ആർക്കു തോൽപ്പിക്കാനാകും കൃതിഗാ റെഡ്ഡിയെ
ആർക്കു തോൽപ്പിക്കാനാകും കൃതിഗാ റെഡ്ഡിയെ
Tuesday, February 5, 2019 3:25 PM IST
2009-ന്‍റെ അവസാനം. സോഷ്യൽ മീഡിയയുടെ ഏറ്റവും വലിയ മാർക്കറ്റുകളിലൊന്ന് ഇന്ത്യയാണ്. ഇന്ത്യയിൽ 80 ലക്ഷം വരിക്കാർ അന്ന് ഫേസ്ബുക്കിനുണ്ട്. ഇത് തിരിച്ചറിഞ്ഞ സക്കർബർഗും സംഘവും ഇന്ത്യയിലെ പ്രവർത്തനം കുറേക്കൂടി വിപുലമാക്കാൻ ആലോചിക്കുന്ന സമയം. സ്വന്തമായ ഓഫീസ് വേണം. ഇന്ത്യയിലെ പ്രവർത്തനത്തിനു കുറഞ്ഞത് അഞ്ഞൂറുപേരുടെ ടീമെങ്കിലും വേണം. 150 ദശലക്ഷം ഡോളറാണ് ഇന്ത്യയിൽ മുടക്കാൻ ആലോചിക്കുന്നത്.
ഇന്‍റർവ്യൂവിൽ പങ്കെടുത്ത ഇരുനിറക്കാരിയായ ഒരു യുവതി ഇന്‍റർവ്യൂ ബോർഡിന്‍റെ പ്രിയം പിടിച്ചു പറ്റി. അസാമാന്യമായ പ്രസരിപ്പും ചടുലമായ ഭാവഹാവാദികളും. പുതിയ ആശയങ്ങൾ ഏറെയുണ്ട്. സ്റ്റാൻഫോഡ് പോലുള്ള വിദേശ യൂണിവേഴ്സിറ്റികളിലെ പഠനം. മോട്ടോറോള പോലുള്ള സ്ഥാപനങ്ങളിലെ പ്രവർത്തന പരിചയം. അവർ ആ യുവതിയെ തെരഞ്ഞെടുത്തു. കൃതിഗ റെഡ്ഡി.

ചടുലമായ മനസും ജീവിതവീക്ഷണവും

ഫേസ്ബുക് അവരുടെ ഇന്ത്യയിലെ പ്രവർത്തനം ആരംഭിക്കുന്നത് 2010-ലാണ്. ഹൈദരാബാദിലെ സെപ്ഷ്യൽ ഇക്കണോമിക്സ് സോണിൽ രെഹേജ മെൻഡ്സ്പെയ്സിലാണ് കന്പനിക്കുവേണ്ടി 50000 ചതുരശ്രയടി സ്ഥലം അനുവദിച്ചു കിട്ടിയത്. അഞ്ഞുറു പേരെ റിക്രൂട്ട് ചെയ്യാനായിരുന്നു ലക്ഷ്യം.

ഇന്ത്യയെപ്പോലെ ജനസംഖ്യ കൂടുതലുള്ള രാജ്യത്ത് ഫേസ്ബുക്കിന് അപാരമായ വികസനസാധ്യതകളുണ്ട്. ജനതയുടെ സാംസ്കാരികമായ പ്രത്യേകതകൾ മനസിലാക്കി ഇവിടുത്തെ പ്രവർത്തനം ഏകോപിപ്പിക്കണം. കൃതിഗയെ ഡയറക്ടർ ഓഫ് ഓണ്‍ലൈൻ ഓപ്പറേഷൻസ് ആയി തെരഞ്ഞെടുക്കുന്പോൾത്തന്നെ ഇതിനൊക്കെ കഴിവുള്ള ഒരാൾ എന്ന് കന്പനി തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് ഇന്ത്യയിലെ ഓപ്പറേഷൻസിന്‍റെ ചുമതലയും കൃതിഗയ്ക്ക് നൽകി. സഹായത്തിന് ഡയറക്ടർ ഓഫ് യൂസർ ഓപ്പറേഷൻസായി മനോജ് വർഗീസും.

ചടുലമായ ജീവിതവീക്ഷണമാണ് കൃതിഗയുടെ ഏറ്റവും വലിയ കൈമുതൽ. പുതിയ ഉയരങ്ങൾ വെട്ടിപ്പിടിക്കാനുള്ള വെന്പൽ. ധാരാളം പുതിയ ആശയങ്ങൾ. അവ നടപ്പാക്കിയെടുക്കാനുള്ള വാശി. ഒരു യഥാർഥ വിജയിയുടെ എല്ലാ ലക്ഷണങ്ങളുമുണ്ട് കൃതിഗയ്ക്ക്. അങ്ങനെയുള്ള ഒരാളെയായിരുന്നു ഫേസ്ബുക്കിനാവശ്യം.

