ഉയര്‍ന്ന പാലുത്പാദനത്തിനു റേഷന്‍ സമ്പ്രദായം
ഉയര്‍ന്ന പാലുത്പാദനത്തിനു റേഷന്‍ സമ്പ്രദായം
Friday, February 28, 2020 3:34 PM IST
കേരളത്തിലെ സാധാരണ കര്‍ഷകര്‍ക്ക് താങ്ങും തണലുമാണ് പശുവളര്‍ത്തല്‍. പ്രതിദിനം 60 ലക്ഷം ലിറ്റര്‍ പാലാണ് സംസ്ഥാനത്തിന്റെ ഉപഭോഗം. നമ്മുടെ പ്രതിദിന ഉത്പാദനം 55 ലക്ഷം ലിറ്ററാണ്. വേനല്‍ക്കാലത്ത് ഉത്പാദനം ഇതിലും താഴും. അഞ്ചുലക്ഷം ലിറ്റര്‍ പാലിന്റെ കുറവ് പ്രതിദിനം നമ്മുടെ സംസ്ഥാനം നേരിടുന്നുണ്ട്. വിപണി ഉറപ്പായ ഒരു ഉത്പന്നമാണ് പാല്‍. നേരിട്ട് പാല്‍ വിപണനം നടത്തുന്ന കര്‍ഷകര്‍ക്ക് ലിറ്ററിന് 46 മുതല്‍ 50 രൂപ വരെ കിട്ടുന്നുമുണ്ട്. ശാസ്ത്രീയ പരിപാലനമുറകളിലൂടെ നമുക്ക് പാലുത്പാദനം വര്‍ധിപ്പിക്കാം. ഇതിന് റേഷന്‍ സമ്പ്രദായം അനുവര്‍ത്തിക്കാം.

ഒരു പശുവിന് ഒരുദിവസം കൊടുക്കുന്ന തീറ്റയെ റേഷന്‍ എന്നു പറയുന്നു. വിവിധ തരത്തിലുള്ള റേഷനുകളെക്കുറിച്ച് നമുക്കൊന്നു പരിശോധിക്കാം.

ശരീര സംരക്ഷണ റേഷന്‍

പശുവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ നല്‍കുന്ന തീറ്റയ്ക്കു പറയുന്ന പേരാണ് ശരീരസംരക്ഷണ റേഷന്‍. പാല്‍ ഉത്പാദനം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും പശുവിന് ഒരേ അളവില്‍ നല്‍കേണ്ടതാണിത്. 250 കിലോ തൂക്കമുള്ള ഒരു പശുവിന് ദിവസം 25- 30 കിലോ പച്ചപ്പുല്ല് റേഷനില്‍ ഉള്‍പ്പെടുത്തണം. പച്ചപ്പുല്ല് ലഭ്യമല്ലെങ്കില്‍ ശരീര സംരക്ഷണത്തിനായി ഒന്നേകാല്‍ കിലോ കാലിത്തീറ്റയും അഞ്ചാറു കിലോ വൈക്കോലും അഞ്ചുകിലോ പച്ചപ്പുല്ലും കൊടുക്കേണ്ടതാണ്. പശുവിന്റെ ശരീരതൂക്കം 250 കിലോയിലും മുകളിലാണെങ്കില്‍, അധികമുള്ള ഓരോ 50 കിലോ ശരീരതൂക്കത്തിനും 250 ഗ്രാം കാലിത്തീറ്റ അധികമായി നല്‍കേണ്ടതാണ്.

പാലിന് ഉത്പാദനറേഷന്‍

പശുവിന്റെ പാലുത്പാദനം അനുസരിച്ചു വ്യത്യസ്തമായിരിക്കും പാലുത്പാദന റേഷന്‍. കറവപ്പശുക്കള്‍ക്ക് അവ ഉത്പാദിപ്പിക്കുന്ന ഓരോ ലിറ്റര്‍ പാലിനും 400 ഗ്രാം കാലിത്തീറ്റ വീതം ഉത്പാദന റേഷനായി നല്‍ക ണം.സാധാരണ കറവപ്പശുക്കള്‍ക്ക് ശരീരസംരക്ഷണറേഷനും പാല്‍ ഉത്പാദന റേഷനും നല്‍കിയാല്‍ മതി. ഉദാഹരണത്തിന് 250 കിലോ ശരീരഭാരമുള്ള 10 ലിറ്റര്‍ പാല്‍ തരുന്ന പശുവിന് അഞ്ചേകാല്‍ക്കിലോ കാലിത്തീറ്റയും ആറു കിലോ വൈക്കോലും അഞ്ചുകിലോ പച്ചപ്പുല്ലും കൊടുത്താല്‍ മതിയാകും.വളര്‍ച്ച, ഗര്‍ഭധാരണം മുതലായ പ്രത്യേക സാഹചര്യങ്ങളില്‍ ശരീരസംരക്ഷണറേഷനും ഉത്പാദന റേഷനും പുറമേ അധിക കാലിത്തീറ്റ നല്‍കേണ്ടിവരും. അവ ഓരോന്നും നമുക്കു വിശദമായി പരിശോധിക്കാം.

