വനമേഖലയിലെ കൃഷി ആസൂത്രണം
കേരളത്തില്‍ ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളുടേയും കിഴക്കേ അതിര് പശ്ചിമഘട്ട മലകളിലെ നിത്യഹരിത വനങ്ങളാണ്. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 30 ശതമാനം വരുമിത്. ഈ ചോല വനങ്ങളാണ് ഭാരതത്തിന്റെ 25 ശതമാനം ജൈവവൈവിധ്യം കാക്കുന്നത്. 140 ഇനം സസ്തനികളും 260 ഇനം ഉരഗങ്ങളും 180 ഓളം ഉഭയജീവികളും 510 ഇനം പക്ഷികളുമെല്ലാം 1.60 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വരുന്ന കേരള വനങ്ങളിലുണ്ട്.

കേരളത്തിലെ കര്‍ഷകര്‍ ഭൂരിഭാഗവും ജീവിക്കുന്നത് പശ്ചിമഘട്ടത്തിന്റെ താഴ്‌വാരങ്ങളിലുള്ള ഈ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമാണ്. സാങ്കേതിക വിദ്യ എത്ര മുന്നേറിയിട്ടും ഇന്നും വന്യമൃഗശല്യം മലയോര ജനങ്ങളെ പൊറുതിമുട്ടിക്കുന്നു. എന്നു മാത്രമല്ല, ഓരോ ദിവസം ചെല്ലുന്തോറും ഇത് വഷളാകുകയും ചെയ്യുന്നു. ഇത്തരത്തില്‍ വന്യമൃഗങ്ങള്‍ കാടുവിട്ട് നാട്ടിലേക്കിറങ്ങുന്നതിനുള്ള കാരണങ്ങളും ഇതിനുള്ള പരിഹാരവും വിശകലനം ചെയ്യുകയാണിവിടെ.

1. വര്‍ധിക്കുന്ന ജനസംഖ്യ

ഭാരതത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പോരാത്തതിന് നമ്മുടെ സംസ്ഥാനം മുഴുവനായി തന്നെ അണുകുടുംബവ്യവസ്ഥയിലേക്ക് മാറിയിരിക്കുന്നു. രണ്ടു മക്കളുണ്ടെങ്കില്‍ രണ്ടാള്‍ക്കും വെവ്വേറെ സ്ഥലവും വീടും എന്നായിട്ടുണ്ടല്ലോ. ആഹാരം, പാര്‍പ്പിടം എന്നിവയ്‌ക്കെല്ലാം മനുഷ്യന്‍ കാടുകയറുന്ന സാഹചര്യം ഇന്നുണ്ട്. പോരാത്തതിന് വനത്തിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ആടുമാടുകളെ മേയ്ക്കാന്‍ വിടുന്നതും ഇന്നു സാധാരണമാണ്. വനത്തിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ഹോട്ടലുകളും റിസോര്‍ട്ടുകളുമെല്ലാം കൂണു പോലെയാണ് പൊട്ടിമുളയ്ക്കുന്നത്. മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥ നശിക്കുമ്പോ ള്‍ അവര്‍ ആഹാരവും വെള്ളവും തേടി ചുറ്റുമുള്ള നാട്ടിലേക്കിങ്ങുന്നത് സ്വാഭാവികം മാത്രം.

2. തീറ്റ, ജലദൗലഭ്യം

ആഗോള താപനത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും തിക്തഫലങ്ങളായ വരള്‍ച്ച, ജലക്ഷാമം എന്നിവയെക്കെ വനങ്ങളിലാണ് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്.

