കേരളത്തെ പുനർനിർമിക്കാം, സംരക്ഷണമൊരുക്കാം
കേരളത്തെ പുനർനിർമിക്കാം, സംരക്ഷണമൊരുക്കാം
Saturday, September 15, 2018 4:01 PM IST
കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമൊഴി. പക്ഷേ, ഇക്കുറി മലയാളിക്ക് ഓണക്കാലം സന്തോഷത്തിന്‍റെയും സമൃദ്ധിയുടേതുമായിരുന്നില്ല. അപ്രതീക്ഷിതമായെത്തിയ പെരുമഴയിലും വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും നിരവധി ജീവനുകളും ആകെയുണ്ടായിരുന്ന സന്പാദ്യങ്ങളുമെല്ലാം ഒലിച്ചു പോയി. ജീവിതം ഇനി എങ്ങോട്ട്, എങ്ങനെ എന്നറിയാതെ ഈ ഓണക്കാലത്ത് മലയാളി പകച്ചു നിന്നു.

വില കൊടുക്കേണ്ടി വന്ന ദുരന്തം

വലിയ വില കൊടുക്കേണ്ടി വന്ന ദുരന്തമാണ് ഈ ഓണക്കാലത്ത് കേരളത്തിനു അനുഭവിക്കേണ്ടി വന്നത്. വൻ പ്രളയത്തിൽ നാനൂറോളം പേർക്കു ജീവൻ നഷ്ടമായി; ലക്ഷക്കണക്കിനാളുകൾക്ക് വീടുകൾ വിട്ടൊഴിഞ്ഞ ് ക്യാന്പുകളിൽ അഭയം തേടേണ്ടി വന്നു.

പ്രാഥമിക കണക്കുകളനുസരിച്ച് കേരളത്തിന് 20000 കോടിരൂപയുടെ ഭൗതിക നഷ്ടമാണുണ്ടായിരിക്കുന്നത്. നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്‍റ് ഏജൻസിയുടെ പ്രാഥമിക കണക്കുകളനുസരിച്ച് 20774 വീടുകൾക്കു നാശനഷ്ടമുണ്ടായി. കേരളത്തെ പുനർനിർമിക്കുവാൻ ഏതാണ്ട് അന്പതിനായിരം കോടി രൂപ ആവശ്യമുണ്ടെന്നാണ് പ്രാഥമിക കണക്ക്. പ്രളയബാധിതമേഖലയിൽ ശന്പളമിനത്തിൽ നാലായിരം കോടി രൂപയിലധികം രൂപ തൊഴിലാളികൾക്കു നഷ്ടമായി. കൃഷി, വ്യവസായം, വ്യാപാരം, ടൂറിസം തുടങ്ങി എല്ലാ മേഖലകളിലും നഷ്ടത്തിന്‍റെ കണക്കുകളേയുള്ളു.

സംസ്ഥാനത്തിന്‍റെ ജിഡിപിയിൽ 2.2 ശതമാനത്തിന്‍റെ ഇടിവുണ്ടാകുമെന്നാണ് റേറ്റിംഗ് ഏജൻസിയായ അക്യുയിറ്റ റേറ്റിംഗ് വിലയിരുത്തുന്നത്. മാത്രവുമല്ല, സംസ്ഥാനത്തിന്‍റെ ധനകമ്മി ഈ വർഷം 5.4 ശതമാനത്തിലേക്ക് ഉയരും. പുനരധിവാസത്തിന് 50000 കോടി രൂപയോളം കണ്ടെത്തേണ്ട സ്ഥിതിയിലുമാണ്.സംസ്ഥാനത്തെ ജനങ്ങളനുഭവിച്ച മാനസിക സംഘർഷങ്ങൾ വേറേയും.

ഇന്ത്യൻ ജനസംഖ്യയിൽ വെറും 2.8 ശതമാനം മാത്രമുള്ള കേരളത്തിന്‍റെ സന്പദ്ഘടനയിലെ സംഭാവന 4 ശതമാനമാണ്. സേവനമേഖലയാണ് കേരള സന്പദ്ഘടനയിൽ 50 ശതമാനവും സംഭാവന ചെയ്യുന്നത്.

കേരളത്തിൽനിന്ന് ഏതാണ്ട് 20 ലക്ഷം ആളുകൾ വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. അവർ അയയ്ക്കുന്ന തുകയാണ് കേരളത്തിന്‍റ് സാന്പത്തിക വളർച്ചയ്ക്കു പിന്നിൽ പ്രവർത്തിച്ചിരുന്നത്. അവിടെനിന്നുള്ള വരുമാനം കുറഞ്ഞു തുടങ്ങിയ അവസരത്തിലാണ് പ്രളയത്തിന്‍റെ രൂപത്തിൽ ദുരന്തമെത്തുന്നത്.

ടൂറിസം മേഖല:

സംസ്ഥാനത്തിന്‍റെ ജിഡിപിയിൽ ഏതാണ്ട് നാലിലൊന്നോളം സംഭാവന ടൂറിസത്തിന്‍റേതാണ്. ടൂറിസം മേഖല കേരളത്തിനു വരുമാനമായി നൽകുന്നത് മുപ്പതിനായിരം കോടി രൂപയിലധികമാണ്. ഏതാണ്ട് 14 ലക്ഷം പേർക്ക് ഈ മേഖല ജോലിയും നൽകുന്നു. 2017-ൽ ഏതാണ്ട് 15 ലക്ഷം വിനോദ സഞ്ചാരികളാണ് കേരളം സന്ദർശിച്ചത്.

