പെണ്‍കരവിരുതിൽ വിരിയുന്ന സ്വപ്ന വീടുകൾ
പെണ്‍കരവിരുതിൽ വിരിയുന്ന സ്വപ്ന വീടുകൾ
Monday, January 14, 2019 3:24 PM IST
സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതി പ്രകാരമുള്ള ഒരു വീടു 53 ദിവസം കൊണ്ട് പണിതു നൽകിയ സന്തോഷത്തിലാണ് എറണാകുളം ജില്ലയിലെ വടാട്ടുപാറ വാസ്തുശിൽപി നിർമാണ യൂണിറ്റിലെ സുമ രജീവും കൂട്ടരും. കോതമംഗലത്തിനടുത്ത് വാരപ്പെട്ടി ഇഞ്ചൂരാണ് ഇവർ വീടു നിർമിച്ചു നൽകിയത്.

""ഞങ്ങൾ 28 പേരടങ്ങുന്ന ഒരു സംഘം സ്ത്രീകളാണ് 450 ചതുരശ്രയടിയിൽ രണ്ടു ബെഡ്റൂം, ഒരു ഹാൾ, അടുക്കള, ബാത്ത്റും എന്നിവയടങ്ങിയ വീട് നിർമിച്ചു നൽകിയത്. ഓരോ കുടുംബശ്രീ യൂണിറ്റുകളും അഞ്ചു പേരടങ്ങുന്ന ഓരോ ഗ്രൂപ്പുകളായി തിരിച്ചാണ് നിർമാണ പ്രവർത്തനങ്ങൾക്കിറങ്ങുന്നത്. പണി പഠിപ്പിക്കാൻ ഒരു കൽപ്പണിക്കാരൻ കൂടി കൂടെയുണ്ടാകും. കുറ്റിയടിക്കുന്നതു മുതൽ ഓരോ കാര്യങ്ങളും കൃത്യമായി പറഞ്ഞു തന്നാണ് ചെയ്യിക്കുന്നത്. അതുകൊണ്ടു തന്നെ പണിപഠിക്കാനും എളുപ്പമായിരുന്നു. എഡിഎസ് സെക്രട്ടറി കൂടിയായ സുമ പറയുന്നു.

ആത്മവിശ്വാസമാണ് ഏറ്റവും വലിയ കരുത്ത്

""തറ കെട്ടൽ, കട്ടവെക്കൽ, തേപ്പ്, പെയിന്‍റിംഗ്, വയറിംഗ്,പ്ലംബിംഗ് എന്നിവയെല്ലാം ചെയ്യുന്നത് ഈ സ്ത്രീകൾ തന്നെയാണ്. പുരുഷന്മാരെപ്പോലെ അത്രയും വേഗത്തിൽ ചെയ്തു തീർക്കാൻ ഞങ്ങൾക്കാവില്ല. അവരെടുക്കുന്ന അത്രയും ചുമടെടുക്കാനൊന്നും കഴിയാറില്ല. കൂടാതെ ഞങ്ങൾ പണി പഠിച്ചു വരുന്നതേയുള്ളു. എങ്കിലും വീടു പണിയും ഞങ്ങൾക്ക് ചെയ്യാനാകും.’’ ആത്മവിശ്വാസത്തോടെ സുമ പറഞ്ഞു. ഓരോ വീടും പൂർത്തിയാകുന്നതിനനുസരിച്ച് കൂടുതൽ പൂർണതയിലേക്ക് എത്തുകയാണിവർ.

ഇവർക്ക് ഇനി നാലു വീടുകൾ കൂടി ചെയ്തു തീർക്കാനുണ്ട്. ആദ്യത്തെ ദൗത്യം വിജകരമായി പൂർത്തീകരിച്ചതോടെ ജില്ല മിഷൻ നാലു വീടുകളുടെ നിർമാണം കൂടി ഇവരെ ഏൽപ്പിച്ചു കഴിഞ്ഞു. നല്ല ഒരു കൽപ്പണിക്കാരനെ കിട്ടിയതും തങ്ങൾക്ക് ഗുണകരമായെന്നാണ് സുമയുടെ അഭിപ്രായം. പ്രദേശവാസിയും കൽപ്പണിക്കാരനുമായ സൗബിനായിരുന്നു ഇവരുടെ കൂടെ പരിശീലകനായി ഉണ്ടായിരുന്നത്.