വളര്‍ച്ചയ്ക്കായി ഒരു റേഷന്‍

സങ്കരയിനം പശുക്കളുടെ ശരീരം നാലുവയസുവരെ വളര്‍ന്നുകൊണ്ടിരിക്കുന്നു. പശുക്കള്‍ കറവയിലാണെങ്കില്‍ അവയുടെ ശരീര വളര്‍ച്ചയ്ക്കുവേണ്ട കാലിത്തീറ്റ അധികമായി നല്‍കണം. ഒന്നാമത്തെ കറവയിലാണെങ്കില്‍ ഒരു കിലോയും രണ്ടാമത്തെ കറവയിലാണെങ്കില്‍ അര ക്കിലോ കാലിത്തീറ്റയും അധികമായി നല്‍കണം.

ഗര്‍ഭകാല റേഷന്‍

ഭ്രൂണവളര്‍ച്ചയുടെ 70 ശതമാനവും നടക്കുന്നത് പ്രസവത്തിനു മുമ്പുള്ള മൂന്നു മാസങ്ങളിലാണ്. ആയതിനാല്‍, ചെന പിടിച്ച് ഏഴാം മാസം മുതല്‍ ഒരു കിലോ കാലിത്തീറ്റ അധികമായി നല്‍കണം. കന്നുകുട്ടിയുടെ വളര്‍ച്ച യ്ക്കും അടുത്ത പ്രസവത്തില്‍ നല്ല പാലുണ്ടാകാനും വേണ്ടിയാണ് ഗര്‍ഭകാല റേഷനായി അധികതീറ്റ നല്‍കുന്നത്.പ്രസവം മുതല്‍ കാത്സ്യം അടങ്ങിയ ധാതുലവണ മിശ്രിതങ്ങള്‍ പൊടിരൂപത്തിലോ, ദ്രാവകരൂപത്തിലോ, തീറ്റയിലോ വെള്ളത്തിലോ വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം കൊടുക്കാവുന്നതാണ്. എന്നാല്‍ അടുത്ത പ്രസവത്തിനു മൂന്നാഴ്ച മുമ്പ് ഇത്തരം കാല്‍സ്യമിശ്രിതങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കണം. എന്നാല്‍ കാലിത്തീറ്റ കുറയ്ക്കുരുത്. ഫോസ്ഫറസ് ലഭിക്കാനായി ഒരു കിലോ തവിട് രണ്ടുനേരമായി ദിവസേന നല്‍കാം.


പ്രസവത്തിനു മൂന്നു ദിവസം മുമ്പ് കട്ടിയുള്ള ആഹാരങ്ങളും പിണ്ണാക്കും നല്‍കുന്നത് ഒഴിവാക്കണം. ഒരു കിലോ തവിടും ധാരാളം പച്ചപ്പുല്ലും വെള്ളവും നല്‍കണം. പ്രസവിക്കുന്നതിനു മുമ്പു കൊടുത്തിരുന്ന ആഹാരം തന്നെ പ്രസവിച്ച് ആദ്യ മൂന്നുദിവസം കൊടുക്കണം. ക്രമേണ ആഹാരത്തില്‍ മാറ്റം വരുത്താം.

കറവ വറ്റിക്കല്‍

വര്‍ഷത്തില്‍ 305 ദിവസം പാല്‍ കറക്കുകയും പ്രസവത്തിനു മുമ്പുള്ള രണ്ടുമാസം കറവ വറ്റിക്കുകയും ചെയ്യണം. കുറച്ചു ദിവസം കൊണ്ടാ ണ് കറവ വറ്റിക്കേണ്ടത്. കറവ വറ്റിക്കുന്നതിനുള്ള രീതി താഴെപ്പറയുന്നു.

