ക്രൂഡോയിൽ വില ർധനയിലെ ഇറാൻ ഘടകം
ക്രൂഡോയിൽ  വില ർധനയിലെ ഇറാൻ ഘടകം
Saturday, October 13, 2018 12:25 PM IST
യുഎസിലെ റിപ്പബ്ലിക്കൻ ഭരണകൂടം ഇറാനുമായി സംഘർഷത്തിലാണ്. സ്വാഭവികമായും ആഗോള ക്രൂഡോയിൽ വിലയെ അതു സ്വാധീനിക്കും. നവംബർ അഞ്ചുമുതൽ ഇറാനിയൻ ക്രൂഡോയിൽ ഒരു രാജ്യവും ഇറക്കുമതി ചെയ്യരുതെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ശാസനം നൽകിയിരിക്കുകയാണ്. ഈ ശാസനം അനുസരിക്കുവാൻ ഇന്ത്യയുൾപ്പെടെയുള്ള മിക്ക രാജ്യങ്ങളും നിർബദ്ധമായിരിക്കുകയാണ്.

ഇറാൻ ഇപ്പോൾ പ്രതിദിനം 2.7 ദശലക്ഷം ബാരൽ എണ്ണ കയറ്റി അയയ്ക്കുന്നുണ്ട്. ഇറാന്‍റെ ഇപ്പോഴത്തെ ഉത്പാദനം പ്രതിദിനം ഏതാണ്ട് 3.83 ദശലക്ഷം ബാരലാണ്. 2021- ഓടെ ഇത് അഞ്ചു ദശലക്ഷം ബാരലായി ഉയർത്തുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ആഗോള ക്രൂഡോയിൽ വിപണിയിൽനിന്ന് പ്രതിദിനം 2.7 ദശലക്ഷം ബാരൽ ഇല്ലാതാകുന്നത് ഒരു വിടവുണ്ടാക്കുകതന്നെ ചെയ്യാം. ഇതു വില വർധനയ്ക്കു കളമൊരുക്കുകയും ചെയ്യും. ഇത് 2008-ലെ സ്ഥിതിയിലേക്ക് രാജ്യത്തെ എത്തിച്ചേക്കാം. ആ വർഷം ഫോർമുസ ഉൾക്കടൽ( ഇറാനും ഒമാനുമിടയിലുള്ള വഴിയാണിത്. ഏറ്റവും കൂടുതൽ ട്രാഫിക്കുള്ള കപ്പൽ റൂട്ടാണിത്. ഗൾഫ് മേഖലയിൽനിന്നുള്ള 90 ശതമാനം ക്രൂഡോയിലും ഈ റൂട്ടിലൂടെയാണ് പോകുന്നത്. ഖത്തറിൽനിന്നുള്ള എൽഎൻജി ഉത്പാദനം കൊണ്ടുപോകുന്ന ഏക വഴിയും കൂടിയാണിത്.) അടച്ചിടുമെന്ന് ഇറാൻ പ്രഖ്യാപിക്കുകയും ക്രൂഡോയിൽ വില 150 ഡോളറിലേക്ക് നീങ്ങുകയും ചെയ്തു.

2008-ലെ സാന്പത്തികത്തകർച്ചയ്ക്കുള്ള കാരണങ്ങളിലൊന്ന് ഉയരുന്ന ക്രൂഡോയിൽ വിലയിൽ ലോകത്തിന്‍റെ പ്രവർത്തനച്ചെലവ് നടത്തിക്കൊണ്ടുപോകുവാൻ കഴിയാതെ വന്നതാണ്. 2008ന്‍റെ ആവർത്തനമോ എന്നതാണ് ഉയരുന്ന ചോദ്യം.


ക്രൂഡോയിൽ വില ഉയരുന്നതിലെ ഏറ്റവും നേട്ടം കൊയ്യുക റഷ്യയും സൗദി അറേബ്യയുമാണ്. രണ്ടു രാജ്യങ്ങളും ഇപ്പോൾ സാന്പത്തികമായി പ്രയാസത്തിലൂടെ കടന്നുപോവുകയാണ്. അവർ ക്രൂഡോയിൽ വില വർധന ആശ്വാസം പകരും.

ഇന്ത്യയ്ക്ക് അമേരിക്കൻ സമ്മർദ്ദത്തെ എതിരിട്ടുകൊണ്ട് ഇറാനിൽനിന്ന് ക്രൂഡോയിൽ ഇറക്കുമതി ചെയ്യാനും വയ്യ. ഇന്ത്യയ്ക്ക് അമേരിക്കയുമായി 2300 കോടി ഡോളറിന്‍റെ വ്യാപാരമിച്ചമാണുള്ളത്. ദുർബലമായ ഇന്ത്യൻ കയറ്റുമതിക്ക് ഇത് ആശ്വാസമാണ്. ഇന്ത്യ ഏറ്റവും കൂടതൽ കയറ്റുമതി നടത്തുന്നതും യുഎസിലേക്ക് ആണ്.അതു നഷ്ടപ്പെടുത്താൻ സാധിക്കുകയില്ല. യുഎസിൽ നിന്നു നേടുന്ന ഡോളറാണ് ക്രൂഡോയിൽ ഉൾപ്പെടെയുള്ള ഇറക്കുമതിക്കു സഹായിക്കുന്നത് എന്നതു മറക്കാനാവില്ല.

2017-18-ൽ ഇറാനുമായുള്ള ഇന്ത്യയുടെ വ്യാപാരകമ്മി 846 കോടി ഡോളറാണ്. അതായത് ഇറാനിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി കയറ്റുമതിയേക്കാൾ വളരെക്കൂടുതലാണ്. അതുകൊണ്ടുതന്നെ ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യയ്ക്കു മറന്നേ പറ്റുകയുള്ളു. ഇറാനുവേണ്ടി യുഎസിനെ പിണക്കാൻ ഇന്ത്യക്കാകില്ല.