മട്ടുപ്പാവിലെ കൃഷിക്കു മ്യൂസിക് തെറാപ്പി
മട്ടുപ്പാവിലെ കൃഷിക്കു മ്യൂസിക് തെറാപ്പി
Friday, July 10, 2020 4:59 PM IST
ഇവിടം കൃഷി സമൃദ്ധമാണ്, അതും ജൈവകൃഷി. മട്ടുപ്പാവിലും വീട്ടിനു ചുറ്റുമുള്ള ലഭ്യമായ സ്ഥലത്തുമാണ് കൃഷി. ഗ്രോബാഗ്, പ്ലാസ്റ്റിക് ഭരണി എന്നിവയിലാണ് കൃഷിചെയ്തിരിക്കുന്നത്. പച്ചക്കറികളും പഴവര്‍ഗങ്ങളും ഒരുപോലെ തഴച്ചു വളര്‍ന്നിട്ടുണ്ട്. മട്ടുപ്പാവില്‍ പ്രത്യേകം തയാറാക്കിയ ജി.ഐ. പൈപ്പ് സ്റ്റാന്‍ഡുകളിലാണ് ഗ്രോബാഗ് വച്ചിട്ടുള്ളത്. ഇത് എല്‍.സുരേഷ്‌കുമാര്‍, ഉഷ ദമ്പതികളുടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിനു സമീപമള്ള 'കുടുംബം' വീട്ടിലെ കൃഷി കാര്യങ്ങളാണ്.

മട്ടുപ്പാവിലെചെടികള്‍ക്ക് സംഗീതം ആസ്വദിക്കാന്‍ റേഡിയോ സ്ഥാപിച്ചിട്ടുണ്ട്. രാവിലെയും വൈകുന്നേരവും സംഗീതം സ്വയം ആസ്വദിക്കുന്നതിനൊപ്പം ചെടികള്‍ക്കും പ്രയോജനമാകുന്നു എന്നാണ് സുരേഷ് അവകാശപ്പെടുന്നത്. സംഗീതം പശുക്കളില്‍ പാല്‍ ചുരത്താന്‍ പ്രേരണ ചെലുത്തുന്നതുപോലെ ചെടികള്‍ക്കും ഇതു ഗുണം ചെയ്യുന്നുണ്ട്. നന്നായി പൂക്കാനും കായ്ഫലം തരാനും ഒരു പരിധിവരെ സഹായകരമാണെന്നാണ് ഈ കര്‍ഷകന്റെ അഭിപ്രായം.

ഇരുപത്തിരണ്ടു വര്‍ഷം പ്രായമായ മങ്കോസ്റ്റിന്‍ തലയുയര്‍ത്തി വീട്ടുമുറ്റത്തുണ്ട്. ഇരുപതുകിലോ കായ്കള്‍ വരെ ഇതില്‍നിന്നു കിട്ടിയിട്ടുണ്ട്. ഇതിനു പുറമെ അവക്കാഡോ, പ്ലാവ്, മാവ്, റംബുട്ടാന്‍, സപ്പോട്ട എന്നിവയും വീട്ടുമുറ്റത്തുണ്ട്.

മട്ടുപ്പാവിലെ ജൈവപച്ചക്കറിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് ഉള്ളൂര്‍ കാര്‍ഷിക പഠന കളരിയില്‍ പരിശീലനത്തില്‍ പങ്കെടുത്തതിനു ശേഷമാണ്. പയര്‍, വഴുതന, വെണ്ട, കത്തിരി, മുളക് തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും കൃഷിചെയ്തിട്ടുണ്ട്. കാന്താരിമുളക് മരമായിതന്നെ നില്‍ക്കുന്നു. കോവക്ക, പാഷന്‍ഫ്രൂട്ട് പന്തലുകള്‍ പ്രത്യേക ശ്രദ്ധാകേന്ദ്രമാണ്. വര്‍ഷങ്ങളായുള്ള അധ്വാനത്തിന്റെ ഫലമാണിത്. ആവോളം കോവക്കയും പാഷന്‍ ഫ്രൂട്ടും ഇതില്‍ നിന്നു ലഭിക്കുന്നു.


കോവയ്ക്കക്ക് വിപണി കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്ന സമയത്താണ് തൈയ്ക്കാട് ഗാന്ധിസ്മാരകനിധിയിലെ സ്വദേശികാര്‍ഷിക വിപണിയെക്കുറിച്ച് അറിയുന്നത്. അവിടെ നല്ല വില കിട്ടി. ഇപ്പോള്‍ ഉത്പാദിപ്പിക്കുന്ന എല്ലാ പച്ചക്കറിയും ഇവിടെ എത്തിച്ചാണ് വില്പന നടത്തുന്നതെന്ന് സുരേഷ് പറഞ്ഞു. കരിങ്കോഴിയും വളര്‍ത്തുന്നുണ്ട്. കുഞ്ഞുങ്ങളെ വിരിയിച്ച് വില്പനയുമുണ്ട്.

മട്ടുപ്പാവിലെ സോളാര്‍ പാനല്‍ മറ്റൊരാകര്‍ഷണമാണ്. വൈദ്യുതി ഉത്പാദിപ്പിക്കുന്നതില്‍ മിച്ചം വരുന്നത് വൈദ്യുതിബോര്‍ഡിനു നല്‍കുന്നു. മറ്റുള്ളവര്‍ക്കും മാതൃക ആക്കാവുന്ന കൃഷിയിടമാണിത്.
എല്‍.സുരേഷ് കുമാര്‍: 9495730949
ഡോ.എന്‍.ജി.ബാലചന്ദ്രനാഥ് : 9447767824.

ഡോ. എന്‍. ജി. ബാലചന്ദ്രനാഥ്
ജനറല്‍ സെക്രട്ടറി
ഫാം ജേര്‍ണലിസ്റ്റ് ഫോറം, തിരുവനന്തപുരം