അതിർത്തികളില്ലാത്ത ചിന്തകൾ

പണ്ടു മുതൽക്കെ കൃതിഗ അങ്ങനെയാണ്. ആണ്‍കുട്ടികളുടേതുപോലെ സദാ പ്രവർത്തനനിരതമാണ് മനസ്. വെറുതേയിരിക്കാനാവില്ല. കുസൃതിയും കുണ്ടാമണ്ടിത്തരങ്ങളും ആവോളം. ആണ്‍കുട്ടികളെപ്പോലെ മുടി ക്രോപ് ചെയ്താണ് നടപ്പ്.

ചെന്നൈയിൽ ഒരു സാധാരണ കുടുംബത്തിലാണ് കൃതിഗ ജനിച്ചത്. സർക്കാർ ഉദ്യോഗസ്ഥനായ പിതാവിനോടൊപ്പം പല സ്ഥലങ്ങളിലും കറങ്ങിയായിരുന്നു വിദ്യാഭ്യാസം. കംപ്യൂട്ടറും പുതിയ ടെക്നോളജികളും കൃതിഗയ്ക്ക് പ്രിയപ്പെട്ട വിഷയങ്ങളായിരുന്നു. മഹാരാഷ്ട്രയിലെ എംജി.എം. കോളേജ് ഓഫ് എൻജിനീയറിംഗിൽ കംപ്യൂട്ടർ എൻജിനീയറിംഗിന് ചേർന്നു. പാഠ്യേതര പ്രവർത്തനങ്ങളിലും മോശമല്ല. പുതിയ ആശയങ്ങളുമായി ഡിബേറ്റിംഗിലും സെമിനാറുകളിലും മുന്പന്തിയിലുണ്ടാകും. പക്ഷേ, പഠിത്തത്തിൽ ഒട്ടും പിന്നിലായിരുന്നില്ല കൃതിഗ. രണ്ടാം റാങ്കു വാങ്ങിയാണ് അവൾ എൻജിനീയറിംഗ് ബിരുദം നേടിയത്. കുറച്ചു കാലം ചെറിയൊരു സ്ഥാപനത്തിൽ ജോലി നോക്കി.

വിദേശപഠനം കൊണ്ട് നേടിയത്

ഒരാളിന്‍റെ ജീവിത വിജയത്തിന് അറിവും വിദ്യാഭ്യായോഗ്യതകളും അത്യന്താപേക്ഷിതമാണെന്ന് കൃതിഗ മനസിലാക്കിയിരുന്നു. അതുകൊണ്ട് ഏതെങ്കിലും ഒരു വിദേശ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് മാനേജ്മെന്‍റിൽ ബിരുദം നേടാൻ ആഗ്രഹിച്ചു. അങ്ങനെ പ്രശസ്തമായ സ്റ്റാൻഫോഡ് യൂണിവേഴ്സിറ്റിയിൽത്തന്നെ പ്രവേശനം കിട്ടി. അവിടെനിന്ന് എം.ബി.എ. പാസായി. ബിസിനസ് മാനേജ്മെന്‍റിന്‍റെ പുതിയ പാഠങ്ങളെല്ലാം പഠിച്ചു. ബിസിനസ് മാനേജ്മെന്‍റ് രംഗത്ത് തനിക്കൊരു മേൽവിലാസമുണ്ടാക്കിത്തന്നത് സ്റ്റാൻഫോഡിലെ പഠനമാണെന്ന് പിന്നീട് കൃതിഗ പറയുന്നുണ്ട്.


പക്ഷേ, തന്‍റെ പാഷൻ വിട്ടുകളയാൻ കൃതിഗാ തയാറായിരുന്നില്ല. അതുകൊണ്ട് സൈറക്യൂസ് യൂണിവേഴ്സിറ്റിയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ എം.എസ്. ബിരുദവും നേടി. കംപ്യൂട്ടർ ടെക്നോളജിയിലെ അറിവിന്‍റെ കാര്യത്തിൽ പുതിയ തലമുറയ്ക്കൊപ്പം നിൽക്കാൻ അത് കൃതിഗയെ കുറച്ചൊന്നുമല്ല സഹായിച്ചത്.