വനത്തിന്റെ ഹരിതാഭ തന്നെ തകര്‍ക്കുന്നതാണ് കാട്ടുതീ. വേനല്‍ക്കാലത്താണ് കാട്ടുതീ കൂടുതല്‍ ശല്യക്കാരനാകുന്നത്. മനഃപൂര്‍വം തീപ്പെട്ടിക്കൊള്ളി കത്തിച്ചിടുക, സിഗരറ്റിന്റെയും ബീഡിയുടെയും കുറ്റികള്‍ കെടുത്താതെ കാട്ടില്‍ അലക്ഷ്യമായി വലിച്ചെറിയുക, വനംകൈയേറ്റം പിടിക്കപ്പെടാതിരിക്കാന്‍ മനഃപൂര്‍വം തീയിടുക തുടങ്ങിയവയൊക്കെയാണ് 99 ശതമാനം കാട്ടുതീയും ഉണ്ടാകുന്നതിനു പിന്നില്‍. ഇപ്രകാരം വനത്തിനുള്ളില്‍ തീറ്റയും വെള്ളവും കിട്ടാതെ വരുമ്പോഴാണ് മൃഗങ്ങള്‍ കാടുവിട്ട് നാട്ടിലേക്കിറങ്ങുന്നത്. മനുഷ്യന്‍ കുറച്ചൊന്നു ശ്രദ്ധിച്ചാല്‍ വന്യമൃഗങ്ങളുടെ നാട്ടിലേക്കുള്ള പലായനം ഒഴിവാക്കാന്‍ സാധിക്കും.

3. ഏകവിളനയം പ്രതികൂലമാകുന്നു

1970 കളില്‍ നടപ്പിലാക്കിയ സാമൂഹ്യവനവത്കരണ നയപ്രകാരം, വനത്തിനുള്ളിലെ പ്ലാവും, മാവും പോലെത്തെ ഫലവൃക്ഷങ്ങളെല്ലാം വെട്ടി, അക്കേഷ്യയും യൂക്കാലിപ്റ്റസും പോലത്തെ ഏകവിളകള്‍ നട്ടുപിടിപ്പിച്ചു. ഇതിന്റെ ദോഷഫലം വലുതാണ്. ചക്കയിലും മാങ്ങയിലും എളുപ്പം ദഹിക്കുന്ന ധാന്യകം ധാരാള മുണ്ടായിരുന്നു. ഇത് വന്യമൃഗങ്ങള്‍ക്ക് ലഭിക്കാത്ത സാഹചര്യം വന്നു. ധാന്യകമുള്ള ഏതൊരു ഭക്ഷ്യപദാര്‍ഥവും മൃഗങ്ങള്‍ക്കി ഷ്ടമാണ്. വാഴപ്പഴം മാത്രമല്ല, വാഴയുടെ ഏതു ഭാഗവും ആനയ്ക്കിഷ്ടമാണ്. പുന്നെല്ലിന്റെ സുഗന്ധം ലഭിച്ചാല്‍ കിലോമീറ്ററുകള്‍ അകലെ നിന്നു പോലും ആന വരും. അതിനാല്‍ ധാന്യകമുള്ള ഇത്തരം വിളകള്‍ ലഭ്യമല്ലാത്ത വനത്തില്‍ നിന്നും സുലഭമായിട്ടുള്ള നാട്ടിലേക്ക് മൃഗങ്ങളെത്തും.

4. വനത്തില്‍ ഇര തേടാനാവാത്ത അവസ്ഥ

പ്രായാധിക്യം, ശക്തന്‍മാരായ മറ്റു മൃഗങ്ങളുമായുണ്ടാകുന്ന ഏറ്റുമുട്ടലില്‍ ഏല്‍ക്കുന്ന പരിക്കുകള്‍, പ്രായാധിക്യം മൂലം പല്ല്, നഖങ്ങള്‍ എന്നിവയ്‌ക്കേല്‍ക്കുന്ന ക്ഷതങ്ങള്‍, വേഗവും കരുത്തും കുറയല്‍ മുതലായ കാരണങ്ങളാല്‍ പുലിയും കടുവയും പോലുള്ള ഹിംസ്ര ജന്തുക്കള്‍ക്ക് വനത്തിനുള്ളില്‍ ഇരതേടിപ്പിടിക്കാന്‍ വയ്യാതെയാവുന്നു. പ്രായമേറുമ്പോള്‍ വരുന്ന രോഗങ്ങളും അവരെ കൂടുതല്‍ തളര്‍ത്തുന്നു.

