"റബറിന്‍റെ വില കൂടാൻ 2025 വരെ കാത്തിരിക്കണം’
"റബറിന്‍റെ വില കൂടാൻ  2025 വരെ കാത്തിരിക്കണം’
Monday, November 26, 2018 2:24 PM IST
"കർഷകർ സ്വാഭാവിക റബറിന്‍റെ വിലവർധനവിനായി 2025 വരെ കാത്തിരിക്കണം. 2021 മുതൽ ചെറിയതോതിൽ വില ഉയർന്നു തുടങ്ങുമെങ്കിലും 2025-2030 കാലമാകുന്പോഴെ വില അതിന്‍റെ പാരമ്യത്തിലേക്ക് എത്തുകയുള്ളു' രജ്യാന്തര റബർ സ്റ്റഡി ഗ്രൂപ്പ് മുൻ സെക്രട്ടറി ജനറൽ ഹിഡെ പി.സ്മിത്ത് അഭിപ്രായപ്പെടുന്നു.

കൊച്ചിയിൽ നടന്ന ഇന്ത്യ റബർ മീറ്റിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 2001 ൽ റബർ വില കൂടുമെന്നും 2004 ൽ റബർ വില കുറയുമെന്നും സ്മിത്ത് പ്രചിച്ചതുപോലെ സംഭവിച്ചിരുന്നു.
2005-2013 കാലഘട്ടത്തിൽ റബർ കൃഷി വലിയതോതിൽ നടന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ 2022-23 കാലഘട്ടത്തിൽ ഉത്പാദനം അതിന്‍റെ പാരമ്യത്തിലെത്തും. വരും കാലങ്ങളിൽ സ്വാഭാവിക റബറിന്‍റെ ഉപഭോഗത്തിൽ പ്രതിവർഷം അഞ്ചു ലക്ഷം ടണ്ണിന്‍റെ വർധന പ്രതീക്ഷിക്കുന്നു. ആഗോള തലത്തിൽ റബറിന്‍റെ ഉത്പാദനം 2019 കാലഘട്ടത്തിൽ 5.8 ശതമാനം വർധിച്ച് 14.6 ദശ ലക്ഷം ടണ്ണിലേക്കും ഉപഭോഗം 3.6 ശതമാനം വർധിച്ച് 14.7 ദശ ലക്ഷം ടണ്ണിലേക്കും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2020 ന്‍റെ അവസാനത്തോടെ സ്വാഭാവിക റബറിന്‍റെ വിലയിൽ വ്യത്യാസം വന്നു തുടങ്ങുമെന്നാണ് സ്മിത്തിന്‍റെ വിലയിരുത്തൽ. 2030 ആകുന്പോഴേക്കും കിലോഗ്രാമിന് മൂന്നു ഡോളറിലേക്കും 2033-34 കാലമാകുന്പോഴേക്കും കിലോഗ്രാമിന് അഞ്ചു ഡോളർ മുകളിലേക്കും വില ഉയരും. സ്വാഭാവിക റബറിന്‍റെ ഉത്പാദനത്തിലുണ്ടാകുന്ന കുറവാണ് ഈ വില ഉയർച്ചയ്ക്കു കാരണമെന്ന് അദ്ദേഹം വിലയിരുത്തുന്നു.

തായ് ലൻഡ്, ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾ റബർ കൃഷിയിൽ നിന്നും മറ്റു കൃഷികളിലേക്കു നീങ്ങുന്നതും ലോകത്ത് സ്വാഭാവിക റബറിന്‍റെ ലഭ്യത കുറയാൻ കാരണമാകുമെന്നും സ്മിത്ത് അഭിപ്രായപ്പെട്ടു.

ദീർഘ കാലത്തേക്കുള്ള സ്വാഭാവിക റബറിന്‍റെ ലഭ്യത, നേരത്തെ മരങ്ങൾ മുറിച്ചു കളയുന്നത്, ആവർത്തനകൃഷി, വരുന്ന 5-10 വർഷത്തെ കൃഷി എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്. ഇതിന് കൂട്ടായ പ്രവർത്തനങ്ങൾ കൂടിയെ തീരു. സ്വാഭാവിക റബറിന്‍റെ ക്ഷാമം പകരം ഉത്പന്നങ്ങളെ കണ്ടെത്തുന്നതിലേക്കോ സിന്തെറ്റിക് ഉത്പന്നങ്ങളിലേക്കോ നയിക്കും.

