ഡയഗ്നോസ്റ്റിക് സേവനവഴികളിൽ മികവിന്‍റെ കൈയൊപ്പുമായി
ഡയഗ്നോസ്റ്റിക് സേവനവഴികളിൽ മികവിന്‍റെ കൈയൊപ്പുമായി
Tuesday, April 16, 2019 5:14 PM IST
സിജോ പൈനാടത്ത്

Without laboratories men of science are soldiers without arms.
- Louis Pasteur
വൈദ്യ ശാസ്ത്രമേഖലയിൽ ചികിത്സയ്ക്കൊപ്പമോ അതിലധികമോ പ്രധാനമാണു രോഗത്തിന്‍റെ കാരണങ്ങളും സ്വഭാവവും വ്യാപ്തിയും കണ്ടെത്തുക എന്നത്. കൃത്യമായ രോഗനിർണയം ചികിത്സ എളുപ്പവും കാര്യക്ഷമവും ഫലപ്രദവുമാക്കുമെന്നതു മെഡിക്കൽ സയൻസിലെ പ്രഥമവും പ്രധാനവുമായ പാഠങ്ങളിലൊന്നാണ്.

ഡോക്ടേഴ്സ് ഡയഗ്നോസ്റ്റിക് റിസർച്ച് സെന്‍റർ എന്ന ഡിഡിആർസി എസ്ആർഎൽ, രാജ്യത്തെ ഡയഗ്നോസ്റ്റിക് സർവീസ് മേഖലയിൽ മികവിന്‍റെ പര്യായമാണ്. വിശ്വാസ്യതയും സമഗ്രതയും സാങ്കേതികത്തികവും വിദഗ്ധരായ മാനേജ്മെന്‍റിന്‍റെയും ഡോക്ടർമാരുടെയും ജീവനക്കാരുടെയും കാര്യക്ഷമതയും ഇഴചേർന്ന സേവനപുണ്യം. നാലു പതിറ്റാണ്ടോളമെത്തിയ സ്തുത്യർഹമായ ഈ സേവനവഴികൾ ഡിഡിആർസിയെ മികവിന്‍റെ ഉയരങ്ങളിലേക്കെത്തിച്ചു. കേരളത്തിലെ ആദ്യത്തെ ഡയഗ്നോസ്റ്റിക് സെന്‍റർ ശൃംഖലയായ ഡിഡിആർസി ഇപ്പോൾ തമിഴ്നാട്ടിലേക്കും സേവനം വ്യാപിപ്പിച്ചിട്ടുണ്ട്. ഇന്ന് ഇന്ത്യയിലെ തന്നെ മുൻനിര ഡയഗ്നോസ്റ്റിക് സേവനദാതാക്കളാണു ഡിഡിആർസി.

1983 ൽ കൊച്ചി കേന്ദ്രമാക്കി ആരംഭിച്ച ഡോക്ടേഴ്സ് ഡയഗ്നോസ്റ്റിക് സെന്‍റർ (ഡിഡിസി), പിന്നീടു ഡിഡിആർസിയായി വളർന്നു. കെ. ജോയ് ജോസഫ് എന്ന ക്രാന്തദർശി ദീർഘവീക്ഷണത്തോടെ തുടക്കമിട്ട സംരംഭം, 36 വർഷം കൊണ്ടു സ്വന്തമാക്കിയത് ഡയഗ്നോസ്റ്റിക് മേഖലയിൽ അതിശയിപ്പിക്കുന്ന മുന്നേറ്റമാണ്. ഇദ്ദേഹത്തിന്‍റെ മകനും ഡിഡിആർസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കെ. അജിത് ജോയിയുടെ സാരഥ്യത്തിൽ ഇന്ന്, ഒന്പതു റീജണൽ സെന്‍ററുകളിലായി 197 ലാബോറട്ടറികൾ, രണ്ടു സെന്‍റർ ഫോർ എക്സലൻസുകൾ, 26 റേഡിയോളജി ഇമേജിംഗ് സെന്‍ററുകൾ, ആറു വെൽനെസ് സെന്‍ററുകൾ തുടങ്ങി അനുദിനം സ്ഥാപനം മുന്നേറ്റത്തിന്‍റെ പാതയിലാണ്.

