തെങ്ങ് കയറാൻ ആള് വേണോ? ഈ നന്പറിൽ വിളിക്കൂ...
Tuesday, August 20, 2024 3:48 PM IST
നാളികേരത്തിന്റെ വിളവെടുപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി നാളികേര വികസന ബോർഡ് ആരംഭിച്ച തെങ്ങിന്റെ ചങ്ങാതിക്കൂട്ടം കോൾ സെന്ററിൽ വിളിച്ചാൽ സേവനം ഉറപ്പ്. കേരളത്തിലെവിടെയും കേര കർഷകർക്കു സഹായം ലഭ്യമാക്കുകയാണ് ഇതിലൂടെ ബോർഡ് ലക്ഷ്യമിടുന്നത്.
സേവനത്തിനായി ഹലോ നാരിയൽ കോൾ സെന്ററിന്റെ 94471 75999 എന്ന നന്പറിലേക്കു വിളിക്കുകയോ, വാട്സ്ആപ് സന്ദേശം അയക്കുകയോ ചെയ്താൽ മതി. ബോർഡിന്റെ ആസ്ഥാനമായ കൊച്ചിയിലാണ് കോൾ സെന്റർ പ്രവർത്തിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9.30 മുതൽ വൈകുന്നേരം 5 വരെയാണ് പ്രവർത്തന സമയം.
ഇതുവരെ 990 ചങ്ങാതിമാരാണ് കോൾ സെന്ററിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതത് ജില്ലകളിൽ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലത്തിലാണു സേവനം ലഭ്യമാക്കുന്നത്. വിളവെടുപ്പ്, തെങ്ങിന്റെ മണ്ട വൃത്തിയാക്കൽ, മരുന്നു തളിക്കൽ, രോഗകീട നിയന്ത്രണം, കൃത്രിമ പരാഗണം തുടങ്ങിയ സേവനങ്ങൾ ഈ പദ്ധതിയിലൂടെ കേര കർഷകർക്ക് പ്രയോജനപ്പെടുത്താം.
തെങ്ങുകയറ്റത്തിനും മറ്റു പരിപാലന മുറകൾക്കും വേതനം തീരുമാനിക്കേണ്ടത് പരസ്പര ധാരണയിലൂടെയാകണം. വേതനം നിശ്ചയിക്കുന്നതിൽ ബോർഡ് ഇടപെടുന്നതല്ല. ഇതിനുപുറമെ സേവനം ചെയ്യാൻ തയാറുള്ള തെങ്ങ് കയറ്റക്കാർക്കും തെങ്ങിന്റെ ചങ്ങാതിമാർക്കും കോൾ സെന്ററിൽ രജിസ്റ്റർ ചെയ്യാം.
നാളികേര വികസന ബോർഡിന്റെ കേര സുരക്ഷ ഇൻഷുറൻസ് പദ്ധതി പ്രകാരം തെങ്ങുകയറ്റക്കാർക്ക് ഇൻഷുറൻസ് പരിരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൻപ്രകാരം അപേക്ഷിക്കുന്ന തെങ്ങുകയറ്റ തൊഴിലാളികൾക്ക് പരമാവധി അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയാണ് നൽകുന്നത്.