ഉപഭോഗം വർധിക്കും ഉത്പാദനവും വർധിക്കണം

ചൈനക്കു ശേഷം സ്വാഭാവിക റബറിന്‍റെ ഉപഭോഗത്തിൽ രണ്ടാമതു നിൽക്കുന്നത് ഇന്ത്യയാണ്. ജിഡിപി വളർച്ച ഇതേ നിരക്കിൽ തുടർന്നാൽ 2030 ആകുന്പോഴേക്കും ഇന്ത്യയിൽ 20 ലക്ഷം ടണ്‍ സ്വാഭാവിക റബർ ആവശ്യമായി വരും. ആഗോള വിപണിയെ ഇതിനായി ആശ്രയിക്കുക എന്നുള്ളത് ഇന്ത്യൻ റബർ വ്യവസായത്തിന് അപകടമാണ്. അതുകൊണ്ടു തന്നെ സ്വന്തമായി ഉത്പാദനം നടത്തേണ്ടതുണ്ട്.

ഉത്പാദനം കൂട്ടുന്നതിനൊപ്പം ഉത്പാദനച്ചെലവ് കുറയ്ക്കുകയും ചെയ്യേണ്ടതുണ്ട്. ഇന്ത്യയിലെ എല്ലാ മേഖലകളിലെയും കാലാവസ്ഥ റബർ കൃഷിക്ക് അനുയോജ്യമല്ല. കൊങ്കണിന്‍റെ വടക്കുഭാഗം, കൊറമാണ്ഡൽ തീരത്തെ ചില പ്രദേശങ്ങൾ എന്നിവ റബർ കൃഷിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വടക്കു കിഴക്കൻ മേഖലയിലെ ഉത്പാദനത്തെ കാലാവസ്ഥ വ്യതിയാനം ബാധിക്കുന്നില്ലെന്നും ബോധ്യപ്പെട്ടിട്ടുണ്ട്. റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടർ ജയിംസ് ജേക്കബ് പറഞ്ഞു. 2018 ഒക്ടേബർ 30, 31 തീയ്യതികളിൽ കൊച്ചിയൽ സംഘടിപ്പിച്ച ഇന്ത്യ റബർ മീറ്റിലെ വിദഗ്ധരുടെ അഭിപ്രായങ്ങളാണിത്.

വില കൂടുമെന്ന പ്രസ്താവന കെണി: പി.സി സിറിയക്

"നാലു വർഷം കാത്തിരിക്കൂ, റബർ വില ഉയരും’ എന്ന കൊച്ചി റബർ മീറ്റിലുണ്ടായ പ്രഖ്യാപനം കർഷകരെ കെണിയിൽ വീഴ്ത്താനുള്ള തന്ത്രത്തിന്‍റെ ഭാഗമാണെന്നു റബർ ബോർഡ് മുൻ ചെയർമാൻ പി.സി. സിറിയക് അഭിപ്രായപ്പെട്ടു. ആഗോളതലത്തിൽ റബർ ഉത്പാദനം വൻതോതിൽ കൂടാനിരിക്കെ ഇവിടെ ഉപഭോഗം കൂടി വില ഉയരുമെന്നു പറയുന്നതിൽ അടിസ്ഥാനമില്ല.

വിയറ്റ്നാം, കംബോഡിയ, ഇന്തോനേഷ്യ, തായ് ലൻഡ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം റബർ ഉത്പാദനം വൻതോതിൽ തുടരും. ഇതിനും പുറമെ ആഫ്രിക്കൻ രാജ്യങ്ങളിൽ ടയർ കന്പനികൾ സ്ഥലം വാങ്ങി വൻതോട്ടങ്ങളുണ്ടാക്കിവരുന്നു. റബറിന്‍റെ മാതൃരാജ്യമായ ബ്രസീലും റബർ കൃഷിയിൽ സജീവമാകുകയാണ്. കേരളത്തിൽ റബർ ഉത്പാദനച്ചെലവ് ഒരിക്കലും കുറയില്ല. വില വർധിച്ചപ്പോൾ ഉയർന്ന ടാപ്പിംഗ് കൂലി അതേനിരക്കിൽ വിലത്താഴ്ചയുടെ ഇക്കാലത്തും തുടരുന്നു. സംസ്കരണച്ചെലവും ഉയർന്നുതന്നെ നിൽക്കുന്നു. റബർ കർഷകരെ രക്ഷിക്കാൻ സർക്കാർ ആശ്വാസപദ്ധതികളൊന്നും ആവിഷ്കരിക്കുന്നുമില്ല.


