ഹെർമൻ മഷാബാ കറുപ്പിന്‍റെ മഹത്വം
ഹെർമൻ  മഷാബാ കറുപ്പിന്‍റെ മഹത്വം
Friday, June 14, 2019 2:48 PM IST
കറുത്ത് നിറമുള്ളവരോട് ലോകത്തെവിടെയും പൊതുവേ വെറുപ്പാണ്. തൊലിയുടെ വെളുപ്പിലാണ് കാര്യം എന്നാണ് നാം പറയുന്നത്. സായിപ്പിനെ കണ്ടാൽ കവാത്തു മറക്കുന്നതിന്‍റെ കാരണവും ഈ തൊലി വെളുപ്പു തന്നെ.

എന്നാൽ ലോകത്തിലെ മഹത്തായ പലതും കറുപ്പാണ്. കറുത്ത കണ്ണുകളാണ് നമുക്കിഷ്ടം. ആനയുടെ നിറം കറുപ്പല്ലെങ്കിൽ എങ്ങനെയിരിക്കും? സ്വർണത്തലമുടിയെക്കുറിച്ച് പറയുന്നത് കേൾക്കാൻ കൊള്ളാമെങ്കിലും സ്ത്രീകളുടെ മുടിക്ക് കറുപ്പു നിറം തന്നെയാണ് ചന്തം. എണ്ണക്കറുപ്പു നിറമുള്ള സുന്ദരിമാരുടെ വശ്യത പറഞ്ഞറിയിക്കേണ്ടതുണ്ടോ?

കറുപ്പു താൻ എനക്കു പുടിച്ച കളറ് ....

കറുപ്പിനെക്കുറിച്ച് കവികൾ ധാരാളം പാടിപ്പുകഴ്ത്തിയിട്ടുണ്ട്. കറുപ്പു നിറത്തെക്കുറിച്ച് കേട്ട ഏറ്റവും നല്ല പാട്ട് ചേരൻ സംവിധാനം ചെയ്ത വെട്രിക്കൊടി നാട്ട് എന്ന തമിഴ് സിനിമയിലെ കറുപ്പു താൻ എനക്കു പുടിച്ച കളറ്, അവൻ കണ്ണു രണ്ടും എന്ന മയക്കും തൗസൻഡ് വാട്സ് പവറ് ആണ്. ദേവയുടെ സംഗീതസംവിധാനത്തിൽ അനുരാധ ശ്രീറാം പാടിയ ഈ പാട്ട് പടത്തെക്കാൾ പത്തു മടങ്ങ് സൂപ്പർഹിറ്റായി. ഈ ഗാനത്തിന്‍റെ അവസാനമുള്ള നമ്മ ഉൗരു സൂപ്പർസ്റ്റാറ് രജനികാന്തും കറുപ്പു താൻ എന്ന വരികൾ തമിഴകം ആവേശത്തോടെയാണ് സ്വീകരിച്ചത്.
കറുപ്പിന്‍റെ മഹത്വം വാഴ്ത്തി ഇത്രയുമൊക്കെ പറഞ്ഞത് എന്തിനാണെന്നോ?
ദക്ഷിണാഫ്രിക്കൻ സംരംഭകനായ ഹെർമൻ മഷാബയുടെ കന്പനിയുടെ പേര് എന്നെപ്പോലെ കറുത്തത് (Black Like Me) എന്നാണ്. കേൾ ഹൈഡ്രേറ്റ് പുഡിംഗ്, കേൾ ട്രീറ്റ് ഹൈഡ്രേറ്റ് കണ്ടീഷനർ, ആക്ടിവേറ്റിംഗ് ലോഷൻ, സ്പ്രേ, ഷാംപൂ മുതലായവയാണ് കന്പനിയുടെ ഉൽപന്നങ്ങൾ. സൗന്ദര്യവർധക ഉൽപന്നങ്ങൾ നിർമിക്കുന്ന ഒരു കന്പനിക്ക് വെളുപ്പുമായി ബന്ധപ്പെട്ടതല്ലാതെ കറുപ്പെന്ന് പേരിട്ടാൽ വിജയിക്കുമോ? വിജയിക്കുമെന്ന് തെളിയിച്ച ആളാണ് ഹെർമൻ മഷാബ.

