സാറ്റലൈറ്റ് നഴ്‌സറികളും മൊബൈല്‍ ഗാര്‍ഡനിംഗും
സാറ്റലൈറ്റ് നഴ്‌സറികളും മൊബൈല്‍ ഗാര്‍ഡനിംഗും
Friday, July 12, 2019 3:00 PM IST
വികേന്ദ്രീകരണം കാര്യക്ഷമമായി പ്രാവര്‍ത്തികമാക്കിയ സംരംഭമേഖലയാണ് സസ്യനഴ്‌സറികള്‍. പണ്ടുകാലത്ത് സ്വകാ ര്യമേഖലയില്‍ വലിയ നഴ്‌സറികള്‍ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് ബിഗ് ബജറ്റ് നഴ്‌സറികളുടെ എണ്ണത്തില്‍ തന്നെ അദ്ഭുതാവഹമായ വര്‍ധനയാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. ഇവിടെയാണ് സാറ്റലൈറ്റ് നഴ്‌സറികള്‍ എന്ന ആശയം അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ യാഥാര്‍ഥ്യമാകുന്നത്.

എന്താണ് സാറ്റലൈറ്റ് നഴ്‌സറി?

വന്‍കിട നഴ്‌സറികള്‍ക്കുവേണ്ടി വന്‍തോതില്‍ തൈകളും നടീല്‍വസ്തുക്കളും ഉത്പാദിപ്പിച്ചും വര്‍ധിപ്പിച്ചും നല്‍കുക എന്ന ശ്രദ്ധേയമായ ജോലിയാണ് സാറ്റലൈറ്റ് നഴ്‌സറികള്‍ സമയബന്ധിതമായി ചെയ്തുപോരുന്നത്.

ഇവര്‍ വന്‍കിടക്കാര്‍ക്കുവേണ്ടി തൈകള്‍ ഉത്പാദിപ്പിച്ച് ഒന്നും രണ്ടും മാസം വളര്‍ത്തി നിശ്ചിത വിലയ്ക്ക് കൈമാറുന്നു. അവശ്യഘട്ടങ്ങളില്‍ നേരിട്ടുള്ള വില്പനയും നടത്താറുണ്ട്. വലിയ ഓര്‍ഡറുകള്‍ വരുമ്പോള്‍ വന്‍കിടനഴ്‌സറിക്കാര്‍ പലപ്പോഴും ആശ്രയിക്കുന്നത് ഇത്തരം സാറ്റലൈറ്റ് നഴ്‌സറികളെയാണ്. ഈ വിധത്തില്‍ തൈകള്‍ വളര്‍ത്തി വര്‍ധിപ്പിച്ച് വന്‍കിട നഴ്‌സറികള്‍ക്കു നല്‍കി വരുമാനമുണ്ടാക്കുന്ന ധാരാളം വീട്ടമ്മമാര്‍ ഇന്ന് കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലുമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഒരേയിനം ചെടികള്‍ക്കുവേണ്ടി വരുന്ന വലിയ ഓര്‍ഡറുകള്‍ക്ക് വന്‍കിട നഴ് സറിക്കാര്‍ ആശ്രയിക്കുന്നത് ഇവരെയാണ്. കേരളത്തില്‍ നഴ്‌സറികളുടെ തറവാട് എന്നറിയപ്പെടുന്ന തൃശൂര്‍ മണ്ണുത്തിയിലും പരിസരപ്രദേശത്തും വന്‍കിട നഴ്‌സറികളോടനുബന്ധിച്ച് ഒട്ടുമിക്ക വീടുകളിലും വീട്ടുപരിസരങ്ങളിലും ഈ വിധം സാറ്റലൈറ്റ് നഴ്‌സറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റെല്ലാ ജില്ലകളിലും ഈ പ്രതിഭാസം ഇതുപോലെ തന്നെ ശക്തമായി അനുകരിക്കപ്പെടുന്നു.



