ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
Saturday, May 14, 2022 3:08 PM IST
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്) പതിര് പാറ്റാന്‍ ഏറ് കുട്ട അഥവാ കോണ് കുട്ട. അതായിരുന്നു പണ്ടത്തെ രീതി. അറപ്പുരയില്‍ വിത്ത് നെല്ല് വാരാന്‍ പുതിയ'മുപ്പറകുട്ട' എന്നതു നാട്ടു നടപ്പ്.

അക്കാലത്ത് പലതരത്തിലും വലുപ്പത്തിലുമുള്ള കുട്ടകള്‍ ഉപയോഗത്തിലുണ്ടായിരുന്നു. മുപ്പറക്കൊട്ട, വള്ളിക്കൊട്ട, വട്ടക്കൊട്ട, കോണ് കൊട്ട, അവലുകൊട്ട എന്നിങ്ങനെ വിവിധ തരം കുട്ടകള്‍. പറമ്പില്‍ നിന്നു തേങ്ങാ പെറുക്കുന്ന കൊല്ലി എന്ന വലിയ കുട്ട മുതല്‍ മുന്നാഴി മാത്രം കൊള്ളുന്ന ചെറിയ കുട്ടകള്‍ വരെ. ഇന്ന് ആ സ്ഥാനത്തെല്ലാം പ്ലാസ്റ്റിക്കും ലോഹങ്ങളുമായി.

മഞ്ഞ മുളയുടെ പുറംപാളി കീറിയെടുത്തു നെയ്‌തെടുക്കുന്നതാണ് മുപ്പറ കൊട്ട. കമിഴ്ത്തിവച്ചാല്‍ പിരമിഡ് രൂപമാണ് ഏറ് കുട്ടയ്ക്ക്. വലുപ്പം കുറവാണെങ്കിലും നല്ല ബലവുമുണ്ടതിന്.

കായല്‍ നിലങ്ങളുടെ പുറംബണ്ടുകളോട് ചേര്‍ന്നുള്ള കളങ്ങളില്‍ കൊയ്ത്തും മെതിയും കഴിഞ്ഞ് നെല്ല് 'മൂട' യിട്ടിടത്തു നിന്നു കാറ്റത്ത് പതിര് പാറ്റാനായി തട്ടില്‍ നില്ക്കുന്നവരുടെ അടുത്തേയ്ക്ക് മുപ്പറക്കുട്ടയില്‍ പൊലിയും ചുമന്നു നിരനിരയായി പോകുന്ന ഉണക്കുകാര്‍ പണ്ട് പതിവ് കാഴ്ചയായിരുന്നു. ഏറ് കുട്ടയിലേയ്ക്ക് പൊലി ചൊരിയു ന്നതും, ഏറുകാര്‍ കാറ്റിന് അനുസരിച്ച് പൊലി എറിഞ്ഞ് നെല്ലും പതിരും വേര്‍തിരിക്കുന്നതും കുട്ടനാടന്‍ പാടശേഖരങ്ങിലെ സൗന്ദര്യ കാഴ്ച ആയിരുന്നു.

ഏറു കുട്ടകളില്‍ ഒരു പറ നെല്ല് കൊള്ളുമ്പോള്‍ മുപ്പറക്കുട്ടയില്‍ മൂന്നു പറ കൊള്ളും. അങ്ങനെയാണ് അതിന് മുപ്പറകൊട്ട എന്നു പേരു വന്നത്. ഏറു കുട്ടയുടെ അതേ രൂപത്തിലു ള്ളതും എന്നാല്‍ അതി നേക്കാള്‍ അല്പം കൂടി വലുപ്പത്തിലും ബലത്തിലും നെയ്‌തെ ടുക്കുന്ന കുട്ടകളാണു നദികളില്‍ നിന്നും കായലു കളില്‍ നിന്നും മണ്ണ് കോരാന്‍ ഉപയോ ഗിച്ചിരുന്നത്. വെള്ളത്തില്‍ മുങ്ങി നദിയുടെ അടിത്തട്ടില്‍ നിന്നു കുട്ടയില്‍ മണ്ണ് കോരി നിറച്ച് കഴുക്കോലു കൊണ്ട് ഉണ്ടാക്കിയ വെച്ചുകെട്ടി (ഒരു തരം ഏണി) ലൂടെ ഉയര്‍ന്നു വന്ന് വള്ളത്തില്‍ മണ്ണ് നിറക്കുന്ന ശ്രമകരമായ ജോലിയായിരുന്നു അക്കാലത്ത് മണല്‍ വാരല്‍. നദികളെ ഒരു പരിധി വരെ ശുദ്ധികരിച്ചിരുന്ന ഈ പ്രക്രിയ നിലച്ചുപോയതാണ് വെള്ളപ്പൊക്കത്തിന് ഒരു കാരണം.