ഇത്തരത്തില്‍ വനത്തില്‍ വേട്ടയാടാനാവാത്ത മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങും. വളര്‍ത്തുമൃഗങ്ങളെ തൊഴുത്തില്‍ കെട്ടിയിട്ടും കുട്ടിലിട്ടുമൊക്കെയാണ് വളര്‍ത്തുന്നത്. അതിനാല്‍ ഇരതേടിയെത്തുന്ന ഹിംസ്രജന്തുക്കളുടെ ജോലി കൂടുതല്‍ എളുപ്പമാകുന്നു. ഇത്തരത്തില്‍ വളര്‍ത്തു മൃഗങ്ങളുടെ ചോര കുടിച്ച് അവയുടെ മാംസത്തിന്റെ രുചി പിടിച്ച് കടുവയും പുലിയുമെല്ലാം പിന്നെയും പിന്നെയും നാട്ടിലിറങ്ങുന്നു. ആകസ്മികമായാണെങ്കിലും ചിലപ്പോഴൊക്കെ മുമ്പില്‍ വന്നുപെടുന്ന മനുഷ്യരക്തത്തിന്റെ രുചിപിടിച്ച കടുവയും പുലിയുമെല്ലാം പിന്നെ മനുഷ്യരെത്തീനികളായി മാറുന്നു.

5. മനുഷ്യന്റെ തോന്ന്യവാസം

കാടുകളുടെ ഭാഗത്തെത്തുന്നവര്‍ക്ക് 'കുരങ്ങന്‍മാര്‍ക്കു തീറ്റ കൊടുക്കരുത്' എന്നൊരു ബോര്‍ ഡു കാണാം. വിനോദസഞ്ചാരികള്‍ നല്‍കുന്ന ആഹാരസാധനങ്ങള്‍ കിട്ടി സുഖംപിടിച്ച കുരങ്ങന്‍മാര്‍ പിന്നീട് ഏതു മനുഷ്യനെക്കണ്ടാലും ഇതു പ്രതീക്ഷിക്കും. കിട്ടിയില്ലെങ്കില്‍ നമ്മുടെ കൈയിലുള്ള സഞ്ചിയെല്ലാം പിടിച്ചുപറിക്കും. ചിലപ്പോള്‍ ആക്രമിക്കുകയും ചെയ്യും. ഇങ്ങനെ മനുഷ്യഭക്ഷണത്തിന്റെ രുചിപിടിച്ച കുരങ്ങന്‍മാരും കാടു വിട്ട് നാടുതേടുകയാണ്. കാട്ടിലുള്ളതിനേക്കാള്‍ കുരങ്ങന്മാര്‍ ഇപ്പോള്‍ വയനാട്ടിലെ നാട്ടിലുണ്ട്. തെങ്ങിലുണ്ടാകുന്ന കരിക്കും തേങ്ങയും കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികളും പഴങ്ങളും ഇവര്‍ ഭക്ഷണമാക്കും. എന്തിനേറെ വെയിലത്തുണങ്ങാനിടുന്ന വസ്ത്രങ്ങള്‍ പോലും ഇവര്‍ നശിപ്പിക്കും.

6. കാലഹരണപ്പെട്ട നിയമങ്ങള്‍

കൃഷി നശിപ്പിക്കാന്‍ വരുന്ന കാട്ടുപന്നി, പൂര്‍ണ ഗര്‍ഭിണിയാണെങ്കില്‍ അതിനെ വെടി വയ്ക്കാന്‍ പറ്റില്ലെന്നുള്ള നിയമം കാലഹരണപ്പെട്ടതും ഒട്ടും പ്രായോഗികമല്ലാത്തതുമാണ്. കൃഷി നശിപ്പിക്കാന്‍ പാഞ്ഞടുക്കുന്ന കാട്ടുപന്നിയില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ പോലും പലപ്പോഴും സമയം കിട്ടില്ല. പിന്നല്ലേ, ഇത് ആണാണോ പെണ്ണാണോ എന്നു നോക്കലും പെണ്ണാണെങ്കില്‍ അത് പൂര്‍ണഗര്‍ഭിണിയാണോ എന്നു പരിശോധിച്ചുറപ്പിക്കാന്‍ വെറ്ററിനറി ഡോക്ടറെ വിളിക്കലുമൊക്കെ. വെറ്ററിനറി ഡോക്ടര്‍ എത്തിക്കഴിയുന്നതിനു വളരെ മുമ്പു തന്നെ, കൃഷിയൊക്കെ നശിപ്പിച്ച് കാട്ടുപന്നി സ്ഥലം വിട്ടിട്ടുണ്ടാകും.