കറുത്ത വർഗക്കാരനായ മഷാബ ദക്ഷിണാഫ്രിക്കയിലെ സ്വയാർജിത കോടീശ്വരന്മാരിൽ മുന്പന്തിയിലുണ്ട്. മാത്രമോ, 2016 മുതൽ അദ്ദേഹം ജൊഹനാസ്ബർഗ് നഗരത്തിന്‍റെ മേയറാണ്. പഴയ കുടുംബപശ്ചാത്തലമാലോചിച്ചാൽ മഷാബയുടെ ശിരസിൽ ദൈവം സ്വർണനാരായം കൊണ്ടാണ് ഭാഗ്യം വരച്ചിട്ടത് എന്നു പറയേണ്ടി വരും. പക്ഷേ കഠിനാദ്ധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയുമാണ് അദ്ദേഹം ഈ നേട്ടങ്ങളെല്ലാമുണ്ടാക്കിയത്.

വിദ്യാഭ്യാസമാണ് ശക്തി

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ചെറിയ പ്രൊവിൻസായ ഗൗട്ടംഗിലെ ഒരു ദരിദ്ര കുടുംബത്തിലാണ് ജനനം. കുട്ടികളെ വളർത്താൻ അമ്മ ജോലിക്കു പോകും. പട്ടിണി. കറുത്ത വർഗക്കാരോടുള്ള അവഗണനയും ആക്രമണങ്ങളും. ദക്ഷിണാഫ്രിക്കയിൽ വർണ വെറി കത്തി നിൽക്കുന്ന സമയം. ഉയർന്ന വിദ്യാഭ്യാസം നേടാനുള്ളള്ള അവസരം കറുത്തവർഗക്കാർക്ക് അനുവദിച്ചിരുന്നില്ല.

സഹോദരങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാതിരുന്നതുമൂലം വളരെ മ്ളേച്ഛമായ ജോലികളേ അവർക്ക് കിട്ടിയിരുന്നുള്ളു. സഹോദരങ്ങൾ അനുഭവിക്കേണ്ടി വന്ന യാതനകൾ മഷാബയുടെ കണ്ണു തുറപ്പിച്ചു. വിദ്യാഭ്യാസമില്ലാത്തതാണ് ഈ അടിമത്തത്തിന്‍റെ ഒരു കാരണമെന്നും വിദ്യാഭ്യാസം കൊണ്ടേ ഒരുവന് സ്വാതന്ത്ര്യം കിട്ടു എന്നും വളരെ ചെറുപ്പത്തിൽത്തന്നെ അദ്ദേഹം തിരിച്ചറിഞ്ഞു. അതുകൊണ്ട് പഠനത്തിന്‍റെ കാര്യത്തിൽ ഒരു വീഴ്ചയും വരുത്തിയില്ല.

തൊഴിൽ ചെയ്ത് ജീവിതം ആരംഭിച്ചു

എന്തായാലും പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കാൻ മഷാബയ്ക്കു കഴിഞ്ഞു. പക്ഷേ തുടർവിദ്യാഭ്യാസത്തിനുള്ള അവസരം മുടങ്ങിയതുകൊണ്ട് എന്തെങ്കിലും ജോലി ചെയ്യുകയായി ലക്ഷ്യം. വീട്ടിലെ ദാരിദ്ര്യമകറ്റാൻ സെയിൽസ്മാനായി ജോലി ചെയ്യാൻ തുടങ്ങി. വീടു വീടാന്തരം കയറിയിറങ്ങി തുടക്കത്തിൽ കോസ്മെറ്റിക്സ് ഉൽപന്നങ്ങളാണ് വിറ്റത്. തരക്കേടില്ലാത്ത വരുമാനം കിട്ടുന്നുവെന്നു മനസിലായപ്പോൾ കച്ചവടം വിപുലീകരിച്ചു. ഒരു പഴയ കാർ വിലയ്ക്കു വാങ്ങി അതിന്‍റെ ഡിക്കിയിൽ വിവിധ സാധനങ്ങൾ കൊണ്ടുപോയി നിരത്തരികിലിട്ട് വിൽപന തുടങ്ങി. കോസ്മെറ്റിക്സിനോടൊപ്പം ഇൻഷ്വറൻസ്, ഫയർ ഡിറ്റക്ഷൻ സാധനങ്ങൾ, ലിനൻ, ക്രോക്കറി, ഡിന്നർ സർവീസ് എന്നിങ്ങനെ എല്ലാവർക്കും ആവശ്യമായ നിരവധി ഉൽപന്നങ്ങൾ അദ്ദേഹം വിറ്റു.