പ്രളയദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചതും ടൂറിസം കേന്ദ്രീകൃതമായിട്ടുള്ള കേന്ദ്രങ്ങളെയാണുതാനും. ആലപ്പുഴ, എറണാകുളം,ഇടുക്കി, പത്തനംതിട്ട,തൃശൂർ, വയനാട്, കോഴിക്കോട് തുടങ്ങിയ ജില്ലകളാണ് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നത്. ഈ ജില്ലകളാണ് പ്രളയക്കെടുതി ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയതും.
മണ്‍സൂണ്‍ ടൂറിസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സമയത്താണ് പ്രളയമെത്തിയത്. ഇതിന്‍റെ പ്രത്യാഘാതം നിരവധി വർഷങ്ങളിലേക്കു നീണ്ടു നിൽക്കുമെന്നാണ് വിലയിരുത്തുന്നത്. ചുരുക്കത്തിൽ വലിയ വെല്ലുവിളിയാണ് ഈ മേഖലയിൽ നിലനിൽക്കുന്നത്.

കൃഷി:

മഴക്കെടുതി കേരളത്തിലെ കൃഷിക്കാർക്ക് സമ്മാനിച്ച നഷ്ടം 1400 കോടിയോളം രൂപയാണെന്നു കൃഷി വകുപ്പ് കണക്കാക്കുന്നു. ഏതാണ്ട് 57000 ഹെക്ടറിലെ കൃഷി നശിച്ചു. ഇതിനു പുറമേയാണ് വലിയ ദുരന്തങ്ങൾ ഉണ്ടാവാത്ത ജില്ലകളിൽ വിളവെടുപ്പു നടക്കാത്തതുമൂലമുണ്ടായ നഷ്ടം. റബർ, കുരുമുളക്, ഏലം തുടങ്ങി കാർഷികമേഖലയിലെ ഉത്പാദനത്തിലുണ്ടായ നഷ്ടം വളരെ വലുതാണ്.

കഴിഞ്ഞ രണ്ടു മാസക്കാലത്ത് സംസ്ഥാനത്ത് ഏതാണ്ട് 535 ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുമാണുണ്ടായിട്ടുള്ളത്. ഇതുവഴി ഏക്കറുകണക്കിനു കൃഷിയിടങ്ങളാണ് മണ്ണിനിടയിലായത്.

റബർ ഉത്പാദനം രണ്ടു മാസമായി ഏതാണ്ട് നിശ്ചലമാണ്. റെയിൻ ഗാർഡ് ഉണ്ടായിട്ടും പല സ്ഥലത്തും ടാപ്പിംഗ് സാധ്യമല്ലാത്ത സ്ഥിതിയായിരുന്നു. വിലക്കുറവും ടാപ്പിംഗ് നടത്തുന്നതിൽനിന്നു കർഷകരെ പിന്നോട്ടു വലിച്ചിരുന്നു. കുറേ വർഷമായി കേരളത്തിലെ റബർ ഉത്പാദനം കുറഞ്ഞുവരികയാണ്. കാലാവസ്ഥ വ്യതിയാനവും വിലക്കുറവുമെല്ലാം ഇതിനു കാരണമാണ്.

കൃഷിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ക്ഷീരമേഖല, കോഴി വളർത്തൽ തുടങ്ങിയമേഖലയേയും പ്രളയം വല്ലാതെ ബാധിച്ചിട്ടുണ്ട്. പ്രാഥമിക കണക്കുകളനുസരിച്ച് അന്പതിനായിരത്തോളം പശുക്കളും രണ്ടു ലക്ഷത്തിലധികം കോഴികളും ഈ പ്രളയത്തിൽ ചത്തൊടുങ്ങി.

മാത്രവുമല്ല കാർഷികോത്പന്നങ്ങളെ ആശ്രയിച്ചുള്ള വ്യവസായമേഖലയിൽ പ്രളയം 1200 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് റേറ്റിംഗ് ഏജൻസിയായ അക്യുയിറ്റ് റേറ്റിംഗ് കണക്കാക്കുന്നത്.

ക്ഷീരമേഖല:

പ്രളയക്കെടുതി ക്ഷീരമേഖലയ്ക്കും കടുത്ത ആഘാതമാണ് സൃഷ്ടിച്ചത്. മിൽമ എറണാകുളം മേഖലാ യൂണിയനുകീഴിലെ സംഘങ്ങൾ വഴി പ്രതിദിനം മൂന്നു ലക്ഷം ലിറ്റർ പാൽ സംഭരിച്ചത് പ്രളയദുരന്തത്തെത്തുടർന്ന് നേർ പകുതിയായി കുറഞ്ഞെന്ന് മിൽമ അധികൃതർ അറിയിച്ചു. പ്രതിദിനം 50,000 ലിറ്റർ പാൽ ശേഖരിച്ചിരുന്നത് 20,000-25,000 ലിറ്ററായി കുറഞ്ഞെന്ന് കാലടി കുറ്റിലക്കര ആസ്ഥാനമായി പ്രവർത്തിക്കുന്ന പീപ്പിൾസ് ഡയറി ഡെവലപ്മെന്‍റ് പ്രോജക്ട് (പിഡിഡിപി) ചെയർമാൻ ഫാ. സെബാസ്റ്റ്യൻ നാഴിയംപാറ പറഞ്ഞു. ആയിരക്കണക്കിന് ഉരുക്കളാണ് പ്രളയത്തിൽ ചത്തത്. നിരവധി ഫാമുകൾ തകർന്നു. ഇവയുടെ കണക്കെടുപ്പിന് കൂടുതൽ സമയം വേണ്ടിവരും.