പരിഹാര മാര്‍ഗങ്ങള്‍

വന്യജീവിശല്യത്തിനു പെട്ടെന്നൊരു പരിഹാരം നിര്‍ദ്ദേശിക്കുക അസാധ്യമാണ്. കാരണം. പാര്‍ലമെന്റ് പാസാക്കിയ വന്യജീവി സംരക്ഷണ നിയമപ്രകാരം വന്യമൃഗങ്ങളെ വേട്ടയാടുന്നതും കൊല്ലുന്നതുമെല്ലാം ജാമ്യം പോലും ലഭിക്കാത്ത കുറ്റമാണ്. 1998 ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയതിന്റെ പേരില്‍ പ്രശസ്ത സിനിമാതാരം സന്‍മാന്‍ഖാനെതിരേ ഇപ്പോഴും നടക്കുന്ന കേസു തന്നെ ഉത്തമ ഉദാഹരണം. അതിനാല്‍, നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടുള്ള പ്രായോഗിക പരിഹാര മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.


1. വനഭൂമിയിലേക്കു കടന്നു കയറാതിരിക്കുക

2016-17 ലെ കണക്കനുസരിച്ച് കേളത്തിലെ വനഭൂവിസ്തൃതി 2977.47 ഹെക്ടറാണ്. മനുഷ്യര്‍ വനം കൈയേറുന്നതും വന്യമൃഗങ്ങളെ വേട്ടയാടുന്നതും വനത്തിനുള്ളില്‍ കാലികളെ മേയ്ക്കുന്നതും കര്‍ശനമായി തടയണം.

2. കാട്ടുതീ തടയുക

വനം സംരക്ഷിക്കാനും കാട്ടുതീ തടയാനും വനത്തിനോട് ചേര്‍ന്നു കിടക്കുന്ന ഗോത്ര വിഭാഗങ്ങളിലെ യുവാക്കളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് വന സംരക്ഷണ സേന (വി.എസ്. എസ്). കാട്ടുതീ പടരുന്നതു തടയാന്‍ ശീമക്കൊന്ന പോലെത്തെ വൃക്ഷവിളകള്‍ ഉപയോഗിച്ച് ജൈവവേലി നിര്‍മിക്കുന്നതു വളരെ നല്ലതാണ്.

3. കൃഷിരീതിയില്‍ മാറ്റം വരുത്തുക വനപ്രദേശങ്ങളിലെ കൃഷി

എളുപ്പം ദഹിക്കുന്ന ധാന്യകമുള്ള ചക്ക, വാഴ, കപ്പ, നെല്ല് എന്നിവ വനത്തിനോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ കൃഷി ചെയ്യാതിരുന്നാല്‍ വന്യജീവിശല്യം കുറയ്ക്കാം. പ്രത്യേകിച്ചും ആന,കാട്ടുപന്നി എന്നിവയുടെ ശല്യം ഗണ്യമായി കുറയും. വന്യജീവി സങ്കേതങ്ങള്‍ക്കടുത്തുള്ള പ്ലാവുകളിലെ ചക്ക പഴുക്കുന്നതിനുമുമ്പ് വിളവെടുക്കുന്നത് വന്യജീവികള്‍ ഇവതേടിയെത്തുന്നത് ഒഴിവാക്കും.

2. വനത്തിനുള്ളില്‍ ബഹുവിള

വനത്തിനുള്ളിലെ ഏകവിളകളായ അക്കേഷ്യയും യൂക്കാലിപ്റ്റസും വെട്ടിമാറ്റി, പ്ലാവും മാവുമെല്ലാമടങ്ങുന്ന ബഹുവിളകള്‍ വച്ചുപിടിപ്പിക്കുകയാണെങ്കില്‍ വന്യമൃഗങ്ങള്‍ കാടുവിട്ട് നാട്ടിറങ്ങുന്നത് ഗണ്യമായി കുറയും. ഇതിനു പക്ഷേ സര്‍ക്കാര്‍ തലത്തില്‍ നയരൂപീകരണം ഉണ്ടാകേണ്ടിയിരിക്കുന്നു.

