കടുകിനെ കുറച്ചുകാണേണ്ട
കടുകിനെ കുറച്ചുകാണേണ്ട
Thursday, November 15, 2018 3:13 PM IST
റോമാക്കാരാണ് ആദ്യകാലത്ത് കടുക് ഉപയോഗിച്ചിരുന്നത്. ആയിരക്കണക്കിനു വര്‍ഷം മുമ്പു തന്നെ അവര്‍ കടുക് നന്നായി അരച്ച് കുഴമ്പു രൂപത്തിലാക്കി ഉപയോഗിച്ചിരുന്നു. യഥാര്‍ഥത്തില്‍ കരുമുളക് പ്രചാരത്തിലാകുന്നതിനും വളരെ മുന്‍പു തന്നെ കടുക് ഉപയോഗത്തിലുണ്ടായിരുന്നെന്നത് ചരിത്രം. റോമന്‍ ജനത മുന്തിരിത്തോട്ടങ്ങളില്‍ മുന്തിരിച്ചെടികളോടൊപ്പം കടുകും വളര്‍ത്തിയിരുന്നു. ഫ്രഞ്ച് സന്യാസിമഠങ്ങളില്‍ കടുക് വ്യാപകമായി കൃഷി ചെയ്യുകയും വില്‍പന നടത്തുകയും ചെയ്തിരുന്നു. ഒമ്പതാം നൂറ്റാണ്ടിലായിരുന്നു ഇത്. പതിമൂന്നാം നൂറ്റാണ്ടായപ്പോഴേക്കും പാരീസില്‍ എങ്ങും കടുക് വില്പനവസ്തുവായി മാറിക്കഴിഞ്ഞിരുന്നു.

ബിസി ആറാം നൂറ്റാണ്ടില്‍ തന്നെ കടുകിന് ഒരു ഔഷധസസ്യം എന്ന നിലയ്ക്കും പ്രാധാന്യമുണ്ടായിരുന്നു. ഗ്രീക്ക് ശാസ്ത്രജ്ഞനായിരുന്ന പൈതഗോറസ്, തേള്‍ തുടങ്ങിയ വിഷജന്തുക്കള്‍ കടിക്കുമ്പോഴുണ്ടാകുന്ന മുറിവിന്റെ ചികിത്സയ്ക്ക് കടുക് ഉപയോഗിച്ചിരുന്നു. ആറു വര്‍ഷത്തിനു ശേഷം ഹിപ്പോക്രാറ്റ്‌സും ഔഷധ ങ്ങളിലും ലേപനങ്ങളിലും കടുക് ചേരുവയാക്കിയിരുന്നു. പല്ലുവേദന ഉള്‍പ്പെടെയുള്ള വിവിധ രോഗാവസ്ഥകളില്‍ കടുക് പ്ലാസ്റ്ററുകള്‍ തന്നെ ഉപയോഗിച്ചിരുന്നു.

ഇന്ത്യയില്‍ കടുകിന്റെ ചരിത്രം ബിസി അഞ്ചാം നൂറ്റാണ്ടില്‍ ഗൗതമ ബുദ്ധനില്‍ നിന്നാരംഭിക്കുന്നു. തന്റെ ഏകമകന്‍ മരിച്ചപ്പോള്‍ സങ്കടം സഹിക്കാനാകാതെ അമ്മയായ കിസ ഗോതമി ഗൗതമബുദ്ധന്റെയടുത്തെത്തി. സങ്കടനിവര്‍ത്തിക്ക് അപേക്ഷിച്ചു. ഒരു കുഞ്ഞോ അച്ഛനോ അമ്മയോ ഭാര്യയോ സുഹൃത്തോ ഇന്നേവരെ മരിച്ചിട്ടില്ലാത്ത ഒരു കുടുംബത്തില്‍ നിന്ന് ഒരു പിടി കടുകു കൊണ്ടുവരാന്‍ ബുദ്ധന്‍ ആ അമ്മയോടു പറഞ്ഞു. തന്റെ ഗ്രാമത്തിലെങ്ങും തിരഞ്ഞിട്ടും ഒരാളെങ്കിലും മരിക്കാത്ത ഒരു വീടുപോലുമില്ലെന്ന് ആ അമ്മ മനസിലാക്കുന്നു. ഇതിലൂടെ മരണം സ്വാഭാവികമാണെന്നും അനിയന്ത്രിതമാണെന്നും തിരിച്ചറിയുന്നു. സമാധാനിപ്പിക്കാന്‍ കഴിയില്ല എന്നു മനസിലായപ്പോള്‍ പുത്രവിയോഗത്തില്‍ മനംനൊന്ത ആ മാതാവിനെ സ്വയം സമാശ്വസിപ്പിക്കാനാണ് ബുദ്ധന്‍ കടുകു തേടി പറഞ്ഞയച്ചതെന്ന് കഥ.