ഇരുനൂറിലധികം സെന്‍ററുകളിലായി പ്രതിദിനം 75000 ടെസ്റ്റുകൾ, രണ്ടായിരത്തിലധികം ആശുപത്രികൾക്കും ക്ലിനിക്കൽ ലാബുകൾക്കും സേവനം, 4.2 മില്യണ്‍ ഗുണഭോക്താക്കൾ, 5500 അനലറ്റിക്കൽ ടെസ്റ്റുകൾ എന്നിവ ഡിഡിആർസിയിൽ നടക്കുന്നു. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലാബോറട്ടറീസിന്‍റെ (എൻഎബിഎൽ) അക്രഡിറ്റേഷനോടെയാണു ഡിഡിആർസിയുടെ ലാബുകൾ പ്രവർത്തിക്കുന്നത്.

എന്തുകൊണ്ട് ഡിഡിആർസി?

ഡയഗ്നോസ്റ്റിക് മേഖലയിൽ ഡിഡിആർസി തനതായ ഇടം സ്വന്തമാക്കിയിട്ടുണ്ട്. ലോകോത്തര നിലവാരത്തിലുള്ള രോഗനിർണയ, പരിശോധനാ സംവിധാനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുകയാണു ഡിഡിആർസി ഗ്രൂപ്പിന്‍റെ സ്ഥാപിത ലക്ഷ്യം. ആരോഗ്യപരിരക്ഷയെക്കുറിച്ചു സമഗ്രമായ അവബോധം നൽകുക, അതിനൂതന സാങ്കേതികവിദ്യകളുടെ സഹായം ഡയഗ്നോസ്റ്റിക് രംഗത്ത് ഉറപ്പാക്കുക, മനുഷ്യത്വപരമായ ഡയഗ്നോസ്റ്റിക് കെയർ നൽകുക എന്നിവയും ഡിഡിആർസിയുടെ സവിശേഷ ദൗത്യങ്ങളിലുണ്ട്.

കേരളത്തിലെ ആദ്യത്തെ ഡയഗ്നോസ്റ്റിക് സെന്‍ററുകളുടെ ശൃംഖലയാണു ഡിഡിആർസി. സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അന്തരിച്ച കെ. ജോയ് ജോസഫ്, മെഡിക്കൽ ഡയറക്ടറും ചീഫ് പത്തോളജിസ്റ്റുമായിരുന്ന അന്തരിച്ച പ്രഫ.ഡോ. എം.ബലരാമൻനായരുടെ മാർഗനിർദേശങ്ങളുടെ വെളിച്ചത്തിലാണു ഡിഡിസി എന്ന സംരംഭത്തിനു 1983 ൽ തുടക്കമിട്ടത്. ഗുണമേന്മയുള്ള ഡയഗ്നോസ്റ്റിക് സർവീസുകൾ ചുരുങ്ങിയ ചെലവിൽ എല്ലാവരിലേക്കുമെത്തിക്കുകയായിരുന്നു ഇരുവരുടെയും മനസിലെ സ്വപ്നം.
ഡിഡിസിക്കു വിപുലമായ ഗവേഷണവിഭാഗം അനിവാര്യമാണെന്ന ബോധ്യത്തിന്‍റെ വെളിച്ചത്തിൽ 1989 ൽ ഡിഡിആർസിയായി സ്ഥാപനം പുതിയ മുഖം സ്വായത്തമാക്കി. ഡോ. ബലരാമൻനായരുടെ നേതൃത്വത്തിൽ പ്രഗല്ഭരായ 15 ഓളം ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി തിരുവനന്തപുരം മെഡിക്കൽ കോളജിനു സമീപം മെഡിക്കൽ അക്കാദമിക് ഹബിനു തുടക്കമിട്ടു.
സംസ്ഥാനത്തെ 12 ഓളം പ്രമുഖ ആശുപത്രികളുടെ മെഡിക്കൽ ലാബോറട്ടറികൾ ഡിഡിആർസിയുടെ സഹകരണത്തോടെയാണു പ്രവർത്തിക്കുന്നത്.
പ്രമുഖമായ സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും ബാങ്കുകളിലും ഡിഡിആർസി എക്സിക്യുട്ടീവ് മെഡിക്കൽ ചെക്കപ്പ് നടത്തിവരുന്നുണ്ട്. വിവിധ മെഡിക്കൽ കോളജുകളുമായി സഹകരിച്ചു പിജി വിദ്യാർഥികൾക്കു ഗവേഷണപരിപാടികൾ ഡിഡിആർസിയുടെ മേൽനോട്ടത്തിൽ നടക്കുന്നു. കന്പനിയുടെ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി, കിടപ്പിലായ രോഗികളുടെ ചികിത്സയ്ക്കാവശ്യമായ സാന്പിളുകൾ വീടുകളിലെത്തി ശേഖരിക്കാൻ ഡിഡിആർസി സൗകര്യമൊരുക്കിയിട്ടുണ്ട്. 365 ദിവസവും 24 മണിക്കൂർ സേവനം നൽകുന്ന ലാബുകളെന്ന പ്രത്യേകതയും ഡിഡിആർസിയ്ക്കു സ്വന്തം.