പല തരത്തിലുള്ള പ്രതിസന്ധികളാണ് ക്ഷീരകർഷകർ നേരിടുന്നത്. ഉരുക്കൾ വ്യാപകമായി ചത്തത് ഉത്പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. പുൽകൃഷി വെള്ളത്തിനടിയിൽപ്പെട്ട് ചീഞ്ഞുപോയി. പാൽ കൊണ്ടു പോകുന്നതിന് ഉപയോഗിക്കുന്ന മിൽമയുടെ ആറ് ബൾക്ക് ടാങ്കറുകൾ തകരാറിലായി. ഇത്തരത്തിൽ വസ്തുവകകൾക്കു നേരിട്ട നഷ്ടത്തിന്‍റെയും കേടുപാടുകളുടേയും കണക്കെടുത്തു വരുന്നതേയുള്ളൂവെന്നും മിൽമ അധികൃതർ വ്യക്തമാക്കി. കാടക്കോഴി യൂണിറ്റുകൾ, പന്നിഫാമുകൾ, കോഴി വളർത്തൽ കേന്ദ്രങ്ങൾ എന്നിവയെല്ലാം ഇത്തരത്തിൽ വലിയ തോതിൽ നഷ്ടം സംഭവിച്ചവയാണ്.

കൈത്തറി:

ഓണക്കാലമാണ് ചേന്ദമംഗലം കൈത്തറിയുടെ നല്ലകാലം. സാധാരണ ഓണം സീസണിൽ 80 ലക്ഷം രൂപയോളം വിൽപ്പന നടത്തുന്ന ചേന്ദമംഗലം കൈത്തറി ഇത്തവണ വെള്ളത്തിൽ മുങ്ങിത്താണുപോയി.പ്രളയ ദുരിതം ഏറ്റവുമധികം നേരിട്ട എറണാകുളം ജില്ലയിലെ പറവൂരാണ് ചേന്ദമംഗലം കൈത്തറിയുടെ കേന്ദ്രം. മഹാപ്രളയത്തിൽ തറികളും ഡൈ യൂണിറ്റുകളുമെല്ലാം മുങ്ങിപ്പോയി. ഇനി എല്ലാം ആദ്യം മുതൽ തുടങ്ങണം ഒരു കൈത്തറി യൂണിറ്റിന്‍റെ സെക്രട്ടറിയായ പ്രിയ പറയുന്നു. ഇങ്ങനെ നഷ്ടങ്ങളുടെ കണക്കുകൾ മാത്രം പറയാനുള്ളവരാണ് പലരും.

റിയൽ എസ്റ്റേറ്റ്:

സംസ്ഥാനത്തിന്‍റെ ജിഡിപിയിൽ നല്ല സ്ഥാനമാണ് റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും നിർണമാണ മേഖലയ്ക്കുമുള്ളത് ഈ മേഖലയിൽ 1725 കോടി രൂപയുടെ നഷ്ടമാണ് പ്രളയം മൂലം അതിന്‍റെ ഉടമസ്ഥർക്കുണ്ടായിട്ടുള്ളത്. റോഡ് ട്രാൻസ്പോർട്ട് വിഭാഗത്തിൽ 657 കോടി രൂപയും ധനകാര്യസേവന വിഭാഗത്തിൽ 549 കോടി രൂപയും നഷ്ടമാണ് സംഭവിച്ചിട്ടുള്ളതെന്ന് റേറ്റിംഗ് ഏജൻസി വിലയിരുത്തുന്നു. ഹോട്ടൽ,വ്യാപാരം മേഖലയിൽ 161 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

വ്യാപാരമേഖല:

ഓണവും ബക്രീദും പ്രമാണിച്ച് വ്യാപാരസ്ഥാപനങ്ങളിൽ പച്ചക്കറികളും പലവ്യജഞനങ്ങളും ധാരാളം സ്റ്റോക്ക് ചെയ്തിരുന്നു. ഇവയൊക്കെയും പൂർണമായും നശിച്ചു. വ്യാപാരികളും കനത്ത നഷ്ടത്തിന്‍റെ നാളുകളാണ് നേരിടുന്നത്. പ്ലാന്‍റേഷൻ മേഖലയിലുള്ളവർ, ടൂറിസം മേഖല, സൂക്ഷമ ചെറുകിട വ്യവസായ മേഖവല എന്നിവയെല്ലാം കാലങ്ങളായി നേടിയെടുത്തതെല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ്.

ഓട്ടോ, കണ്‍സ്യൂമർ ഉത്പന്നങ്ങൾ, ബാങ്കിംഗ്, ധനകാര്യ സേവനങ്ങൾ തുടങ്ങിയ മേഖലയിലെ ഇടപാടുകൾ ഏതാണ്ട് ഇല്ലാതായതുപോലെയായിരുന്നു ഈ പ്രളയകാലത്ത്. സാധാരണഗതിയിൽ വർഷത്തിലെ ഏറ്റവും വലിയ വിൽപ്പനയാണ് ഓണക്കാലത്ത് ഉണ്ടായിരുന്നത്. കേരളത്തിലെ വ്യാപരമേഖലയ്ക്ക് വലിയ നഷ്ടമാണ് പ്രളയം നൽകിയത്. വ്യപാരനഷ്ടം മാത്രമല്ല, സൂക്ഷിച്ചിരുന്ന സാധനസാമഗ്രികളുടെ നഷ്ടവുമുണ്ടായി.
ചെറുകിട ഇടത്തരം മേഖലയിൽ നിന്നുള്ള തിരിച്ചടവിനെ പ്രളയം ബാധിച്ചിരിക്കുകയാണ്. ഇവ കിട്ടാക്കടമാകുമെന്നു മാത്രമല്ല, ഈ മേഖലയിലെ വായ്പാ വളർച്ചയേയും ബാധിക്കും.