തൊഴിലുറപ്പിൽ ഒതുങ്ങാതെ

""എറണാകുളം ജില്ലയിലെ എടക്കാട്ടുവയലിൽ 38 വീടുകൾ പൂർത്തിയാക്കികൊണ്ടാണ് കേരളത്തിലെ കുടുംബശ്രീ യൂണിറ്റുകൾ കെട്ടിട നിർമാണ രംഗത്തേക്ക് എത്തുന്നത്. രണ്ടു മൂന്നു വർഷം മുന്പാണ് എടയ്ക്കാട്ടു വയലിലെ സ്ത്രീകൾ ഇത്തരം ഒരു സംരംഭത്തിന് നേതൃത്വം കൊടുക്കുന്നത്. അതോടെ സ്ത്രീകൾക്കും കൈവെയ്ക്കാവുന്ന മേഖലയാണ കെട്ടിട നിർമാണമെന്നും അതിലേക്ക് കൂടുതൽ സ്ത്രീകൾ ഇറങ്ങേണ്ടതിന്‍റെ ആവശ്യകതയും ബോധ്യപ്പെട്ടു. അങ്ങനെയാണ് സംസ്ഥാനത്തൊട്ടാകെ ഇത്തരമൊരു ശാക്തീകരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്. സ്ത്രീകൾക്ക് 53 ദിവസത്തെ പരിശീലനത്തിനുള്ള മൊഡ്യൂൾ തയ്യാറാക്കി. ഒരു വീടു പണി പൂർത്തിയാക്കാനുള്ള കാലയളവാണ് 53 ദിവസം. ഇതാണ് പരിശീലന കാലയളവ്.

പ്രാക്ടിക്കലായ പരിശീലനം, തിയറി ക്ലാസുകൾ എന്നിവ ഉൾപ്പെടുത്തിയാണ് മൊഡ്യൂൾ തയ്യാറാക്കിയിരിക്കുന്നത്. വീടു പണിയുടെ ഓരോ ഘട്ടവും ചെയ്യുന്നതിനൊപ്പം അറിഞ്ഞിരിക്കേണ്ട പൊതുവായ കാര്യങ്ങളാണ് തിയറി ക്ലാസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചാന്ത്, കോണ്‍ക്രീറ്റ് തയ്യാറാക്കൽ, തേപ്പ് കനം, ഫ്ളോറിംഗ്, പെയിന്‍റിംഗ് എന്നിവയെല്ലാം പ്രാക്ടിക്കൽ പരിശീലനത്തിലും തിയറിയിലും ഉൾപ്പെടുത്തിയിരിക്കുന്നു.


വീടിന്‍റെ വാനം താഴ്ത്തുന്നതുമുതൽ ഉടമസ്ഥനു കൈമാറുന്നതുവരെയുള്ള ജോലികളെല്ലാം സ്ത്രീകളാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ തറകെട്ടൽ, കട്ടവെയ്ക്കൽ, തേപ്പ്, പെയിന്‍റിംഗ് എന്നിങ്ങനെയുള്ള മേഖലകളിലെല്ലാം ഇവർക്ക് നൈപുണ്യം നേടാനാകും. ലൈഫ് മിഷൻ പദ്ധതി പ്രകാരമുള്ള വീടുകളാണ് ഇപ്രകാരം നിർമിക്കുന്നത്. കരാറുകാരുടെ ചൂഷണത്തിൽ നിന്നും ഉപഭോക്താക്കളെ രക്ഷിക്കുക എന്നൊരു ലക്ഷ്യം കൂടി ഇതിനു പിന്നിലുണ്ട്’ എറണാകുളം ജില്ലയിലെ അസിസ്റ്റന്‍റ് ഡിസ്ട്രിക് മിഷൻ കോർഡിനേറ്റർ ടി.എം റെജീന പറയുന്നു.

കുടുംബശ്രീ എം പാനൽ ചെയ്ത ഏജൻസികളാണ് പരിശീലനം നൽകുന്നത്. ഒരു സൂപ്പർവൈസറും ഒരു കൽപ്പണിക്കാരനും പരിശീലനം നൽകാൻ കൂടെയുണ്ടാകും. സിഡിഎസ് ചെയർപേഴ്സണ്‍ വഴിയാണ് സ്ത്രീകളെ തെരഞ്ഞെടുക്കുന്നത്. തൊഴിലുറപ്പിന് പോകുന്നവരാണ് ഏറിയ പങ്കും. തൊഴിലുറപ്പിനാണെങ്കിലും ഓരോരുത്തരുടെയും നൈപുണ്യമനുസരിച്ചാണ് വേതനം ലഭിക്കുന്നത്.