കാബേജിന്റെ കുടുംബക്കാരന്‍

നമുക്ക് സുപരിചിതമായ കാബേ ജിന്റെ കുടുംബത്തിലെ അംഗമാണ് കടുകുചെടി. 'ബ്രാസിക്കേസിയേ' എന്ന് കുടുംബപ്പേര്. 'ബ്രാസിക്ക' എന്നാണ് ജനിതക നാമം. കടുക് മൂന്നു തരമുണ്ട്.

കറുത്ത കടുക് ബ്രാസിക നൈഗ്ര

യൂറോപ്യന്‍ രാജ്യങ്ങളിലാണിത് സുലഭമായി വളരുന്നത്. പരമാവധി മൂന്നു മീറ്റര്‍ ഉയരത്തില്‍ വളരും. അപൂര്‍വമായി ശിഖരങ്ങളുണ്ടാകും. കടുത്ത ബ്രൗണ്‍ നിറത്തില്‍ തീക്ഷ്ണമായ ഗന്ധം. വിത്ത് തീരെ ചെറുത്. 1000 കടുക് ചേര്‍ന്നാല്‍ ഒന്നര ഗ്രാമേ വരൂ.

ഇന്ത്യന്‍ കടുക് ബ്രാസിക്ക ജണ്‍ഷ്യ

ഓറിയന്റല്‍ മാസ്റ്റേഡ് എന്നു പേര്. ഹിമാലയത്തിന്റെ താഴ് വരകളില്‍ ജനനം. യുകെ, കാനഡ, അമേരിക്ക എന്നിവിടങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്നു. 1-2 മീറ്റര്‍ ഉയരത്തില്‍ വളരും. കുറച്ചു കൂടി വലിയ വിത്ത്. 1000 കടുക് ചേര്‍ന്നാല്‍ മൂന്നുഗ്രാം തൂങ്ങും. വിത്തിന് ബ്രൗണോ മഞ്ഞയോ നിറം.

വെള്ളക്കടുക് സിനാപ്‌സിസ് ആല്‍ബ

യൂറോപ്പ്, ഉത്തര ആഫ്രിക്ക, മധ്യ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ സുലഭമായി വളരുന്നു. വളരെ വ്യാപകമായി പച്ചിലവളച്ചെടിയായും ആവരണ വിളയായും വളര്‍ത്തുന്ന പതിവുണ്ട്. കറുത്ത കടുകിനേക്കാള്‍ വീര്യം കുറവ്. യെല്ലോ മാസ്റ്റേഡ് എന്നും പറയുന്നുണ്ട്.