1. നല്‍കുന്ന കാലിത്തീറ്റയുടെ അളവു കുറയ്ക്കുക.

2. അതിനുശേഷം കറവയുടെ എണ്ണത്തില്‍ കുറവുവരുത്തുക. അതായത്, ദിവസം രണ്ടുനേരം കറക്കുന്ന പശുവിനെ അടുത്ത രണ്ടുദിവസങ്ങളില്‍ ഒരു നേരം കറക്കുകയും തുടര്‍ന്ന് ഒന്നോ രണ്ടോ ദിവസം ഒന്നിടവിട്ട് ദിവസങ്ങളിലാക്കിയും കറവ നിര്‍ത്താം.

കറവ നിര്‍ത്തുന്ന ദിവസം, മൃഗഡോ ക്ടറുടെ നിര്‍ദ്ദേശാനുസരണം, ആന്റിബയോട്ടിക് മരുന്നുകള്‍ നിറച്ച ട്യൂബ് മുലക്കാമ്പിലൂടെ അകിടിലേക്കു കയറ്റുന്നത്, അടുത്ത പ്രസവത്തില്‍ അകിടുവീക്കം വരുന്നതു തടയും. കറവ വറ്റിക്കാതിരുന്നാല്‍ പ്രസവത്തിനു ശേഷമുള്ള പാലുത്പാദനത്തില്‍ കുറവു വരും.

******

1. കാലിത്തീറ്റ എപ്പോഴും കുഴച്ചുകൊടുക്കുന്നതാണുത്തമം. പൊടിത്തീറ്റ നനച്ചും പെല്ലറ്റ് തീറ്റ അതേ രൂപത്തിലും നല്‍കുക.

2. തീറ്റ കൊടുക്കല്‍, കറവ, കുളിപ്പിക്കല്‍ എന്നിവ ക്രമമായും കൃത്യസമയത്തും ചെയ്യണം. കറവയ്ക്കു തൊട്ടു മുമ്പോ കറന്നുകൊണ്ടിരിക്കുമ്പോഴോ കാലിത്തീറ്റ കൊടുക്കാവുന്നതാണ്. പുല്ല്, വൈക്കോല്‍ മുതലായ പരുഷഹാരങ്ങള്‍ കറന്നുകഴിഞ്ഞതിനുശേഷം മാത്രം നല്‍കുക. കറവയ്ക്കു മുമ്പ് ഇത്തരം പുരുഷാഹാരങ്ങള്‍ കൊടുത്താല്‍ പാലിന് ഇവയുടെ മണമുണ്ടാകും.

3. പതിവായി കൊടുക്കുന്ന തീറ്റയ്ക്കു പകരം മറ്റൊരു തീറ്റ കൊടുക്കേണ്ടിവരുമ്പോള്‍ മാറ്റം വളരെ സാവധാനത്തിലാവുന്നതാണ് നല്ലത്. പെട്ടെന്നു തീറ്റ മാറ്റിയാല്‍ പശുക്കള്‍ ചിലപ്പോള്‍ കഴിക്കാതിരിക്കുകയോ അവയ്ക്ക് അജീര്‍ണമുണ്ടാവുകയോ ചെയ്‌തേക്കാം.

4. പശുക്കള്‍ക്ക് യഥേഷ്ടം കഴിക്കാന്‍ വേണ്ടി ധാരാളം ശുദ്ധജലം എല്ലായ്‌പ്പോഴും തൊഴുത്തില്‍ ലഭ്യമാക്കിയിരിക്കണം.

5. ഘനമുള്ള തണ്ടുകളുള്ള പുല്ല് ചെറുകഷണങ്ങളാക്കി നല്‍കുക.
6. ജലാംശം കൂടുതലുള്ള പുല്ല് ഉണക്കിയോ വൈക്കോലുമായി ചേര്‍ത്തോ നല്‍കാം.
7. തീറ്റ നനവും ഈര്‍പ്പവും തട്ടാതെ സൂക്ഷിക്കണം. പൂപ്പല്‍ പിടിച്ച തീറ്റ പശുക്കള്‍ക്ക് കൊടുക്കരുത്.

ഡോ. ബിജു ചാക്കോ, ഡോ. ശ്രീജ എസ്.ജെ.
അനിമല്‍ ന്യൂട്രീഷന്‍ വിഭാഗം,
വെറ്ററിനറി കോളജ്, പൂക്കോട്, വയനാട്‌