ആദ്യത്തെ ഘട്ടത്തിൽ പരിശീലനം നൽകുന്പോൾ തൊഴിലാളികൾക്ക് സ്റ്റൈപൻഡായി 230 രൂപ നൽകും. വണ്ടിക്കൂലി ഉൾപ്പെടെയാണ് ഇതു നൽകുന്നത്. ജില്ല കുടുംബശ്രീ മിഷനാണ് പണം നൽകുന്നത്.

പരിശീലനം നേടി നൈപുണ്യമുള്ളവരായാൽ നിർമാണ മേഖലയിലും ഇവർക്ക് വേതനം കൂടുതൽ കിട്ടും. ഇപ്പോൾ കൽപ്പണിക്കാരന് 1000 രൂപയും സഹായിക്ക് 700 രൂപയുമാണ് കൂലി. തുടക്കകാരയിതനാൽ ഈ തുക ആദ്യമെ തന്നെ ലഭിക്കണമെന്നില്ല. തൊഴിലിലെ മികവനുസരിച്ചാണ് തുടക്കത്തിൽ ഓരോരുത്തർക്കും കൂലി നിശ്ചയിക്കുന്നത്. പണി പഠിച്ചു വരുന്നതിനനുസരിച്ചും ജോലിയിലെ മികവിനനുസരിച്ചും ഇതിൽ മാറ്റമുണ്ടാകും.
രണ്ടാമത്തേ വീടു മുതൽ വീടു പണി നടത്തുന്നവരിൽനിന്നാണ് തൊഴിലാളികൾക്ക് വേതനം ലഭിക്കുന്നത്. പരിശീലകന് അതാത് ഏജൻസി വഴി പണം ലഭ്യമാക്കും. ഗുണമേൻമയിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ച്ചയും വരുത്താതെയാണ് പണികളെല്ലാം പൂർത്തീകരിക്കുന്നത്. പണികളെല്ലാം കൃത്യമായി പഠിക്കാനാണ് രണ്ടാമത്തെ പ്രാവശ്യവും പരിശീലനം നൽകുന്നത്. രണ്ടാമത്തെ തവണ പരിശീലനം നൽകുന്പോൾ കൽപ്പണിക്കാരൻ മാത്രമേ കൂടെയുണ്ടാകു.
നിലവിൽ എറണാകുളത്ത് മൂന്നു വീടുകൾ പൂർത്തിയാക്കി കഴിഞ്ഞു. ഇനി എട്ടെണ്ണം കൂടി പൂർത്തിയാക്കാനുണ്ട്. യൂണിഫോം, ഹെൽമറ്റ്, ഷൂസ് എന്നിവയെല്ലാം ഇവർക്കു കുടുംബശ്രീ മിഷൻ സൗജന്യമായി തന്നെ നൽകും. എറണാകുളം ജില്ലയിൽ 46 ഗ്രൂപ്പുകളുണ്ട്. ഓരോ ഗ്രൂപ്പിലും അഞ്ചു മുതലാണ് അംഗങ്ങളുടെ എണ്ണം. നിലവിൽ ലൈഫ് പദ്ധതി പ്രകാരമുള്ള വീടുകളുടെ നിർമാണമാണ് കുടുംബശ്രീ ഏറ്റെടുത്ത് നടത്തുന്നത്. ബി.ടെക് കഴിഞ്ഞവരെക്കൂടി ഉൾപ്പെടുത്തി പ്ലാൻ വരയ്ക്കുന്നതുമുതൽ വീടു പണി പൂർത്തിയാക്കുന്നതു വരെയുള്ള സ്ത്രീ കോണ്‍്ട്രാക്റ്റ് ഗ്രൂപ്പുകൾ രൂപീകരിക്കാനാണുദ്ദേശിക്കുന്നത്: റെജീന വിശദീകരിച്ചു.

കേരളത്തിലെ എല്ലാ ജില്ലകളിലും കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള നിർമാണ യൂണിറ്റുകൾ ആരംഭിച്ചു കഴിഞ്ഞു. കുടുംബശ്രീയിലെ നിർമാണ തൊഴിലാളികളുടെ സേവനം ആവശ്യമുള്ളവർ അതാതു പ്രദേശങ്ങളിലെ സിഡിഎസുമായാണ് ബന്ധപ്പെടേണ്ടത്. ലൈഫ് പദ്ധതി പ്രകാരം വീടു നിർമിക്കുന്നവരും ഇങ്ങനെയാണ് ചെയ്യേണ്ടത്. ജില്ല കുടുംബശ്രീ മിഷൻ വഴിയാണ് ഇത് നടപ്പിലാക്കുന്നത്.