ശ്രദ്ധേയ സാരഥ്യം

2014ൽ പിതാവ് ജോയ് ജോസഫിന്‍റെ നിര്യാണത്തെത്തുടർന്നു ഡോ. അജിത് ജോയ് ഡിഡിആർസിയുടെ സാരഥ്യം ഏറ്റെടുത്തു. ബിജാപൂരിൽ മെഡിസിൻ പഠനം പൂർത്തിയാക്കിയ ഡോ. അജിത്, 1999ൽ കോട്ടയം മെഡിക്കൽ കോളജിൽ ഇന്‍റേണ്‍ഷിപ്പ് പൂർത്തിയാക്കി. 2000-2001 ൽ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ അത്യാഹിതവിഭാഗത്തിൽ സേവനം ചെയ്തു. 2002 മുതൽ 2004 വരെ മുംബൈ ബിഎആർസിയിൽ ന്യൂക്ലിയർ മെഡിസിനിൽ ഉപരിപഠനം. തുടർന്നു ഡോക്ടേഴ്സ് ഡയഗ്നോസ്റ്റിക് ന്യൂക്ലിയർ മെഡിസിൻ ആൻഡ് റിസർച്ച് സെന്‍ററിനു തുടക്കം കുറിച്ചു. തിരുവനന്തപുരത്തു തുടങ്ങിയ ഈ സെന്‍റർ ന്യൂക്ലിയർ മെഡിസിനിൽ സംസ്ഥാനത്തെ ആദ്യത്തെ സ്വകാര്യ സ്ഥാപനമാണ്. 2014ൽ ഡിഡിആർസിയുടെ ചുമതല ഏറ്റെടുക്കുന്പോൾ, അഞ്ചു റീജണുകളും 74 യൂണിറ്റുകളുമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴത് ഒന്പതു റീജണുകളും 197 യൂണിറ്റുകളുമായി വളർന്നു. 140 കോടി രൂപയാണു ഡിഡിആർസിയുടെ വാർഷിക അറ്റാദായം.


നേരത്തെ പിരമൾ പാത്ത് ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ് ഡിഡിആർസിയുമായി കൈകോർത്തിരുന്നു. 2010ൽ പിരമളിനുണ്ടായിരുന്ന വിഹിതം എസ്ആർഎൽ ഗ്രൂപ്പിനു നൽകിയതോടെ കന്പനിയുടെ പേര് ഡിഡിആർസി എസ്ആർഎൽ എന്നായി. എസ്ആർഎലിൽ നിന്നു രണ്ടു പ്രതിനിധികളാണു ഡയറക്ടർ ബോർഡിലുള്ളത്.