പഠനത്തിനു ശേഷം ഒരു കാലത്ത് സോഫ്റ്റ് വേർ രംഗത്ത് പ്രശസ്തമായിരുന്ന സിലിക്കണ്‍ ഗ്രാഫിക്സ് എന്ന സ്ഥാപനത്തിലാണ് കൃതിഗ ചേർന്നത്. സിലിക്കണ്‍ ഗ്രാഫിക്സിൽ ഏറ്റവും പ്രായം കുറഞ്ഞ ഡയറക്ടർ ഓഫ് എൻജിനീയറിംഗ് ആയിരുന്നു കൃതിഗ. പോരെങ്കിൽ ആ തസ്തികയിലെത്തുന്ന ആദ്യത്തെ വനിതയും. പിന്നീട് മോട്ടോറോളയിലും കുറേ നാൾ ജോലി ചെയ്തു.

കുറഞ്ഞ കാലം കൊണ്ട് ആധുനികകാലത്തെ ഏത് സ്ഥാപനത്തിന്‍റെ നേതൃനിരയിലേക്കും ആദ്യം പരിഗണിക്കാവുന്ന ഒരു പേരാണ് തന്‍റേഋതെന്ന് കൃതിഗ തെളിയിച്ചു. അങ്ങനെയാണ് ഫേസ്ബുക്കിന്‍റെ ഇന്ത്യാ ഓപ്പറേഷൻസിന്‍റെ ചുമതലയേൽക്കുന്നത്. ഇന്ത്യയിലെ ഫേസ്്ബുക്കിന്‍റെ ആദ്യത്തെ ജീവനക്കാരിയായതുകൊണ്ട്, കന്പനിയുടെ ഹൈദരാബാദ് ഓഫീസിന്‍റെ ഷട്ടർ ആദ്യം തുറന്നതിന്‍റെ ക്രെഡിറ്റും കൃതിഗയ്ക്കാണ്.

സോഫ്റ്റ് ബാങ്കിലേക്ക്

ഫേസ്ബുക്കിന്‍റെ ഇന്ത്യയിലെ വളർച്ചയ്ക്ക് അടിത്തറയുണ്ടാക്കാൻ കൃതിഗയ്ക്കായി. 2016 ഫെബ്രുവരിയിൽ കൃതിഗ ഫേസ്ബുക്കിന്‍റെ ഇൻഡ്യൻ ഓപ്പറേഷൻസിന്‍റെ ചുമതല വിട്ടൊഴിഞ്ഞ് കന്പനിയുടെ അമേരിക്കയിലെ ആസ്ഥാനത്തേക്ക് പോയി.

ഇക്കഴിഞ്ഞ ഡിസംബറിൽ സോഫ്റ്റ് ബാങ്കിൽ ഇൻവെസ്റ്റമെന്‍റ് അഡ്വൈസർമാരിൽ ഒരാളായി കൃതിഗ ചുമതലയേറ്റു. ലോകത്തിലെ പ്രശസ്തമായ വെഞ്ച്വർ കാപിറ്റലിസ്റ്റ് കന്പനികളൊന്നാണ് 10000 ഡോളറിന്‍റെ ആസ്തിയുള്ള സോഫ്റ്റ് ബാങ്ക്. ഇതുവരെ കന്പനിയുടെ വിഷൻ ഫണ്ട് പാർട്ണേഴ്സ് പുരുഷന്മാരായിരുന്നു. ആദ്യമായാണ് ഒരു വനിത ആ സ്ഥാനത്തെത്തുന്നത്.
ഫേസ്ബുക്കിൽ സിഇഒ ആയിരുന്നപ്പോൾ കൃതിഗയുടെ വാർഷിക ശന്പളം 24 കോടി രൂപയായിരുന്നു. മെഴ്സിഡസ് ബൻസ് ഉൾപ്പെടെയുള്ള നാലിലധികം ആഢംബരകാറുകളുടെ ഉടമസ്ഥയാണ് കൃതിഗ.

ഫേസ്ബുക്കിന്‍റെ നേതൃനിരയിലെ വ്യക്തിയെന്ന നിലയിൽ 2011-ൽ ഫോർച്യൂണ്‍ മാസിക ഇന്ത്യയിലെ അന്പത് പവർഫുൾ വനിതകളിൽ ഒരാളായി കൃതിഗയെ തെരഞ്ഞെടുത്തിരുന്നു. എപ്പോഴും വിജയത്തിലെത്തണം എന്ന ഒരേയൊരു ലക്ഷ്യമാണ് തന്നെ നയിക്കുന്നതെന്ന് കൃതിഗ പറയും.

സത്യം. അങ്ങനെ തീരുമാനിച്ചിരിക്കുന്ന ഒരാളെ ആർക്ക് തോൽപിക്കാനാവും?