മൊബൈല്‍ ഗാര്‍ഡനിംഗ്

നഴ്‌സറിരംഗത്തെ മറ്റൊരു വര്‍ത്തമാനകാലപ്രവണതയാണ് മൊബൈല്‍ ഗാര്‍ഡനിംഗ് സര്‍വീസ്. വീട്ടുവളപ്പില്‍ നയനമനോഹരമായ ഉദ്യാനങ്ങളും പുല്‍ത്തകിടികളും ഒരുക്കുന്നവര്‍ പണ്ടുകാലത്ത് ഇവയുടെ തുടര്‍പരിചരണം സ്വന്തമായാണ് ചെയ്തിരുന്നത്. ഇന്ന് ഇതിനുമുണ്ട് ഡോര്‍ സ്റ്റെപ്പ് സേവനവും കണ്‍സള്‍ട്ടിംഗും. ഗൃഹോദ്യാനങ്ങളുടെ ലേ-ഔട്ട്, നടീല്‍, തുടങ്ങി തുടര്‍ പരിചരണവും ഏറ്റെടുത്ത് നടപ്പാക്കുന്ന ഗാര്‍ഡന്‍ കണ്‍സള്‍ട്ടന്റുകള്‍ ഇന്ന് രംഗത്തുണ്ട്. ഇതും ഈ രംഗത്തെ തൊഴില്‍ സാധ്യതയാണ്. വില കൂടിയ ഇലക്‌ട്രോണിക് സാധാനങ്ങളുടെ വില്പനാന്തര സേവനം എന്നു പറയുന്നതുപോലെയാണിത്. വീട്ടുദ്യാനങ്ങളുടെ തുടര്‍പരിചരണവും ഭംഗി നിലനിര്‍ത്തലുമാണ് ഇവരുടെ പ്രധാന ജോലി. കൃത്യമായ ഇടവേളകളില്‍ വേണ്ടത്ര ഉത്പാദനോപാധികളുമായി ഇവര്‍ വീട്ടിലെത്തി അത്യാവശ്യം വേണ്ട കൃഷിപ്പണികള്‍ വളം ചേര്‍ക്കല്‍, മരുന്നു തളിക്കല്‍, കള നീക്കല്‍, പ്രൂണിംഗ്, ട്രെയിനിംഗ് തുടങ്ങിയ കാര്യങ്ങള്‍ എല്ലാം ചെയ്തു പോകും. ഇതിന് നിശ്ചിത പ്രതിഫലം ഈടാക്കുകയും ചെയ്യുന്നു. ഒരര്‍ഥത്തില്‍ അധികം ക്ലേശിക്കാതെ വീട്ടുമുറ്റത്ത് ചന്തമുള്ള ഉദ്യാനം വേ ണമെന്ന് നിര്‍ബന്ധബുദ്ധിയുള്ള മലയാളിക്ക് ഇതൊരനുഗ്രഹമാണ്. പോരാത്തതിന് ഈ ദിശയില്‍ കുറേയധികം പേര്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്യും. ഓര്‍ക്കുക വിശ്വാസ്യതയാണ് ഇ വിടെയും പ്രധാനം. അത് ചെ യ്യുന്ന ജോലികളിലായാലും സമയക്ലിപ്തതയിലായാലും ഈടാക്കുന്ന പ്രതിഫലത്തിലായാലും. ആധുനിക ഗാര്‍ഡനിംഗ് രംഗ ത്തെ ഈ പുതിയ പ്രവണത നന്നായി മു ന്നോട്ടു കൊണ്ടുപോകാവുന്ന ഒരു പ്രവര്‍ത്തന മേഖലയാണ്.


നഴ്‌സറിരംഗത്ത് ഇന്നു കാണു ന്ന മറ്റൊ രു പ്രവണത വഴിയോരങ്ങളിലും ഇതരസ്ഥലങ്ങളിലുമു ള്ള നഴ്‌സറികളുടെ ബാഹുല്യമാണ്. വീട്ടിലൊരു ഉദ്യാനം തീര്‍ക്കാ ന്‍ ആഗ്രഹിക്കുന്ന പലരും ആദ്യം എത്തുന്നത് ഇത്തരത്തില്‍ വഴിയോരവസന്തം തീര്‍ക്കുന്ന നഴ്‌സറികളിലായിരിക്കും. അമിതമായ വില, കബളിപ്പിച്ച് നടീല്‍ വസ്തുക്കള്‍ നല്‍കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ പലപ്പോഴും പരാതിയായി ചിലരെങ്കിലും പറയാറുണ്ട്. വഴിയോര നഴ്‌സറികളെല്ലാം ഈ വിധമല്ലെങ്കിലും കുറച്ചുപേര്‍ കാട്ടുന്ന ഔചിത്യമില്ലാത്ത വില്പനതന്ത്രങ്ങള്‍ ഈ മേഖലക്കാകെ ചീത്തപ്പേരുണ്ടാക്കുന്നു. ഇതൊന്നു മില്ലാതെ സത്യസന്ധമായി ചെയ്താല്‍ നല്ലൊരു തൊഴില്‍ മേഖലയാണിതും. ജീവനുള്ള വസ്തുക്കളെ കൈകാര്യം ചെയ്യുമ്പോള്‍ യു ക്തിബോധമുള്ള മനുഷ്യന്‍ കാട്ടേ ണ്ട ചില മിനിമം മര്യാദകള്‍ നഴ്‌സ റി സംരംഭകര്‍ പാലിച്ചാല്‍ വിജയം സുനിശ്ചിതം.