ഇക്കാലത്തെ വിലയിടിവിന് അടിസ്ഥാന കാരണം അനിയന്ത്രിതമായ ഇറക്കുമതിയാണ്. ആവർത്തനകൃഷി ചെയ്യാറായ കർഷകർ മറ്റു കൃഷിയിലേക്കു പോകുകയാണ് ഉത്തമം. കൊക്കോ, കശുമാവ് എണ്ണപ്പന എന്നിവയിലേക്കു മാറിയാൽ മൂന്നാം വർഷം മുതൽ ആദായം കിട്ടും. ഇടവിളയായി പൈനാപ്പിളും നടാം.

വിദേശരാജ്യങ്ങളിൽ റബർ കർഷകർക്ക് ഉദാരമായ സാന്പത്തിക സഹായപദ്ധതികൾ നിലവിലുള്ളതിനാൽ അവിടെയൊന്നും കർഷകർക്ക് ആശങ്കയില്ല. നിലവിലുള്ള ദയനീയ സാഹചര്യത്തിനു പരിഹാരം കാണാനും ഒൻപതു ലക്ഷം ചെറുകിട കർഷകരെ രക്ഷിക്കാനും ആത്മാർഥത കാണിക്കാതെ അടുത്ത പതിറ്റാണ്ടിൽ വില കൂടുമെന്നു പറയുന്നത് അബദ്ധവും വഞ്ചനയുമാണ്. വില കൂടുന്ന കാലം വരെ എങ്ങനെ കർഷകർ ജീവിക്കുംഎന്നതിന് ഉത്തരം റബർ മീറ്റിലെത്തിയ വിദഗ്ധരിൽനിന്നുണ്ടായില്ലെന്നും പി.സി. സിറിയക് ചൂണ്ടിക്കാട്ടി.

റബർ മീറ്റിലെ പ്രധാനപ്പെട്ട ചില വിലയിരുത്തലുകൾ

* നിലവിൽ റബറിന് മോശം കാലമാണെങ്കിലും വരും കാലങ്ങളിൽ റബറിന്‍റെ സ്ഥിതി മെച്ചപ്പെടും.
* ആഗോളതലത്തിൽ ഇപ്പോൾ സ്വാഭാവിക റബറിന്‍റെ ഉത്പാദനം അധികമാണ്.
* റബർ കൃഷിയിലെ മുൻ നിര രാജ്യങ്ങളായ തായ് ലൻഡ്, ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവടങ്ങളിലെ ഉത്പാദനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2020 മുതൽ ഈ കുറവ് പ്രകടമായിത്തുടങ്ങും.
* ഇന്ത്യൻ ഉത്പാദനവും നിലവിലെ ശേഷിയുടെ 70 ശതമാനത്തിലേക്ക് എത്തും. വരും കാലങ്ങളിൽ പ്രതിവർഷം അഞ്ചു ലക്ഷം ടണ്‍ വീതം ഉപഭോഗം വർധിക്കുമെന്നുള്ള പ്രതീക്ഷകളുമുണ്ട്.
* ഉത്പാദനം കുറയുകയും ഉപഭോഗം വർധിക്കുകയും ചെയ്യുന്പോൾ സ്വാഭാവികമായും റബറിന്‍റെ വില ഉയരും എന്നത് റബർ മേഖലയ്ക്ക് പ്രതീക്ഷ നൽകുന്നകാര്യമാണ്.
* പുതിയ കൃഷി ആരംഭിക്കാതെ ആവർത്തന കൃഷി ചെയ്യുകയാണ് ഏറ്റവും അനുയോജ്യമായ രീതി. നിലവിലുള്ള കൃഷിയുടെ ഉത്പാദനം വർധിപ്പിക്കുകയും വേണം.
* റബർ ആവർത്തനകൃഷിക്ക് സർക്കാർ സബ്സിഡി കൂടി നൽകണം.
* റബറിനും റബർത്തടിക്കും സുസ്ഥിരത നയം നടപ്പിലാക്കുന്നതും നേട്ടമാണ്. ചെറുകിട കർഷകരെക്കൂടി പരിഗണിച്ചുകൊണ്ടുവേണം റബർ വ്യവസായ മേഖലിയൽ സുസ്ഥിരത നയം നടപ്പിലാക്കാൻ.