ആശ്വാസമേകുന്ന കൈത്താങ്ങുകൾ

ചെറുകിടവ്യവസായങ്ങൾ, കച്ചവടസ്ഥാപനങ്ങൾ തുടങ്ങിയവ നഷ്ടമായവർക്കും വളർത്തുമൃഗങ്ങളും ജീവനോപാധിയും നഷ്ടപ്പെട്ടവർക്കും പലിശയില്ലാതെ പത്തുലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കാൻ ആലോചിച്ചുവരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. പുനഃകൃഷിക്കു പലിശരഹിതമായും സബ്സിഡിയായും പണം അനുവദിക്കുന്നതിനും സർക്കാർ ഇടപെടും. വളർത്തുമൃഗങ്ങൾക്കു ഭക്ഷണം കിട്ടുന്നില്ലെന്ന പരാതി പരിഹരിക്കാനും നടപടികളുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

വ്യവസായ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന് എന്തുതരം പദ്ധതിനടപ്പാക്കാമെന്ന കാര്യം ആലോചിക്കും. പരന്പരാഗത വ്യവസായങ്ങൾക്കായി പ്രത്യേക പദ്ധതി തയാറാക്കും. ചെറുകിടവ്യവസായങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവയുടെ വായ്പകൾക്ക് ഒന്നരവർഷം വരെ മോറട്ടോറിയം പ്രഖ്യാപിക്കാൻ സംസ്ഥാന തല ബാങ്കേഴ്സ് സമിതി തീരുമാനിച്ചിട്ടുണ്ട്. പ്രവർത്തന മൂലധന വായ്പ പുനഃക്രമീകരിക്കും. മാർജിൻ മണി കൂടാതെ വായ്പ ലഭ്യമാക്കും.
ഭവനവായ്പകൾക്കും ഒരു വർഷം മോറട്ടോറിയം പ്രഖ്യാപിക്കാമെന്ന് ബാങ്കേഴ്സ് സമിതി സമ്മതിച്ചിട്ടുണ്ട്. വീട് പുനർനിർമാണം, അറ്റകുറ്റപ്പണി എന്നിവയ്ക്ക് അധിക വായ്പ അനുവദിക്കും. അഞ്ചുലക്ഷം രൂപ വരെയുള്ള അധിക വായ്പകൾക്കും മാർജിൻ മണി ഉണ്ടാവില്ല.
തകരാറിലായ വാഹനങ്ങളുടെ ഇൻഷ്വറൻസ് തുക ലഭ്യമാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തും. സ്വകാര്യ പണമിടപാടുസ്ഥാപനങ്ങൾ ദുരിതാശ്വാസ ക്യാന്പുകളിൽ എത്തി കുടിശിക പിരിക്കുന്നത് അവസാനിപ്പിക്കാൻ സർക്കാർ ഇടപെടും. വീണ്ടും തുടർന്നാൽ പോലീസ് ഇടപെടും. എന്നിങ്ങനെയുള്ള നിർദേശങ്ങളും തീരുമാനങ്ങളുമൊക്കെ അൽപ്പം ആശ്വാസം പകരുന്നതാണ്.

അധിക സെസ് അധിക ഭാരം

വിവിധ സാധനങ്ങൾക്ക് 10 ശതമാനം സെസ്കൂടി ചുമത്താൻ സംസ്ഥാന സർക്കാർ നടത്തുന്ന നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. പ്രളയദുരന്തം മൂലം കഷ്ടപ്പെടുന്ന ജനങ്ങളുടെമേൽ കൂടുതൽ നികുതിഭാരം അടിച്ചേൽപ്പിക്കുന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം ജിഎസ്ടി കൗണ്‍സിൽ അംഗീകരിച്ചാൽ സാധനങ്ങൾക്കു വില കൂടും. കേരള ജനതയെ സഹായിക്കുവാൻ നാനാഭാഗത്തുനിന്നും കോടിക്കണക്കിനു രൂപ ലഭിച്ചുകൊണ്ടിരിക്കുന്പോൾ അധിക സെസ് ഏർപ്പെടുത്തി നികുതി വർധിപ്പിക്കാനുള്ള ശ്രമം ജനദ്രോഹപരമാണെന്നാണ് മർച്ചന്‍റ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.

വായ്പകൾക്ക് മോറട്ടോറിയവുമായി ബാങ്കുകൾ

ദുരിതബാധിത പ്രദേശങ്ങളായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്ഥലങ്ങളിലെ എല്ലാവിധ വായ്പകളും മധ്യദീർഘകാല വായ്പകളായി പുനഃക്രമീകരിക്കാനും ഒരു വർഷത്തെ മോറട്ടോറിയം ഏർപ്പെടുത്താനും സംസ്ഥാനതല ബാങ്കേഴ്സ് സമിതി തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 31 മുതൽ ഒരു വർഷത്തേക്കാണ് മോറട്ടോറിയം. വിദ്യാഭ്യാസ വായ്പകൾക്ക് ആറു മാസമായിരിക്കും മോറട്ടോറിയം. ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ എല്ലാ ജപ്തിനടപടികളും മൂന്നു മാസത്തേക്കു നിർത്തിവയ്ക്കാനും തീരുമാനിച്ചു.

ചെറുകിട ഇടത്തരം വ്യാപാരികളുടെ വായ്പകൾ പുനഃക്രമീകരിക്കും. കൂടാതെ പുതിയ വായ്പയും അവർക്കു നൽകും. സംസ്ഥാനത്തെ എല്ലാ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളും ചെറുകിട ഫിനാൻസ് ബാങ്കുകളും പ്രാദേശിക ഗ്രാമീണ ബാങ്കുകളും സഹകരണ ബാങ്കുകളും ഈ തീരുമാനം നടപ്പിലാക്കും.

വായ്പകളുടെ പുനഃക്രമീകരണത്തിനും മൊറട്ടോറിയത്തിനും വേണ്ട അപേക്ഷ ഉടൻ സമർപ്പിക്കണം. അർഹമായ പുതിയ വായ്പകൾക്ക് ഡിസംബർ 31നുള്ളിൽ അപേക്ഷ സമർപ്പിക്കണം. കാർഷികവായ്പകൾക്ക് അപേക്ഷകൾ അടുത്ത കൊയ്ത്തുകാലത്തിനുള്ളിൽ സമർപ്പിക്കണം. വായ്പകളുടെ പുനഃക്രമീകരണം ഒക്ടോബർ 31നകം പൂർത്തീകരിക്കണം. മോറട്ടോറിയം കാലാവധിയിൽ കൂട്ടുപലിശയുണ്ടാവില്ല. ഈ പദ്ധതി പ്രഖ്യാപിക്കുന്ന സമയത്ത് വായ്പാ കുടിശിക ഇല്ലെങ്കിൽ അതിനെ ദീർഘകാല വായ്പയായി മാറ്റാം. ഈ വായ്പ തിരിച്ചടയ്ക്കാനുള്ള പുതുക്കിയ കാലാവധി മൊറട്ടോറിയം കാലാവധിയുൾപ്പെടെ അഞ്ചു വർഷമായി നിജപ്പെടുത്തി. വായ്പകൾ പുനഃക്രമീകരിക്കുന്പോൾ ഈട് ആവശ്യപ്പെടാൻ പാടില്ല. കന്നുകാലിവളർത്തൽ ഉൾപ്പെടെ കൃഷി അനുബന്ധ വിഭാഗങ്ങൾക്കും വായ്പാ പുനഃക്രമീകരണം നടത്താം. എന്നാൽ, മുൻവർഷങ്ങളിൽ അറിഞ്ഞുകൊണ്ട് വീഴ്ച വരുത്തിയ തവണകൾ പുനഃക്രമീകരിക്കില്ല. ചെറുകിട വ്യാപാരമേഖലയ്ക്കും ഇതൊക്കെ ബാധകമായിരിക്കും. വായ്പയെടുത്തവരുടെ തിരിച്ചടവ് ശേഷിക്കനുസരിച്ച് അവ പുനഃക്രമീകരിക്കുകയും പുതിയ വായ്പകൾ നൽകുകയും ചെയ്യും. ഭവനവായ്പകൾക്കും ഇതൊക്കെ ബാധകമായിരിക്കും.

വീടിന്‍റെ അറ്റകുറ്റപ്പണി, പുനരുദ്ധാരണം, റീഫർണീഷിംഗ്, പുനർനിർമാണം എന്നിവയ്ക്ക് പുതിയ വായ്പകൾ നൽകും. നിബന്ധനകൾ എല്ലാം ഓരോ ബാങ്കിന്േ‍റയും പദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും. അഞ്ചു ലക്ഷം രൂപ വരെയുള്ള പുതു വായ്പകൾക്ക് മാർജിൻ വേണ്ട. പ്രളയത്തിൽ എല്ലാ രേഖകളും നഷ്ടപ്പെട്ടവർക്ക് ബാങ്കിന്‍റെ പാസ്ബുക്ക് അടിസ്ഥാനരേഖയായി പരിഗണിക്കും. ഇതിനായി കെവൈസി മാനദണ്ഡങ്ങളിൽ ഇളവു നൽകും. തിരിച്ചറിയൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് ബാങ്ക് ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക് നൽകും.
പ്രളയക്കെടുതികളിൽ ബാങ്കിംഗ് മേഖലയും തകർന്നു. പ്രളയത്തിൽ സംസ്ഥാനത്താകെ 324 ബാങ്ക് ശാഖകളും 428 എടിഎമ്മുകളും മുങ്ങിയിരുന്നു. ഇങ്ങനെ ഓരോ മേഖലയും വീണ്ടെടുപ്പിന്‍റെ പ്രക്രിയയിലാണ്. കേരളത്തിന്‍റെ പുനർനിർമാണ പ്രക്രിയയിൽ സിഐഐ,ക്രെഡായി പോലുള്ള സംഘടനകളുടെ പ്രതിനിധികൾ അവർക്കെന്തു ചെയ്യാനാകും. കേരളം എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പങ്കുവെയ്ക്കുകയാണ് തുടർപേജുകളിൽ.

പുതിയ കേരളം ചുവപ്പുനാടയിൽ കുടുങ്ങരുത്

നജീബ് സക്കറിയ
ക്രെഡായി കേരള ഘടകം ചെയർമാൻ

പുനരധിവാസ പ്രവർത്തനങ്ങളും ദുരിതാശാവസ പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. മൂന്നു കോടി രൂപയോളമാണ് ക്രെഡായി കേരള ഘടകം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകുന്നത്. കേരളത്തിന്‍റെ പുനരുദ്ധാരണത്തിൽ സർക്കാരിനോടൊപ്പം പാങ്കാളിയാകുക എന്ന ലക്ഷ്യം കൂടിയുണ്ട്. അതിനായി എന്തൊക്കെയാണ് പ്രശ്നങ്ങൾ, എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ ഒരു ചിത്രം വരേണ്ടതുണ്ട്. പാലം, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ തീർച്ചയായും സർക്കാരാണ് കൊണ്ടു വരേണ്ടത്. വീടുകളുടെയും കെട്ടിടങ്ങളുടെയും പുനർ നിർമാണത്തിലാണ് ക്രെഡായിക്ക് പങ്കാളിയാകാൻ സാധിക്കുന്നത്.

