കറ്റാര്‍വാഴ: അലങ്കാരവും ഔഷധവും
കറ്റാര്‍വാഴ: അലങ്കാരവും ഔഷധവും
Saturday, April 20, 2019 4:35 PM IST
അലങ്കാരം, ഔഷധം, സൗന്ദര്യവര്‍ധകം എന്നീ നിലകളിലെല്ലാം ഉപയോഗിക്കുന്ന ചെടിയാണ് കറ്റാര്‍വാഴ. ക്രിസ്തുവിനു മുമ്പ് പതിനാറാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട 'ഇബേര്‍സ് പാപ്പിറസ്' എന്ന ഗ്രന്ഥത്തില്‍ കറ്റാര്‍വാഴയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. അറേബ്യന്‍ ഉപഭൂഖണ്ഡത്തിലാണ് ഉത്ഭവം. എല്ലാ ഉഷ്ണമേഖലാപ്രദേശങ്ങളിലും വളരും. കറ്റാര്‍വാഴ, ചോറ്റുകറ്റാഴ, കറ്റുവാഴ, ചൈനീസ് അലൊ, ഇന്ത്യന്‍ അലൊ എന്നെല്ലാം പല പേരുകളുണ്ട്. ഇതിനെ 'അസ്‌ഫോഡെലാസിയേ' എന്ന സസ്യകുടുംബത്തിലെ അലൊ എന്ന ജനുസിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വെളുത്ത പുള്ളികളുള്ള 'അലൊ'യെയാണ് 1753 ല്‍ സ്വീഡനിലെ സസ്യശാസ്ത്രജ്ഞനായ കാള്‍ ലിന്നേയ്‌സ് ആദ്യമായി അലൊ വീറ (വീറ എന്നാല്‍ ശരിക്കുള്ള, ശരിയായ) ആയി അംഗീകരിച്ചത്. ലോകമെമ്പാടും കൃഷിചെയ്യപ്പെടുന്ന അലോ വീറ സസ്യങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞര്‍ പഠനം നടത്തുകയും അവയെല്ലാം ബന്ധമുള്ളവയാണെന്നു കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. മഞ്ഞുവീഴ്ചയുള്ള സ്ഥലങ്ങളില്‍ വളരാത്ത ഈ ചെടിയെപ്പറ്റി വിഖ്യാതമായ 'ഗാര്‍ഡിനേഴ്‌സ് ഡിക്ഷണറിയില്‍' പ്രതിപാദിച്ചിട്ടുണ്ട്. ഷഡ്പദങ്ങള്‍ നക്കാത്ത ഈ ചെടി റോയല്‍ ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയുടെ ഗോള്‍ഡന്‍ മെരിറ്റ് അവാര്‍ഡ് നേടിയ ഒരു അസാധാരണ സസ്യമാണ്.

ഈര്‍പ്പം അധികമില്ലാത്ത മണ്ണിലും ചട്ടികളിലും ഗ്രോബാഗുകളിലും നല്ല സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ ഇവ നന്നായി വളരും. തണ്ടില്ലാത്ത, പൊക്കം കുറഞ്ഞ അറുപത് മുതല്‍ ആറു സെന്റീമീറ്റര്‍ വരെ നീളത്തില്‍ വളരുന്ന ഒരു ചെടിയാണ്. പച്ച നിറമുള്ളതും കനം കൂടിയതുമായ ഇലകളില്‍ ചെറിയ വെള്ളപ്പൊട്ടുകളുണ്ട്. ഇലയുടെ വശങ്ങളില്‍ ചെറിയ പല്ലുപോലുള്ള ഭാഗങ്ങളുമുണ്ട്. വേനല്‍ ക്കാലത്ത് പൂക്കുന്ന ഇവയുടെ ദളങ്ങള്‍ക്ക് മഞ്ഞനിറമാണ്.

ഇതിന്റെ പോള ഇടിച്ചുപി ഴഞ്ഞ് ഉണക്കിയെടുക്കുന്നതാണ് ചെന്നിനായകം. കയ്പുരസമുള്ള ഇത് പ്ലീഹരോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, ഗ്രന്ഥിവീക്കം, കുഴിനഖം, തീപ്പൊള്ളല്‍, അസ്ഥിസ്രാവം, വയറുവേദന, രക്തപിത്തം, ത്വക് രോഗങ്ങള്‍ എന്നിവയ്ക്ക് ശമനം നല്‍കുന്നു. പ്രമേഹം, ക്ഷയം, എയ്ഡ്‌സ് എന്നീ രോഗങ്ങളെ പ്രതിരോധിക്കാനും കേമനാണ്. മറ്റ് ഔഷധങ്ങളുമായി ചേര്‍ത്ത് ഒടിവ്, ചതവ്, ഉളുക്ക് എന്നിവയ്ക്കും കറ്റാര്‍വാഴ ഉപയോഗിക്കുന്നു. ധമനികളെ ഉത്തേജിപ്പിക്കുന്ന ഇത് രക്തസ്രാവം ഉണ്ടാക്കുന്നതിനാല്‍ മൂലക്കുരുവുള്ള രോഗികളും ഗര്‍ഭിണികളും ഉപയോഗിക്കരുത്. താരന്‍ മാറ്റാനും തല തണുപ്പിക്കാനും ഉത്തമമാണ്.


കറ്റാര്‍വാഴയുടെ ഇലകളില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റോ കെമിക്കലുകളില്‍ ഗ്ലൂക്കോ സൈഡുകള്‍ ഉള്‍ക്കൊള്ളുന്നു. കറ്റാര്‍ വാഴയുടെ ജെല്ലിയില്‍ വിറ്റാമിനുകള്‍, ലവണങ്ങള്‍, മിനറലുകള്‍, 18 തരം അമിനോ ആസിഡുകള്‍, ശക്തിയേറിയ ആന്റി ഓക്‌സിഡന്റുകളായ പോളിഫീനോളുകള്‍ എന്നിവയും അടങ്ങിയിരിക്കുന്നു. ഇവ പല്ലിലുണ്ടാവുന്ന പ്ലാക്കുകളെയും വായിലെ വ്രണങ്ങളെയും പൊള്ളലിനേയും ശമിപ്പിക്കുന്നു. ഇലയ്ക്കടിയിലുള്ള അലോയിന്‍ എന്ന ഔ ഷധം മലശോധനയ്ക്കും പ്രായമായവരിലെ ത്വക്കിലെ ചുളിവുകള്‍ മാറ്റാനും നല്ലതാണ്. പ്രമേഹത്തിന് ഔഷധമായി ഉപയോഗിക്കുന്ന ഇത്, ടൈപ്പ്-2 രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുന്നു.

ത്വക്കിനെ മയപ്പെടുത്താനുപയോഗിക്കുന്ന ഇത് ഒരു മോയിസ്ചറൈസിംഗ് ഏജന്റാ യും ഉപയോ ഗിക്കുന്നു. അലോവീറയിലടങ്ങിയിരിക്കുന്ന പാര്‍ശ്വഫലങ്ങളുള്ള അലോയിന്‍ ചെറിയ അളവില്‍ യോഗര്‍ട്ട്, ഡെസേര്‍ട്ടുകള്‍, ബിവറേജുകള്‍ എന്നിവയിലും ആയുര്‍വേദ ഔഷധങ്ങളിലും ഉപയോഗിക്കുന്നു. മേക്കപ്പ് വസ്തുക്കളിലും, സോപ്പ്, സൂര്യാഘാതം തടയുന്ന ക്രീമുകള്‍, ഷേവിംഗ് ക്രീമുകള്‍, ഷാംപു എന്നിവയിലുമൊക്കെ അലോവീറ ചേര്‍ക്കുന്നുണ്ട്. ശരീരഭാരം കുറയ്ക്കാനും തലമുടി സമൃദ്ധമായി വളരാനും മിനുസമുള്ള ത്വക്കിനും ഉപയോഗിക്കാവുന്ന അലൊ ചേര്‍ന്ന ക്രീമുകള്‍ ഇന്ന് വിപണിയില്‍ ധാരാളമാണ്. രോഗാണുക്കളെ നശിപ്പിക്കാന്‍ കഴിവുള്ള അലൊക്രീമുകള്‍ വര്‍ഷത്തിലെ എല്ലാമാസവും എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്നതാണ്. മുഖക്കുരു മാറ്റാനും വരണ്ട ത്വക്കിനെ മിനുസപ്പെടുത്താനും അലൊവീറയുടെ പദാര്‍ഥങ്ങളും ക്രീമുകളായി ഉപയോഗിക്കുന്നുണ്ട്.

അലൊജെല്ലില്‍ തൊണ്ണൂറുശതമാനം വെള്ളമാണ്. ഓര്‍ഗാനിക്കും അല്ലാത്തതുമായ സമ്മിശ്രങ്ങള്‍, അമിനോ ആസിഡുകളായ പ്രോട്ടീന്‍ തന്മാത്രകള്‍, എ,ബി,സി,ഇ വിറ്റാമിനുകള്‍ അസിമാന്‍ എന്ന കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. നമ്മുടെ ചുറ്റുവട്ടത്ത് തഴച്ചു വളരുന്ന കറ്റാര്‍വാഴയെ നമ്മുടെ വീട്ടുമുറ്റത്തും വീടിന്റെ അകത്തളങ്ങളിലും നമുക്കു വളര്‍ത്താം.
ഫോണ്‍: പ്രഫ. നസീമ 9633552460

പ്രഫ. കെ. നസീമ