ഫലപ്രദമായ റബ്ബർ ടാപ്പിംഗിന്

* ആഴ്ച്ചയിൽ ഒരിക്കൽ കൃത്യമായ ഇടവേള നിശ്ചയിച്ച് കൃത്യമായ ദിവസങ്ങളിൽ ടാപ്പിംഗ് നടത്താം. ഉദാഹരണത്തിന് തിങ്കളാഴിച്ചയാണ് ടാപ്പിംഗ് ആരംഭിക്കുന്നതെങ്കിൽ പിറ്റേ ആഴ്ച്ചയും തിങ്കളാഴിച്ച തന്നെ ടാപ്പിംഗ് നടത്താം.
* നാല് ദിവസത്തെ ടാപ്പിംഗിനുശേഷം എത്തിഫോണ്‍ പ്രയോഗിക്കുന്നത് ഉത്പാദനം കൂട്ടും. അഞ്ചാമത്തെ ടാപ്പിംഗിന് 72 മണിക്കൂർ മുന്നെയാണ് എത്തിഫോണ്‍ പ്രയോഗിക്കേണ്ടത്.
* മഴക്കാലത്തും ടാപ്പിംഗ് നടത്താം. അതിനായി ചോർച്ചയില്ലാത്ത വിധം പ്ലാസ്റ്റിക് മറ നൽകണം. ആഴ്ച്ചയിലൊരിക്കൽ ടാപ്പിംഗ് നടത്തുന്നതിനാൽ വർഷം 52 ടാപ്പിംഗെ വരികയുള്ളു.
റബർ ടാപ്പിംഗിന് ടാപ്പിംഗ് തൊഴിലാകളെ ലഭിക്കുന്നില്ല എന്നുള്ളത് വലിയ ബുദ്ധിമുട്ടാണ്. ഇതിനു പരഹാരമായി ഇന്ന് പല തോട്ടങ്ങളിലും ടാപ്പിംഗ് മെഷീനുകൾ ഉപയോഗിക്കുന്നുണ്ട്. ടാപ്പിംഗ് അറിയാത്തവർക്കു പോലും ഇതുപയോഗിച്ച് കൃത്യമായി ടാപ്പിംഗ് നടത്താൻ സാധിക്കും. അതിനാൽ തൊഴിലാളികളെ ആശ്രയിക്കേണ്ടതായി വരികയുമില്ല. റബ്ബർ കർഷകർ നേരിടുന്ന മറ്റൊരു പ്രശ്നമാണ് മലിനജലവും മറ്റും ഇതിനു പരിഹാരമായി ബയോഗ്യാസ് പ്ലാന്‍റുകൾ ആരംഭിക്കാം. ഇത് പുകപ്പുരയ്ക്കും മറ്റുമായി ഉപയോഗിക്കാം. ഇടവിളക്കൃഷിയും ആദായകരമാണ്. കാപ്പി, കറ്റാർ വാഴ, കൊക്കോ എന്നിവയൊക്കെ ഇടവിളയായി കൃഷി ചെയ്യാം.

(വിവരങ്ങൾ: രാധാകൃഷ്ണ ഹെബ്ബാർ, പ്ലാന്‍റർ, നേരിയ എസ്റ്റേറ്റ് ബൽത്തങ്ങാടി, കർണ്ണാടക, ആർ. രാജഗോപാൽ, സീനിയർ റിസർച്ച് സയിന്‍റിസ്റ്റ്, റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ)