സ്രോതസിലുള്ള നികുതി: വീഴ്ച വരുത്തിയാൽ പിഴയും പലിശയും
സ്രോതസിലുള്ള നികുതി:  വീഴ്ച വരുത്തിയാൽ  പിഴയും പലിശയും
Friday, September 7, 2018 3:52 PM IST
സ്രോതസിൽ നികുതി പിടിക്കുന്ന ആൾ നിർവഹിക്കേണ്ട ചില ഉത്തരവാദിത്തങ്ങളുണ്ട്. പിടിച്ച തുക സമയത്ത് ആദായനികുതി വകുപ്പിൽ അടയ്ക്കുകയും റിട്ടേണ്‍ സമർപ്പിക്കുകയും ചെയ്യണം. അതിൽ വീഴ്ച വരുത്തിയാൽ പിഴയും പലിശയുമൊക്കെ അടയ്ക്കേണ്ടതായി വരും. പാലിക്കേണ്ട ഉത്തരവാദിത്തങ്ങൾ ചുവടെ:

1. സ്രോതസിൽ നികുതി പിടിക്കുന്നതിനു മുന്പുതന്നെ ടാക്സ് ഡിഡക്ഷൻ അക്കൗണ്ട് നന്പർ / ടാക്സ് കളക്ഷൻ അക്കൗണ്ട് നന്പർ എടുക്കേണ്ടതും ടിഡിഎസും ടിസിഎസും ആയി ബന്ധപ്പെട്ട എല്ലാ ഡോക്കുമെന്‍റുകളിലും അവ സൂചിപ്പിക്കുകയും വേണം.
2. നിർദിഷ്ട നിരക്കിൽ സ്രോതസിൽനിന്നു നികുതി പിടിച്ചിരിക്കണം.
3. പിടിച്ച നികുതി നിർദിഷ്ട സമയത്തിനുള്ളിൽ ഗവണ്‍മെന്‍റിൽ അടച്ചിരിക്കണം.
4. ടിഡിഎസ് / ടിസിഎസ് റിട്ടേണുകൾ യഥാസമയം സമർപ്പിച്ചിരിക്കണം.
5.നിർദിഷ്ട സമയത്തിനുള്ളിൽ പിടിച്ച നികുതിയുടെ സർട്ടിഫിക്കറ്റുകൾ നികുതിദായകനു നല്കണം.

ടിഡിഎസ് / ടിസിഎസ് റിട്ടേണുകൾ സമയത്തു ഫയൽ ചെയ്തില്ലെങ്കിൽ

റിട്ടേണ്‍ ഫയൽ ചെയ്യാൻ കാലതാമസമോ വീഴ്ചയോ വരുത്തുകയാണെങ്കിൽ ആദായനികുതി നിയമം 234 ഇ അനുസരിച്ചു നിർദിഷ്ട തീയതി മുതൽ താമസിക്കുന്ന ഓരോ ദിവസത്തിനും 200 രൂപ വീതം ഫീസ് ഈടാക്കും.

പ്രസ്തുത തുക പിഴയായിട്ടല്ല ഈടാക്കുന്നത.് മറിച്ച് താമസിച്ച് ഫയൽ ചെയ്യുന്നതിനുള്ള ഫീസായിട്ടാണ.് കൂടാതെ പ്രസ്തുത തുക നികുതിത്തുകയേക്കാൾ കൂടുതലാകാനും പാടില്ല.
ഉദാഹരണമായി നികുതിദായകന് റിട്ടേണ്‍ ഫയൽ ചെയ്യുന്നതിന് 365 ദിവസത്തെ കാലതാമസം വന്നുവെന്നു വിചാരിക്കുക. അങ്ങനെ വരുന്ന സാഹചര്യങ്ങളിൽ താമസിച്ച് ഫയൽ ചെയ്യുന്നതിനുള്ള ഫീസായി 73,000 രൂപ വരുന്നതാണ്. 10,000 രൂപ മാത്രമേ നികുതിയുള്ളുവെങ്കിൽ പ്രസ്തുത തുക മാത്രം താമസിച്ച് ഫയൽ ചെയ്യുന്നതിനുള്ള ഫീസായി ഈടാക്കും.

വീഴ്ച വരുത്തിയാൽ പിഴ ഈടാക്കാം

സ്രോതസിൽ പിടിച്ച നികുതിയുടെ റിട്ടേണുകൾ യഥാസമയം ഫയൽ ചെയ്തിട്ടില്ലെങ്കിൽ നികുതി ഉദ്യോഗസ്ഥന് 10,000 രൂപ മുതൽ 1,00,000 വരെയുള്ള തുക പിഴയായി ഈടാക്കാവുന്നതാണ്. എന്നാൽ, ചുവടെ പറയുന്ന നിബന്ധനകൾ പാലിക്കപ്പെട്ടിട്ടുണ്ടെങ്കിൽ പിഴ ഈടാക്കുന്നതല്ല.

1. പിടിച്ച നികുതി ഗവണ്‍മെന്‍റിൽ അടച്ചു
2. താമസിച്ച് ഫയൽ ചെയ്യുന്നതിനുള്ള ഫീസും പലിശയും യഥാക്രമം അടച്ചു.
3. റിട്ടേണ്‍ ഫയൽ ചെയ്യേണ്ട നിർദിഷ്ട തീയതി കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ റിട്ടേണുകൾ ഫയൽ ചെയ്തു.

ഈ മൂന്നു നിബന്ധനകളും പാലിച്ചിട്ടുണ്ടെങ്കിൽ പിഴ ചുമത്തുന്നതല്ല. എന്നാൽ, ഒരു വർഷത്തിൽ കൂടുതൽ കാലതാമസം വന്നിട്ടുള്ള സാഹചര്യങ്ങളിൽ ഇൻകം ടാക്സ് കമ്മീഷണർക്ക് പരാതി നല്കുകയാണെങ്കിൽ പിഴത്തുക കുറവുചെയ്ത് ലഭിക്കും.


പലിശ: സ്രോതസിൽ നികുതി പിടിക്കേണ്ട സാഹചര്യങ്ങളിൽ പിടിക്കാതിരിക്കുകയോ, പിടിച്ച നികുതി നിർദിഷ്ട സമയത്തിനുള്ളിൽ അടയ്ക്കാതിരിക്കുകയോ ചെയ്താൽ പ്രസ്തുത നികുതിയിന്മേൽ പലിശ നല്കേണ്ടതായിവരും. നികുതി പിടിക്കാൻ താമസിക്കുന്ന സാഹചര്യങ്ങളിൽ പ്രതിമാസം ഒരു ശതമാനം പലിശയും പിടിച്ചതിനു ശേഷം അടയ്ക്കാൻ കാലതാമസം ഉണ്ടാവുകയാണെങ്കിൽ പ്രതിമാസം 1.5 ശതമാനം പലിശയും നിർബന്ധമായും നിർദിഷ്ട തീയതി മുതൽ ഈടാക്കുന്നതാണ്.

പ്രോസിക്യൂഷൻ നടപടികൾ: നികുതിത്തുക പിടിച്ചതിനുശേഷം കേന്ദ്ര ഗവണ്‍മെന്‍റിലേക്ക് അടയ്ക്കാതിരിക്കുന്ന സാഹചര്യങ്ങളിൽ ആദായനികുതി നിയമം 276 ബി, 276 ബിബി വകുപ്പനുസരിച്ച് പ്രസ്തുത വ്യക്തിക്കെതിരേ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാവുന്നതാണ്. കൂടാതെ തുക അടയ്ക്കുന്നതിന് മനഃപൂർവം വീഴ്ച വരുത്തിയതാണെങ്കിൽ തുകയുടെ വലുപ്പമനുസരിച്ച് മൂന്നു മാസം മുതൽ ഏഴു വർഷം വരെ കഠിനതടവിനും ശിക്ഷിക്കപ്പെടാവുന്നതാണ്.

ഒരു ലക്ഷം രൂപയിൽ കൂടുതൽ സ്രോതസിൽനിന്നും നികുതി പിടിക്കുകയും അവ ഗവണ്‍മെന്‍റിൽ അടയ്ക്കുന്നതിൽ വീഴ്ച വരുത്തുകയും ചെയ്താൽ നിർബന്ധമായും പ്രോസിക്യൂഷൻ നടപടികൾക്ക് വിധേയമാകും. 25,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വീഴ്ച വരുത്തിയാൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചേക്കാം. പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതിന് മുന്പ് കാരണം കാണിക്കൽ നോട്ടീസ് ലഭിക്കുന്നതാണ്.
കന്പനികളും ആദായനികുതി നിയമം 44 എബി അനുസരിച്ച് ഓഡിറ്റിന് വിധേയമായിട്ടുള്ള നികുതിദായകരും ഇലക്ട്രോണിക് മാർഗത്തിലൂടെ നികുതി അടയ്ക്കേണ്ടതാണ്. അല്ലാത്ത നികുതിദായകർ ചെലാൻ നന്പർ 281ൽ അംഗീകൃത ബാങ്കുകളിലൂടെ നികുതി അടയ്ക്കാവുന്നതാണ്.

സർട്ടിഫിക്കറ്റുകൾ നല്കാൻ താമസിച്ചാൽ

ശന്പളക്കാരുടെ സർട്ടിഫിക്കറ്റുകൾ മാർച്ചിൽ അവസാനിച്ച ത്രൈമാസ ടിഡിഎസ് റിട്ടേണ്‍ സമർപ്പണത്തിനുശേഷം 15 ദിവസത്തിനകം (അതായത് ജൂണ്‍ 15നു മുന്പ്) നല്കണമെന്നാണ് വ്യവസ്ഥ. മറ്റുള്ള സാഹചര്യങ്ങളിൽ ത്രൈമാസ റിട്ടേണ്‍ ഫയൽ ചെയ്യേണ്ട നിർദിഷ്ട തീയതി കഴിഞ്ഞ് 15 ദിവസത്തിനകവും സ്രോതസിൽ നികുതി പിടിച്ചതിന്‍റെ സർട്ടിഫിക്കറ്റുകൾ പ്രസ്തുത ആളുകൾക്ക് നല്കണം.

സർട്ടിഫിക്കറ്റ് നല്കുന്നതിൽ കാലതാമസം വരുത്തുന്ന ഓരോ ദിവസത്തിനും 100 രൂപ നിരക്കിൽ പിഴ ഈടാക്കാൻ വകുപ്പ് 272 എയിൽ നിർദേശിച്ചിട്ടുണ്ട്.