1. മനുഷ്യവിഭവശേഷിയുടെ അഭാവം, സർക്കാരിനും ബിസിനസിലും കുടുംബത്തിലും വ്യക്തികൾക്കും വലിയതോതിലുള്ള സാന്പത്തികമായ നഷ്ടങ്ങളാണുണ്ടായിരിക്കുന്നത്.
2. ദീർഘകാലത്തേക്കുള്ളതും ശ്രമകരവുമായ പ്രവൃത്തിയുമാണ് എല്ലാം ശരിയായ രീതിയിലേക്ക് തിരികെ എത്തുക എന്നുള്ളത്. അതുകൊണ്ട് കാര്യക്ഷമമായ ഇടക്കാല നടപടികൾ ആവശ്യാനുസരണം സ്വീകരിക്കേണ്ടതാണ്.
3. ദുരന്തനിവാരണ പ്രവർത്തനങ്ങൾ പ്രാദേശികമായ ടീമുകളുടെ സഹായത്തോടെ ജില്ലതാലത്തിലും സംസ്ഥാനതലത്തിലും തുടരണം.
4. പുനക്രമീകരണത്തിനും പുനർനിർമാണത്തിനും ശുചീകരണത്തിനും ആരോഗ്യ സംരംക്ഷണത്തിനുമായി എത്ര തുക ചെലവാകുമെന്ന് കണക്കാക്കണം.
5. കുറഞ്ഞ ആളുകൾക്കെ ഇൻഷുറൻസ് ഉണ്ടാവുകയുള്ളു. ഉള്ളവർക്ക് വേഗത്തിൽ അത് ലഭ്യമാക്കണം.
6. വെള്ളപ്പൊക്കവും ദുരന്തങ്ങളും ബാധിച്ച പ്രദേശങ്ങളെക്കുറിച്ചുള്ള കണക്കെടുപ്പ് നടത്തണം.
7. പുനരധിവാസവും പുനർനിർമാണവും പൂർത്തിയാകുന്നതുവരെ പ്രാദേശികമായ ക്യാന്പുകൾ നിലനിർത്തണം.
8. ഫണ്ട് വിതരണവും വിനിയോഗവും കൃത്യസമയത്തും സുതാര്യമായും നടപ്പിലാക്കണം
9. സിഐഐ, ക്രെഡായി, കെഎംഎ, ടൈ കേരള, ബികെആർജി തുടങ്ങിയ ഇൻഡസ്ട്രി ബേഡികളുമായും ഐഐഎ, സ്ട്രക്ച്ചറൽ എഞ്ചിനീയർമാർ എന്നവരുമായും സഹകരിച്ച് പ്രവർത്തിക്കാം.
10. പുതിയ കേരളം പഴയിതനെക്കാൾ മികച്ചതായിരിക്കണം. അതുകൊണ്ടു തന്നെ തീരുമാനങ്ങൾ ചുവപ്പു നാടയിൽ കുരുങ്ങിക്കിടക്കാൻ ഇടവരരുത്. തീരുമാനങ്ങളെടുക്കുന്നതും നടപ്പിലാക്കുന്നതും വേഗത്തിലായിരിക്കണം.
11. നഷ്ടപ്പെട്ട രേഖകൾ ലഭ്യമാക്കുന്നതിനായി ഐടി സപ്പോർട്ടോടുകൂടി എല്ലാ സർക്കാർ ഓഫീസുകളും പ്രവർത്തിക്കണം.
12. പ്രളയത്തിനുശേഷം അടിയന്തരമായി സ്വീകരിക്കേണ്ട കാര്യങ്ങൾ
* ശുചീകരണവും ശുചിത്വവും
* വെള്ളപ്പൊക്കത്തിൽ നിന്നുമുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുക
* പ്രളയബാധിതർക്കിടയിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നവർക്കിടയിലും പ്രതിരോധമരുന്നകളും മറ്റും വിതരണം ചെയ്യണം.
* രണ്ടാമതൊരു ദുരന്തം ഇതിനെതുടർന്നുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കാം
* മാനസികമായ പിന്തുണ ദുരന്തബാധിതിർക്ക് നൽകണം.
* ഖര, പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമാർജനം ചെയ്യാൻ കൃത്യമായ രീതികൾ നടപ്പിലാക്കണം

13. പുനർ നിർമാണത്തിനുള്ള മാനദണ്ഡങ്ങൾ നൽകുക

* വേഗത്തിലും സുരക്ഷിതമായതും മെച്ചപ്പെട്ടതും ശക്തമായതുമായ വീടുകൾ നിർമിക്കുക
* പുനർനിർമാണ ഘട്ടത്തിൽ ആവശ്യങ്ങളെ കണ്ടെത്തുകയും സർവേ നടത്തുകയും ചെയ്യണം.
* മികച്ച നിർമാണ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്താം. പ്രീഫാബ്രിക്കേറ്റഡ് മറ്റീരിയൽസ് ഉപയോഗിക്കാം. അതോടൊപ്പം പരിസ്ഥിതി സൗഹൃദമായ വസ്തുക്കളും ഉപയോഗിക്കാം.
* നിരവധി നിർമാണ മാർഗങ്ങളും അതോടൊപ്പം നിരവധി നിരവധി വിദഗ്ധരെയും ആവശ്യമാണ്.
* തൊഴിലാളികളുടെയും അസംസ്കൃത വസ്തുക്കളുടെയും ക്ഷാമവും നിർമാണ വസ്തുക്കളുടെ വിലക്കയറ്റവും പ്രതീക്ഷിക്കാം. അതുകൊണ്ടുതന്നെ ഇവയെ മറികടക്കാനുള്ള നയങ്ങൾ രൂപീകരിക്കേണ്ടതുണ്ട്.
* നിർമാണ പ്രവർത്തനങ്ങൾക്കാവശ്യമായ വ്സതുക്കൾക്കുമേലുള്ള നികുതിയിൽ ഇളവു വരുത്താം.
* പുതിയതായി ജിഎസ്ടി, സെസ് മുതലായവ കേരളത്തിലെ ജനങ്ങൾക്കുമേൽ നൽകാതിരിക്കാം.