4. വന അതിര്‍ത്തിയില്‍ തടസങ്ങള്‍ സൃഷ്ടിക്കുക

വനാതിര്‍ത്തിയില്‍ ആഴത്തിലുള്ള കിടങ്ങുകള്‍ നിര്‍മിച്ചും വേലികെട്ടിയുമൊക്കെ വന്യജീവി ശല്യം കുറയ്ക്കാം. സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് അതില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ചെറിയ വോള്‍ട്ടേജില്‍ വനാതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന കമ്പിവേലികളില്‍ക്കൂടി കടത്തി വിടാം. ഇങ്ങനെയുള്ള കമ്പിവേലി മറികടക്കാന്‍ വന്യമൃഗങ്ങള്‍ ശ്രമിക്കുമ്പോള്‍ ചെറിയ ഷോക്കുണ്ടാകുകയും അവ കാട്ടിലേക്ക് പിന്തിരിയുകയും ചെയ്യും. പക്ഷേ സോളാര്‍ വേലിക്ക് കൃത്യമായി അറ്റകുറ്റപ്പണി നടത്തണം. ഇല്ലെങ്കില്‍ കാര്യക്ഷമത കുറയുകയും വന്യമൃഗങ്ങള്‍ നിഷ്പ്രയാസം വേലി കടക്കുകയും ചെ യ്യും.

വനാതിര്‍ത്തിയില്‍ തടസങ്ങള്‍ സൃഷ്ടിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം റെയില്‍വേലികള്‍ നിര്‍മിക്കലാണ്. ഒരു റെയില്‍വേ പാളത്തിന്റെ ശരാശരി ആയുസ് 20 വര്‍ഷമാണ്. തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ റെയില്‍പ്പാളങ്ങള്‍ മാറ്റി, അറ്റകുറ്റപ്പണി നടക്കുകയാണ്. ഉപയോഗശൂന്യമായ റയില്‍പ്പാളങ്ങളാണ് വനാതിര്‍ത്തിയില്‍ തടസങ്ങള്‍ തീര്‍ക്കാന്‍ ഏറ്റവും യോജിച്ചത്.

വനത്തിനോടുചേര്‍ന്ന കൃഷിയിടങ്ങളില്‍ തേനീച്ച വളര്‍ത്തിയാല്‍ ആനശല്യം കുറയ്ക്കാന്‍ സാധിക്കുമെന്ന് ആസാമില്‍ നിന്നുള്ള പഠനങ്ങള്‍ തെളിയിക്കുന്നു. ഒരു പ്രാവശ്യം തേനീച്ചയുടെ കുത്തേറ്റാല്‍ പിന്നീട് ആ ഭാഗത്തേക്ക് ആന വരാന്‍ ഭയപ്പെടുമത്രേ. ഇത് നമ്മുടെ വനാതിര്‍ത്തിയിലും പരീക്ഷിക്കാവുന്നതാണ്.

വികസിത-വിദേശ രാജ്യങ്ങളില്‍ വന്യമൃഗങ്ങളുടെ വരവ് തിരിച്ചറിയുന്ന സെന്‍സറുകളും, വന്യമൃഗങ്ങളെ തുരത്തിയോടിക്കാന്‍ സഹായകമാവുന്ന അള്‍ട്രാസോണിക് തരംഗങ്ങളും ലേസര്‍ രശ്മികളും പറപ്പെടുവിക്കുന്ന യന്ത്രങ്ങള്‍ വനാതിര്‍ത്തിക്കുള്ളില്‍ സ്ഥാപിക്കുന്ന മാതൃക ഭാവിയിലെങ്കിലും നമുക്കും പരീക്ഷിക്കാവുന്നതാണ്.

