ഇൻഷുറൻസ് സുരക്ഷ സ്ത്രീകൾക്കും വേണം
ഇൻഷുറൻസ് സുരക്ഷ  സ്ത്രീകൾക്കും വേണം
Thursday, March 14, 2019 3:20 PM IST
രാഷ്ട്രീയം, ധനകാര്യം, സാമൂഹികമായ വിവിധ മേഖലകൾ എന്നിങ്ങനെ സമൂഹത്തിലെ ഒട്ടുമിക്ക മേഖലകളിലും സ്ത്രീകൾ ശ്രദ്ധേയമായ പദവികൾ നേടിയെടുക്കുന്നുണ്ട്. സാന്പത്തികമായി സ്വാതന്ത്ര്യം നേടാനും മിക്ക സത്രീകളും ശ്രമിക്കുന്നുണ്ട്. പക്ഷേ, കുടുംബത്തിലേക്ക് എത്തുന്പോൾ അല്ലെങ്കിൽ കുടുംബത്തിലെ സാന്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള സംസാരം വരുന്പോൾ പല സ്ത്രീകളും നിശബ്ദരാണ്. മുഖ്യകാരണം വീടുകളിലെ സാന്പത്തികമായ കാര്യങ്ങൾ എങ്ങനെയായിരിക്കണമെന്നും സ്ത്രീകൾ അദ്ധ്വാനിച്ച് കൊണ്ടു വരുന്ന പണം പോലും എങ്ങനെ ചെലവഴിക്കണമെന്ന് നിശ്ചയിക്കുന്നത് ഭർത്താക്കൻമാരാണ്, പിതാക്കൻമാരാണ്. അല്ലെങ്കിൽ കുടുംബത്തിലെ മുതിർന്ന പുരുഷന്മാരാണ്.

ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിയാമല്ലോ എന്നു ചിന്തിച്ചോ തങ്ങളുടെ സുരക്ഷിതത്വം നോക്കി ഭർത്താവിനെയോ അച്ഛനെയോ സാന്പത്തിക കാര്യങ്ങൾ ഏൽപ്പിക്കുന്നവരാണ് ഭൂരിപക്ഷം സ്ത്രീകളും.

ധനകാര്യാസൂത്രണത്തിൽ സ്ത്രീകളും പങ്കാളികളാകട്ടെ

പെണ്‍കുട്ടികൾ വളർന്നു വരുന്പോൾ മുഴുവൻ കാണുന്നത്. തങ്ങളുടെ വിവാഹത്തിനായി സന്പാദിക്കുന്ന അച്ഛനമ്മമാരെയാണ്. അവരുടെ ഭാവിയെ സുരക്ഷിതമാക്കാനായി വിദ്യാഭ്യാസത്തിനോ ഒരു തൊഴിൽ നേടാനോ വേണ്ടിയുള്ള ചെലവഴിക്കലൊന്നുമില്ല. ഇനി സാന്പത്തികമായ സംസാരങ്ങൾ നടക്കുന്പോൾ അഭിപ്രായം പറയാൻ പോലും പല സ്ത്രീകൾക്കും അവസരം നൽകാത്ത വീടുകളുമുണ്ട്. പെണ്‍കുട്ടികളെ ചെറുപ്പം മുതൽ സാന്പത്തിക കാര്യങ്ങൾ കൂടി കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കേണ്ടതുണ്ട്. വീട്ടിലും സുഹൃത്തുക്കൾക്കിടയിലും സാന്പത്തിക കാര്യങ്ങൾ സംസാരിക്കാനുള്ള അവരുടെ മടി ഇല്ലാതാക്കാൻ കൂടി ഇത് സഹായിക്കും. ഒരു വീടിനുള്ളിലെ എല്ലാക്കാര്യങ്ങളും കടന്നു പോകുന്നത് സ്ത്രീകളുടെ കൈകളിലൂടെയാണ്. ടൂത്ത് പേസ്റ്റും ഹാൻഡ് വാഷും എന്നു തുടങ്ങി ഉപ്പു തൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങൾ തീരുന്നത് അറിയുന്നതും അതിനനുസരിച്ച് വാങ്ങിപ്പിക്കുന്നതുമെല്ലാം സ്ത്രീകളാണ്.