9 റീജണൽ സെന്‍ററുകൾ, 197 ലാബോറട്ടറികൾ

കൊച്ചി പനന്പിള്ളി നഗറിലെ ഡിഡിആർസി എസ്ആർഎൽ ടവറിലാണു കന്പനിയുടെ കോർപറേറ്റ് ഓഫീസും റഫറൽ ലാബോറട്ടറിയും പ്രവർത്തിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, നാഗർകോവിൽ എന്നിവയാണു ഡിഡിആർസി റീജണൽ സെന്‍ററുകൾ. ആലുവ, പാലക്കാട്, ആലപ്പുഴ, മൂവാറ്റുപുഴ, കാസർകോഡ് എന്നിവിടങ്ങളിൽ സബ് റീജണൽ സെന്‍ററുകളും പ്രവർത്തിക്കുന്നു. ഇവയ്ക്കു പുറമേയാണു 197 സുസജ്ജമായ ലാബോറട്ടറികളുടെ സേവനം. കേരളത്തൽ എവിടെനിന്നും പരമാവധി അര മണിക്കൂർ യാത്രയിൽ ഡിഡിആർസിയുടെ സെന്‍ററിൽ എത്താനാവുന്ന തരത്തിലാണു ലാബോറട്ടറികൾ സജ്ജമാക്കുന്നതെന്നു ഡിഡിആർസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കെ. അജിത് ജോയ് പറഞ്ഞു.

പത്തോളജി, മൈക്രോ ബയോളജി, ബയോ കെമിസ്ട്രി, ഹെമറ്റോളജി, റേഡിയോളജി വിഭാഗങ്ങളിൽ ഡോക്ടർമാരുടെയും മറ്റു വിദഗ്ധരുടെയും സേവനം ഡിഡിആർസിയുടെ റീജണൽ സെന്‍ററുകളിൽ ലഭിക്കും.

ഡോ. അജിത്തിന്‍റെ സഹധർമിണി ഡോ. സ്മിത അജിത് ഡിഡിആർസി മെഡിക്കൽ ഡയറക്ടറും പത്തോളജിസ്റ്റുമാണ്. ഇവർക്കൊപ്പം പ്രഫ. ഡോ. യജ്ഞനാരായണ അയ്യർ, പ്രഫ.ഡോ. ഹരിലാൽ, പ്രഫ.ഡോ. വിജയലക്ഷ്മി, പ്രഫ.ഡോ. തോമസ് ഏബ്രഹാം, പ്രഫ.ഡോ. ജോയ് അഗസ്റ്റിൻ, പ്രഫ.ഡോ. ജയശ്രീ, പ്രഫ. ഡോ. ഭാർഗവി തുടങ്ങി പ്രഗല്ഭരും പ്രശസ്തരുമായ ഡോക്ടർമാരുടെ ഡിഡിആർസിയിലെ സേവനം സ്മരണീയമാണെന്ന് ഡോ. കെ. അജിത് ജോയ് പറഞ്ഞു. വിവിധ സ്ഥലങ്ങളിലായി 1900 ജീവനക്കാർ ഇപ്പോൾ സേവനം ചെയ്യുന്നു. ഡോ. അജിത്തിന്‍റെ മാതാവ് എൽസി ജോസഫും കന്പനിയുടെ ഡയറക്ടർ ബോർഡിലുണ്ട്. പത്താം ക്ലാസ് വിദ്യാർഥി എറിക് ജോസഫ്, നാലാം ക്ലാസ് വിദ്യാർഥിനി സേറ മരിയ ജോസഫ്, ഒന്നാം ക്ലാസ് വിദ്യാർഥി നീൽ എന്നിവരാണു ഡോ. കെ. അജിത് ജോയ്-ഡോ. സ്മിത അജിത് ദന്പതികളുടെ മക്കൾ.

കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ സ്വന്തം നിലയിൽ മെഡിക്കൽ ലാബോറട്ടറികൾ നടത്തുന്ന പലരും ഡിഡിആർസിയിൽ നേരത്തെ പ്രവർത്തിച്ചിരുന്നവരാണ്.

വരുന്നു; മോളിക്യുലാർ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റൽ

പുതിയ കാലഘട്ടത്തിൽ ആരോഗ്യരംഗത്തു വലിയ പ്രാധാന്യമർഹിക്കുന്ന കാൻസർ ചികിത്സാരംഗത്തു നവീന സാങ്കേതികസാധ്യതകളുടെ അകന്പടിയോടെ കാൽവയ്പു നടത്തുകയാണു ഡിഡിആർസി ഗ്രൂപ്പ്. കൊച്ചി പുതുവൈപ്പ് കേന്ദ്രമായി കാൻസർ ചികിത്സാകേന്ദ്രവും മരുന്നുനിർമാണ യൂണിറ്റും (മോളിക്യുലാർ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റൽ) നിർമാണം ആരംഭിച്ചുകഴിഞ്ഞു. കേരളത്തിൽ ആദ്യമായാണു കാൻസർ ചികിത്സയ്ക്കും അതിനോടനു ബന്ധിച്ചുള്ള മരുന്നു നിർമാണത്തിനാവശ്യമായ മെഡിക്കൽ സൈക്ലോട്രോണും ഉൾപ്പെടുന്ന ഒരു കേന്ദ്രം ആരംഭിക്കുന്നത്.