5. മൃഗങ്ങള്‍ക്ക് റേഡിയോ കോളറുകള്‍

ഏതാനും മാസങ്ങള്‍ക്കു മുമ്പ് വയനാട്ടിലെ പ്രശ്‌നക്കാരനായ വടക്കനാട് കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളര്‍ കഴുത്തില്‍ ഘടിപ്പിച്ച് വീണ്ടും വനത്തിലേക്ക് വിടുകയായിരുന്നു. ഇത്തരത്തില്‍ കഴുത്തില്‍ തൊലിക്കു തൊട്ടുതാഴെ ഘടിപ്പിച്ചിരിക്കുന്ന കോളര്‍ എന്നത് സെന്‍സറുകള്‍ അടങ്ങിയിട്ടുള്ള മൈക്രോചിപ്പ് ആണ്. ഇതില്‍ നിന്നു പ്രസരിക്കുന്ന സിഗ്നലുകള്‍ ഉപയോഗിച്ച് ആന എവിടെ എത്തി എന്നും കാട്ടില്‍ നിന്നും നാട്ടിലേക്ക് ഇറങ്ങുന്നുണ്ടോ എന്നുമൊക്കെ വനംവകുപ്പു ജീവനക്കാര്‍ക്ക് അറിയാന്‍ കഴിയും. ഇങ്ങനെ കിട്ടുന്ന വിവരം, വനം വകുപ്പുകാര്‍ എസ്എംഎസ് മുഖേന വനത്തിനോടു ചേര്‍ന്നു കിടക്കുന്ന ആള്‍ക്കാരെ അറിയിക്കും. അ വര്‍ക്ക് പ്രതിരോധം തീര്‍ ക്കാനും സാധിക്കും.

6. വനത്തിനുള്ളില്‍ ജലസ്രോതസുകള്‍ നിര്‍മിക്കുക

വനത്തിനുള്ളില്‍ വേനല്‍ക്കാലം തുടങ്ങുന്നതിനു മുമ്പ് വിവിധ സ്ഥലങ്ങളില്‍ കുളങ്ങളും ജലാശയങ്ങളും നിര്‍മിക്കാം. ഇത്തരത്തില്‍ വനത്തിനുള്ളില്‍ തന്നെ വെള്ളം ലഭിക്കുമ്പോള്‍ വെള്ളം തേടി വന്യമൃഗങ്ങള്‍ കാട്ടില്‍ നിന്ന് നാട്ടിലേക്കിറങ്ങുന്നത് ഒഴിവാകും.

7. മനുഷ്യന്റെ തോന്നിയവാസം അവസാനിപ്പിക്കുക

അടിക്കാടുകള്‍ക്കു തീയിടുക, കുരങ്ങന്‍മാര്‍ക്കു തീറ്റകൊടുക്കുക മുതലായ മനുഷ്യന്റെ അശാസ്ത്രീയ രീതികള്‍ അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

8. കാലഹരണപ്പെട്ട നിയമങ്ങള്‍ ഒഴിവാക്കുക

കൃഷി നശിപ്പിക്കാന്‍ വരുന്ന കാട്ടുപന്നി, പൂര്‍ണ ഗര്‍ഭിണിയാണെന്നുറപ്പുവരുത്തിയതിനു ശേഷമേ അതിനെ വെടി വയ്ക്കാവൂ തുടങ്ങിയ കാലഹരണപ്പെട്ടതും അപ്രായോഗികവുമായ നിയമങ്ങള്‍ ഒഴിവാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

മനുഷ്യനും വന്യജീവികളുമെല്ലാം ദൈവത്തിന്റെ സൃഷ്ടികളാണ്. പ്രകൃതിയുടെ അനിവാര്യതയാണ് രണ്ടും. ഒന്നില്ലാതെ മറ്റൊന്നു മാത്രം ഉണ്ടായാല്‍ നിലനില്‍പ്പില്ല. അതിനാല്‍ മനുഷ്യനും വന്യജീവികള്‍ക്കും കോട്ടം തട്ടാതെയുള്ള ഒരു സമഗ്ര സമീപനം സ്വീകരിക്കുന്നതിലൂടെ മാത്രമേ ഇനി മനുഷ്യരാശിക്കു നിലനില്‍പ്പുള്ളു.

ഡോ. ബിജു ചാക്കോ
അസിസ്റ്റന്റ് പ്രഫസര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആനിമല്‍ ന്യൂട്രീഷന്‍
വെറ്ററിനറി കോളജ്, പൂക്കോട്, വയനാട്
ഇമെയില്‍: [email protected]
ഫോണ്‍- 9446574495.