക്ഷൻ മേഖലയിൽ 16 ശതമാനവും കെമിക്കൽ മേഖലയിൽ 14 ശതമാനവും നിക്ഷേപം നടത്തിയിരിക്കുന്നു. ഓഹരിശേഖരത്തിലുള്ളത് 36 ഓഹരികളാണ്.

നിക്ഷേപം നടത്തുന്പോൾ

പ്രവർത്തനം തുടങ്ങിയതു മുതൽ ഏതാണ്ട് എല്ലാ സമയത്തും ബഞ്ച്മാർക്കിനേയും കാറ്റഗറി ശരാശരിയേക്കാളും മികച്ച പ്രകടനം ഫണ്ട് കാഴ്ചവച്ചുപോരുന്നു. തന്ത്രപരമായി നടത്തിയ ഡെറ്റ് നിക്ഷേപമാണ് ഫണ്ടിന്‍റെ പ്രകടനത്തെ ബഞ്ചുമാർക്കിനേക്കാളും വളരെയധികം മുന്നിൽ എത്താൻ സഹായിച്ചത്.

സ്മോൾ കാപ് ഓഹരികളിലെ താഴ്ച ഏതാണ്ട് അവസാനിച്ച സാഹചര്യത്തിൽ ഫണ്ടിന്‍റെ പ്രകടനവും വരും നാളുകളിൽ മെച്ചപ്പെടാനുള്ള സാധ്യതയേറെയാണ്. ഫണ്ട് ഇതോടെ ഡെറ്റിലെ നിക്ഷേപം കുറച്ച് ഓഹരികളിൽ നിക്ഷേപം കൂട്ടും.

ഇപ്പോഴത്തെ ഇടിവ് നിക്ഷേപകർക്ക് സ്മോൾ കാപ് ഫണ്ടിൽ നിക്ഷേപിക്കാനുള്ള അവസരം കൊണ്ടുവന്നിരിക്കുകയാണെന്ന് പല നിക്ഷേപ വിദഗ്ധരും അഭിപ്രായപ്പെടുന്നത്. അടുത്ത 5-7 വർഷം കണക്കാക്കി നിക്ഷേപം നടത്തുവാനാണ് അവർ നിക്ഷേപകരെ ഉപദേശിക്കുന്നത്.
എങ്കിലും ആഗോള സന്പദ്ഘടനയിലെ വളർച്ചാമുരടിപ്പും പ്രശ്നങ്ങളും കണക്കിലെടുക്കുന്പോൾ എസ്ഐപി നിക്ഷേപമാണ് അഭികാമ്യം. സന്പദ്ഘടനയും വിപണിയും ശക്തമായ തിരിച്ചുവരവിന്‍റെ സൂചനകൾ കാണിക്കുന്പോൾ ബൾക്കായി ഇവയിൽ നിക്ഷേപം നടത്താം.

നികുതി ബാധ്യത

ഇക്വിറ്റി ഫണ്ടുകളുടെ നികുതി നിയമങ്ങളനുസരിച്ച് നിക്ഷേപം നടത്തി ഒരു വർഷത്തിനുള്ളിൽ യൂണിറ്റുകൾ വിറ്റാൽ 15 ശതമാനം നിരക്കിൽ ഹ്രസ്വകാല മൂലധന വളർച്ചാ നികുതി നൽകണം. ഒരു വർഷത്തിനുശേഷം വിൽക്കുന്പോൾ ലഭിക്കുന്ന ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള മൂലധന വളർച്ചയ്ക്ക് 10 ശതമാനമാണ് നികുതി. ഇൻഡെക്സേഷൻ ഇല്ലാതെയാണ് നികുതി കണക്കാക്കുന്നത്. ഒരു വർഷത്തിനുള്ളിൽ ആസ്തിയുടെ 10 ശതമാനത്തിലധികം യൂണിറ്റുകൾ വിറ്റാൽ ഒരു ശതമാനം എക്സിറ്റ് ലോഡും നൽകണം.