ഇന്ത്യയില്‍ സര്‍വസാധാരണമായി ഉപയോഗിക്കുന്ന ഈ പ്രമുഖ വ്യഞ്ജനം തണുപ്പുകാല വിളയാണ്. രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ഹരിയാന, മധ്യപ്രദേശ്, ആസാം എന്നിവയാണ് ഇന്ത്യയിലെ പ്രമുഖ കടുക് ഉത്പാദക സം സ്ഥാനങ്ങള്‍. രാജസ്ഥാന്‍ ആണ് ഈക്കൂട്ടത്തില്‍ മുന്‍നിരയില്‍. രാജസ്ഥാനിലെ തന്നെ അല്‍വാര്‍, ശ്രീ ഗംഗനഗര്‍, ബാരണ്‍, ഹനുമംഗര്‍ എന്നീ ജില്ലകളിലാണ് കടുകുകൃഷി കേന്ദ്രീകരിച്ചിരിക്കുന്നത്.




കൃഷിയറിവുകള്‍

ഇന്ത്യയില്‍ കൃഷിക്ക് യോജിച്ച വിളപ്പൊലിമയുള്ള വിവിധയിനങ്ങള്‍ നിലവിലുണ്ട്. പൂസ അഗ്രാനി, പൂസ വിജയ്, പൂസ മസ്റ്റേഡ്- 27, പൂസ കരിഷ്മ, സീത, പൂസ മഹക്, വരുണ, കൃഷ്ണ, പഞ്ചാ ബ് ബോള്‍ഡ് എന്നിവ ഏതാനും ചിലതു മാത്രം. സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളിലാണ് കടുകു കൃഷിയുടെ തുടക്കം. ഒറ്റവിളയായും മിശ്രവിളയായും കടുക് വളര്‍ത്തുന്ന പതിവുണ്ട്. പയര്‍, ഗോതമ്പ്, തുവരപ്പരിപ്പ് എന്നിവയോടൊപ്പം കൃഷി ചെയ്യുന്നു. ഒരു വരി കടുക് നട്ടു കഴിഞ്ഞ് നാലു വരി പയര്‍ നടുന്നു. ഗോതമ്പാണെങ്കില്‍ ഒന്‍പതു വരി ഗോതമ്പിന് ഒരു വരി കടുക് എന്നതാണ് കണക്ക്. തൈകള്‍ തമ്മിലുള്ള അകലം 45ഃ20 സെന്റീമീറ്റര്‍. കേരളത്തില്‍ പാടത്ത് നെല്‍ കൃഷി ചെയ്യുന്നതുപോലെയാണ് ഉത്തരേന്ത്യയില്‍ കടുക് വളര്‍ത്തുന്നത്. വിത്തുവിതയ്ക്കും മുമ്പ് കൃഷിയിടം നന്നായി ഉഴുതു മറിച്ച് ഒരു സെന്റിന് 30-40 കിലോ കമ്പോസ്റ്റോ കാലിവളമോ ചേര്‍ ത്തിളക്കി മണ്ണ് പരുവപ്പെടുത്തണം. തൈകള്‍ നടാന്‍ ഒരടി നീളവും വീതിയും ആഴവുമുള്ള കുഴിയെടുക്കാം. ഓരോ കുഴിക്കും കാലിവളം, മണല്‍, മണ്ണ് എന്നിവയ്ക്കു പുറമെ 100 ഗ്രാം വേപ്പിന്‍പിണ്ണാക്ക് 50 ഗ്രാം കുമ്മായം എന്നിവ നന്നായിളക്കിച്ചേര്‍ക്കണം. തുടര്‍ന്നു വേണം തൈ നടാന്‍. ചെടി വളരുന്നതനുസരിച്ച് കാലിവളം ചേര്‍ത്തു കൊടുക്കാം. 110-140 ദിവസമാണ് കടുകിന്റെ മൂപ്പ്. വിളവെടുപ്പ് അതിരാവിലെ നടത്തണം. അരിവാളുകൊണ്ട് നിലം ചേര്‍ത്ത് ചെടി അരിഞ്ഞെടുക്കുകയാണു നന്ന്. മുറിച്ചെടുത്ത ചെടികള്‍ കെട്ടുകളാക്കി 5-6 ദിവസം വെയിലത്തുണക്കി കടുകു വിത്ത് തല്ലിക്കൊഴിച്ചെടുക്കാം.