പക്ഷേ, സ്വന്തം ആരോഗ്യത്തിന്‍റെ കാര്യത്തിൽ മിക്ക സ്ത്രീകളും വേണ്ടത്ര ശ്രദ്ധ നൽകുന്നേയില്ല എന്നതാണ് വസ്തുത.സ്ത്രീകൾ ആരോഗ്യ സംരംക്ഷണത്തിനും സാന്പത്തിക സുരക്ഷിതത്വത്തിനുമായി സ്വന്തമാക്കിയിരിക്കേണ്ട ആരോഗ്യ ഇൻഷുറൻസ്, മറ്റേണിറ്റി ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് എന്നിവയെക്കുറിച്ചാണ് ചുവടെ നൽകിയിരിക്കുന്നത്.

1. ആരോഗ്യത്തിനു നൽകണം പരിഗണന

ആരോഗ്യ ഇൻഷുറൻസ് കന്പനികളുടെ അഭിപ്രായത്തിൽ സ്ത്രീകളാണ് പുരുഷൻമാരേക്കാൾ ഇൻഷുറൻസ് പോളിസി എടുക്കേണ്ടവർ. അതിനു കാരണമുണ്ട്. കൂടുതൽ കാലം ജീവിച്ചിരിക്കുന്നതും കൂടുതൽ ഗുരുതരമായ രോഗങ്ങൾ വരാനുള്ള സാധ്യതയും സ്ത്രീകൾക്കാണ്. പുരുഷൻമാരേക്കാൾ കൂടുതലായി ഡോക്ടർമാരെ സന്ദർശിക്കുന്നതും സ്ത്രീകളാണ്. അസുഖം മൂലമോ അല്ലെങ്കിൽ ഗർഭകാലത്തോ ഒക്കെയാവാം ഇത്.
എന്തായാലും മികച്ച ആരോഗ്യ പോളിസിയുണ്ടായിരിക്കുകയെന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ജോലിയും വരുമാനവുമൊക്കെയുണ്ടെങ്കിലും ഇല്ലെങ്കിലും ആവശ്യത്തിനുള്ള കവറേജുള്ള ആരോഗ്യ പോളിസി ഓരോ സ്ത്രീയും ജീവിതം തുടങ്ങുന്പോൾ തന്നെ ഉറപ്പാക്കുക. അതു ഭർത്താവിനോടായാലും പിതാവിനോടായാലും സഹോദരനോടായാലും മക്കളോടായാലും പറഞ്ഞു പോളിസി ഉറപ്പാക്കുക. ഓരോ വർഷവും അതു പുതക്കുന്നുണ്ടെന്നും ഉറപ്പു വരുത്തുക.

മിക്കവാറും കുടുംബത്തിനു വേണ്ടിയുള്ള ഫ്ളോട്ടർ പോളിസിയിൽ സ്ത്രീകളുടെ സുരക്ഷിതത്വം ഒതുങ്ങിപ്പോകാറാണ് പതിവ്. എന്നാൽ ഒരു വ്യക്തിഗത പോളിസിയുടെ ഗുണം അപ്രതീക്ഷിതമായി രോഗം വന്നാൽ നല്ല ചികിത്സയ്ക്കായി ആരുടേയും മുന്നിൽ കൈനീട്ടേണ്ട എന്നതാണ്.

വ്യക്തിഗത പോളിസികൾ അത്യാവശ്യമാണ്

ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഗർഭാശയസംബന്ധമായ രോഗങ്ങൾ, കാൻസർ, പ്രത്യുൽപ്പാദന ശേഷി സംബന്ധമായ പ്രശ്നങ്ങൾ, മാനസിക സമ്മർദ്ദം തുടങ്ങിയവയാണ് ഇന്ത്യയിലെ സ്ത്രീകൾ വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് എടുക്കേണ്ടതിന്‍റെ ആവശ്യകത വെളിവാക്കുന്ന ചില രോഗങ്ങൾ. മലിനീകരണം, മായം ചേർക്കൽ, ജീവിത ശൈലി രോഗങ്ങൾ എന്നിവയെല്ലാം പെരുകി വരുന്നതായിട്ടാണ് കാണുന്നത്. വന്ധ്യതയ്ക്കുള്ള ചികിത്സയും ഇന്ന് കൂടി വരുന്നു.