ക്രമേണ കേശ സംരംക്ഷണത്തിനുള്ള ഉൽപന്നങ്ങളാണ് തനിക്ക് ഏറ്റവും ഇണങ്ങിയതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. മാത്രമല്ല വർണവിവേചനത്തിന്‍റെ നാളുകളിൽ ഒരു കറുത്ത വർഗക്കാരന് നല്ലൊരു ജോലി കിട്ടുകയുമില്ലായിരുന്നു. പിന്നെന്തു ചെയ്യും? എന്തു ബുദ്ധിമുട്ടു സഹിച്ചും സ്വന്തമായി ബിസിനസ് ചെയ്യുക എന്നദ്ദേഹം തീരുമാനിച്ചു. ഈ നാട്ടിൽ ഒരു തോട്ടക്കാരനോ സെക്യൂരിറ്റി ഗാർഡോ മാത്രമേ തനിക്ക് ആകാൻ പറ്റൂ എന്നറിയാവുന്നതുകൊണ്ടാണ് സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുന്നത്’’ എന്ന് പിന്നീട് അദ്ദേഹം പറയുന്നുണ്ട്. കേശസംരംക്ഷണ ഉൽപന്നങ്ങൾ നിർമിക്കുന്ന സ്വന്തം ബിസിനസ് എന്ന ആശയത്തിലേക്കു മഷാബ തിരിഞ്ഞതിന്‍റെ പശ്ചാത്തലം അതാണ്.


സ്വന്തം സ്ഥാപനവുമായി

ആശയമൊക്കെ കൊള്ളാം. പക്ഷേ അത് നടപ്പാക്കാൻ പണമില്ല. ആത്മാർഥ സുഹൃത്തായ ജോണ്‍ ട്രീലിനോട് കാര്യം പറഞ്ഞു. അദ്ദേഹം 30000 റാൻഡ്സ് (ദക്ഷിണാഫ്രിക്കൻ കറൻസി) വായ്പയായി നൽകി. അങ്ങനെ 1985-ൽ ബ്ളാക് ലൈക് മീ (Black Like Me) എന്ന പേരിൽ ഒരു സ്ഥാപനം തുടങ്ങി. കേശസംരംക്ഷണ ഉൽപന്നമായതിനാൽ സ്ത്രീകളാണ് പ്രധാന കസ്റ്റമേഴ്സ്. അതു മനസിലാക്കി കന്പനി തുടങ്ങാൻ അദ്ദേഹം വാലന്‍റൈൻ ദിനം തന്നെ തെരഞ്ഞെടുത്തു.
തുടക്കത്തിൽ സ്ഥാപനത്തിലെ എല്ലാ ജോലികളും മഷാബ ഒറ്റയ്ക്കു ചെയ്യുകയായിരുന്നു. അക്കൗണ്ടന്‍റും സെയിൽസ് മാനേജരും ഓപ്പറേഷൻസ് ഹെഡും പ്രോസസ് വർക്കറും എല്ലാം അദ്ദേഹം തന്നെ. ക്രമേണ സഹായത്തിനായി ഭാര്യ കോണിയെയും സുഹൃത്തായ ട്രീലിനെയും ഒപ്പം കൂട്ടി.

അപ്പോൾ കറുത്ത വർഗക്കാരന്‍റെ കന്പനിയെ തകർക്കാനായി വർണവെറിയന്മാരുടെ ശ്രമം. അങ്ങനെ 1993 നവംബറിൽ ഒരു രാത്രിയിൽ അദ്ദേഹത്തിന്‍റെ സ്ഥാപനം തീവയ്ക്കപ്പെട്ടു. വിവരമറിഞ്ഞ് അദ്ദേഹം ഓടിയെത്തിയപ്പോഴേക്കും ഫാക്ടറി കെട്ടിടം പൂർണമായും കത്തിച്ചാന്പലായിരുന്നു.

പക്ഷേ ജീവനക്കാരെല്ലാം അദ്ദേഹത്തിന്‍റെ ഒപ്പം നിന്നു. തോറ്റു കൊടുക്കാൻ മഷാബയും തയാറായിരുന്നില്ല. എല്ലാവരും ചേർന്ന് വീണ്ടും ഫാക്ടറി കെട്ടിപ്പടുത്തു. വിജയിക്കണമെന്നുള്ള ഒരുവന്‍റെ ഇച്ഛാശക്തിയുടെ വിജയമായിരുന്നു അത്.