കടുക് ചട്ടിയിലും വളര്‍ത്താം

കടുകിന്റെ ആവശ്യത്തിനും മൈക്രോഗ്രീന്‍ എന്ന നിലയ്ക്ക് കിളുന്നിലകളായി ഉപയോഗിക്കാനും വീട്ടുവളപ്പില്‍ ചട്ടിയിലും ഗ്രോബാഗിലും ഒക്കെ അനായാസം വളര്‍ത്താം. മേല്‍മണ്ണും മണലും ചാണകപ്പൊടിയും 1:1:1 എന്ന അനുപാതത്തില്‍ കലര്‍ത്തി പോട്ടിംഗ് മിശ്രിതം തയാറാക്കുക. ഇതിലേക്ക് കടയില്‍ നിന്നു വാങ്ങുന്ന കടുക് വിത്ത് പാകുക. അധികം ചൂടേല്‍ക്കാത്ത സാഹചര്യത്തില്‍ ആവശ്യത്തിനു മാത്രം നനച്ചാല്‍ മൂന്നു മുതല്‍ 10 ദിവസം കൊണ്ട് വിത്തുകള്‍ മുളയ്ക്കും. വിത്തു പാകുന്നതിനു മുമ്പ് നേരത്തെ കുതിര്‍ത്തുവയ്ക്കണമെന്ന് നിര്‍ബന്ധമില്ല. രണ്ടു നേരം ചെടികള്‍ നനയ്ക്കാം. ഈര്‍പ്പമുള്ള പൊടിമണ്ണാണ് കടുക് വിതയ്ക്കാന്‍ ഉത്തമം. തറയിലും വാരംകോരി നിലമൊരുക്കി വിത്തുവിതയ്ക്കാം. വിത്ത് അധികം താഴ്ചയില്‍ പോകരുത്. വിത്തുമുളച്ച് രണ്ടാഴ്ച കഴിഞ്ഞ് കുറച്ചുജൈവവളം ചേര്‍ക്കാം. ഇതിന് ചാരം, ചാണകപ്പൊടി, എല്ലുപൊടി, ബയോഗ്യാസ് സ്ലറി എന്നിവയില്‍ ഏതും ഉപയോഗിക്കാം. ചെടി വളരുമ്പോഴാണെങ്കിലും വെള്ളം തളിക്കുമ്പോള്‍ ശ്രദ്ധിക്കണം. ചെടികള്‍ക്ക് കേടു പറ്റരുത്. സാമാന്യം വെയില്‍ കിട്ടുന്നിടത്ത് വലിയ ചെടികള്‍ വളര്‍ന്നു കൊള്ളും. ഇത് പിന്നീട് കായ്കളാകുമ്പോഴേക്കും ചെടിയോടെ പിഴുത് വെയിലത്തുണക്കി കടുകുമണികള്‍ വേര്‍തിരിക്കാം.

എന്നാല്‍ കടുകിന്റെ ഇളം ഇലകള്‍ കഴിക്കാന്‍ മൈക്രോഗ്രീന്‍ ആയി വളര്‍ത്തുമ്പോള്‍ വെറും അഞ്ചുദിവസത്തെ വളര്‍ച്ച മതി തൈകള്‍ വിളവെടുക്കാന്‍. ഇത് സാലഡ്, സാന്‍വിച്ച്, ബര്‍ഗര്‍ എന്നിവയോടൊപ്പം കഴിക്കാം. കടുകിന്റെ കിളുന്നിലകള്‍ നാര്, ജീവകങ്ങള്‍, ധാതുലവണങ്ങള്‍, നിരോക്‌സീകാരികള്‍ എന്നിവയുടെ കലവറയാണ്.

സുരേഷ് മുതുകുളം
മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, തിരുവനന്തപുരം
ഫോണ്‍: 9446306909.