ചികിത്സാച്ചെലവ് ഓരോ വർഷവും കുതിച്ചുയരുകയാണ്. മെഡിക്കൽ ഇൻഫ്ളേഷൻ 13-15 ശതമാനമാണിപ്പോൾ. ചികിത്സാച്ചെലവ് വർധിക്കുന്നത് കുടുംബത്തിന്‍റെ സാന്പത്തിക ആരോഗ്യത്തെയാണ് താളം തെറ്റിക്കുന്നത്.

കോർപറേറ്റ് ആരോഗ്യ ഇൻഷുറൻസ് മാത്രം പോര

ജോലി ചെയ്യുന്ന സ്ഥാപനം നൽകുന്ന ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിൽ പിന്നെ ഒരു പോളിസി എടുക്കാൻ പലർക്കും മടിയാണ്. പക്ഷേ, അങ്ങനെ ചെയ്യരുതെന്നാണ് സാന്പത്തിക വിദഗ്ധരുടെ നിർദേശം. സ്വന്തമായി ഒരു ആരോഗ്യ പോളിസി സ്ത്രീകൾ എടുക്കണം എന്നുള്ളത് അത്യാവശ്യമാണ്. ജോലി നഷ്ടമുൾപ്പെടെ പലകാരണങ്ങളാലും കന്പനി നൽകുന്ന ആരോഗ്യ പോളിസിയുടെ കവറേജ് തുടരുവാൻ സാധിക്കാതെ വന്നേക്കാം. റിട്ടയർമെന്‍റിനുശേഷം കന്പനിയുടെ ഗ്രൂപ്പ് ആരോഗ്യ ഇൻഷുറൻസ് പോളിസി ബാധകമല്ലാതെ വന്നേക്കാം.
റിട്ടയർമെന്‍റിനുശേഷം ഒരു ആരോഗ്യ പോളിസി എടുക്കുക എന്നത് ആരോഗ്യ പോളിസി അത്ര എളുപ്പമുള്ള കാര്യമല്ല. മുതിർന്ന പൗരന്മാർ പോളിസി എടുക്കുന്പോൾ സാധാരണ പോളിസി എടുക്കുന്നതിനെക്കാൾ പരിശോധനകളും മറ്റും നടത്തേണ്ടി വരും പ്രീമിയവും കൂടുതലായിരിക്കും. പല രോഗങ്ങൾക്കും കവറേജും ലഭിക്കാതെ വരാം. അല്ലെങ്കിൽ കവറേജ് ലഭിക്കുവാൻ വർഷങ്ങൾ കാത്തിരിക്കേണ്ടതായി വന്നേക്കാം. അതുകൊണ്ട് ജോലിയുള്ള കാലത്ത് അല്ലെങ്കിൽ ചെറുപ്രായത്തിൽ തന്നെ ഒരു പോളിസി എടുത്തുവയ്ക്കുക. അതു മുടങ്ങാതെ പുതുക്കിക്കൊണ്ടിരിക്കുക.


സ്ത്രീകൾ പോളിസികൾ എടുക്കുന്പോൾ ശ്രദ്ധിക്കാൻ

* സ്തനാർബുദം, ഗർഭാശയ കാൻസർ, ഫലോപിയൻ ട്യൂബ് കാൻസർ, സെർവിക്കൽ കാൻസർ, വജൈനൽ കാൻസർ, ഓവേറിയൻ കാൻസർ എന്നിവയ്ക്കുള്ള കവറേജുള്ള പോളിസികൾ എടുക്കുക.
* മറ്റേണിറ്റി കവറേജ് ലഭിക്കുന്ന പോളിസികൾ
* അപകട ഇൻഷുറൻസ് കവറേജ്