കുട്ട നെയ്ത് എടുക്കുന്നതു ഒരു പ്രത്യേക രീതിയിലാണ്. ഓരോ തരം കൂട്ടക്കും ഓരോ ഇനം മുളകളാണ് ഉപയോഗിക്കുക. ചിലതരം കുട്ടകള്‍ 'തഴ' (കൈത ഓല ഉണക്കി എടുത്തത്) കൊണ്ടും നിര്‍മിക്കും. തഴ കൊണ്ട് നിര്‍മിക്കുന്ന കുട്ടകള്‍ 'അവില്‍ കുട്ട കളും വട്ട കുട്ടകളും' ആയിരുന്നു. പണ്ട് നാട്ടിന്‍ പുറങ്ങളിലൂടെ തലയില്‍ വലിയ അവില്‍ കുട്ടയുമായി എത്തുന്ന അവില്‍ കച്ചവടക്കാര്‍ സാധാരണ മായിരുന്നു.

മഞ്ഞ മുളയും, പച്ചമുളയും, ഈറ്റ യും കുട്ടനെയ്യാനായി ഉപയോഗി ച്ചിരുന്നു. പാളി കീറിയെടുക്കുന്ന മുളയുടെ പോളക്ക് നല്ല വഴക്കം കിട്ടാന്‍ കുറച്ച് ദിവസം വെള്ളത്തില്‍ സൂക്ഷിക്കും. പിന്നീട് പുറത്തെടുത്ത് കുത്തിച്ചാരി വച്ച് ഉണക്കും. രണ്ടു മൂന്ന് ദിവസത്തെ ഉണക്കിനുശേഷം, അവ പാളികളായി കീറിയെടുത്ത് വേര്‍തിരിച്ച് കെട്ടി സൂക്ഷിക്കും.

അക പോളയും പുറപോളയും വ്യത്യസ്ഥ വലുപ്പത്തിലാണ് കീറിയെടുക്കുന്നത്. പല നിറത്തിലുള്ള പാളികളുണ്ടെ ങ്കിലും മഞ്ഞ മുളയുടെ പുറം പാളി യാണ് മുപ്പറക്കുട്ടയ്ക്ക് ഉപയോഗി ക്കുന്നത്. വട്ടക്കുട്ടയും മറ്റ് കൂട്ടകളും ചിലപ്പോഴൊക്കെ ചാണക കുഴമ്പ് ഉപയോഗിച്ച് മെഴുകാറുണ്ടായിരുന്നു.

വിത്തു വിതയ്ക്കാന്‍, വളം ഇടാന്‍, കൊയ്തു കൂട്ടിയ നെല്ല് വാരാന്‍, പൊലി കൂട്ടാന്‍ എന്നു വേണ്ട കൃഷിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ വരമ്പുകളിലും, കളങ്ങളിലും അവശ്യവസ്തുക്കളായിരുന്നു കുട്ടകള്‍. ഓരോ കൃഷിക്കും വിളവെടുപ്പിന്റെ സമയത്ത് ഒരു പുതിയ മുപ്പറക്കുട്ട എന്നത് പതിവായിരുന്നു. കളത്തില്‍ ഉപയോഗിക്കുന്ന മുപ്പറക്കുട്ടകള്‍ മറ്റ് സാധാരണ ഉപയോഗത്തിന് എടു ക്കാറില്ലായിരുന്നു. അവ പ്രത്യേകം അടയാളമിട്ട് കെട്ടി അറയോട് ചേര്‍ ന്നുള്ള പ്രത്യേക മുറിയില്‍ സൂക്ഷിച്ച് വയ്ക്കും.

ഇന്ന് കൊയ്ത്ത് യന്ത്രങ്ങളെില്‍ നിന്ന് നേരേ ചാക്കുകളിലേയ്ക്ക് നെല്ല് നിറയ്ക്കപ്പെടുമ്പോള്‍ മുപ്പറക്കുട്ടയും ഏറ് കൂട്ടയുമൊക്കെ ആര്‍ക്കും വേണ്ടാതായിരിക്കുന്നു. ഫോണ്‍: 9447505677

ആന്‍റണി ആറില്‍ചിറ