പുനനിർമാണത്തിന് ദുരന്തനിവാരണ മാനേജ്മെന്‍റ് അടിസ്ഥാനമാകട്ടെ

ഡോ. എസ് സജികുമാർ
സിഐഐഎ കേരള ഘടകം ചെയർമാൻ

കേരളത്തെ പുനർ നിർമിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ വളരെ കാര്യക്ഷമമായിട്ടുള്ള നിർമാണ പ്രവർത്തനങ്ങളാണ് വേണ്ടത്. അന്പതിനായിരം കോടി രൂപയുടെ പുനർ നിർമാണപ്രക്രിയയാണുള്ളതെന്നാണ് സർക്കാരിന്‍റെ വിലയിരുത്തൽ.
ടൂറിസം, പ്ലാന്‍റേഷൻ തുടങ്ങി എല്ലാ മേഖലകൾക്കും മഴയുടെയും വെള്ളപ്പൊക്കത്തിന്‍റെയും മറ്റു പ്രകൃതി ദുരന്തങ്ങളുടെയും ആഘാതം ഏറ്റിട്ടുണ്ട്. അതുകൊണ്ടു തന്നെ ബിസിനസ് മേഖലകളെല്ലാം തന്നെ വലിയ പ്രതിസന്ധിയിലാണ്. എംഎസ്എംഇ മേഖലകളിലെ വ്യവസായികൾക്ക് ഒരു വർഷത്തെ മൊറട്ടോറിയത്തോടുകൂടി ഇടക്കാല വായ്പകൾ അനുവദിക്കുന്നത് ഉപകാരപ്രദമായിരിക്കും.

ജിഎസ്ടി ഒരു വർഷത്തേക്കോ ആറുമാസത്തേക്കോ നിർത്താലാക്കണം. എല്ലാമേഖലയിലും കൂടി 4000 കോടി യുടെ മനുഷ്യാദ്ധ്വാനമാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നാണ് നിലവിലെ വിലയിരുത്തൽ. ജോലി ഉണ്ടാകണം. ആളുകൾ പണമിടപാടുകൾ നടത്തണം. സന്പദ് വ്യവസ്ഥയിലേക്ക് പണം എത്തണം എങ്കിൽ മാത്രമേ കാര്യങ്ങൾ സുഗമമായി മുന്നോട്ടു പോകൂ. അതിനിടയിൽ വീണ്ടും നികുതിയും സെസും നൽകുക എന്നത് ബുദ്ധിമുട്ടാണ്.
കെട്ടിടങ്ങളും മറ്റും നിർമിക്കുന്പോൾ 2005 ലെ ഡിസാസ്റ്റർ മാനേജ്മെന്‍റിനെ അടിസ്ഥാനമാക്കി നിർമാണ പ്രവർത്തനങ്ങൾ നടത്താം. വരും കാലങ്ങളിൽ മഴ അൽപ്പം ശക്തി പ്രാപിക്കുന്പോഴേക്കും ആളുകൾ പേടിക്കാത്ത രീതിയിൽ വേണം നിർണമാണം പൂർത്തിയാക്കാൻ. സിഐഐ ഓരോ മേഖലകളെയും തരംതിരിച്ച് ചർച്ചകളും മറ്റും നടത്തി നടപ്പിലാക്കേണ്ട ആശയങ്ങൾ രൂപീകരിച്ചുകൊണ്ടിരിക്കുകയാണ്.

വിദഗ്ധരുടെ നിർദ്ദേശങ്ങൾക്ക് ചെവി കൊടുക്കാം

പോൾ രാജ്
ക്രെഡായി കേരള ഘടകം മുൻ ചെയർമാൻ

ദുരന്തബാധിതരുടെ പുനരധിവാസത്തിലാണ് ക്രെഡായിയുടെ ഇപ്പോഴത്തെ ശ്രദ്ധ. തുടർന്ന് ഏതൊക്കെ മേഖലയിലാണ് നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത് എന്ന് കണ്ടെത്തി ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.

വിദഗധരുടെ അഭിപ്രായമനുസരിച്ച് വീടുകളും മറ്റും നിർമിക്കുന്പോൾ സ്ട്രക്ച്ചറിലും മറ്റും മാറ്റം വരുത്താൻ ശ്രമിക്കും. പ്രകൃതി ദുരന്തങ്ങളുണ്ടാകുന്പോൾ അതിൽ നിന്നും രക്ഷ നേടാൻ എന്തെങ്കിലും പ്രത്യേക മാർഗങ്ങളൊന്നുമില്ല. പക്ഷേ മുൻകരുതൽ ഒരുക്കാം. നാശനഷ്ടങ്ങളുടെ തോതു കുറയ്ക്കാനുള്ള നടപടികൾ എടുക്കാം. അത്തരത്തിലുള്ള പുനർനിർമിതിയാണ് കേരളത്തിനു വേണ്ടത്.

നിർമാണ പ്രവർത്തനങ്ങൾക്കാവശ്യമായ അസംസ്കൃത വസ്തുക്കളെല്ലാം ഇറക്കുമതി ചെയ്യുന്നതാണ്. അതുകൊണ്ടു തന്നെ അവയ്ക്കൊന്നും ദീർഘകാലത്തിൽ ഒരു ദൗർലഭ്യം നേരിടില്ല. അടിസ്ഥാന സൗകര്യമേഖല ശരിയാക്കേണ്ടത് സർക്കാരാണ്. പാലങ്ങൾ, റോഡുകൾ എന്നിവയെല്ലാം സർക്കാർ തന്നെ ശരിയാക്കണം.