മറ്റൊരു ആ ധുനിക പ്രവണത കേരളത്തിലെ ന ഴ്‌സറിരംഗം ഇന്ന് കൈ യ്യടക്കിയിരിക്കുന്ന വിദേശഫലസസ്യങ്ങളാണ്. നാടന്‍ പഴങ്ങളില്‍ നിന്ന് നഴ്‌സറിരംഗം ചുവടുമാറ്റിയിട്ട് നാളേറെയായി. ഇന്നിപ്പോള്‍ കേട്ടറിവുപോലുമില്ലാത്ത ഒട്ടനവധി ഫലസസ്യങ്ങളുടെ തൈകള്‍ കേരളത്തിലെ നഴ്‌സറികളില്‍ സുലഭമായി കിട്ടുന്നു. കെപ്പല്‍, മാപ്പരാംഗ്, പെഴ്‌സിമണ്‍, ഡുക്കുഡുക്കു, അബിയു, ബ്ലാക്ക്‌ബെറി, ജബോട്ടിക്കാബ, കുംക്വാറ്റ്, അക്കി, ലക്കോട്ട് തുടങ്ങി എണ്ണിയാല്‍ തീരാത്തത്ര വിപുലമാണ് ഇവയുടെ ശേഖരം. പുതിയതെന്തും കൈനീട്ടി സ്വീകരിക്കുന്ന ഉദ്യാന പ്രേമിയായ മലയാളിക്ക് ഇവിടെയുണ്ടാകുന്ന തിക്താനുഭവം പലപ്പോഴും തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. ന്യായമായ വിലയ്ക്ക് ക്വാറന്റൈന്‍ പരിശോധനകള്‍ നടത്തി ഇത്തരം ഫലവൃക്ഷങ്ങള്‍ വിറ്റാല്‍ ഇതും സംരംഭത്തെ പ്രോത്സാഹിപ്പിക്കും. ഇത്തരം ഗുണമേന്മയുള്ള തൈകള്‍ നല്ല നഴ്‌സറികളില്‍ നിന്ന് തെരഞ്ഞെടുക്കണമെന്നതാണ് കര്‍ഷകര്‍ ചെയ്യേണ്ടത്.

നഴ്‌സറിമേഖലയിലെ മറ്റൊരു പുതിയ പ്രവണത പച്ചക്കറിത്തൈകളുടെ വില്പനയാണ്, പ്രത്യേകിച്ച് പ്രോട്രേ തൈകള്‍. ശുദ്ധമായ പച്ചക്കറി വീട്ടുവളപ്പില്‍ തന്നെ കഴിയുന്നിടത്തോളം സ്വന്തമായി വളര്‍ത്തണം എന്ന നിര്‍ബന്ധബുദ്ധി ഇന്ന് സാര്‍വത്രികമാണ്. വിശ്വസനീയമായ വിത്തുകള്‍ വാങ്ങി മുളപ്പിച്ച കരുത്തുള്ള തൈകള്‍ വളര്‍ത്തി നല്‍കുന്നത് നഴ്‌സറി സംരംഭത്തിന്റെ ഒരു പുതിയ ആദായ മേഖലയാണിന്ന്.

ഇങ്ങനെ ആധുനിക നഴ്‌സറി രംഗം ഇന്ന് പാടേ നവീകരണത്തിന്റെ പാതയിലാണ്. ഒന്നേ ശ്രദ്ധിക്കേണ്ടൂ-വിശ്വാസ്യത കൈവിടാതെയുള്ള പ്രവര്‍ത്തനശൈലി അതാവണം ആപ്തവാക്യം.

സുരേഷ് മുതുകുളം
മുന്‍ പ്രിന്‍സിപ്പല്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
ഫോണ്‍:9446306909