2. മറ്റേണിറ്റി ഇൻഷുറൻസ്
ആരോഗ്യ ഇൻഷുറൻസ് പോലെ തന്നെ പ്രധാനപ്പെട്ടതാണ് മറ്റേണിറ്റി ഇൻഷുറൻസും. മാസാമാസമുള്ള ചെക്കപ്പുകൾ, മരുന്നുകൾ, ആശുപത്രി ചെലവുകൾ, പ്രസവ സമയത്തെ ചെലവുകൾ അങ്ങനെ അങ്ങനെ ചെലവുകൾക്ക് ഒരു കുറവുമില്ലാത്ത കാലമാണ് ഗർഭകാലം.
പുതിയൊരു അതിഥി എത്തുന്നു എന്ന സന്തോഷത്തോടൊപ്പം ഈ ചെലവുകൾ സാന്പത്തികമായി അൽപ്പം ബാധ്യത നൽകും. ഈ ബാധ്യതയെ ഒരു പരിധിവരെ കുറയ്ക്കാൻ മറ്റേണിറ്റി ഇൻഷുറൻസ് സഹായിക്കും.

ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് പ്രസവം എങ്കിൽ ചെലവ് 50000 രൂപ മുതൽ 2 ലക്ഷം വരെ എത്തി നിൽക്കും.

ഈ ചെലവുകൾക്കെല്ലാം മുൻകരുതുലെന്നോണം ഒരു മെറ്റേണിറ്റി ഇൻഷുറൻസ് എടുത്താൽ ഈ ആകുലതകളെ ഒഴിവാക്കി ഈ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മഹൂർത്തത്തെ ആസ്വദിക്കാം.

കവറേജ്

* ആശുപത്രി ചെലവുകൾ:
ഹോസ്പിറ്റൽ റൂമിന്‍റെ വാടക, നഴ്സിംഗ്, അനസ്തെറ്റിസ്റ്റ്, മെഡിക്കൽ പ്രാക്ടീഷണർ, സർജൻ, ആംബുലൻസ് എന്നിവക്കുള്ള ചാർജ്(കുറഞ്ഞത് 24 മണിക്കൂറെങ്കിലും ആശുപത്രിയിൽ തങ്ങണം)
* പ്രസവത്തിനു മുൻപും പിൻപുമുള്ള ഹോസ്പിറ്റൽ ചാർജുകൾ
പരിശോധന ടെസ്റ്റുകൾക്കുള്ള ചെലവ്, മരുന്നുകൾ, കണ്‍സൾട്ടേഷൻ ഫീസ്, മുതലായ ചാർജുകൾ. പ്രസവത്തിനു ശേഷമുള്ള കണ്‍സൾട്ടേഷൻ ചാർജുകൾ ഇത് ആശുപത്രിയിൽ നിന്നും ഡിസചാർജ് ചെയ്തതിനുശേഷമുള്ള 60 ദിവസത്തെ ചെലവുകളാണ് കവർ ചെയ്യുക.
* ജനനത്തിനു മുന്പും ശേഷവും കുട്ടിക്കു വരുന്നചെലവുകൾ
അൾട്ര സൗണ്ട് സ്കാനിംഗ്, മരുന്നുകൾ, ഡോക്ടറുടെ കൾസൾട്ടേഷൻ ഫീസ്, റെഗുലർ ചെക്കപ്പുകൾ മുതലായ ചെലവുകൾ ഇതിൽ കവർ ചെയ്യും. പ്രസവത്തചിന് മുൻപും പിൻപും അമ്മക്ക് വരുന്ന ചെലവുകളും ഇതിൽ ഉൾപ്പെടും.
* നവജാത ശിശുവിനുള്ള കവറേജ്
ശിശു ജനിച്ച് 90 ദിവസം വരെയാണ് നവജാത ശിശുവിനുള്ള കവറേജ് ലഭിക്കുന്നത്. പോളിസിയിൽ പറഞ്ഞിരിക്കുന്നപരിധിക്കുള്ളിൽ നിൽക്കുന്ന ശിശുവിനു വരുന്ന ഹെൽത്ത് കെയർ ചെലവുകൾ
* ആംബുലൻസ് ചാർജ്
പ്രസവ സമയത്ത് അമ്മയെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള ആംബുലൻസിന്‍റെ ചെലവും മിക്കവാറും എല്ലാ ഇൻഷുറൻസ് പ്ലാനിലും ഉൾപ്പെടുത്തിയിട്ടുണ്ടാകും.

ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ കൂട്ടിച്ചേർക്കാം

ആരോഗ്യ ഇൻഷുറൻസ്പ്ലാനുകളിൽ മെറ്റേണിറ്റി കവറേജ് പലപ്പോഴും ഉൾപ്പെടുത്തിയിട്ടുണ്ടാകും. അല്ലാത്ത പക്ഷം കൂട്ടിച്ചേർക്കാനുള്ള അവസരം ഉണ്ടാകും. അധിക പ്രീമിയം അടച്ചു വേണം കൂട്ടിച്ചേർക്കാൻ.

ഒഴിവാക്കൽ

നിരവധി കാര്യങ്ങളെ മെറ്റേണിറ്റി ഇൻഷുറൻസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
* പ്രായപരിധി 45 വയാസണ്

എക്ടോപിക് പ്രഗിനൻസി കവർ ചെയ്തിട്ടില്ല

ഗർഭിണിയായ ശേഷമുള്ള ആദ്യത്തെ 12 ആഴ്ച്ചയിലെ മെഡിക്കൽ ചെലവുകൾ ഉൾപ്പെടുത്തില്ല
നിലവിൽ ഗർഭിണിയാണെങ്കിൽ കവറേജ് ലഭിക്കില്ല

കാലതാമസം

മറ്റേണിറ്റി ഇൻഷുറൻസിന് ഓരോ കന്പനികളും നിശ്ചിത വർഷത്തെ വെയിറ്റിംഗ് പിരീഡ് നിശ്ചയിച്ചിട്ടുണ്ട്. പൊതുവേ അത് രണ്ടു മുതൽ നാലു വർഷം വരെയാണ്.
മറ്റേണിറ്റി ഇൻഷുറൻസുകൾ
* റെലിഗർ ഹെൽത്തിന്‍റെ ജോയ് മെറ്റേണിറ്റി ആൻഡ് ന്യൂ ബോണ്‍ ബേബി കവറേജ്. ഒന്പതു മാസമാണ് കാലതാമസം.
* ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസിന്‍റെ ആക്ടീവ് ഹെൽത്ത് പോളി പ്രകാരം രണ്ടു വർഷത്തെ തുടർച്ചയായ കവറേജ് ഉണ്ടെങ്കിൽ മാത്രമേ മെറ്റേണിറ്റി കവറേജ് ലഭിക്കു.
* സ്റ്റാർ ഹെൽത്തിന്‍റെ സ്റ്റാർ കോംപ്രഹൻസീവ് ഇൻഷുറൻസ് പോളിസിയുടെ കവറേജ് ലഭിക്കണമെങ്കിൽ മൂന്നു വർഷം കാത്തിരിക്കണം.

3. ലൈഫ് ഇൻഷുറൻസ് പോളിസിയും വേണം

ആരോഗ്യ ഇൻഷുറൻസ് പോളിസിക്കും മറ്റേണിറ്റി ഇൻഷുറൻസ് പോളിസിക്കുമൊപ്പം ലൈഫ് ഇൻഷുറൻസ് പോളിസിയും വേണം. സാന്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ ലൈഫ് ഇൻഷുറൻസ് പോളിസി ആവശ്യമാണ്. ഭാവിയിൽ ആശ്രിതർക്ക് സുരക്ഷിതമായൊരു ജീവിതം ഉറപ്പുവരുത്തുക എന്നതാണ് ഇതിനു പിന്നിലെ പ്രധാന ലക്ഷ്യം. ഏറ്റവും കുറഞ്ഞ നിരക്കിൽ ടേം പോളിസിയിലൂടെ ഈ ലക്ഷ്യം നേടാൻ സാധിക്കും.

ജോലിയില്ലെങ്കിൽപോലും ടേം പോളിസി എടുക്കുന്നത് കുടുംബത്തിന് നല്ലതാണ്. അപ്രതീക്ഷിതമായതു സംഭവിച്ചാൽ വീട്ടിലെ കാര്യങ്ങൾ സാധാരണപോലെ കൊണ്ടുപോകുവാനുള്ള ചെലവ് എന്തായിരിക്കുമെന്ന് ആർക്കും ആലോചിക്കാവുന്നതേയുള്ളു. അതു നികത്താൻ ടേം ഇൻഷുറൻസിലൂടെ കവറേജ് ഉറപ്പാക്കാവുന്നതേയുള്ളു.