വായ്പകൾക്കു മോറട്ടോറിയം വേണം

ജി. ജയപാൽ
സംസ്ഥാന ജനറൽ സെക്രട്ടറി, ഹോട്ടൽ ആൻഡ് റസ്റ്ററന്‍റ് അസോസിയേഷൻ

ചിങ്ങമാസമാണ് ഹോട്ടലുകൾക്കും റസ്റ്ററന്‍റുകൾക്കും ഏറെ ബിസിനസ് ലഭിക്കുന്ന സമയം. പക്ഷേ, ഇത്തവണ ഒന്നുമുണ്ടായിരുന്നില്ല. നഗരങ്ങളിലെ മിക്ക ഹോട്ടലുകളിലും ഓണ സദ്യപോലും തയ്യാറാക്കിയിരുന്നില്ല. വെള്ളപ്പൊക്കം ബാധിക്കാത്ത സ്ഥലങ്ങളിലെ ചില ഹോട്ടലുകളിൽ മാത്രം സദ്യയും മറ്റും ഒരുക്കിയിരുന്നു. ചിങ്ങമാസത്തിലാണ് കല്യാണങ്ങൾ ഏറെയുണ്ടാകുന്നത് പക്ഷേ, കല്യാണങ്ങൾ പലതും മാറ്റിവെച്ചു.ആളുകളുടെ എണ്ണം കുറച്ച് ചെറിയ ചടങ്ങായി നടത്തി. കല്യാണത്തിനായി ബുക്ക് ചെയ്ത പല ഓഡിറ്റോറിയങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളായി. അങ്ങനെ കല്യാണ സദ്യകളും ഉണ്ടായിരുന്നില്ല.
ലോഡ്ജുകളുടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല നേരത്തെ ബുക്ക് ചെയ്തിരുന്നവർക്ക് എത്തിപ്പെടാൻ സാധിക്കാതിരുന്നത്. ടൂറിസ്റ്റുകളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവ് എന്നിവയെല്ലാം ലോഡ്ജുകളെയും തളർത്തി. ഇതിനു പുറമേ വെള്ളം കയറി നശിച്ച ഹോട്ടലുകളും നിരവധിയാണ്. അവയുടെ എണ്ണം എത്രയാണെന്ന് കണക്ക് എടുക്കുന്നതെയുള്ളു. ആദ്യം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാണ് മുൻഗണന നൽകുന്നത്.
എല്ലാത്തരം വായ്പകൾക്കും മൊറട്ടോറിയം പ്രഖ്യാപിക്കണം എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. വരുമാനം ലഭ്യമായാൽ മാത്രമേ വായ്പ തിരിച്ചടവുകളൊക്കെ സാധ്യമാകുകയുള്ളു. അതുകൊണ്ട് അത്തരം ആവശ്യങ്ങൾ സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തുക എന്ന ലക്ഷ്യം കൂടിയുണ്ട്.

കനാലുകൾ വൃത്തിയാക്കി തുടങ്ങാം നഗരം പ്ലാൻ ചെയ്യാം
ആർകിടെക്റ്റ് എസ്. ഗോപകുമാർ

കടലും കായലും പുഴയോരവും എല്ലാം ചേർന്നുകിടക്കുന്ന ഭൂപ്രകൃതിയാണ് കൊച്ചിയുടേത്. കേരളത്തിലെ മെട്രോ നഗരമായി വളർന്നുകൊണ്ടിരിക്കുന്ന പ്രദേശം കൂടിയായതിനാൽ ജനസാന്ദ്രതയും വളരെക്കൂടുതലാണ്.

ഇത്തവണത്തെ വെള്ളപ്പൊക്കത്തിൽ കേരളത്തിന്‍റെ വാണിജ്യ തലസ്ഥാനമെന്നു വിളിക്കുന്ന കൊച്ചി അക്ഷരാർത്ഥത്തിൽതന്നെ ഒറ്റപ്പെട്ടുപോയി. റോഡ്,റെയിൽ, വിമാന യാത്രസൗകര്യങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. കൊച്ചി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. കരകവിഞ്ഞൊഴുകിയ പെരിയാറിന്‍റെ തീര പ്രദേശങ്ങൾ മാത്രമല്ല വെള്ളപ്പൊക്കത്തിന്‍റെ ദുരിതം അനുഭവിച്ചത്. കനാലുകൾ നിറഞ്ഞ് വെള്ളം കയറിയും മറ്റും നരഗപ്രദേശങ്ങളിലുള്ളവരും വെള്ളപ്പൊക്കത്തിന്‍റെ ദുരിതം അനുഭവിച്ചു.

ഈസാഹചര്യത്തിൽ കൊച്ചി ഗൗരവമായി ചിന്തിക്കണം. ഇനിയൊരിക്കൽക്കൂടി കൊച്ചി വെള്ളത്തിൽ മുങ്ങുന്നത് ഒഴിവാക്കണം. കൊച്ചിയിൽ ആദ്യം ചെയ്യേണ്ടത് കനാലുകൾ വൃത്തിയാക്കുക എന്നുള്ളതാണ്. കനാലുകളുടെ കയ്യേറ്റവും മറ്റും ഒഴിവാക്കി നല്ല രീതിയിൽ ആസൂത്രണം ചെയ്യണം. കനാലുകൾക്ക് ആഴവും പരപ്പും വേണം. എങ്കിൽ മാത്രമേ വെള്ളത്തിന് ഒഴുകിപ്പോകാൻ സാധിക്കൂ. എങ്കിൽ കനാലുകൾ നിറഞ്ഞ് റോഡുകളിലും വീടുകളിലും വെള്ളം കയറുന്നത് ഒഴിവാക്കാം.

പാലങ്ങളുടെയും മറ്റും തൂണുകൾ കനാലുകളിൽ സ്ഥാപിക്കുന്നത് വെള്ളത്തിന്‍റെ ഒഴിക്കിനെ തടസപ്പെടുത്തുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ പില്ലറുകളോ മറ്റോ നൽകി അൽപ്പം ഉയർത്തി വീടുകളും കെട്ടിടങ്ങളും നിർമിക്കേണ്ടിയിരിക്കുന്നു.