ഏഞ്ചലോണിയ: വര്‍ണാഭം, സുഗന്ധമോഹനം
ഏഞ്ചലോണിയ: വര്‍ണാഭം, സുഗന്ധമോഹനം
Friday, July 23, 2021 4:23 PM IST
ഉദ്യാനങ്ങള്‍ക്ക് ഒരേസമയം മനംമയക്കുന്ന നിറവും സുഗന്ധവും- അതാണ് ആന്‍ജെലോണിയ പൂച്ചെടികളുടെ സവിശേഷത. ബ്രസീല്‍, വെനസ്യുല എന്നീ രാജ്യങ്ങളിലാണ് ജന്മം കൊണ്ടതെങ്കിലും ഇപ്പോള്‍ ഇന്ത്യയിലെ കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ഏഞ്ചലോണിയ വളരുന്നു.

നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ളത് ഇതിന്റെ വയലറ്റ്, പിങ്ക്, വെള്ള പൂക്കള്‍ വിടര്‍ത്തുന്ന ഇനങ്ങളാണ്. എയ്ഞ്ചല്‍ മിസ്‌ററ്, മങ്കി ഫെയ്സ്, പര്‍പ്പിള്‍ ഏഞ്ചലോണിയ, സമ്മര്‍ സ്‌നാപ്ഡ്രാഗണ്‍, വില്ലൊലീഫ് ഏഞ്ചലോണിയ തുടങ്ങി വിവിധ വിളിപ്പേരുകള്‍ ഇതിനുണ്ട്. ചെടി 45 -70 സെന്റീമീറ്റര്‍ ഉയരും. പ്രധാന തണ്ടിന്‍റെ അഗ്രഭാഗത്തു നിവര്‍ന്ന പൂത്തണ്ടുകളിലാണ് പൂക്കള്‍ വിടരുന്നത്. സ്വതന്ത്ര പുഷ്പിണിയാണ് ഈ പൂച്ചെടി.

തണ്ടുകള്‍ ചതുരാകൃതിയില്‍ സസ്യരസം നിറഞ്ഞു രോമാവൃതമാണ്. തണ്ടില്‍ എതിര്‍വശങ്ങളിലായി ചെറിയ നീണ്ട സ്‌നേഹഗ്രന്ഥികളുള്ള മിനുസമുള്ള ഇലകള്‍ ഉണ്ടാകുന്നു. തണ്ടിലും ഇലകളിലുമുള്ള സുഗന്ധ ഗ്രന്ഥികള്‍ അവയ്ക്ക് ആകര്‍ഷകമായ സുഗന്ധം നല്‍കുന്നു. സുഗന്ധവാഹിയായതു കൊണ്ടുതന്നെ ഏഞ്ചലോണിയ ശലഭോദ്യാനങ്ങള്‍ക്കും സുഗന്ധോദ്യാനങ്ങള്‍ക്കും മോടി പകരാന്‍ അത്യുത്തമം. ചിത്രശലഭങ്ങളെയും തേനീച്ചകളെയും ആകര്‍ഷിക്കും.

ചട്ടിയിലും തറയിലും നട്ടു വളര്‍ത്താം. വെള്ളക്കെട്ടിഷ്ടമല്ല. അത്യാവശ്യം സൂര്യപ്രകാശം കിട്ടുകയും വേണം. ചട്ടിയില്‍ നടുമ്പോള്‍ മണ്ണ്, മണല്‍, കമ്പോസ്റ്റ് എന്നിവ 1:1:1 എന്ന അനുപാതത്തില്‍ കലര്‍ത്തിയ മിശ്രിതം മാധ്യമമായി നടണം. വിത്തു പാകിയും തണ്ടുമുറിച്ചു നട്ടും വളര്‍ത്താം. ദ്രുതവളര്‍ച്ചയ്ക്ക് ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക്, ബയോഗ്യാസ് സ്ലറി തുടങ്ങിയ ജൈവവളങ്ങള്‍ മതിയാകും.

രണ്ടാഴ്ച കൂടുമ്പോള്‍ ജൈവ വളങ്ങളിലൊന്ന് വെള്ളത്തില്‍ കലര്‍ ത്തി തെളിയെടുത്തൊഴിച്ചു കൊടു ക്കുന്നതും പുഷ്പിക്കാന്‍ സഹാ യിക്കും. നനയ്ക്കണമെങ്കിലും നന പരിമിതപ്പെടു ത്തണം. ഇട വേളകളില്‍ തടം ഉണങ്ങാനും അനുവദിക്കണം. വളര്‍ച്ച നോക്കി തണ്ട് നുള്ളിവിട്ടാല്‍ ചെടി പടര്‍ന്നു വളരും. അതനുസരിച്ചു കൂടുതല്‍ പൂ പിടിക്കുകയും ചെയ്യും. ഉണങ്ങിയ പൂത്തണ്ടുകളും യഥാസമയം നീക്കണം. പൂത്തടങ്ങള്‍, പൂവേലി കള്‍, ശിലാരാമങ്ങള്‍ എന്നിവയ്ക്കെല്ലാം അനുയോജ്യമായ പൂച്ചെടിയാണ് ഏഞ്ചലോണിയ. വേനല്‍ക്കാ ലത്തു ചെടി സമൃദ്ധമായി പുഷ്പ്പിക്കും.

സീമ ദിവാകരന്‍
റിട്ട ജോയിന്‍റ് ഡയറക്ടര്‍, കൃഷിവകുപ്പ്