ഈ ഹോസ്പിറ്റൽ ഡോ. അജിത് ജോയിയുടെ നേതൃത്വത്തിൽ പോൾസണ്‍ ചിറയത്ത്, ഡോ. ഹസൻകുഞ്ഞി, മാത്യു ഫ്രാൻസിസ് കാട്ടൂക്കാരൻ, നിബു ജോസ് നെറ്റിക്കാടൻ എന്നീ പ്രവാസി മലയാളികളുടെ സഹായ സഹകരണത്തോടെയാണു യാഥാർഥ്യമാക്കുന്നത്. ഇതു പൂർണസജ്ജമാകുന്നതോടെ കേരളത്തിലെ ഓങ്കോളജി കെയർ ഡസ്റ്റിനേഷനായി കൊച്ചി മാറുമെന്നാണു പ്രതീക്ഷയെന്നു ഡോ. കെ. അജിത് ജോയ് പറയുന്നു. 125 കിടക്കകളുള്ള എല്ലാ അത്യാധുനിക സംവിധാനങ്ങളോടെയുമുള്ള ആശുപത്രിയായാണു പദ്ധതിയുടെ നിർമാണം പുരോഗമിക്കുന്നത്. ഗ്ലോബൽ ബ്രസ്റ്റ് കാൻസർ ഡയഗ്നോസ്റ്റിക് കിറ്റ് ഈ സെന്‍ററിൽ നിന്നു പുറത്തിറങ്ങും. കാൻസർ ചികിത്സയ്ക്കുള്ള വിവിധ മരുന്നുകൾ ചെലവു കുറഞ്ഞ രീതിയിൽ ലഭ്യമാക്കുന്നതിന് ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിജയരഹസ്യം

ഡിഡിആർസിയുടെ വിജയത്തിനു പിന്നിൽ എന്ത് എന്ന ചോദ്യത്തിനു, തന്‍റെ പിതാവ് കെ.ജോയ് ജോസഫിന്‍റെ ദർശനങ്ങളും നേതൃമികവുമാണ് എന്നു തന്നെയാണു, ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കെ. അജിത് ജോയിയുടെ ആദ്യ മറുപടി. പ്രഗല്ഭരായ ഡോക്ടർമാരുടെയും ജീവനക്കാരുടെയും സേവനം, കാലത്തിന്‍റെ മാറ്റങ്ങൾക്കനുസരിച്ച് പ്രയോഗത്തിലെത്തിക്കുന്ന നൂതന സാങ്കേതിക വിദ്യകൾ, വിശ്വാസ്യത, മൂല്യങ്ങളിലും ധാർമികതയിലും അധിഷ്ടിതമായ പ്രവർത്തനം എന്നിവയെല്ലാം ഡിഡിആർസിയുടെ വിജയവഴികളിൽ പ്രകാശങ്ങളാണ്.
36 വർഷത്തെ സേവന ചരിത്രം ഡിഡിആർസിയെ കേരളത്തിലും പുറത്തും മെഡിക്കൽ രംഗത്ത് അതുല്യമായ മികവുയരങ്ങളിലേക്കാണു കൈപിടിച്ചത്. ഡോ. കെ. അജിത് ജോയിയുടെ നേതൃത്വത്തിൽ ഡയഗ്നോസ്റ്റിക് രംഗത്ത് അനുപമമായ മുന്നേറ്റങ്ങളിലൂടെ നല്ല നാളെകളിലേക്കാണ് ഈ പ്രസ്ഥാനത്തിന്‍റെ കുതിപ്പ്.
ചിത്രങ്ങൾ: അഖിൽ പുരുഷോത്തമൻ