പ്രവർത്തനത്തിലെ ധാർമികബോധം

ഏതു കാര്യത്തിലും ഉയർന്ന ധാർമികബോധം പുലർത്തുന്ന ആളാണ് മഷാബ. തന്‍റെ ഏത് പ്രവൃത്തിയും ധാർമികതയിലൂന്നിയായിരിക്കണം എന്ന് അദ്ദേഹത്തിന് നിർബന്ധമാണ്. ഏറ്റവും നല്ല ഉദാഹരണം ഫ്രീ മാർക്കറ്റ് ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിന്‍റെ ചെയർമാൻ പദവി അദ്ദേഹം രാജി വച്ചതാണ്. മനുഷ്യാവകാശം സംരംക്ഷിക്കുന്നതിനും ജനാധിപത്യവിശ്വാസങ്ങൾ ഉയർത്തിക്കാട്ടുന്നതിനും വേണ്ടി 1975-ൽ ജൊഹനാസ്ബെർഗിലെ ബ്രിയാൻസ്റ്റണ്‍ ആസ്ഥാനമായി ആരംഭിച്ച സ്വതന്ത്രസംഘടനയാണ് ഫ്രീ മാർക്കറ്റ് ഫൗണ്ടേഷൻ. വ്യക്തി സ്വാതന്ത്ര്യം, സാന്പത്തിക പുരോഗമനവാദം, പത്രസ്വാതന്ത്ര്യം മുതലായ വിഷയങ്ങൾ ഉയർത്തിപ്പിടിക്കുന്ന മഷാബ പിന്നീട് ഫ്രീ മാർക്കറ്റ് ഫൗണ്ടേഷന്‍റെ ചെയർമാനായി.
അടുത്ത് കാലത്ത് മഷാബ ഡെമോക്രാറ്റിക് അലയൻസിൽ അംഗമായി ചേർന്നു.

ദക്ഷിണാഫ്രിക്കയിലെ ഒൗദ്യോഗിക പ്രതിപക്ഷകക്ഷിയാണ് ഡെമോക്രാറ്റിക് അലയൻസ്. അതോടെയാണ് ഫ്രീ മാർക്കറ്റ് ഫൗണ്ടേഷന്‍റെ ചെയർമാൻ സ്ഥാനം അദ്ദേഹം രാജിവയ്ക്കുന്നത്. കാരണം ഫ്രീ മാർക്കറ്റ് ഫൗണ്ടേഷനെപ്പോലെ പൊതുവായ ലക്ഷ്യപ്രാപ്തിക്കു വേണ്ടി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന് ഏതെങ്കിലും രാഷ്ട്രീയ ചായ് വുണ്ടെന്ന് വരരുത് എന്നതായിരുന്നു ഉദ്ദേശ്യം.

ബുദ്ധിപൂർവമായി പ്രവർത്തിക്കുക

അടുത്ത കാലത്ത് ഒരിന്‍റർവ്യൂവിൽ അദ്ദേഹം പറഞ്ഞു. എന്‍റെ വിജയത്തിന് ഞാൻ മറ്റുള്ളവരെ ആശ്രയിച്ചില്ല. അതുപോലെ എന്‍റെ പരാജയത്തിന് ഞാൻ മറ്റുള്ളവരെ പഴിക്കുന്നുമില്ല. എത്ര ആർജവമുള്ള പ്രസ്താവന. പുതു തലമുറയിലെ സംരംഭകർക്ക് കൊടുക്കാനുള്ള ഉപദേശമെന്തെന്ന് ഒരു പത്രപ്രവർത്തകൻ ചോദിച്ചപ്പോൾ മഷാബ പറഞ്ഞു. നിങ്ങളുടെ വൈകല്യങ്ങൾ തിരിച്ചറിയുക. ഏറ്റവും നല്ല ബുദ്ധിയുള്ളവരെ കൂടെ നിർത്തുക.’’

ഒരു സംരംഭകന്‍റെ സാമൂഹികമായ ഉത്തരവാദിത്തങ്ങളെക്കുറിച്ച് മഷാബ ബോധവാനാണ്. പണമുണ്ടാക്കൽ മാത്രമല്ല ബിസിനസിന്‍റെ ലക്ഷ്യം. എന്നാൽ സന്പത്തുണ്ടാക്കുന്നതിൽ ഒരു അപാകതയുമില്ല താനും. പക്ഷേ സംരംഭകൻ ഒരിക്കലും ഒരത്യാഗ്രഹിയാകരുത്. കാരണം ലോകത്തുള്ളതെല്ലാം സ്വന്തമാക്കാൻ നിങ്ങൾക്കു കഴിയില്ല. എല്ലാം വേണമെന്നുള്ള അതിരുവിട്ട ആഗ്രഹമാണല്ലോ അത്യാഗ്രഹം.

മനസിന്‍റെ കോണിലെവിടെയോ അത്യാഗ്രഹങ്ങൾ രഹസ്യമായി ഒളിപ്പിച്ചു വയ്ക്കുന്നവർ കേൾക്കേണ്ട വാക്കുകൾ!

ഡോ. രാജൻ പെരുന്ന