എൻ എസ് സി: സുരക്ഷിത റിട്ടേണിനൊപ്പം നികുതിലാഭവും
എൻ എസ് സി: സുരക്ഷിത  റിട്ടേണിനൊപ്പം നികുതിലാഭവും
Thursday, November 15, 2018 3:39 PM IST
ഏറ്റവും സുരക്ഷിതത്വമുള്ള ഒരു മധ്യകാല സ്ഥിര വരുമാന ഡെറ്റ് നിക്ഷേപമാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്. എൻ എസ് സി എന്നും ഇത് അറിയപ്പെടുന്നു. പോസ്റ്റോഫീസ് സന്പാദ്യ ഉപകരണമായ എൻ എസ് സി നിക്ഷേപ പദ്ധതി മുന്നോട്ടു വച്ചിട്ടുള്ളത് കേന്ദ്രസർക്കാരാണ്. അതുകൊണ്ടുതന്നെ 100 ശതമാനം സുരക്ഷിതത്വം ഇതിനുണ്ട്. ഏതു പോസ്റ്റോഫീസിലും ഇതു തുറക്കാം. നിരവധി ഗുണങ്ങളുമുണ്ട്.

ഇടത്തരക്കാർ വരെയുള്ളവർക്കു സുരക്ഷിതമായ, മികച്ച റിട്ടേണ്‍ ഉറപ്പാക്കുന്നതിനായി കേന്ദ്രസർക്കാർ അവതരിപ്പിച്ചിട്ടുള്ള നിക്ഷേപ പദ്ധതിയാണിത്. നികുതി ലാഭിക്കാനും ഇതു സഹായിക്കുന്നു.

നിക്ഷേപത്തിന് പരിധിയില്ലെങ്കിലും 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനേ നികുതിയിളവു ലഭിക്കുകയുള്ളു. ആദായനികുതി വകുപ്പ് 80 സി അനുസരിച്ചാണ് നികുതിയിളവു ലഭിക്കുന്നത്. വർഷത്തിലൊരിക്കലാണ് പലിശ നിക്ഷേപത്തോടൊപ്പം ചേർക്കുന്നത്.

സുരക്ഷിത നിക്ഷേപം ആഗ്രഹിക്കുന്ന ആർക്കും തെരഞ്ഞെടുക്കാവുന്ന മധ്യകാലത്തേയ്ക്കുള്ള നിക്ഷേപമാണ് എൻ എസ് സി.

മിക്ക സ്ഥിരവരുമാന നിക്ഷേപങ്ങളെപ്പോലെ തന്നെ ഇതു പണപ്പെരുപ്പത്തേക്കാൾ മെച്ചപ്പെട്ട റിട്ടേണ്‍ പലപ്പോഴും നൽകുന്നില്ല.

സവിശേഷതകൾ

* റിസ്ക് ഇല്ലാത്ത നിക്ഷേപം. 100 ശതമാനം ഗവണ്‍മെന്‍റ് ഗാരന്‍റി
*എട്ടു ശതമാനം പലിശ ലഭിക്കുന്നു. ( ഓരോ ക്വാർട്ടറിലും സർക്കാർ പലിശ പുതുക്കി നിശ്ചയിക്കും)
* 80 സി വകുപ്പ് അനുസരിച്ച് ഒന്നര ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതിയിളവു ലഭിക്കുന്നു.
* ലോക്ക് ഇൻ പീരിയഡ് 5 വർഷം

* കുറഞ്ഞ നിക്ഷേപം 100 രൂപ. നിക്ഷേപത്തിനു പരിധിയില്ല. പക്ഷേ നികുതികഴിവ് 1.5 ലക്ഷം രൂപ വരെ മാത്രം.
*കെവൈസി നൽകി പോസ്റ്റോഫീസിൽനിന്ന് സർട്ടിഫിക്കറ്റ് വാങ്ങാം. ഏതു പോസ്റ്റോഫീസിലേക്കും പിന്നീട് മാറ്റാം.
* സർട്ടിഫിക്കറ്റുകൾ ഈടു വച്ച് വായ്പ എടുക്കാൻ സാധിക്കും.
* കൂട്ടുപലിശ ലഭിക്കുന്നു. പലിശ ഓരോ വർഷവും മുതലിനോടു ചേർക്കുമെങ്കിലും കാലാവധി പൂർത്തിയാകുന്പോഴേ തിരികെ ലഭിക്കുകയുള്ളു.
* നോമിനേഷൻ സൗകര്യമുണ്ട്
* കാലവധി പൂർത്തിയാകുന്പോൾ മുതലും പലിശയും സഹിതം തുക തിരികെ ലഭിക്കുന്നു. ഇതിൽ ടിഡിഎസ് പിടിക്കുകയില്ല. എന്നാൽ പലിശയ്ക്ക് നിക്ഷേപകൻ നികുതി നൽകണം.
* സാധാരണഗതിയിൽ കാലാവധിക്കു മുന്പേ തുക പിൻവലിക്കുവാൻ അനുവദിക്കുകയില്ല. എന്നാൽ മരണം സംഭവിച്ചാൽ കോടതിയുടെ ഉത്തരവോടെ തുക തിരികെ ലഭിക്കും.
* സിംഗിൾ ഹോൾഡർ, ജോയിന്‍റ് ഹോൾഡർ എന്നിങ്ങനെ സർട്ടിഫിക്കറ്റ് വാങ്ങാം.
* പ്രായപൂർത്തിയാകാത്തവരുടെ പേരിലും സർട്ടിഫിക്കറ്റ് വാങ്ങാം.
* എല്ലാ ഇന്ത്യക്കാർക്കും എൻഎസ് സിയിൽ നിക്ഷേപിക്കാം. വിദേശ ഇന്ത്യക്കാർക്കു നിക്ഷേപം അനുവദിക്കില്ല. എന്നാൽ എൻആർഐ ആകുന്നതിനു മുന്പു വാങ്ങിയ സർട്ടിഫിക്കറ്റ് കാലാവധി വരെ സൂക്ഷിക്കാം.

നിക്ഷേപത്തിനു വേണ്ട രേഖകൾ

* എൻ എസ് സി അപേക്ഷ
* പുതിയ ഫോട്ടോ
* തിരിച്ചറിയൽ കാർഡ് (ആധാർ, പാൻ, വോട്ടർ കാർഡ് തുടങ്ങിയവ)
* വിലാസം തെളിയിക്കുന്ന രേഖ (ആധാർ, വോട്ടർ ഐഡി തുടങ്ങിയവ)
* നിക്ഷേപത്തുക (ചെക്ക്, കാഷ് തുടങ്ങിയവ).