ജീവനക്കാരുടെ കൊഴിഞ്ഞുപോക്കു തടയുവാൻ
ജീവനക്കാരുടെ  കൊഴിഞ്ഞുപോക്കു  തടയുവാൻ
Tuesday, March 5, 2019 3:31 PM IST
ഒരാൾ താൻ ജോലി ചെയ്തിരുന്ന സ്ഥാപനം ഉപേക്ഷിച്ചു പോകുന്പോൾ അവിടെ ഉപേക്ഷിക്കുന്നത് കന്പനിയെ അല്ല കന്പനിയുടെ മാനേജ്മെന്‍റിനെയാണെന്നത് എല്ലാവർക്കും അറിയാവുന്ന ഒരു വസ്തുതയാണ്.

മൈക്രോ മാനേജിംഗ് (ഓരോ ചെറിയ കാര്യങ്ങളിൽ വരെ ഇടപെടുക ), അനാവശ്യമായി കുറ്റപ്പെടുത്തുക, വഴക്കു പറയുക, ഒരു ബോസിനെ പോലെ പെരുമാറുക തുടങ്ങിയ അനേകം കാര്യങ്ങളാണ് ജീവനക്കാരെ തങ്ങളുടെ ലീഡർമാരെ വിട്ടു പോകുവാൻ പ്രേരിപ്പിക്കുന്നത്.

ഓർത്തിരിക്കാം നാല് കാര്യങ്ങൾ

നാല് പ്രധാനപ്പെട്ട കാര്യങ്ങൾ ഓർമയിൽ സൂക്ഷിച്ച് ജീവനക്കാരോട് ഇടപെട്ടാൽ നമുക്ക് ഈ കൊഴിഞ്ഞു പോക്കിനെ ഒരു പരിധി വരെ തടഞ്ഞു നിർത്തുവാൻ സാധിക്കും

1. ജീവനക്കാരുടെ ട്രെയിനിംഗ് / ലേണിംഗ് എന്നിവക്ക് പ്രാധാന്യം നൽകുക
നിങ്ങളുടെ ടീമിൽ പുതുതായി വരുന്നവരോ, വർഷങ്ങളായി നിങ്ങളുടെ കീഴിൽ ജോലി ചെയ്യുന്നവരോ ആയിക്കൊള്ളട്ടെ അവർക്കു സമയാസമയങ്ങളിൽ കൃത്യമായ ട്രെയിനിംഗ് നൽകുക. കൂടുതൽ അറിയുവാനും പഠിക്കുവാനുമുള്ള അവസരങ്ങൾ ലഭിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും ജീവനക്കാർ പെട്ടെന്ന് കൊഴിഞ്ഞു പോകുകയില്ല. ഓരോ ജീവനക്കാരനും അവർക്കു സഹായകരം ആകുന്ന ഒരു കരിയർ പ്ലാൻ തയ്യാറാക്കുവാൻ സഹായിക്കുക. സ്ഥാപനത്തിൽ നിന്നാൽ ഈ കരിയർ പ്ലാൻ നടപ്പിൽ വരുത്തുവാൻ അവസരം ലഭിക്കും എന്ന ആത്മവിശ്വാസം വളർത്തുക എന്നതെല്ലാം സ്ഥാപനത്തെയും മാനേജരെയും കൂടുതൽ ഇഷ്ടപ്പെടുവാൻ ജീവനക്കാരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.

2. തുറന്ന സംഭാഷണങ്ങൾക്കും ഫീഡ്ബാക്കുകൾക്കും അവസരം നൽകുക
ഫീഡ്ബാക്കുകൾക്കു വേണ്ടി ഒരു വർഷം കാത്തു നിൽക്കാതെ സമയാസമയങ്ങളിൽ കൃത്യമായി തന്നെ ഫീഡ്ബാക്ക് നൽകുകയും ചോദിക്കുകയും ചെയ്യുക . എപ്പോഴും ഒഫീഷ്യൽ സംഭാഷണങ്ങളിൽ മാത്രം ഒതുക്കാതെ ഒരു നർമ്മ സംഭാഷത്തിലൂടെ കാര്യങ്ങൾ മനസ്സിലാക്കി എടുക്കുകയും അവർ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യുക. ഫീഡ്ബാക്കുകൾ ഒരു റേഡിയോ പോലെ ജീവനക്കാരോട് മാത്രം പറയുവാൻ ഉള്ളതല്ലെന്നും മനസ്സിലാക്കുക. ജീവനക്കാരുടെ പക്ഷത്തു നിന്നും മാനേജരും ഫീഡ്ബാക്ക് വാങ്ങിക്കുക. അത് വഴി സ്വയം നന്നാവാൻ ഉള്ള ഒരു അവസരം മാനേജർക്കു കൂടി ലഭിക്കുന്നു. കീഴിലുള്ള എല്ലാ ജീവനക്കാരുടെയും കഴിവുകൾ തിരിച്ചറിഞ്ഞു അനുയോജ്യമായ മേഖലകളിൽ അവർക്കു വളരുവാനുള്ള പ്രോത്സാഹനം നൽകുകയും ചെയ്യുക.


3. കൂടുതൽ സ്വാതന്ത്ര്യമുള്ള ജോലി സാഹചര്യം ഒരുക്കുക
ജീവനക്കാരുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കി വർക്ക് ഫ്രം ഹോം പോലെയുള്ള കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന ജോലി സാഹചര്യങ്ങൾ ഒരുക്കി നൽകുക. അത് വഴി കൂടുതൽ യാത്ര ചെയ്യുക, അസുഖമുള്ള കുട്ടികളെ പിരിഞ്ഞിരിക്കുക എന്നിങ്ങനെ ജീവനക്കാരെ അലട്ടുന്ന പ്രശനങ്ങൾക്കു ഒരുപരിധിവരെ പരിഹാരം കണ്ടെത്തുവാൻ സാധിക്കും. ആദ്യമൊക്കെ ഒരു പരീക്ഷണം എന്ന നിലയിൽ ചെറിയ രീതിയിൽ ഇത്തരം കാര്യങ്ങൾ അനുവദിച്ചു നൽകിയ പല കന്പനികളും ഈ ഒരു ഉദ്യമം നല്ല വിജയം നല്കിയതായിട്ടാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

4. കൂടുതൽ സാമൂഹികമായി ഇടപെടുവാനുള്ള അവസരങ്ങൾ നൽകുക
ജോലിയുടെ ടെൻഷൻ കുറക്കുവാൻ ലോകത്തെ പ്രമുഖ കന്പനികൾ പ്രവർത്തിച്ചു വിജയിച്ച ഒരു മേഖല ആണ് ജീവനക്കാർക്ക് സാമൂഹിക പ്രവർത്തനങ്ങൾക്ക് അവസരം നൽകുക എന്നുള്ളത്. അത് അവരെ കൂടുതൽ ഉത്തരവാദിത്വം ഉള്ളവരാക്കി മാറ്റുകയും സമൂഹത്തെ സ്നേഹിക്കുവാനും അത് വഴി കന്പനിയെ ഇഷ്ടപ്പെടുവാനും ഇതു വഴിവയ്ക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.
കൂടാതെ സാഹചര്യങ്ങൾക്ക് അനുസരിച്ചും ജീവനക്കാരുടെ ഫീഡ്ബാക്കുകൾ മനസ്സിലാക്കി അനുയോജ്യമായ മാറ്റങ്ങൾ വരുത്തിയാൽ വളരെ സന്തോഷകരമായ ഒരു ഓഫീസ് അന്തരീക്ഷം കെട്ടിപ്പടുക്കുവാൻ സാധിക്കും.

(ബിസിനസുകൾക്കു ഓർഗനൈസഷൻ ഡെവലപ്മെന്‍റ്, ലീഡർഷിപ് കോച്ചിംഗ് നൽകുന്ന ഒരു സെർട്ടിഫൈഡ് ലീഡർഷിപ് കോച്ച്, സോഫ്റ്റ് വേർ കണ്‍സൾട്ടന്‍റ എന്നീ നിലകളിൽ പ്രവർത്തിക്കുന്നയാളാണ് ലേഖകൻ. ഫോണ്‍: 9961429066, ഇമെയിൽ: [email protected] )

പി.കെ ഷിഹാബുദീൻ